ഉപയോഗം മൂലം മാനസിക ശാരീരിക തലങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന വസ്തുക്കളെയാണ് വിശാല അര്‍ത്ഥത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ എന്ന് പറയുന്നത്. പ്രകൃതി ദത്തമായവയും രാസപ്രക്രിയയിലൂടെ ഉത്പാദിപ്പിക്കുന്നവയും ഉണ്ട്. നമ്മുടെ ചിന്ത, ഉണര്‍വ്, ബുദ്ധി, ശ്രദ്ധ, വികാരവിചാരങ്ങള്‍, സ്വഭാവം തുടങ്ങി എല്ലാ മാനസിക വ്യാപാരങ്ങളെയും സ്വാധീനിക്കാന്‍ ഇവയ്ക്കു കഴിയുന്നു. ലഹരിയുടെ മാസ്മരിക വലയം യുവതയെ പിടിമുറുക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. മദ്യം, കഞ്ചാവ് (ചരസ്, ഹാഷിഷ്, ഭാങ്), കറുപ്പ്, ഘടഉ, കൊക്കെയിന്‍, ഹെറോയിന്‍, മോര്‍ഫിന്‍, പെത്തടിന്‍, എം.ഡി.എം.എ തുടങ്ങി നിരവധി മയക്കുമരുന്നുകളാണ് ഇന്ന് നിര്‍ബാധം വിറ്റഴിക്കപ്പെടുന്നത്. ചികിത്സയുടെ ഭാഗമായി ഉപയോഗിക്കാറുള്ള ചില പ്രിസ്‌ക്രിപ്ഷന്‍ ഔഷധങ്ങളും വലിയ ഡോസുകളില്‍ ലഹരിക്കായി ഉപയോഗിക്കപ്പെടുന്നുണ്ട്. പിടിക്കപ്പെടുന്ന മയക്കുമരുന്നുകളുടെ അളവിലെ വര്‍ദ്ധനയും വൈവിധ്യവും, വില്പ്പനക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന, വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഇടയിലെ കൃത്യമായ ആസൂത്രണത്തോടെയുള്ള അതിവേഗവ്യാപനം എന്നിവയാണ് നമ്മെ ആശങ്കപ്പെടുത്തുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്ക് മിഠായിയിലും മറ്റും ചേര്‍ത്ത് ലഹരി വസ്തുക്കള്‍ കൊടുക്കുന്ന രീതിയും കാണുന്നുണ്ട്. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കൗമാര പ്രായക്കാരുടെ ദൗര്‍ബല്യങ്ങളെയാണ് ലഹരി മാഫിയ ചൂഷണം ചെയ്യുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 1600ല്‍ അധികം കുട്ടികളാണ് മയക്കുമരുന്നുമായി പിടിയിലായിട്ടുള്ളത്. വാഹകരിലും വിതരണക്കാരിലും അപ്പുറം അതിശക്തമായ ഒരു മയക്ക് മരുന്ന് മാഫിയ ഉണ്ട്. ശത കോടികളുടെ ബിസിനസ്! നിരവധി ക്രൂരവും നിഷ്ഠൂരവുമായ കുറ്റകൃത്യങ്ങളില്‍, പ്രത്യേകിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ, മയക്കുമരുന്ന് ഒരു പ്രധാന വില്ലനായി മാറുന്ന സാഹചര്യം നമ്മുടെ കണ്‍മുന്‍പിലുണ്ട്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മായിക ലോകത്തേക്കുള്ള വാതായനങ്ങള്‍ മലര്‍ക്കെ തുറന്നു കിടക്കുന്നു. ഒരു കാലത്ത് നല്ല സൗഹൃദങ്ങളുടെയും സര്‍ഗ്ഗ വാസനകളുടെയും ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും, എക്കാലവും ഓര്‍ക്കാവുന്ന സൃഷ്ടിപരമായ ദിനങ്ങളായിരുന്നു സ്‌കൂള്‍ പഠന കാലം സമ്മാനിച്ചിരുന്നതെങ്കില്‍ ഇന്ന് കഥയാകെ മാറിക്കൊണ്ടിരിക്കുന്നു. ആകെ രാഷ്ട്രത്തിന് അഭിമാനമാകേണ്ട യുവതലമുറയുടെ ഒരു ഭാഗം ലഹരിയുടെ നീരാളിപ്പിടുത്തം ഏറ്റുവാങ്ങുന്നു. നമ്മുടെ കുട്ടികള്‍, പ്രതീക്ഷയുടെ നാമ്പുകള്‍, ദേശ വിരുദ്ധ, സാമൂഹ്യവിരുദ്ധ ഗ്രൂപ്പുകളിലെത്തപ്പെടുകയും എന്നേക്കുമായി രാഷ്ട്ര വിരുദ്ധ ശക്തികളുടെ ചട്ടുകങ്ങളാവുകയും ചെയ്യുന്നു. ഇന്ന് ബീച്ചുകളിലും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം സര്‍വ്വസാധാരണമായി കിട്ടുന്നവ ആയിരിക്കുന്നു ലഹരിവസ്തുക്കള്‍. ഡീ ജെ പാര്‍ട്ടികളും ക്ലബ് ആഘോഷങ്ങളും ഒക്കെ മദ്യ – മയക്കുമരുന്ന് ഉപയോക്താക്കളുടെ വിഹാരകേന്ദ്രമാകുന്നു. ആധുനിക തൊഴിലിടങ്ങളില്‍ പോലും ലഹരി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ലഹരി ഉപയോക്താക്കളുടെയും, വാഹകരുടെയും ഇടയിലെ ആണ്‍ – പെണ്‍ വ്യത്യാസം നേര്‍ത്തില്ലാതായിരിക്കുന്നു എന്ന ഭീതിദ യാഥാര്‍ത്ഥ്യം കാണാതെ പോകാന്‍ കഴിയില്ല.
ദുഖം, വിഷാദം, മാനസിക സമ്മര്‍ദ്ദം എന്നിവ പലരെയും മദ്യത്തിലും മയക്ക് മരുന്നിലും അഭയം തേടാന്‍ പ്രേരിപ്പിക്കുന്നു. മാനസിക പിരിമുറക്കങ്ങള്‍ അനുഭവിക്കുന്ന കുടുംബാംഗത്തെയോ സുഹൃത്തിനെയോ ആശ്വസിപ്പിക്കാനോ പരിഹാരം കാണാനോ കഴിയാത്ത അവസ്ഥയിലേക്ക് ബന്ധങ്ങള്‍ ചുരുങ്ങിയിരിക്കുന്നു. വിദൂര സ്ഥലങ്ങളിലേക്ക് നന്നേ ചെറുപ്രായത്തില്‍ തന്നെ അധ്യയനത്തിനായി പോകേണ്ടി വരുന്ന സാഹചര്യം ചിലപ്പോഴെങ്കിലും വിപരീത ഫലമുണ്ടാക്കുന്നുണ്ട്. അണുകുടുംബങ്ങളായതോടെ കുട്ടികള്‍ക്ക് അവരുടെ ഇമോഷന്‍സ് പങ്ക് വയ്ക്കാനും പരിഹാരം തേടാനും ഒരു പരിധി വരെ കഴിയാതെ വരുന്നു. അച്ഛനും അമ്മയും ജോലിക്ക് പോകുന്നതോടെ കുട്ടികളുടെ മുകളിലുള്ള അവരുടെ ശ്രദ്ധയും കുറഞ്ഞു വരുന്നു. തോല്‍വികള്‍ മറക്കാനും, മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ചിലര്‍ ലഹരിയെ ആശ്രയിക്കുന്നു. ലഭ്യത വളരെ കൂടുതലായതിനാല്‍ അതിനുള്ള സാധ്യതയും വര്‍ധിക്കുന്നു.
ആസക്തി, അടിമത്തം,ആശ്രിതത്വം
കേവലം സൗഹൃദത്തിനു വേണ്ടിയോ തമാശയായോ ലഹരി ഉപയോഗിച്ച് തുടങ്ങുന്ന വ്യക്തി പിന്നീട് ആസക്തിയിലേക്ക് നീങ്ങുന്നതായി കാണാം. യുവ തലമുറയ്ക്ക് മദ്യത്തിനോടും മയക്കുമരുന്നുകളോടും ഉള്ള ആസക്തി വര്‍ദ്ധിച്ചു വരുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. മദ്യ നിയന്ത്രണം എന്ന് പറയുമ്പോഴും അതിന്റെ വിപണനത്തിലെ സാമ്പത്തിക ലാഭം സര്‍ക്കാരിനെ നികുതി വര്‍ദ്ധിപ്പിക്കുക എന്ന ഒറ്റ കാര്യത്തിലേക്ക് മാത്രം നിയന്ത്രിച്ചു നിര്‍ത്തുന്നു. മയക്ക് മരുന്നുകളുമായി പിടിയിലാകുന്നവരില്‍ പലരും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കുറ്റവിമുക്തരാക്കപ്പെടുന്നു. ഇവ ഉപയോഗിച്ച് തുടങ്ങുന്ന പലരിലും വീണ്ടും ഉപയോഗിക്കാനുള്ള ത്വര കണ്ടുവരുന്നു. ഈ ആസക്തി കുടുംബ – സാമൂഹ്യ ജീവിതങ്ങളെ, വ്യക്തി വികാസത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇവ കരസ്ഥമാക്കാന്‍ ഉള്ള പണം കണ്ടെത്താന്‍ എന്ത് തരം പ്രവൃത്തികളും ചെയ്യാന്‍ സന്നദ്ധനാകും. സമയത്ത് ലഹരി ഉറപ്പാക്കുക മാത്രമാകുന്നു ജീവിത ലക്ഷ്യം. കുടുംബവും സമൂഹവും ഒക്കെ അപ്രസക്തമാകുന്നു. വ്യക്തിഗതവും (genetic) മാനസികവുമായ കാരണങ്ങളും ആസക്തിക്ക് കാരണമാകാം.
അടിമത്തം
ലഹരി മരുന്നുകള്‍ക്ക് അടിമപ്പെട്ട് പോകുന്ന അവസ്ഥ ഇന്ന് സര്‍വ്വസാധാരണമാണ്. ലഹരിയുടെ ദോഷവശങ്ങളെ കുറിച്ച് അറിഞ്ഞിട്ടും അമിതമായ ഉപയോഗം നിമിത്തം മാനസിക – ശാരീരിക ആരോഗ്യത്തെയും, നാഡീ വ്യൂഹത്തെയും ബാധിക്കുന്നത് മൂലം ലഹരിയില്ലതെ ജീവിക്കാന്‍ പറ്റാത്ത നിലയിലേക്കു എത്തിച്ചേരുന്നവരുടെ എണ്ണവും കൂടുതലാണ്. രോഹിപ്‌നോള്‍ തുടങ്ങിയ ചില മരുന്നുകള്‍, പെട്ടെന്ന്, ഉപയോഗിക്കുന്ന ആളിനെ ഉറക്കത്തിലേക്ക് നയിക്കുന്നത് കാരണം ക്ലബ്ബുകളില്‍ ലൈംഗിക ചൂഷണം പോലെയുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. സെക്‌സ് റാക്കറ്റുകള്‍ ലഹരിയുടെ ഉപയോക്താക്കളാണെന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടല്ലോ.
ആശ്രിതത്വം
മദ്യം/മയക്കുമരുന്ന് ഒരളവില്‍ ശരീരത്തില്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ആശ്രിതത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ശരീരത്തില്‍ ഇവയുടെ അളവ് വേണ്ടത്ര ഇല്ലാതെ ആകുമ്പോള്‍ രോഗി മറ്റൊരു മാനസിക ശാരീരിക നിലയിലേക്ക് (withdrawal symptoms) മാറുകയും ചെയ്യും. ലഹരി വസ്തുക്കളുടെ സഹായമില്ലാതെ ശാരീരികവും മാനസികവുമായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കാതെവരും. ഏതവസരത്തിലും ലഹരിയെക്കുറിച്ച് മാത്രം ചിന്തിക്കുന്ന അവസ്ഥയിലേക്ക് വ്യക്തി എത്തുന്നു. പാരമ്പര്യം, ചെറുപ്പത്തിലേ തന്നെയുള്ള ഉപയോഗം എന്നിവ വളരെ വേഗം ഈ അവസ്ഥയിലേക്ക് നയിക്കും. ചില മാനസിക വൈകല്യങ്ങളും, അപരിഹൃതമായ നഷ്ട ബന്ധങ്ങളുടെ വൈകാരികതയും ലഹരി ഉപയോഗത്തിന് കാരണമായേക്കാം.
ദൂഷ്യഫലങ്ങള്‍
മദ്യവും മയക്കുമരുന്നുകളും ശാരീരിക മാനസിക വ്യാപാരങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഒരാളിന്റെ പ്രവര്‍ത്തന ക്ഷമത അയാളറിയാതെ തന്നെ ചോര്‍ന്നു പോകുന്നു. ഉപയോഗിക്കുന്ന വ്യക്തിക്ക് തന്റെ പ്രവര്‍ത്തനക്ഷമത കൂടിയതായി തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ മറിച്ചാണ് സംഭവിക്കുന്നത്. വ്യക്തിയില്‍ അസ്വാഭാവിക സ്വഭാവ വിശേഷങ്ങള്‍ കണ്ട് തുടങ്ങുന്നു.
ലഹരി ഉപയോഗം, ശരി തെറ്റുകള്‍ വിലയിരുത്തുന്നതില്‍ വീഴ്ച, തീരുമാനങ്ങളെടുക്കുന്നതില്‍ അവ്യക്തത, ഓര്‍മ്മ നഷ്ടപ്പെടല്‍, ശ്രദ്ധയും പഠനോത്സുകതയും കുറഞ്ഞു വരല്‍ എന്നിവയ്‌ക്കെല്ലാം കാരണമാകുന്നു.
പഠനത്തില്‍/തൊഴിലില്‍ ഉള്ള താല്പര്യം കുറഞ്ഞു വരികയും ക്രമേണ അതുപേക്ഷിക്കുകയും ചെയ്യുന്ന സഹചര്യം ഉണ്ടാകും. സാമ്പത്തിക നില പരുങ്ങലില്‍ ആകുന്നതോടെ ലഹരി വ്യാപനത്തിന്റെ ഏജന്റ് ആയി തീരുകയും ചെയ്യും. പെട്ടെന്ന് പണമുണ്ടാക്കാന്‍ കഴിയുന്ന ഏര്‍പ്പാടായതിനാല്‍ ധാരാളം വിദ്യാര്‍ഥികളും യുവാക്കളും ഈ തൊഴിലിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. വലിയ പ്രതിഫലം കൊടുത്ത് ഇവരെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നു.
തലച്ചോറിലെ രാസപദാര്‍ഥങ്ങളായ ന്യൂറോ ട്രാന്‍സ്മിറ്റേഴ്‌സിനെ ആണ് മദ്യവും മയക്കുമരുന്നുകളും സ്വാധീനിക്കുന്നത്. ആദ്യമൊക്കെ ഒരു ഉന്മാദവും ഉത്സാഹവും തോന്നുമെങ്കിലും ക്രമേണ ഇത്തരം അനുഭൂതി ഉണ്ടാകാന്‍ വേണ്ടിവരുന്ന ലഹരിയുടെ അളവ് വര്‍ധിപ്പിക്കേണ്ടി വരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഇത് പ്രതികൂലമായി ബാധിക്കുകയും ഉപയോക്താവ് ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് പോവുകയും ചെയ്യും. കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് പോകുന്നു. ഏതെങ്കിലും തരത്തിലുള്ള മാനസിക രോഗമുള്ളവര്‍ക്ക് രോഗം മൂര്‍ച്ഛിക്കുന്നതിനും കാരണമാകാം. ഈ മരുന്നുകളെ ശരീരത്തില്‍ നിന്നും പുറത്ത് കളയേണ്ടുന്ന ജോലി കരളിനാണെന്നതിനാല്‍, ഉയര്‍ന്ന ഡോസിലുള്ള മരുന്നുപയോഗം അതിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. വ്യക്തി ശുചിത്വം ഒരു വിഷയമേ അല്ലാതാവുകയും രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുകയും ചെയ്യും. തൊഴിലില്‍ കാര്യക്ഷമത കുറയാനും തൊഴില്‍ നഷ്ടപ്പെടാനും ഇടയാകുന്നു.
ലഹരി ഉപയോഗം, വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ ഒരു പ്രധാന കാരണമാണ്. പൊതു ഇടങ്ങളില്‍ പോലും അസഭ്യമായ പെരുമാറ്റം കൊണ്ട് ലഹരിക്ക് അടിമകളായുള്ളവര്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പേടി സ്വപ്‌നങ്ങളാകുന്നു. എച്ച്.ഐ.വി/എയിഡ്‌സ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ മാരക രോഗങ്ങള്‍ മയക്ക് മരുന്ന് ഉപയോക്താക്കളുടെ ഇടയില്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്. അമിതമായ ദീര്‍ഘ കാലത്തെ മദ്യ ഉപഭോഗം സിറോസിസ് ലിവര്‍, ലിവര്‍ ഫെയ്‌ലര്‍ എന്നീ മാരക അവസ്ഥകളിലേക്ക് നയിക്കുന്നു.
പരിഹാരം
ലഹരി മുക്ത കുടുംബം, ലഹരിമുക്ത ഗ്രാമം, ലഹരി മുക്ത രാഷ്ട്രം എന്ന ഭാവന എല്ലാവരിലും എത്തിക്കുക, ലഹരിക്കടിമപ്പെട്ടു പോകുന്നവരുടെ ചികിത്സയും പുനരധിവാസവും സമൂഹത്തിന്റെ/ സര്‍ക്കാരിന്റെ പ്രഥമ പരിഗണനാ വിഷയമായി കാണുക, ലഹരിക്ക് അടിമപ്പെട്ടു പോകുന്നവരെ വെറുക്കുന്നതിന് പകരം അവരെ അതിലേക്ക് നയിച്ച സാഹചര്യത്തെ കണ്ടെത്തുകയും തിരുത്തുകയും ചെയ്യുക എന്നിവയാണ് പരിഹാരമാര്‍ഗ്ഗങ്ങള്‍.
വിദ്യാഭാസ പദ്ധതിയില്‍ ദേശസ്‌നേഹം, സാമൂഹ്യ സമരസത, പാരമ്പര്യം, സേവന തല്‍പരത തുടങ്ങിയ മൂല്യങ്ങള്‍ പഠിപ്പിക്കുക, ലഹരി നിര്‍മ്മാണം, വിതരണം, ഉപഭോഗം എന്നിവ രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നിവയും ചെയ്യണം. രാഷ്ട്രീയത്തിന്റെ പേരില്‍ ദേശീയതയെ എതിര്‍ക്കുന്നവര്‍ രാഷ്ട്ര വിരുദ്ധ ശക്തികളുടെ ചട്ടുകങ്ങളാണ്. കുട്ടികളോട് സംസാരിക്കാനും, അവരെ സ്‌നേഹിക്കാനും അവരുടെ ആവശ്യങ്ങള്‍ അറിയാനും നിറവേറ്റാനും സമയം കണ്ടെണം. വീട്ടിലെ ബുദ്ധിമുട്ടുകളും പ്രാരാബ്ധങ്ങളും കുട്ടികള്‍ കൂടി അറിയണം. അവര്‍ക്കിഷ്ടമില്ലാത്ത കോഴ്‌സുകള്‍ക്ക് അവരെ നിര്‍ബന്ധിച്ച് അയക്കാതിരിക്കണം. അവരെ അംഗീകരിക്കുകയും അവരുടെ നേട്ടങ്ങളില്‍ പ്രോത്സാഹിപ്പിക്കുകയും വേണം. അവരില്‍ മാനസിക ധൈര്യവും ആത്മാഭിമാനവും ഉണ്ടാക്കണം.
മദ്യത്തിന്റെയും മറ്റു ലഹരി പദാര്‍ത്ഥങ്ങളുടെയും ദോഷ വശങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. മയക്ക് മരുന്ന് നിര്‍മാതാക്കളും വിതരണക്കാരും മാതൃകാപരമായി ശിക്ഷിക്കപ്പടണം. ലഹരി വ്യക്തിയുടെയും കുടുബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ശത്രുവാണ്. അതിനെതിരെ ഒന്നിച്ചൊന്നായി പോരാടാം.