പ്രതാപ് പോത്തന്‍ കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞെങ്കിലും തകര എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ ഉണ്ട്. ഒന്നുകൂടി തകരയെ അവതരിപ്പിക്കണമെന്നുണ്ടെങ്കില്‍ പ്രതാപ് പോത്തന്‍ ഇല്ലല്ലോ എന്നോര്‍ത്ത് സങ്കടപ്പെടേണ്ട. ആ റോള്‍ അതിലും ഭംഗിയായി ചെയ്യാന്‍ പറ്റിയ ആള്‍ ഇവിടെ ക്ലിഫ് ഹൗസിലുണ്ട്. അല്‍പം തിരക്കിലാണെന്നു മാത്രം. ജൂലായ് 15-ലെ നിയമസഭയിലെ മുഖ്യന്‍ വിജയന്‍ സഖാവിന്റെ പ്രകടനം മാത്രം കണക്കിലെടുത്താല്‍ മതി അദ്ദേഹത്തിന്റെ യോഗ്യത ബോധ്യപ്പെടാന്‍. മന്ദബുദ്ധിത്തം ഇത്ര തന്മയത്വത്തോടെ അഭിനയിക്കാന്‍ വേറാര്‍ക്കാണപ്പാ സാധിക്കുക. സംസ്ഥാനത്തെ ആഭ്യന്തര കാര്യങ്ങള്‍ ഒന്നൊഴിയാതെ ശ്വാസമടക്കിപ്പിടിച്ച് കണ്ട് തിരിച്ചറിയുന്ന മുഖ്യന്റെ ശ്രദ്ധയില്‍ ഒന്നുമാത്രം പെട്ടില്ല. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്. എഫ്.ഐക്കാര്‍ ആക്രമിച്ചതാണത്. നാടായ നാടൊക്കെ ദിവസങ്ങളോളം ടി.വി ചാനലുകള്‍ വഴി ആ രംഗങ്ങള്‍ കണ്ടപ്പോള്‍ ബോധ്യപ്പെട്ടത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ മാത്രം പെട്ടില്ല! അക്രമികളുടെ കൂട്ടത്തില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ഉള്ളതായി ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ടും അദ്ദേഹത്തിന് കണ്ടെത്താനായില്ല. വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ദയനീയ സ്വരത്തില്‍ മുദ്രാവാക്യം വിളിച്ചത് മുഖ്യന്‍ വിജയന്‍ സഖാവിനെ കൊല്ലാനുള്ള ഗൂഢാലാചനയാണെന്ന് കണ്ടെത്തിയ ആഭ്യന്തര വകുപ്പിന് ഇവരെ പിടിച്ചുതള്ളി കയ്യേറ്റം ചെയ്ത ഇ.പി.ജയരാജനെതിനരെ യൂത്തന്മാര്‍ നല്‍കിയ പരാതി അടിസ്ഥാനരഹിതമായി മാറി. രണ്ടു കണ്ണും മിഴിച്ചു നോക്കിയിട്ടും തിരുവനന്തപുരത്തെ കെ.പി.സി.സി ഓഫീസ് ആക്രമിച്ച പ്രതികളെ തിരിച്ചറിയാന്‍ സഖാവിനോ സഖാവിന്റെ പോലീസിനോ സാധിച്ചിട്ടില്ല. സി.സി.ടി.വി. ക്യാമറയ്ക്ക് മുന്നില്‍ ദിവസങ്ങള്‍ തപസ്സിരുന്നിട്ടും സഖാവിന് ഏ.കെ.ജി സെന്ററിനു നേരെ പടക്കമെറിഞ്ഞവനെയും കണ്ടെത്താനായില്ല.
മുഖ്യന്റെ മണിയടിക്കാരനായ എം.എം.മണി എം.എല്‍.എയായ കെ.കെ.രമക്കെതിരെ നിയമസഭക്കകത്ത് പറഞ്ഞ അധിക്ഷേപകരമായ പ്രസംഗത്തില്‍ വിജയന്‍ സഖാവിന് ഒരു പന്തികേടും തോന്നിയിട്ടില്ല. സഖാവിന്റെ ഭരണത്തില്‍ ഈ പ്രയോഗങ്ങളല്ലാം ശുംഭന്‍, പരനാറി, കുലംകുത്തി, പോലെ സഭ്യമനോഹര പദാവലികളാണ്. നെടുമുടി വേണുവിന്റെ അഭാവത്തില്‍ ചെല്ലപ്പനാശാരിയുടെ റോള്‍ അഭിനയിക്കാനും ആളെ അന്വേഷിച്ചു നടക്കേണ്ട. എം.എം.മണി ഈ റോളില്‍ താന്‍ പരമയോഗ്യന്‍ എന്നു സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിട്ടില്ലേ? നിയമസഭാ പരിസരത്തെ സിനിമ- സീരിയല്‍ ഷൂട്ടിങ്ങ് ഈ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ടെങ്കിലും പ്രധാന താരങ്ങള്‍ അകത്തുള്ളപ്പോള്‍ ആവശ്യം നടന്നശേഷം ശ്രദ്ധയില്‍ പെട്ടില്ല എന്നു മുഖ്യന്‍ ഉത്തരം നല്‍കിയാല്‍ എല്ലാം ശുഭം.
Comments