ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പിരപ്പന്‍കോട് മുരളിയുടെ പുസ്തകത്തില്‍ കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ചരിത്രം വളച്ചൊടിച്ചരിക്കുകയാണ്. ഈ പുസ്തകത്തില്‍ കേരള ഗ്രന്ഥശാല സംഘത്തിന്റെ പിതൃത്വത്തില്‍ നിന്നും പി.എന്‍. പണിക്കരെ ഒഴിവാക്കിയിരിക്കുന്നതായി കാണാം. നീലംപേരൂരില്‍ സനാതനധര്‍മം വായനശാലയ്ക്ക് തുടക്കമിട്ടുകൊണ്ടാണ് പി.എന്‍. പണിക്കര്‍ ഗ്രന്ഥശാല പ്രവര്‍ത്തനത്തിന്റെ ജൈത്രയാത്രയ്ക്ക് തുടക്കമിട്ടമത്. അമ്പലപ്പുഴ ആമയിടമാളേക്കല്‍ പറമ്പില്‍ ചെമ്പകകുട്ടിയെ സഹധര്‍മ്മിണിയായി സ്വീകരിച്ചശേഷം അമ്പലപ്പുഴയില്‍ പി.കെ.വിലാസം വായനശാല അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചു. ഈ ഗ്രന്ഥശാലയുടെ ആദ്യ സെക്രട്ടറിയായി പി.എന്‍.പണിക്കരെ തിരഞ്ഞെടുത്തു.
തുടര്‍ന്ന് കന്യാകുമാരി മുതല്‍ വടക്കന്‍ പരവൂര്‍ വരെയുള്ള തിരുവിതാംകൂര്‍ രാജ്യത്ത് പലഭാഗങ്ങളിലായി ഒട്ടേറെ ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നതായി പി.എന്‍. പണിക്കര്‍ കണ്ടെത്തി. അതിനൊരു ഏകോപിതസ്വഭാവം ആവശ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതിനായി പ്രസ്തുത ഗ്രന്ഥശാലകളെ ഒറ്റചരടില്‍ കോര്‍ത്തിണക്കി. ‘അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സംഘം’ രൂപീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹം തിരുവിതാംകൂറിലെ എല്ലാ ഗ്രന്ഥശാലകളുടെയും കൂട്ടായ്മയ്ക്കായി ഒരു യോഗം വിളിച്ചുകൂട്ടി. ഈ യോഗത്തില്‍ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ആസ്ഥാനം താല്‍ക്കാലികമായി അമ്പലപ്പുഴയായി നിശ്ചയിച്ചു. മന്ദീഭവിച്ചവയും നിന്നുപോയതുമായ ഗ്രന്ഥശാലകളെ പുനരുദ്ധരിക്കാനും പുതിയ വായനശാലകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. അമ്പലപ്പുഴയില്‍ അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലസംഘത്തിന്റെ ആദ്യസമ്മേളനം 1945 സെപ്റ്റംബര്‍ 14-ന് സര്‍ സി.പി. ഉദ്ഘാടനം ചെയ്തു. ഈ ദിനമാണ് ഗ്രന്ഥശാലദിനമായി കേരളം ആചരിച്ചുവരുന്നത്.
തിരുവിതാംകൂര്‍ ഗ്രന്ഥശാലസംഘത്തിന്റെ പ്രവര്‍ത്തനം പി.എന്‍.പണിക്കര്‍ തിരുവനന്തപുരത്തേയ്ക്ക് മാറ്റി. തുടക്കത്തില്‍ വഞ്ചിയൂരിലുള്ള ചിത്തിരതിരുനാള്‍ ഗ്രന്ഥശാലയിലെ ഒരു അലമാരയില്‍ റിക്കോഡുകള്‍ സൂക്ഷിച്ചുകൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അവിടെ നിന്ന് ഇന്ന് പി.എസ്.സി. പ്രവര്‍ത്തിക്കുന്ന തുളസിഹില്ലിയേക്ക് മാറ്റി. പിന്നീട് കണ്‍ട്രോള്‍മെന്റ്ഹൗസിലെ ഔട്ട്ഹൗസിലും സംസ്‌കൃതകോളേജ് വളപ്പിലുമായി ഈ സംഘത്തിന്റെ ആസ്ഥാനമായി പ്രവര്‍ത്തിച്ചു. ഗ്രന്ഥശാലസംഘത്തിന് ഒരു സ്ഥിരം കേന്ദ്രകാര്യാലയം വേണമെന്നുള്ള പി.എന്‍.പണിക്കരുടെ നിരന്തരമായ അപേക്ഷമാനിച്ച് പബ്ലിക് ലൈബ്രറി കോമ്പൗണ്ടില്‍ 1955-ല്‍ തിരു-കൊച്ചി വിദ്യാഭ്യാസമന്ത്രിയായിരുന്ന പനമ്പള്ളി ഗോവിന്ദമേനോന്‍ 50 സെന്റ് സ്ഥലം അനുവദിച്ചു. അവിടെ പൊതുമരാമത്ത് വകുപ്പ് ഗ്രന്ഥശാല സംഘത്തിനായി ആസ്ഥാനമന്ദിരം പണിതുകൊടുത്തു.
മലബാര്‍ ഭാഗത്ത് കേളപ്പജി പ്രസിഡന്ററായും കെ. ദാമോദരന്‍ ജനറല്‍ സെക്രട്ടറിയുമായി വളരെ ശോഷിച്ച രീതിയില്‍ മലബാര്‍ ഗ്രന്ഥശാലസംഘം പ്രവര്‍ത്തിച്ചു വരുകയായിരുന്നു. കേരള സംസ്ഥാനം രൂപീകൃതമായതോടെ രണ്ട് ഗ്രന്ഥശാല പ്രസ്ഥാനങ്ങളെയും സംയോജിപ്പിച്ച് ”കേരളഗ്രന്ഥശാല സംഘമായി” വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി ഉത്തരവിറക്കി. പണിക്കരുടെ അഭിപ്രായപ്രകാരം ചാരിറ്റബിള്‍ ആക്ട് പ്രകാരം കേരളഗ്രന്ഥശാല സംഘം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. തിരുവിതാംകൂര്‍ ഗ്രന്ഥശാലസംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന പി.എന്‍. പണിക്കരെ ‘കേരള ഗ്രന്ഥശാല സംഘത്തിന്റെ’ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1977 വരെ കേരളഗ്രന്ഥശാല സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായി പി.എന്‍. പണിക്കരെ തിരഞ്ഞെടുത്തുകൊണ്ടിരുന്നു.
ഈ കാലയളവില്‍ അദ്ദേഹം കേരളത്തിന്റെ നാനാഭാഗത്തും സഞ്ചരിച്ച് പുതിയ ഗ്രന്ഥശാലകള്‍ തുടങ്ങുകയും പ്രവര്‍ത്തനമാന്ദ്യം സംഭവിച്ചതും നിന്നുപോയതുമായ ഗ്രന്ഥശാലകളെ പുനരുദ്ധരിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി നാലായിരത്തിലധികം ഗ്രന്ഥശാലകളുമായി കേരള ഗ്രന്ഥശാലസംഘം ഉയര്‍ന്നു. ഗ്രന്ഥശാലകളെ സാമൂഹികവും സാംസ്‌കാരികവുമായി ഉണര്‍ത്താന്‍ ആഹോരാത്രം അദ്ദേഹം പണിയെടുത്തു. അതിനായി കുന്നുംമലകളും ഒറ്റയടിപ്പാതകളും അദ്ദേഹം താണ്ടി. അങ്ങനെ നാട്ടിലെ സാമൂഹികസംസ്‌കാരിക കേന്ദ്രങ്ങളായി ഗ്രന്ഥശാലകള്‍ മാറി.
പരുക്കന്‍ തൂവെള്ളവസ്ത്രവും ഒരു ഡയറിയുമായി ദിനംപ്രതി അദ്ദേഹം പ്രവര്‍ത്തനനിരതനാകും. ഗ്രന്ഥശാല സന്ദര്‍ശനങ്ങളും ചര്‍ച്ചകളും സംവാദങ്ങളുമായി അദ്ദേഹം നീങ്ങി. ഈ ത്യാഗപൂര്‍വ്വമായ ജീവിതമാണ് മലയാളികളുടെ ബോധമണ്ഡലത്തെ മാറ്റിമറിച്ചത്. ഗ്രാമീണസര്‍വ്വകലാശാലകളാണ് വായനശാലകളെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചുകൊണ്ട് ഗ്രാമഗ്രാമന്തരങ്ങളില്‍ പര്യടനം നടത്തി. പി.എന്‍. പണിക്കരുടെ പാദസ്പര്‍ശം മേല്‍ക്കാത്ത ഒരൊറ്റ ഗ്രന്ഥശാല പോലും അന്ന് കേരളത്തിലുണ്ടായിരുന്നില്ല. ഗ്രന്ഥശാലകളുടെ കര്‍മ്മപരിപാടികളിലൂടെ നാട്ടുകാരെ മുഴുവന്‍ കര്‍മ്മോന്‍മുഖരാക്കി. അവരെ കൊണ്ട് തന്നെ ഗ്രന്ഥശാല കെട്ടിട നിര്‍മ്മാണ ഉത്തരവാദിത്വം ഏറ്റെടുവിപ്പിച്ചു. പലയിടത്തും പി.എന്‍.പണിക്കര്‍ നേരിട്ട് ചെന്നുതന്നെ പുസ്തകങ്ങളും അലമാരകളും സൗജന്യമായി സംഘടിപ്പിച്ചുകൊടുത്തു. 1970-ല്‍ ഗ്രന്ഥശാല സംഘത്തിന്റെ രജതജൂബിലി വര്‍ഷത്തില്‍ പി.എന്‍. പണിക്കര്‍ സാംസ്‌കാരിക ജാഥ സംഘടിപ്പിച്ചു. ”വായിച്ചുവളരുക! ചിന്തിച്ചു വിവേകം നേടുക” എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ഗ്രാമഗ്രാമന്തരങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ ആ യാത്ര കേരളജനതയ്ക്ക് ആവേശമായി. അന്നുവരെ കേരളം കണ്ട ഏറ്റവും വലിയ ജനസമ്പര്‍ക്കപരിപാടിയായി അത് മാറി.
1971-ല്‍ ‘ഗ്രന്ഥലോകം’ മാസിക തുടങ്ങി. കേരളഗ്രന്ഥശാല സംഘത്തിനു കീഴില്‍ വയോജനവിദ്യാഭ്യാസ യഞ്ജത്തിനു രൂപം കൊടുത്തു. അഞ്ഞൂറോളം വായനശാലകളില്‍ സാക്ഷരതാ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഒരു ലക്ഷം നിരക്ഷരരെ സാക്ഷരരാക്കി. അതിന് ചുവട്പിടിച്ചാണ് കേരളസര്‍ക്കാര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നീട് രൂപം കൊടുത്തത്. ഗ്രന്ഥശാലസംഘത്തിന്റെ പുരോഗതിയ്ക്കായി ജനറല്‍ സെക്രട്ടറി വഹിച്ച നിസ്തൂല സേവനത്തെ പരിഗണിച്ച് സര്‍ക്കാര്‍ ഒരു സ്റ്റേറ്റ് കാര്‍ നല്‍കി പി.എന്‍. പണിക്കരെ ആദരിച്ചു. 1975-ല്‍ യുനസ്‌കോയുടെ ‘ക്രൂപ്‌സായ’ അവാര്‍ഡ് കേരള ഗ്രന്ഥശാലസംഘത്തെ തേടിയെത്തി. പി.എന്‍. പണിക്കര്‍ക്ക് സ്വന്തമായൊരു വീട് ഉണ്ടാക്കണമെന്നുള്ള ആഗ്രഹത്താല്‍ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ ധനം സ്വരൂപിച്ചു തുടങ്ങിയപ്പോള്‍ അതിനെ പി.എന്‍.പണിക്കര്‍ തടഞ്ഞുകൊണ്ട് പറഞ്ഞു. ”ഞാന്‍ ഒരു ഭിക്ഷാദേഹി” അല്ലായെന്നാണ്. കേരളത്തിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയോ ഒരു സമുദായത്തിന്റെയോ ചാപ്പ തന്റെമേലില്‍ കുത്താന്‍ അനുവദിക്കാതെയാണ് പി.എന്‍.പണിക്കര്‍ നാലായിരത്തിനധികം ഗ്രന്ഥശാലകളെ ശ്രദ്ധിച്ചത്.
ഗ്രന്ഥശാലസംഘത്തിന്റെ പ്രസിഡന്റായിരുന്ന തായാട്ട് ശങ്കരനുമായി പണിക്കര്‍ക്ക് അഭിപ്രായവ്യത്യാസമില്ല. അനന്തരസംഭവങ്ങളെ തുടര്‍ന്ന് 1997 മാര്‍ച്ച് 16-ന് ഒരു ഓര്‍ഡിനന്‍സിലൂടെ ഗ്രന്ഥശാലസംഘത്തെ സര്‍ക്കാര്‍ ഏറ്റെടുത്തു. ഭരണം ഒരു കണ്‍ട്രോള്‍ ബോഡിന്റെ നിയന്ത്രണത്തിലായി. തുടര്‍ന്നാണ് ഇന്നത്തെ രൂപത്തിലുള്ള സ്റ്റേറ്റ് ലൈബ്രററി കൗണ്‍സില്‍ നിലവില്‍ വന്നത്. ഇതാണ് ഗ്രന്ഥശാല സംഘത്തിന്റെ അടിസ്ഥാനപരമായ ലഘുചരിത്രവസ്തുതയെന്നിരിക്കെ ഈ ചരിത്രത്തെ പിരപ്പന്‍കോട് മുരളി തന്റെ പുസ്തകത്തിലൂടെ വികൃതമാക്കിയിരിക്കുകയാണ്.
കേരള ഗ്രന്ഥശാല സംഘത്തിന്റെ പിതാവായ പി.എന്‍.പണിക്കരെ വിലകുറച്ച് കാണിക്കാനുള്ള ശ്രമമാണ് പിരപ്പന്‍കോട് മുരളി തന്റെ പുസ്തകത്തില്‍ നടത്തിയിരുക്കുന്നത്. ഇതിന് സാക്ഷ്യം പിടിക്കാന്‍ ജോസഫ് മുണ്ടശ്ശേരിയെയും അദ്ദേഹം കൂട്ടുപിടിക്കുന്നുണ്ട്. അന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി തന്റെ മകന്റെ കറന്റ് ബുക്കിസില്‍ നിന്നും ഗ്രന്ഥശാലകളുടെ ഗ്രാന്റിന്റെ മുഴുവന്‍ തുകയ്ക്കും പുസ്തകം വാങ്ങാന്‍ പി.എന്‍.പണിക്കരോട് നിര്‍ദ്ദേശിച്ചു, എന്നാല്‍ പണിക്കര്‍ അതിന് പൂര്‍ണ്ണമായും വഴങ്ങിയില്ല. നാല്‍പത് ശതമാനം തുകയ്ക്ക് കറന്റ് ബുക്കിസില്‍ നിന്നും അറുപത് ശതമാനം തുകയ്ക്ക് എന്‍.ബി.എസില്‍ നിന്നും പുസ്തകം വാങ്ങാനാണ് ഗ്രന്ഥശാലകള്‍ക്ക് പണിക്കര്‍ നിര്‍ദ്ദേശം കൊടുത്തത്. തന്റെ വാക്ക് പണിക്കര്‍ ലംഘിച്ചതോടെ ജോസഫ്മുണ്ടശ്ശേരി പി.എന്‍.പണിക്കരെ കടന്നാക്രമിക്കാന്‍ തുടങ്ങി. ഇതിനെ ചെറുത്തത് കെ.എസ്.വൈ.എഫ് പ്രസിഡന്റായിരുന്ന പുതുശ്ശേരി രാമചന്ദ്രന്റെ നേതൃത്വമായിരുന്നുവെന്നതും ഒരു ചരിത്രസത്യമാണ്.
ഇപ്പോള്‍ എങ്ങും ഒരു പിടിവള്ളി കിട്ടാതെ നില്‍ക്കുന്ന പിരപ്പന്‍കോട് മുരളി കേരള ഗ്രന്ഥശാലസംഘത്തിന്റെ ചരിത്രത്തെ വളച്ചൊടിച്ച് അത് വിവാദമാക്കി, ശ്രദ്ധനേടി ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എത്താനുള്ള ഒരു കുതന്ത്രമാണ് പ്രയോഗിച്ചിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ‘വായിച്ച് വളരുക’ എന്ന സന്ദേശത്തിലൂടെ കേരളീയസംസ്‌കാരത്തിന് ദിശാബോധം നല്‍കിയ ഒരു ഗ്രാമീണനായിരുന്നു പി.എന്‍.പണിക്കാരെന്ന ഡോ. സുകുമാര്‍ അഴിക്കോടിന്റെ വാക്കുകളുടെ ഉള്‍ക്കാഴ്ച പിരപ്പന്‍കോട് മുരളി ഉള്‍ക്കൊള്ളണമായിരുന്നു. കേരള ഗ്രന്ഥശാല സംഘത്തിന്റെ ചരിത്രത്തെ ആര് എങ്ങനെ വികൃതമാക്കാന്‍ ശ്രമിച്ചാലും കേരളത്തിലെ സംഘടിതഗ്രന്ഥശാലസംഘത്തിന്റെ സൃഷ്ടാവ് പി.എന്‍. പണിക്കാരാണെന്ന് കേരളീയര്‍ക്ക് വ്യക്തമായി അറിയാം. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ഓര്‍മ്മ നിര്‍ത്താന്‍ അദ്ദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി നമ്മള്‍ ആചരിക്കുന്നത്. കേരള ഗ്രന്ഥശാലസംഘത്തിന്റെ ചരിത്രത്തെ വളച്ചൊടിച്ചത് അഷന്തവ്യമായ തെറ്റാണ്.