തിരുവനന്തപുരം: മാറിയ കാലത്തും മാധ്യമങ്ങളുടെ പ്രസക്തി അനുദിനം വര്‍ദ്ധിക്കുകയാണെന്ന് മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ടി.പി. ശ്രീനിവാസന്‍. കോഴിക്കോട് കേസരി ഭവനില്‍ പുതുതായി ആരംഭിക്കുന്ന മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ (മാഗ്‌കോം) ആഭിമുഖ്യത്തില്‍ ‘മാധ്യമപ്രവര്‍ത്തനം: തെറ്റായ വാര്‍ത്തകളും തെറ്റായ വിവരങ്ങളും’ എന്ന വിഷയത്തില്‍ കേസരി ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകമെമ്പാടും അച്ചടി മാധ്യമങ്ങളുടെ കാലം അവസാനിക്കുകയാണെന്ന പ്രചാരണം ശക്തമാകുമ്പോഴും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇപ്പോഴും അതില്‍ വിശ്വാസമുണ്ട്. ഓരോ മാധ്യമങ്ങള്‍ക്കും അവരുടേതായ നയങ്ങളും രീതികളുമാണുള്ളത്. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാലും ജനങ്ങള്‍ക്ക് അവരുടെ യുക്തിക്കനുസരിച്ച് വാര്‍ത്തകളുടെ സത്യസന്ധതയും യാഥാര്‍ത്ഥ്യവും മനസ്സിലാക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി. ശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു കോഴ്‌സുകളെ ക്കുറിച്ച് വിശദീകരിച്ചു. മാഗ്‌കോം ഡയറക്ടര്‍ എ.കെ. അനുരാജ് സെമിനാര്‍ അവതരിപ്പിച്ചു. കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി ആശംസ അര്‍പ്പിച്ചു.