ഗുജറാത്ത് കലാപകാലത്ത് മോദിയെ പേടിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കലാപ ബാധിതരെ കാണാതെ മുങ്ങിക്കളഞ്ഞു എന്നാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറയുന്നത്. വെറുതെ തട്ടിവിടുന്നതല്ല. ടീസ്റ്റ സെത്തല്‍വാദ് സാക്ഷിയുണ്ട്. ഗുജറാത്ത് – തീവ്ര സാക്ഷ്യങ്ങള്‍ എന്ന പുസ്തകം ഉദ്ധരിച്ചുകൊണ്ടാണ് സതീശന്‍ യച്ചൂരിക്കെതിരെ അമ്പുതൊടുത്തത്. സഖാവിന് മോദിയെ പേടിയാണെന്നു പറഞ്ഞാല്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റുകാര്‍ ചമ്മിപ്പോകില്ലേ?
പുസ്തകം വായിച്ചു നോക്കിയാലാണ് യച്ചൂരി മുങ്ങിക്കളയാനുള്ള കാരണം മനസ്സിലാവുക. ഗുജറാത്ത് കത്തുമ്പോള്‍ കണ്ടമാനം വാഴ വെട്ടിയ ആളാണ് ടീസ്റ്റ. കലാപം ആളിക്കത്തി നിലനിന്നാലല്ലേ കൂടുതല്‍ വാഴവെട്ടാനാകൂ. ആ ലക്ഷ്യത്തോടെ തനിക്ക് പരിചയമുള്ള എം.പിമാരായ ശബാന അസ്മിയേയും രാജ് ബബാറിനെയും അമര്‍ സിംഗിനേയും കൂട്ടത്തില്‍ യച്ചൂരിയേയും അഹമ്മദാബാദിലേക്ക് ക്ഷണിച്ചു. ടീസ്റ്റയുടെ കളി മനസ്സിലാക്കിയിട്ടാവാം യച്ചൂരി ആദ്യമേ മടിച്ചു. ബോംബെയിലിരുന്ന് അഹമ്മദാബാദിലെ സര്‍ക്യൂട്ട് ഹൗസ് ടീസ്റ്റ ബുക്കു ചെയ്തു. അവരെ നിര്‍ബ്ബന്ധിച്ചു സ്ഥലത്തെത്തിച്ചപ്പോള്‍ കലാപ സ്ഥലങ്ങളില്‍ ഇവരെയും കൂട്ടി പോയി മുസ്ലിങ്ങളെ ഇളക്കിവിടുന്നതിനായി ശ്രമം. കലാപത്തീ ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താനാണ് ഉദ്ദേശ്യം എന്നു തിരിച്ചറിഞ്ഞ എം.പിമാര്‍ പുറത്തിറങ്ങാന്‍ കഴിയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു. കലാപബാധിതരെ ഇങ്ങോട്ടെത്തിക്കാമെന്നു പറഞ്ഞ ടീസ്റ്റയുടെ മുമ്പില്‍നിന്നു രക്ഷപ്പെടാന്‍ അവര്‍ തല കുലുക്കി. എന്നാല്‍ പിറ്റേന്ന് ഒമ്പതു മണിക്ക് കലാപ ബാധിതരെ കാണേണ്ട സമയത്തിന് ഒരു മണിക്കൂര്‍ മുമ്പുള്ള വിമാനത്തില്‍ യച്ചൂരിയും സംഘവും ഡല്‍ഹിക്കു പറന്നു. അപ്പോള്‍ യച്ചൂരി പേടിച്ചത് ആരെയാണ് – മോദിയേയോ, ടീസ്റ്റയേയോ?
Comments