ആദിത്യചന്ദ്രനും നക്ഷത്രവ്യൂഹവും
ആദിതൊട്ടിന്നോളമൊന്നുപോലെ
ഭൂമിയില്‍ നാം വന്നനാള്‍ മുതല്‍ക്കാണുന്നൊ-
രാമയ്ക്കുമാനയ്ക്കും മാറ്റമില്ല.
പുലിയും കരടിയും ചെന്നായും പൂച്ചയും
എലിയും പഴേപടി തന്നെയല്ലോ…
കുയിലിനും മയിലിനും മാടത്തപ്രാവിനും
കരിയിലക്കിളികള്‍ക്കും മാറ്റമില്ല.
കാക്കച്ചികൗശലക്കാരിയാണെങ്കിലും
നോക്കും പറക്കലും പണ്ടേപോലെ….
പച്ചിലചാര്‍ത്തുകള്‍ ചൂഴും തൊടിയിലെ
പിച്ചകപൂച്ചെടിക്കന്നുമിന്നും
ഒറ്റനിറം, ഒരേ പൂമണം, മണ്ണിന്റെ
ഉറ്റവളായി വളര്‍ന്നിടുന്നു!
തെങ്ങും കവുങ്ങും തേന്മാവും പിലാവുമു-
ണ്ടെങ്ങുമൊരേപടി നിന്നിടുന്നു.
കായ്ഫലം നല്‍കുന്ന നിഷ്‌ക്കാമകര്‍മ്മത്തില്‍
വ്യാപൃതരായിക്കഴിഞ്ഞിടുന്നു….
എല്ലാമനുഷ്യര്‍ക്കും ജീവിവര്‍ഗ്ഗങ്ങള്‍ക്കും
ഉല്ലാസമോടേ കഴിഞ്ഞുകൂടാന്‍
എന്നോ ചമച്ചൊരീ വിശ്വപ്രകൃതിക്കു
മിന്നോളമില്ലൊരു ചഞ്ചലത്വം!
പണ്ടുപണ്ടോര്‍മ്മകള്‍ക്കപ്പുറത്തുള്ളൊരു
വിണ്ടലംതന്നെയാണിന്നും കാണ്മൂ
കാറ്റും മഴയും കടലും മലകളും
ആറ്റുതീരത്തുള്ള കുഞ്ഞലയും
ചിങ്ങനിലാവും വെയിലും ധനുമാസ-
മഞ്ഞും മരതകപ്പച്ചകളും
എന്നുമീ നാടിന്റെ സ്വപ്നസ്വര്‍ഗ്ഗങ്ങളില്‍
തങ്കനീരാളം വിരിച്ചുനില്പൂ….
എല്ലാമിതേമട്ടിലെന്നെന്നും കാണുവാന്‍
എല്ലാര്‍ക്കും മോഹങ്ങളുണ്ടു, പക്ഷേ
എത്ര മാറിപ്പോയി നമ്മള്‍, മനുഷ്യര്‍തന്‍
ചിത്തവും ബുദ്ധിയും വൃത്തികളും!
ചിന്തയില്‍ വാക്കിലും കര്‍മ്മത്തിലും നമു-
ക്കെന്തൊരു മാറ്റമീ വിസ്മയത്തെ
കണ്ടറിഞ്ഞീടുവാനാവാതെ ജീവിതം
കൊണ്ടാടുവാനുള്ള തത്രപ്പാടില്‍
എത്രനാളീനല്ല മണ്ണിന്‍ മനസ്സിന്റെ
ശുദ്ധിയും ശക്തിയും ചോര്‍ത്തി നമ്മള്‍
ഇത്തിരുമുറ്റത്തു കാണുമെന്നുള്ളൊരു
സത്യത്തെയാരുണ്ടറിഞ്ഞിടുന്നു?
നിത്യനിരാമയസൃഷ്ടിസ്വരൂപന്റെ
സ്വത്വത്തിലെല്ലാമലിഞ്ഞിടുന്നു…..?