ചതുരംഗം പോലെ (ചെസ്) ഭാരതത്തിന്റെ തനതെന്ന് അവകാശപ്പെടാവുന്ന അപൂര്‍വം വിനോദങ്ങളിലൊന്നാണ് കബഡി. കൃത്യമായ രേഖകളൊന്നും ലഭ്യമല്ലെങ്കിലും-നൂറ്റാണ്ടുകളുടെ പഴക്കമുണ്ടതിന്. നമ്മുടെ നാട്ടിലെ ഭാഷാഭേദമനുസരിച്ച് ചട്ടകൂടു, ഗുതുതു, ഭോഭോഭോ, വണ്ടിക്കളി, സബര്‍ ഗഗന, കൈപിടി, സാഞ്ചി പക്കി തുടങ്ങി പലപേരുകളിലും അതറിയപ്പെടുന്നു. ‘ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്’ കഴിഞ്ഞാല്‍ ഏറ്റവുമധികം ടെലിവിഷന്‍ പ്രേക്ഷകരുള്ള വിനോദം.ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും ‘ദേശീയ ഗെയിം’ കൂടിയാണ് ‘കബഡി’. തമിഴ് പ്രയോഗമായ ‘കൈ പിടി’യില്‍ നിന്നാണ് ഈ വാക്കിന്റെ ആവിര്‍ഭാവം.
”ഏഴുപേര്‍ വീതമുള്ള രണ്ടു ടീമുകള്‍ തമ്മില്‍ ദീര്‍ഘചതുരാകൃതിയില്‍ രണ്ടായി പകുത്ത കളത്തില്‍ കളിക്കുന്ന ഒരു കളിയാണ് കബഡി. ഒരു കളത്തില്‍ നിന്ന് ഒരു കളിക്കാരന്‍ ‘കബഡി-കബഡി’ എന്ന് ശ്വാസം വിടാതെ ഉച്ചരിച്ചുകൊണ്ട് മറുകളത്തില്‍ പോയി കളിക്കാരെ തൊട്ട്, പിടികൊടുക്കാതെ തിരിച്ചുപോരുക എന്നതും, ഇപ്രകാരം തിരിച്ചു വരുന്ന കളിക്കാരന് തൊടാന്‍ അവസരം കൊടുക്കാതെയും തിരിച്ചുപോകാന്‍ അവസരം കൊടുക്കാതെയും കീഴടക്കുക എന്നതാണ് കളിയുടെ രീതി.” പി.കെ. ശിവദാസ്, ‘സ്‌പോര്‍ട്‌സ് എന്‍സൈക്ലോപീഡിയ.’
ബറോഡയിലെ ‘ഹിന്ദ് വിജയ് ജിംഖാന’ യാണ് കബഡിക്ക് ആദ്യമായി നിയമാവലി ഉണ്ടാക്കിയത്. 1932ല്‍. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ 1944ല്‍ ഇത് അംഗീകരിച്ച് രാജ്യമാകെ ബാധകമാക്കി. 1952ല്‍ ‘ഇന്ത്യാ കബഡി ഫെഡറേഷന്‍’ രൂപീകൃതമായി. ‘അമേച്വര്‍ കബഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യ’ നിലവില്‍ വന്നു. ഇവര്‍ക്കാണ് രാജ്യത്തിലെ കബഡികളിയുടെ നിയന്ത്രണം.
ക്രിക്കറ്റിലെ ‘ഇന്ത്യന്‍ പ്രീമിയര്‍ ലീഗി’ന്റെ ചുവടുപിടിച്ച് കബഡി ലീഗ് ആരംഭിക്കുന്നത് 2013ല്‍ ആണ്. അന്ന് എട്ടു ടീമുകള്‍ ഇതില്‍ പങ്കെടുത്തിരുന്നു. ‘പ്രോ കബഡി ലീഗി’ ന്റെ ഏഴാം സീസണ്‍ ഹൈദരബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ ഏതാനും ദിവസം മുമ്പ് സമാപിച്ചു. പന്ത്രണ്ടു ടീമുകള്‍ ഇതില്‍ പങ്കെടുത്തു.
നമ്മുടെ ഹോക്കി ടീം സ്വര്‍ണം നേടുന്നതിലും അമേരിക്കന്‍ ഐക്യനാടുകളിലെ കറുത്തവര്‍ഗക്കാരായ അത്‌ലറ്റുകള്‍ മെഡലുകള്‍ വാരിക്കൂട്ടുന്നതിലും പരസ്യമായി അസ്വസ്ഥത പ്രകടിപ്പിച്ച ഹിറ്റ്‌ലറുടെ നടപടികള്‍ കൊണ്ട് കുപ്രസിദ്ധമായ 1936-ലെ ബെര്‍ലിന്‍ ഒളിമ്പിക്‌സില്‍ കബഡി ഒരു പ്രദര്‍ശന ഇനമായിരുന്നു. അന്ന് അവിടെ കളി അവതരിപ്പിച്ചത് അമരാവതിയിലെ ‘ഹനുമാന്‍ വ്യായാം പ്രചാരക് മണ്ഡല്‍’ ആയിരുന്നു. 2024ലെ ഒളിമ്പിക്‌സില്‍ ഇത് ഒരു മത്സര ഇനമായി അംഗീകരിക്കപ്പെടാനിടയുണ്ട്; ഭാരതത്തിനും പാകിസ്ഥാനും ബംഗ്ലാദേശിനും നേപ്പാളിനും പുറമെ ശ്രീലങ്ക, മ്യാന്‍മര്‍, ദക്ഷിണ കൊറിയ, ഉത്തരകൊറിയ, ചൈന, ഇന്തോനേഷ്യ, ജപ്പാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇതു പ്രചാരത്തിലുള്ള സാഹചര്യത്തില്‍.
1982ലെ ദല്‍ഹി ‘ഏഷ്യന്‍ ഗെയിംസി’ല്‍ പ്രദര്‍ശന ഇനമായിരുന്ന കബഡി മത്സര ഇനമായി അംഗീകരിക്കപ്പെടുന്നത് 1990 ബെയ്ജിംഗില്‍. അതിനുമുമ്പ് ഡാക്ക ‘സാഫ് ഗെയിംസി’ല്‍ തന്നെ ഇത് മത്സര ഇനമായിത്തീര്‍ന്നിരുന്നു. ഏഷ്യന്‍ – സാഫ് ഗെയിമുകളില്‍ സ്ത്രീ-പുരുഷ വിഭാഗങ്ങളില്‍ ഏറെക്കുറെ ഭാരതത്തിനു തന്നെയാണ് കുത്തക എന്നു പറയാം. ‘അര്‍ജുന അവാര്‍ഡ്’ ജേതാവായ തം മെഹര്‍ സിംഗ് ആണ് ഇപ്പോള്‍ ടീമിന്റെ പരിശീലകന്‍.
ജൂലായ് 20ന് ഹൈദരാബാദില്‍ തുടങ്ങിയ ‘കബഡി ലീഗ്’ ഒക്‌ടോബര്‍ ഒമ്പതിന് നോയ്ഡയില്‍ ആണ് സമാപിക്കുക. ”കാണികളുടെ ആവേശോജ്ജ്വലമായ സ്വീകരണം ലീഗിനു ലഭിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഈ ഒരു തലത്തില്‍ കബഡി എത്തിച്ചേരുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും സ്വപ്‌നം കണ്ടിരുന്നില്ല. ക്രിക്കറ്റിന്റേതായ ഇക്കാലത്തു പോലും വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കബഡിയുടെ പ്രാധാന്യം ജനങ്ങള്‍ അംഗീകരിച്ചുതുടങ്ങിയതിന്റെ ലക്ഷണമാണ് ഓരോ സീസണിലും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാണികളുടെ സാന്നിധ്യം” – രാം മെഹര്‍സിംഗ് അഭിപ്രായപ്പെടുന്നു.
പതിനഞ്ചുലക്ഷത്തോളം രൂപയാണ് കബഡി ലീഗിന്റെ സമ്മാനത്തുക. ഇതിനു സ്‌പോണ്‍സര്‍മാരും ധാരാളമായി മുന്നോട്ടു വരുന്നുണ്ട്.
ഭാരതത്തില്‍ മറ്റു പല രംഗങ്ങളിലേതുപോലെ, കബഡിയിലും പഞ്ചാബിനു തന്നെയാണ് ആധിപത്യം. കേരളവും ഭാഗ്യപരീക്ഷണത്തിനുണ്ട്. ‘സന്തോഷ് ട്രോഫി’ ക്കു വേണ്ടി മത്സരിക്കുന്ന മിക്ക സംസ്ഥാനടീമുകളിലും ഒരു മലയാളിയെങ്കിലും ഉണ്ടായിരിക്കും. കബഡിയില്‍ അങ്ങിനെയൊരു നേട്ടം അവകാശപ്പെടാനില്ലെങ്കിലും ‘ബംഗാള്‍ വാരിയേഴ്‌സില്‍’ ആദര്‍ശ്, ‘പൂനെ പള്‍ട്ടാസി’ല്‍ സാഗര്‍ കൃഷ്ണ എന്നീ കേരളീയര്‍ ഉണ്ട്. സൈന്യത്തില്‍ ക്യാപ്റ്റനായിരുന്ന കണ്ണൂര്‍കാരന്‍ ഇ. ഭാസ്‌കരനാണ് തമിഴ്‌നാട് ടീമിന്റെ പരിശീലകന്‍. (2014ലെ ഇഞ്ചിയോണ്‍ ‘ഏഷ്യാഡി’ല്‍ ഭാരതീയ വനിതാ ടീം ജേതാക്കളാകുന്നത്. ചുക്കാന്‍ പിടിച്ചത് ഭാസ്‌കരനായിരുന്നു).