രമണ മഹര്‍ഷിയെ അറിഞ്ഞവരും അറിയാന്‍ ആഗ്രഹിക്കുന്നവരും തിരുവണ്ണാമലയിലെ രമണാശ്രമത്തില്‍ പോവുക പതിവാണ്. പല പ്രാവശ്യം ഞാനും ആശ്രമത്തില്‍ പോവുകയും അവിടെ താമസിക്കുകയും ചെയ്തിട്ടുണ്ട്. ഈ ആശ്രമവും കാഞ്ഞങ്ങാട്ടെ ആനന്ദാശ്രമവും ആശ്രമങ്ങള്‍ക്കാകെ മാതൃകയുമാണ്. രണ്ട് ആശ്രമങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടുന്നുമുണ്ട്. രണ്ട് ആശ്രമങ്ങളിലും ധ്യാനത്തിനാണ് പ്രാധാന്യം-ആത്മീയ കാര്യങ്ങള്‍ക്കാണ് ഊന്നല്‍.
കാഞ്ഞങ്ങാട്ടെ നിത്യാനന്ദാശ്രമവും നിത്യാനന്ദയുടെ സമാധി സ്ഥലമായ മഹാരാഷ്ട്ര താനെയിലെ ഗണേശ് പുരിയിലെ നിത്യാനന്ദ സമാധി മന്ദിറും കൂടി ഓര്‍ക്കാം. അമാനുഷിക സിദ്ധികള്‍ പലതും ഉണ്ടായിരുന്ന നിത്യാനന്ദ (1897-1961) യെ മലയാളികള്‍ വേണ്ടത്ര അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. നിത്യാനന്ദയില്‍ നിന്നുണ്ടായ ഒരു അലൗകികാനുഭവം നിത്യചൈതന്യ യതി, ആത്മകഥയായ ‘യതി ചരിത’ ത്തില്‍ വിവരിച്ചിട്ടുണ്ട്. ആനന്ദാശ്രമവും നിത്യാനന്ദാശ്രമവും രണ്ടാണ് എന്നു കൂടി പറഞ്ഞു കൊള്ളട്ടെ. നിത്യാനന്ദാശ്രമത്തില്‍ പോയി വൈകാതെ തന്നെ ഗണേശ് പുരിയിലും പോകാന്‍ ഭാഗ്യമുണ്ടായി. കൊയിലാണ്ടിയില്‍ പിറന്ന അനാഥനായ രാമനാണ്, ഭഗവാന്‍ നിത്യാനന്ദ എന്ന ഗംഭീര സന്യാസിയായി രൂപപ്പെട്ടത്. അദ്ദേഹത്തിന്റെ ‘ചിദാകാശ ഗീത’ എന്ന പുസ്തകം അസാധാരണ ഗരിമയുള്ളതാണ്.
രമണ മഹര്‍ഷിയും കേരളവുമായുള്ള ബന്ധം ആഴമേറിയതാണ്. അദ്ദേഹം വീടു വിട്ടു പോയപ്പോള്‍, വീട്ടുകാര്‍ ആദ്യം തിരഞ്ഞത് തിരുവനന്തപുരത്താണ്. ശ്രീനാരായണഗുരു തിരുവണ്ണാമലയില്‍ അദ്ദേഹത്തെ പോയി കണ്ടിട്ടാണ് ‘നിര്‍വൃതി പഞ്ചകം’ എഴുതിയത്. നടരാജ ഗുരുവും മഹര്‍ഷിയെ കണ്ട കഥ അദ്ദേഹത്തിന്റെ ആത്മകഥയില്‍ വായിക്കാം. തിരുവിതാംകൂര്‍ മഹാരാജാവ് മഹര്‍ഷിയെ അങ്ങോട്ട് പോയി കണ്ടിട്ടുണ്ട്. അധികാരം ആത്മീയ ശക്തിയുടെ ഏഴയലത്ത് വരില്ല എന്ന തിരിച്ചറിവ് എന്തുകൊണ്ടും നല്ലതാണ്.
ജനനവും ബാല്യവും
രമണ മഹര്‍ഷി ജനിച്ചത് വിരുദുനഗര്‍ ജില്ലയിലെ തിരുച്ചുഴി എന്ന ചെറിയ ഗ്രാമത്തിലാണ്. അതിനാല്‍, ഇക്കുറി രാമേശ്വരം യാത്ര തീരുമാനിച്ചപ്പോള്‍, രാമേശ്വരത്തു നിന്ന് മധുരയിലെത്തി താമസിച്ച്, രമണ മഹര്‍ഷിയുടെ വീട് കാണാന്‍ ആഗ്രഹിച്ചു. തിരുവണ്ണാമലയിലെ ആശ്രമത്തില്‍ പോകുന്നവര്‍ പൊതുവെ ഈ വീട്ടില്‍ എത്താറില്ല. അതൊരു വലിയ തീര്‍ത്ഥാടന കേന്ദ്രമായി ആശ്രമം വിപുലപ്പെടുത്തിയിട്ടുമില്ല.
മധുരയില്‍ നിന്ന് 48 കിലോമീറ്ററും വിരുദുനഗറില്‍ നിന്ന് 22 കിലോമീറ്ററും ദൂരെയാണ്, ഈ ഗ്രാമം. 1902 ല്‍ മധുര -രാമേശ്വരം റെയില്‍ പാത തുറക്കും മുന്‍പ്, രാമേശ്വരത്തേക്ക് പോകുന്നവര്‍ക്ക് ഇടത്താവളം ആയിരുന്നു, തിരുച്ചുഴി. ഈ സ്ഥലം, മാണിക്കവാസകര്‍, സുന്ദരര്‍ എന്നിവരുടെ രചനകളില്‍ വന്നിട്ടുണ്ട്.
ഋഷിയുടെ പൂര്‍വ്വാശ്രമവും പുഴയുടെ ഉദ്ഭവവും അന്വേഷിക്കേണ്ടതില്ല എന്ന് തമിഴില്‍ ഒരു ചൊല്ലുണ്ട്. പരാശര മുനിയുടെ പരമ്പരയിലാണ് വേദവ്യാസന്‍ ജനിച്ചത്. പരാശര ഗോത്രത്തിലാണ് രമണന്റെ മുത്തച്ഛന്‍ നാഗസ്വാമി അയ്യരും ജനിച്ചത്. തിരുച്ചുഴിയിലെ ഒരു പ്രമാണി ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിനും ഭാര്യ ലക്ഷ്മി അമ്മാളിനും നാല് ആണ്‍മക്കള്‍: വെങ്കടേശ്വര അയ്യര്‍, സുന്ദരം അയ്യര്‍, സുബ്ബയ്യര്‍, നെല്ലിയപ്പ അയ്യര്‍. ലക്ഷ്മി അമ്മാള്‍ എന്ന് തന്നെ പേരുള്ള ഒരു മകളും ഉണ്ടായിരുന്നു.
നാഗസ്വാമി അയ്യര്‍ മരിച്ച ശേഷം, വെങ്കടേശന്‍ കുറച്ചുകാലം കുടുംബം നോക്കി നടത്തി. എന്നാല്‍, ലൗകിക കാര്യങ്ങളില്‍ താല്‍പര്യം ഇല്ലാതെ അദ്ദേഹം തീര്‍ത്ഥയാത്രയ്ക്ക് പോയി മടങ്ങിയില്ല. സുന്ദരത്തിന്റെ ചുമലിലായി കുടുംബം. ഭരദ്വാജ ഗോത്രത്തിലെ നാഗസുന്ദരം അയ്യരുടെ മകള്‍ അഴകമ്മാളിനെ സുന്ദരം വിവാഹം ചെയ്തു.
സുന്ദരത്തിന്റെ കുടുംബത്തില്‍ ഓരോ തലമുറയിലും ഒരു പുരുഷന്‍ വീട് വിട്ട് സന്യാസി ആയി തീര്‍ന്നതാണ്, ചരിത്രം. നാഗസ്വാമി അയ്യരുടെ അമ്മാവന്‍ അങ്ങനെ പോയിട്ടുണ്ട്. വെങ്കടേശന്‍ തിരുപ്പറംകുണ്ട്രത്തിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ്, അപ്രത്യക്ഷനായത്. അദ്ദേഹത്തെ പിന്നീട് ചിദംബരം നടരാജ ക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴിയില്‍ മുള്ളുകള്‍ നീക്കുന്ന സന്യാസിയായി കാണുകയുണ്ടായി. ചിലര്‍ അദ്ദേഹത്തെ കാശിയിലും കണ്ടു.
ദേശാടനത്തില്‍ ഏര്‍പ്പെട്ട ഒരു സന്യാസി ഒരിക്കല്‍ ഈ തറവാട്ടില്‍ എത്തിയപ്പോള്‍, ആദരിച്ചില്ല, ആഹാരം നല്‍കിയില്ല. ഓരോ തലമുറയിലും ഒരാള്‍ വീതം സന്യാസിയായി ഭക്ഷണത്തിന് അലയട്ടെ എന്ന് അദ്ദേഹം ശപിച്ചുവത്രെ.
1879 ല്‍ തിരുച്ചുഴിയില്‍ 500 വീടുകള്‍ ഉണ്ടായിരുന്നു. ഇന്ന് രമണ മഹര്‍ഷി തെരുവായ അന്നത്തെ കാര്‍ത്തികേയ തെരുവില്‍ ആയിരുന്നു സുന്ദരത്തിന്റെ വീട്. പ്ലീഡര്‍ ആയ അദ്ദേഹത്തിന് ഗ്രാമത്തില്‍ സ്വാധീനം ഉണ്ടായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ അക്കൗണ്ടന്റ് ക്ലര്‍ക്ക് ആയി മാസം രണ്ടു രൂപ ശമ്പളത്തില്‍ തുടങ്ങി സ്വന്തം അധ്വാനത്തില്‍ വളര്‍ന്ന ആളായിരുന്നു അദ്ദേഹം. അതിന് ശേഷം പെറ്റീഷന്‍ റൈറ്റര്‍ ആയി. തുടര്‍ന്നാണ്, അണ്‍സര്‍ട്ടിഫൈഡ് പ്ലീഡര്‍ ആകാന്‍ അനുമതി നേടിയത്. വക്കീല്‍ സ്വാമി എന്ന് അദ്ദേഹം അറിയപ്പെട്ടു. നിയമ ബിരുദം ഉണ്ടായിരുന്നില്ല. സബ് മജിസ്ട്രേറ്റ് കോടതിയില്‍ പ്രാക്ടീസ് ചെയ്തു.
മകന്‍ രമണനെപ്പോലെ ആത്മീയ വഴിയില്‍ ആയിരുന്നില്ല, സുന്ദരം. വീടിന് അടുത്തായിരുന്നു അമ്പലം. വീട്ടില്‍ കാര്‍മികരെത്തി പുരാണങ്ങള്‍ വായിച്ചിരുന്നു.
ഭൂമിനാഥ ക്ഷേത്രത്തിന് വടക്കുകിഴക്കാണ്, സുന്ദര മന്ദിരം. 1880 ആയപ്പോള്‍ തിരക്കുള്ള വക്കീല്‍ ആയിരുന്നു, സുന്ദരം. വരുന്ന അതിഥികള്‍ക്ക് താമസിക്കാവുന്ന വിധം ഇരട്ട വീടുകളാണ് അദ്ദേഹം പണിതത്. ഒന്നില്‍ അദ്ദേഹവും കുടുംബവും താമസിച്ചു. മറ്റേത് തിരുച്ചുഴിയില്‍ എത്തുന്ന സര്‍ക്കാര്‍ ഓഫീസര്‍മാര്‍ക്ക് വേണ്ടിയുള്ളതായിരുന്നു.
കാളവണ്ടിയില്‍ രാത്രിയില്‍ സഞ്ചരിക്കുന്നവരെ കൊള്ളയടിക്കുന്നവര്‍ സുന്ദരത്തെ വെറുതെ വിട്ടിരുന്നു. ഭയം കൊണ്ട് മാത്രമല്ല. അദ്ദേഹം എല്ലാവരുടെയും സ്‌നേഹം പിടിച്ചു പറ്റിയിരുന്നു. ഒരിക്കല്‍ കൊള്ളക്കാര്‍ വലയം ചെയ്ത മജിസ്ട്രേട്ടിനെ പിന്നിലെ വക്കീല്‍ സ്വാമിയുടെ കാളവണ്ടി കണ്ട് വിട്ടയച്ച കഥയുണ്ട്. ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ആഭരണങ്ങള്‍ മോഷ്ടിച്ച കള്ളനെക്കൊണ്ട് അത് തിരിച്ചു കൊടുപ്പിച്ച കഥയുമുണ്ട്.
സ്‌കൂളില്‍ പോകാത്ത അഴകമ്മാള്‍, ശങ്കരാചാര്യര്‍ രചിച്ച ദക്ഷിണാമൂര്‍ത്തി സ്‌തോത്രം ചൊല്ലിയിരുന്നു. ഒരു അരി സ്‌തോത്രവും കഞ്ഞി സ്‌തോത്രവും ഉണ്ടായിരുന്നു. ആവുദൈ അക്ക എന്നൊരു സ്ത്രീ ആയിരുന്നു ഇവ എഴുതിയത്. വാമൊഴിയായി മധുരയിലും പരിസരങ്ങളിലും പ്രചരിച്ചിരുന്ന ഈ പാട്ടുകള്‍ ഇപ്പോള്‍ തിരുക്കോയിലൂര്‍ ജ്ഞാനാനന്ദ തപോവന്‍ ശേഖരിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്വൈത സത്ത ഈ പാട്ടുകളിലുണ്ട്.
രമണന്‍ ജനിച്ചത് 1879 ഡിസംബര്‍ 30ന് പുലര്‍ച്ചെ ഒരുമണിക്കാണ്. അത് ആര്‍ദ്ര ദര്‍ശന ദിനം ആയിരുന്നു. ഗൗതമ മുനിക്കും വ്യാഘ്രപാദനും പതഞ്ജലിക്കും മുന്നില്‍ നടരാജന്‍ പ്രത്യക്ഷപ്പെട്ട ദിവസം. അന്ന് ശിവക്ഷേത്രങ്ങളില്‍ ആഘോഷ ദിവസമാണ്. അന്ന് നടരാജനെ ദര്‍ശിച്ചാല്‍ മോക്ഷം കിട്ടും എന്നാണ് വിശ്വാസം. മാര്‍കഴി മാസത്തില്‍ തിരുവാതിര അഥവാ ആര്‍ദ്ര നക്ഷത്രം ഉച്ചത്തില്‍ നില്‍ക്കുന്ന ദിവസം.
രമണന് രണ്ടാമത്തെ മകന്‍ ആയിരുന്നു. മൂത്തയാള്‍ നാഗസ്വാമി. രമണന്‍ എത്തുന്നതിന് കുറച്ചു നാള്‍ മുന്‍പ്, സുന്ദരത്തിന്റെ സഹോദരി ലക്ഷ്മി അമ്മാള്‍ മരിച്ചു. അവര്‍ക്ക് രാമസ്വാമി, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കള്‍ ഉണ്ടായിരുന്നു. ഇവര്‍ സുന്ദരത്തിന്റെ വീട്ടിലാണ് വളര്‍ന്നത്. രമണനെ അഴകമ്മാള്‍ ഗര്‍ഭം ധരിച്ചിരിക്കെ, സുന്ദരത്തിന്റെ അമ്മ ലക്ഷ്മി അമ്മാള്‍ ഒരു പെണ്‍കുഞ്ഞിന് വേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്. ആ കുഞ്ഞ് തന്റെ മകളുടെ മകന്‍ രാമസ്വാമിക്ക് വധുവാകാന്‍ അവര്‍ ആഗ്രഹിച്ചു.
രമണന്‍ ജനിക്കുമ്പോള്‍, ആര്‍ദ്ര കഴിഞ്ഞ് പുനര്‍വസു (പുണര്‍തം) പിറന്നു തുടങ്ങിയിരുന്നു. ആ സമയത്ത് ദേവന്‍ ക്ഷേത്രത്തിലേക്ക് പുനഃപ്രവേശിക്കുകയാണ്. രാത്രി ഭക്തര്‍ ആഘോഷിച്ച ശേഷമുള്ള നിമിഷം.
പ്രസവമുറിയില്‍ നിന്ന് ‘മകന്‍’, ‘മകന്‍’ എന്ന വിവരം വന്നപ്പോള്‍, സുന്ദരം മധുര പലഹാരങ്ങളും നാണയങ്ങളും വിതരണം ചെയ്തു. സുന്ദരത്തിന്റെ അമ്മ ഖേദിച്ചു. പേറെടുത്തത് അന്ധയായ ഒരു സ്ത്രീ ആയിരുന്നു. അവര്‍ ലക്ഷ്മി അമ്മാളിനെ ആശ്വസിപ്പിച്ചു. അന്ധ മുറിയില്‍ വലിയ പ്രകാശധാര കണ്ടതായി പറയപ്പെടുന്നു. അക്കാര്യം അവര്‍ ലക്ഷ്മി അമ്മാളിനോട് പറഞ്ഞു. ‘ഇന്ന് ഇവിടെ ജനിച്ചവന്‍ ദൈവികത്വം ഉള്ളവനാണ്’, അവര്‍ പറഞ്ഞു. കുട്ടി സാധാരണ കുട്ടിയായി വളരുമ്പോള്‍, പേറ്റിച്ചിയുടെ പ്രവചനം വീട്ടുകാര്‍ മറന്നു.
ഈ മകന്, പതിനൊന്നാം ദിവസം, കുലദൈവമായ വെങ്കടാചലപതി അഥവാ തിരുപ്പതി ഭഗവാന്റെ പേരിട്ടു. ആദ്യം പേര് വെങ്കടേശ്വര ശര്‍മ്മ എന്നായിരുന്നുവെന്നും ഇത് സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ വെങ്കട്ടരാമന്‍ എന്നാക്കിയെന്നും പറയപ്പെടുന്നു.
വെങ്കട്ടരാമന്റെ ജാതകം അനുസരിച്ചു തന്നെ അദ്ദേഹം മഹര്‍ഷി ആകുമായിരുന്നു. ശുക്രനും ബുധനും രണ്ടാം ഭാവത്തിലും വ്യാഴം അഞ്ചാം ഭാവത്തിലും നിന്ന് വിളങ്ങുകയാണ്. 1936ല്‍ തങ്കവേലു നാടാര്‍ എന്നൊരാള്‍ കാക ബുജന്ദറുടെ നാഡി ജ്യോത്സ്യം അനുസരിച്ചു വെങ്കട്ടരാമന്റെ ജീവിതം പ്രവചിച്ചപ്പോഴും അത് ഒരു മഹര്‍ഷിയുടേതാണെന്ന് കണ്ടു. അച്ഛന്റെ ജോലി അസത്യം സത്യമാക്കലും സത്യം അസത്യമാക്കലുമാണ്. ജാതകന് പഠിത്തത്തില്‍ താല്‍പര്യം ഉണ്ടാവില്ല. പോകുന്നിടത്തൊക്കെ ഒരു പ്രതിമ പോലെ ഇരിക്കും. അന്തര്‍മുഖന്‍ ആയിരിക്കും. ജാതകന്റെ ആന്തരിക ജീവിതം അറിയാതെ ജ്യേഷ്ഠന്‍ വഴക്കടിച്ചു കൊണ്ടിരിക്കും. 15 വര്‍ഷവും അഞ്ചു മാസവും 27 ദിവസവും കൂടുന്ന ദിവസം ജാതകന്‍ പരമ സാക്ഷാല്‍ക്കാരം നേടും. ബ്രഹ്‌മാവും വിഷ്ണുവും ഒരിക്കല്‍ പരമ പ്രഭാ സ്തൂപത്തിന്റെ അടിയും അറ്റവും തേടിയ തിരുവണ്ണാമലയില്‍ അദ്ദേഹം എത്തി ക്ഷേത്രത്തില്‍ വസിക്കും. അദ്ദേഹം ഇഹലോക ജീവി ആയിരിക്കില്ല. ദക്ഷിണാമൂര്‍ത്തിയെ പോലെ, മൗനം കൊണ്ടും കണ്ണു കൊണ്ടും അദ്ദേഹം ഭക്തരെ നയിക്കും.
വെങ്കട്ടരാമന്‍ ജനിച്ച് അഞ്ചു വര്‍ഷത്തിന് ശേഷം സുന്ദരത്തിന് നാഗസുന്ദരം എന്ന മകനുണ്ടായി. അതിന് ശേഷം, അലര്‍മേലു എന്ന മകള്‍.
സാധാരണ തമിഴ് കുടുംബങ്ങളില്‍ അച്ഛനെ ‘അപ്പാ’ എന്നാണ് വിളിക്കുക. എന്നാല്‍ വെങ്കട്ടരാമന്‍ അച്ഛനെ തെലുഗു രീതിയില്‍ ‘നയന’ എന്നാണ് വിളിച്ചിരുന്നത്. അത് പിന്നീട് സുന്ദരത്തിന്റെ പൊതു നാമമായി. കുടുംബത്തില്‍ ഉണ്ടായിരുന്ന തെലുങ്ക് അറിയാവുന്ന ലക്ഷ്മണ അയ്യര്‍ എന്ന ബന്ധുവാണ് കുട്ടിയെ ‘രമണ’ എന്ന് വിളിച്ചിരുന്നത്. അദ്ദേഹത്തില്‍ നിന്ന് കുട്ടി തെലുങ്ക് പഠിച്ചു.
മരണാനുഭവം
രമണ മഹര്‍ഷിയുടെ ജീവിതം വഴി തിരിച്ചു വിട്ട മരണാനുഭവം അദ്ദേഹത്തിനുണ്ടായത് ഇവിടെ വച്ചാണ്. 1896 ജൂലായ് മധ്യത്തില്‍ ആയിരുന്നു, അത്. ആ അനുഭവം പില്‍ക്കാലത്ത് അദ്ദേഹം വിവരിക്കുകയുണ്ടായി.
മധുരയിലെ വീടു വിട്ട് ആത്മീയ ജീവിതത്തിലേക്ക് കടക്കുന്നതിന് ആറാഴ്ച മുന്‍പായിരുന്നു അത്. ‘പൊടുന്നനെയാണ് അതുണ്ടായത്,’ മഹര്‍ഷി ഓര്‍മ്മിച്ചു. ‘അമ്മാവന്റെ വീട്ടിലെ മുകള്‍ നിലയില്‍ ഒരു മുറിയില്‍ ഇരിക്കുകയായിരുന്നു, ഞാന്‍. എനിക്ക് കാര്യമായി രോഗങ്ങള്‍ ഒന്നും വന്നിരുന്നില്ല. ആ ദിവസം എനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പൊടുന്നനെ മാരകമായ ഒരു മരണഭയം എന്നെ കീഴടക്കി. അതിന് കാരണമായി എന്റെ ശരീരത്തില്‍ ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ആ ഭയത്തിന്റെ കാരണം തേടാന്‍ തുനിഞ്ഞുമില്ല. ‘മരിക്കാന്‍ പോവുകയാണ്’ എന്ന് തോന്നി. എന്താണ് ചെയ്യുക എന്ന് ആലോചിച്ചു. ഡോക്ടറോടോ മുതിര്‍ന്ന കുടുംബാംഗങ്ങളോടോ കൂട്ടുകാരോടോ ആലോചിക്കണമെന്ന് തോന്നിയില്ല. അപ്പോള്‍ അവിടെ ഞാന്‍ തന്നെ പ്രശ്‌നം പരിഹരിക്കണം എന്ന് തോന്നി.’
മരണഭയം രമണനെ ഉള്ളിലേക്ക് നോക്കാന്‍ പ്രേരിപ്പിച്ചു. അദ്ദേഹം മനസ്സില്‍ പറഞ്ഞു: ‘മരണം എത്തിയിരിക്കുന്നു. എന്താണ് അതിനര്‍ത്ഥം? എന്താണ് മരിക്കുന്നത്? ഈ ശരീരമാണ് മരിക്കുന്നത്.’
ഉടന്‍ രമണന്‍ ജഡാവസ്ഥ അഭിനയിച്ചു. കാലു നീട്ടിക്കിടന്നു. അന്വേഷണ തൃഷ്ണ യാഥാര്‍ഥ്യമാക്കാന്‍ വേണ്ടിയായിരുന്നു, ഇത്. ശ്വാസം പിടിച്ചു, ചുണ്ടുകള്‍ ഇറുക്കിയടച്ചു. ഒരു വാക്കും ഉരിയാടരുത്. ‘ഞാന്‍’ എന്ന വാക്ക് ഒരിക്കലും പുറത്തു വരരുത്.
രമണന്‍ സ്വയം പറഞ്ഞു: ‘ശരീരം മരിച്ചു. അത് ശ്മശാനത്തിലേക്ക് കൊണ്ടു പോകും. അവിടെ കത്തി ചാരമാകും. ശരീരം മരിച്ചാല്‍, ഞാന്‍ മരിക്കുമോ? ശരീരമാണോ ഞാന്‍? ശരീരം ജഡമായിട്ടും, ഞാന്‍ എന്റെ വ്യക്തിത്വത്തിന്റെ സര്‍വ ഊര്‍ജ്ജവും ഉള്ളില്‍ അനുഭവിക്കുന്നു. ഉള്ളില്‍ നിന്ന് വേറിട്ട്, ഉള്ളില്‍ തന്നെ, ‘ഞാന്‍’ എന്റെ ശബ്ദം കേള്‍ക്കുന്നു. അപ്പോള്‍ ‘ഞാന്‍’ ശരീരത്തെ അതിവര്‍ത്തിക്കുന്ന ആത്മാവാണ്. ശരീരം മരിക്കുമ്പോള്‍, അതിനെ അതിവര്‍ത്തിക്കുന്ന ആത്മാവിനെ മരണത്തിന് തൊടാന്‍ കഴിയുന്നില്ല. ഇതിനര്‍ത്ഥം, ഞാന്‍ മരണമില്ലാത്ത ആത്മാവ് ആണെന്നാണ്.’
അത് അര്‍ത്ഥമില്ലാത്ത ചിന്ത ആയിരുന്നില്ല. അത്, രമണന്റെയുള്ളില്‍ വൈവിധ്യത്തോടെ, നിത്യസത്യമായി മിന്നി. വിചാരപ്രക്രിയ ഇല്ലാതെ തന്നെ അത് രമണന്‍ നേരിട്ട് അനുഭവിച്ചു. ഇപ്പോഴത്തെ നിലയില്‍ ‘ഞാന്‍’ മാത്രമാണ് സത്യം. എന്റെ ശരീരവുമായി ബന്ധപ്പെട്ട സകല ബോധ പ്രക്രിയകളും ആ ‘ഞാനി’നെ ആശ്രയിച്ചാണ് നടക്കുന്നത്.
ആ നിമിഷം മുതല്‍ ‘ഞാന്‍’ അഥവാ ആത്മാവ് അതില്‍ തന്നെ ശക്തമായ ആകര്‍ഷണത്തോടെ കേന്ദ്രീകരിച്ചുവെന്ന് മഹര്‍ഷി പില്‍ക്കാലത്ത് ഓര്‍ത്തു. മരണഭയം എെന്നന്നേക്കുമായി അപ്രത്യക്ഷമായി. ‘ഞാന്‍’ എന്ന കേന്ദ്രത്തില്‍ മനസ്സ് ഉറച്ചു. സംഗീത സ്വരങ്ങള്‍ പോലെ വിചാരങ്ങള്‍ വന്നു കൊണ്ടിരുന്നു. പക്ഷെ, ‘ഞാന്‍’ ആധാര ശ്രുതിയായി. അത് സകല സ്വരങ്ങളെയും ഏകോപിപ്പിച്ചു. ശരീരം സംസാരിച്ചു, വായിച്ചു, പലതും ചെയ്തു- ‘ഞാന്‍’ ആത്മാവില്‍ ഉറച്ചു നിന്നു.
ഈ നിര്‍ണായക നിമിഷത്തിനു മുന്‍പ് രമണന് ആത്മാവിനെപ്പറ്റി ധാരണ ഉണ്ടായിരുന്നില്ല. അന്നു മുതല്‍ രമണന്‍ പരാതികള്‍ നിര്‍ത്തി. മര്യാദകേടുകള്‍ക്കെതിരെ പ്രതികരിച്ചില്ല. വിനയത്തില്‍ ലയിച്ചു.
ജ്ഞാനികളുടെ ബോധോദയ നിമിഷമാണ് മഹര്‍ഷി വിവരിച്ചത്. ഇതിനു ശേഷം മധുര മീനാക്ഷി ക്ഷേത്രത്തോടുള്ള സമീപനം മാറിയെന്ന് അദ്ദേഹം ഓര്‍മിച്ചു. അതുവരെ വല്ലപ്പോഴും മീനാക്ഷി ക്ഷേത്രത്തില്‍ പോയി കൂട്ടുകാര്‍ക്കൊപ്പം കണ്ടത് ബിംബങ്ങളാണ്. നെറ്റിയില്‍ ഭസ്മവും കുങ്കുമവും തേച്ചു. പ്രത്യേകിച്ചൊന്നും തോന്നാതെ വീട്ടിലേക്ക് മടങ്ങി. ബോധോദയത്തിന് ശേഷം രമണന്‍ എല്ലാ സായാഹ്നത്തിലും ഒറ്റയ്ക്ക് മീനാക്ഷി ക്ഷേത്രത്തില്‍ പോയി. ശിവന്റെയോ മീനാക്ഷിയുടെയോ നടരാജന്റെയോ 63 സിദ്ധന്മാരുടെയോ ബിംബങ്ങള്‍ക്ക് മുന്നില്‍ ദീര്‍ഘനേരം അനക്കമില്ലാതെ നിന്നു. അങ്ങനെ നിന്നപ്പോള്‍ വികാരത്തിരകളില്‍ രമണന്‍ മുങ്ങി.
മഹര്‍ഷിയുടെ വീട്ടില്‍
കുടുംബ സമേതമാണ് ഞാന്‍ രാമേശ്വരത്തു പോയത്. അച്ഛനും അമ്മയും ഉള്‍പ്പെടെ ഓരോ കുടുംബത്തിലെയും പ്രപിതാമഹനും പ്രപിതാമഹിയും വരെയുള്ളവര്‍ക്ക് അവിടത്തെ ശൃംഗേരി മഠം കാര്‍മ്മികന്റെ സഹായത്തോടെ തര്‍പ്പണം ചെയ്തു. അഗ്‌നിതീര്‍ത്ഥം ഉള്‍പ്പെടെ 23 തീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്തു. പിന്നെ ധനുഷ്‌കോടിയില്‍ പോയി. രാമേശ്വരത്തു നിന്ന് ധനുഷ്‌കോടിയിലേക്ക് തീവണ്ടിപ്പാത ഉണ്ടായിരുന്നുവെന്നും 1964 ഡിസംബര്‍ 23 ന് ചക്രവാതത്തില്‍ ധനുഷ്‌കോടി പട്ടണം ഇല്ലാതായെന്നും മനസ്സിലായി. റെയില്‍വേ സ്റ്റേഷന്റെ അവശിഷ്ടങ്ങള്‍ക്ക് മുന്നില്‍ നിന്ന് കെ റെയിലിനെപ്പറ്റി ഓര്‍ത്തു ദീര്‍ഘശ്വാസം വിട്ടു. എത്ര സുനാമികള്‍ വരാനിരിക്കുന്നു! അന്നത്തെ ചക്രവാതത്തിന്റെ ചരിത്രം തിരഞ്ഞപ്പോള്‍, തകര്‍ന്ന പാമ്പന്‍ പാലം നന്നാക്കാന്‍ ആറു മാസം വേണ്ടിവരും എന്ന് കണക്കാക്കിയിരുന്നുവെന്നും അത് ഒരു യുവ എന്‍ജിനീയര്‍ ഒന്നരമാസം കൊണ്ട് ശരിയാക്കിയെന്നും വായിച്ചു. ആ എന്‍ജിനീയറുടെ പേര് ഇ.ശ്രീധരന്‍ എന്നായിരുന്നു; അന്ന് അദ്ദേഹത്തിന് 32 വയസ് ആയിരുന്നു.
രാമേശ്വരത്തു നിന്ന് മടങ്ങി മധുര മീനാക്ഷിയെ തൊഴുത് അടുത്ത നാള്‍ രാവിലെ ഒറ്റയ്ക്ക് തിരുച്ചുഴിയില്‍ പോയി. മധുരയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെ മാട്ടു താവണി ബസ് സ്റ്റാന്‍ഡില്‍ നിന്ന് തിരുച്ചുഴി ബസ് ഇടക്കിടെ ഉണ്ട്. ഞാന്‍ അറുപ്പു കോട്ടയില്‍ ചെന്ന് അവിടന്ന് വേറെ ബസ്സില്‍ തിരുച്ചുഴി കവലയ്ക്ക് മുന്‍പ് ഭൂമിനാഥ ക്ഷേത്രത്തിനടുത്ത് ഇറങ്ങി. അതിനോട് ചേര്‍ന്ന് ഇടത്തേക്കുള്ള വഴിയില്‍ വലതുവശം ആദ്യ വീടാണ് രമണ മഹര്‍ഷി ജനിച്ച സുന്ദര മന്ദിരം.
അതിന്റെ ചെറിയ വാതില്‍ തുറന്നു കിടന്നു. അകത്ത് ഞാന്‍ അല്ലാതെ ആരുമില്ല. 2010 മെയ് 16 ന് ഈ വീട് ആശ്രമം പരിഷ്‌കരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. മഹര്‍ഷി ജനിച്ച മുറി കഴിച്ചുള്ള ഭാഗങ്ങള്‍ ഒറ്റ വിശാല മുറിയാക്കിയിരിക്കുന്നു.
ജനിച്ച മുറിയില്‍ മഹര്‍ഷിയുടെ വലിയ ചിത്രത്തിന് മുന്നില്‍ കെടാവിളക്ക്. ഒരു ചെറിയ വിളക്ക് താഴെയുണ്ട്. വലത്തേ ജനാലപ്പടിയില്‍ കണ്ട തീപ്പെട്ടിയെടുത്ത് ചെറിയ വിളക്കിലെ തിരി ഞാന്‍ തെളിച്ചു. പെട്ടെന്ന് ശങ്കരാചാര്യരുടെ ‘കനകധാരാ സ്‌തോത്രം’ മനസ്സില്‍ തോന്നി അത് ഉരുവിട്ടു. ‘ദാരിദ്ര്യഭീത ഹൃദയം ശരണാഗതം മാം’ എന്ന അവസാന ശ്ലോകഭാഗം ആവര്‍ത്തിച്ചു ചൊല്ലി.
നാം ഓരോരുത്തരും ‘ഞാന്‍ ആരാണ്?’ (Who Am I) എന്ന് ചോദിക്കാനാണ് രമണ മഹര്‍ഷി ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നത് എന്നതിനാല്‍, ആ ചോദ്യം അവിടെയിരുന്ന് ഞാന്‍ സ്വയം ചോദിച്ചു.
എന്റെ ഉള്ളില്‍ നിന്ന് ഉത്തരം വന്നു: ‘അയമാത്മാ ബ്രഹ്‌മ.’ (ഈ ആത്മാവ് ബ്രഹ്‌മമാണ്, മാണ്ഡുക്യോപനിഷത്, 1:2).