വിജ്ഞാനപ്രദമായ ഒരു സംഭവം കേന ഉപനിഷത്തിലുമുണ്ട്. ആസുരികശക്തികളോട് വിജയിച്ച ഇന്ദ്രനും അഗ്നിയും വായുവും അഹങ്കാരം കൊണ്ട് പ്രമത്തരായിത്തീര്‍ന്നു. അവരെ ശരിയായ പാഠം പഠിപ്പിക്കാന്‍ മഹാശരീരനായ യക്ഷന്‍ അവരുടെ മുമ്പിലെത്തി. അദ്ദേഹം അഗ്നിയേയും വായുവിനേയും പരീക്ഷിച്ചു. രണ്ടുപേരും തീര്‍ത്തും പരാജയപ്പെട്ടു. യക്ഷന്‍ അഗ്നിയുടെ മുമ്പില്‍ വെച്ച പുല്‍ക്കൊടി കത്തിച്ചുകളയുവാന്‍ അഗ്നിക്കായില്ല. അതുപോലെ അതിനെ പറത്തിക്കളയുവാന്‍ വായുവിനുമായില്ല. രണ്ടുപേരുടേയും നിസ്സഹായവസ്ഥ കണ്ട് കോപാകുലനായ ദേവേന്ദ്രന്‍ അവിടെയത്തിയപ്പോള്‍, അപ്രത്യക്ഷനായ യക്ഷന്റെ സ്ഥാനത്ത് സര്‍വാംഗ വിഭൂഷിതയായ ഒരു സ്ത്രീരൂപമാണ് അദ്ദേഹം കണ്ടത്. ദേവേന്ദ്രന്റെ അഭ്യര്‍ത്ഥനയനുസരിച്ച് അവര്‍ പറഞ്ഞു: ”ഞാന്‍ ഉമാഹൈമവതിയാണ്. നിങ്ങളുടെ തുലോം പരിമിതമായ ശക്തി ബ്രഹ്മശക്തിയുടെ ആയിരത്തിലൊരംശം പോലും വരില്ല’. ഇപ്രകാരം മൂന്ന് ദേവന്മാരുടെയും അഹങ്കാരം ശമിച്ചു. മഹത്വമാര്‍ന്ന ആദ്ധ്യാത്മിക പ്രബോധനം കൂടാതെ ഈശ്വരീയ ശക്തി സ്ത്രീരൂപത്തിലും അവതരിക്കാം എന്ന വസ്തുത വെളിപ്പെടുന്നതു കൂടിയാണ് ഈ സംഭവം.6
ഇത്തരം വളരെയേറെ ഉദാഹരണങ്ങള്‍ നമുക്ക് വൈദിക സംഹിതാ സാഹിത്യത്തില്‍ കാണാം. ഇതില്‍ നിന്ന് വ്യക്തമാകുന്ന കാര്യങ്ങള്‍ ഇപ്രകാരമാണ്: ആ കാലഘട്ടത്തില്‍ നമ്മുടെ ദേശീയ സമാജത്തിന്റെ ഏറ്റവും താഴത്തെ ഏകകം കുടുംബമായിരുന്നു. വൈയ്യക്തിക മനുഷ്യന്റെതുമായ വൈശ്വിക നരന്റെ അടുത്തേക്കുള്ള നീണ്ടതും ഉയരത്തിലേക്കുള്ളതുമായ പര്‍വ്വതയാത്രയുടെ ആദ്യത്തെ പടി കുടുംബമായിരുന്നു. അതില്‍ ഭാരതീയ മനുഷ്യന്‍ സ്ത്രീ-പുരുഷ ഭേദം കാണിച്ചില്ല. രണ്ടും ഒരു ഏകകത്തിന്റെ രണ്ടു ഭാഗങ്ങളായിരുന്നു. അതിനെ രഥത്തിന്റെ രണ്ടു ചക്രങ്ങളോടാണ് ഉപമിച്ചത്.
ആ കാലത്ത് ബാലവിവാഹം ഉണ്ടായിരുന്നില്ല. വിവാഹകാര്യത്തില്‍ പിതാവ് മകളുടെ അഭിപ്രായവും ആരാഞ്ഞിരുന്നു. ചിലപ്പോഴെല്ലാം പിതാവിന് മകളുടെ ആഗ്രഹത്തിനനുസരിച്ച് നീങ്ങേണ്ടിയും വന്നിരുന്നു. ഉദാഹരണത്തിന് സൂര്യന് മകളായ സൂര്യായുടെ വിവാഹം അവളുടെ ഇംഗിതമനുസരിച്ച് നടത്തേണ്ടതായി വന്നു. എന്നാല്‍, വിവാഹത്തിന്റെ ആധാരശില കുടുംബത്തിന്റെ ദൃഢതയും ഭദ്രതയുമായിരുന്നു എന്നതാണ് പ്രധാനകാര്യം. അതുകൊണ്ട് വൈദിക വിവാഹങ്ങളിലെല്ലാം ‘സപ്ത പദീ’ കര്‍മ്മം നിര്‍ബന്ധമായിരുന്നു. അഗ്നിഭഗവാനെ സാക്ഷിയായി വധു വെക്കുന്ന ഏഴ് ചുവടുകളില്‍ ആദ്യത്തേത് അന്നം, രണ്ടാമത്തേത് ശക്തി. മൂന്നാമത്തേത് വ്രത-വിധാനം, നാലാമത്തേത് മൈത്രി, അഞ്ചാമത്തേത് ഗോസമ്പത്ത്, ആറാമത്തേത് ധനസമ്പത്ത്, ഏഴാമത്തേത് പൂര്‍വികന്മാരുടെ അനുഗ്രഹാശിസ്സുകള്‍ സദാ ഉണ്ടാവുക എന്നിവയെയാണ് പ്രതിനിധാനം ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, നവവിവാഹിതയായ കന്യക കുടുംബിനി അഥവാ ഗൃഹലക്ഷ്മിയായിത്തീരുന്നു. ഇതേ രീതിയില്‍ മുന്നോട്ടുപോയി പത്‌നിയെ സംബന്ധിക്കുന്ന മറ്റ് പദങ്ങളും ഉണ്ടായി.
നമുക്ക് പത്‌നിയില്‍ നിന്നുതന്നെ തുടങ്ങാം. എല്ലാദിവസവും യജ്ഞകര്‍മ്മങ്ങളില്‍ കൂടെ നിന്ന് സഹായിക്കുന്നവളാണ് ‘പത്‌നി’7 ഭര്‍ത്താവിനേയോ തന്നെയോ അടുത്ത തലമുറയില്‍ ജന്മം നല്‍കി വംശപരമ്പര അക്ഷുണ്ണമായി നിലനിര്‍ത്തുന്നവള്‍ ‘ജായാ’8 വിവാഹത്തില്‍ കന്യാദാനം, പാണിഗ്രഹണം എന്നിവക്കുശേഷം ലാജാഹോമ (മലര്‍ ഉപയോഗിച്ചു നടത്തുന്ന ഹോമം) ത്തിന്റെ അവസരത്തില്‍ ആദ്യമായി ‘നാരീ’ എന്ന വാക്ക് പ്രയോഗിക്കുന്നു. അതിന്റെ അര്‍ത്ഥം പുരുഷനോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് കുടുംബം നടത്തുക, യജ്ഞം ചെയ്യുക, ദാനം ചെയ്യുക, അതിഥി, സന്ന്യാസിമാര്‍, ഭിക്ഷുക്കള്‍ മുതലായവര്‍ക്ക് സുഭിക്ഷ നല്‍കുക – ചുരുക്കിപറഞ്ഞാല്‍ ഗുഹസ്ഥാശ്രമധര്‍മ്മം പാലിക്കാന്‍ ബാധ്യസ്ഥയായിരുന്നു. ‘ഭാര്യ’യുടെ അര്‍ഥം വീടിന്റെ ഭരണ-പോഷണം നിര്‍വ്വഹിക്കുമ്പോള്‍ എന്നാണ്. ഭര്‍ത്താവിന്റെ നിയന്ത്രണത്തില്‍ കഴിയുന്നവര്‍ എന്ന് പലരും ഇതിന് തെറ്റായ അര്‍ത്ഥം കല്‍പിക്കാറുണ്ട്. ഏതായാലും ‘ഭാര്യ ഉള്ളയിടം മാത്രമാണ് വീട്, ഭാര്യയോടൊപ്പം താമസിക്കുമ്പോഴാണ് ഗൃഹസ്ഥനെ ഗൃഹീ എന്ന് വിശേഷിപ്പിക്കാറ്’ എന്ന് പരാശരസ്മൃതി വ്യക്തമാക്കുന്നുണ്ട്.9 ഗര്‍ഭം ധരിക്കുന്നതാരോ അവളാണ് ‘സ്ത്രീ’10 ‘ദാരാ:’ എന്ന വാക്ക് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ആ വാക്കില്‍ ഒരു വൈരുദ്ധ്യം കാണാം. വാക്കിന്റെ അര്‍ത്ഥം പത്‌നി എന്നാണ്. അതേ സമയം വ്യാകരണത്തിന്റെ ദൃഷ്ടിയില്‍ അത് എപ്പോഴും പുല്ലിംഗമാണ്. മാത്രമല്ല, നിത്യബഹുവചനം കൂടിയാണ്. ആ വാക്കിന്റെ വ്യുത്പത്തിക്ക് പിന്നില്‍ വ്യാകരണമല്ല, മറിച്ച് വ്യാവഹാരികമായ തത്വമാണുള്ളത്. മാനവ സമൂഹത്തിന്റെ സര്‍വപ്രഥമമായ സംഘടിത ഏകകമായ ഗൃഹത്തിന്റെ പ്രവേശനദ്വരം ശാശ്വതമായി പരിപാലിക്കുന്ന ദ്വാരപാലിക ആരാണോ അവര്‍ ‘ദാര:’ (മറാഠി ഭാഷയില്‍ ദ്വാരം ദാര്‍ എന്നാണ് അറിയപ്പെടുന്നതെന്ന കാര്യം ഓര്‍ക്കേണ്ടതാണ്). പ്രാചീന കാലത്ത് എല്ലാ ക്ഷേത്രങ്ങള്‍ക്കും ഈരണ്ട് ദ്വാരപാലകന്മാര്‍ ഉണ്ടായിരുന്നതുപോലെ ഗൃഹമാകുന്ന മന്ദിരത്തിന്റെ നാലുപുറവും പാലിക്കുന്നവളായ ചുമതലാബോധമുള്ള ബഹുമുഖങ്ങളായ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്ന ഭാര്യ തല്‍ഫലമായി ‘ദാരാ:’ എന്നറിയപ്പെട്ടു. ഇതില്‍ നിന്നും സ്ത്രീകളെ സംബന്ധിക്കുന്ന വൈദികമായ കാഴ്ചപ്പാട് വിഷയ സുഖത്തിലല്ല, മറിച്ച് ഗാര്‍ഹികമായ ഉത്തരവാദിത്തത്തില്‍ അധിഷ്ഠിതമാണ്.
നമ്മുടെ പൂര്‍വ്വികന്മാര്‍ സന്താനോല്പാദനത്തിന്റെ കാര്യം വിലകുറഞ്ഞതായി കണ്ടു എന്നല്ല ഇതിന്നര്‍ത്ഥം. മേല്‍പ്പറഞ്ഞ ജായാ എന്ന വാക്കില്‍ നിന്ന് ഗര്‍ഭധാരണ ക്ഷമതയില്ലാത്ത സ്ത്രീ ജായയായി പരിഗണിക്കപ്പെട്ടിരുന്നില്ലെന്ന് വ്യക്തമാണ്. അതുകൊണ്ട് സന്തതിയുടെ ദൃഷ്ടിയില്‍ മറ്റൊരു വിവാഹം അംഗീകരിക്കപ്പെട്ടിരുന്നു. വിധവാവിവാഹവും അനുവദനീയമായിരുന്നു. വിധവയെ വിവാഹം ചെയ്യുന്ന വ്യക്തി ‘ദിധിഷു’ എന്നാണ് അറിയപ്പെട്ടത് എങ്കില്‍ സ്ത്രീ പുനര്‍വിവാഹിതയായ സ്ത്രീ ‘പരപൂര്‍വ്വ’ എന്നും അവര്‍ക്കുണ്ടാകുന്ന മകന്‍ ‘പൗനാര്‍ഭവ’ എന്നുമാണ് വിളിക്കപ്പെട്ടത്. പൊതുവായി സമാജത്തില്‍ ഏക പത്‌നിത്വം നിലനിന്നിരുന്നു. അതായത്, വിവാഹസംബന്ധമായ കാര്യങ്ങള്‍ ഇപ്പോഴത്തെപ്പോലെ കര്‍ക്കശമായിരുന്നില്ല. എങ്കിലും ധാര്‍മ്മികമൂല്യങ്ങളിലുള്ള വിശ്വാസം അചഞ്ചലമായിരുന്നു.
ഉത്തരാധികാരിയുടെ ദൃഷ്ടിയില്‍ പുത്രലാഭം കൂടുതല്‍ അഭിലഷണീയമായി കരുതിയിരുന്നുവെങ്കിലും സ്ത്രീ സന്തതി ഗര്‍ഹണിയയായിരുന്നില്ല. സ്ത്രീ സന്താനത്തിനും വിദ്യാഭ്യാസം നേടാമായിരുന്നു. അവള്‍ക്കും യജ്ഞോപവീത ധാരണത്തിനുള്ള അധികാരമുണ്ടായിരുന്നു. വേദം പഠിച്ച പെണ്‍കുട്ടികള്‍ രണ്ടുതരത്തിലുണ്ടായിരുന്നു. സദ്യോദ്വാഹായും ബ്രഹ്മവാദിനിയും. വേദാദ്ധ്യയനം പൂര്‍ത്തിയാകുന്നതുവരെ അവിവാഹിതയായി ഇരുന്നുകൊണ്ട് വിദ്യാഭ്യാസം പൂര്‍ത്തിയാകുന്ന പെണ്‍കുട്ടി. ‘സദ്യോദ്വാഹ’ – സമര്‍പ്പിത വിദ്യാര്‍ത്ഥിനി എന്ന് അറിയപ്പെട്ടിരുന്നു. വിദ്യാഭ്യാസ പൂര്‍ത്തിക്കുശേഷവും ജീവനപ്രതിയായി ഇരുന്നുകൊണ്ട് ഏകനിഷ്ഠയോടെ ജീവിക്കുന്നവള്‍ ബ്രഹ്മവാദിനിയായി അറിയപ്പെട്ടു. സന്ന്യാസിയെപ്പോലവെ സന്ന്യാസിനി – പില്‍ക്കാലത്ത് ഈ സന്ന്യാസിനി പരമ്പരയെ മുന്നോട്ടുകൊണ്ടുപോയത് ഭഗവാന്‍ ബുദ്ധനായിരുന്നു. പത്‌നി എന്ന വാക്കിന്റെ അര്‍ത്ഥവും മഹത്വവും വിവരിക്കുമ്പോള്‍ യജ്ഞകാര്യങ്ങളിലെ പത്‌നി യുടെ പങ്കാളിത്തത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അതിനെക്കുറിച്ച് ഇവിടെ അല്പം വിശദീകരിക്കുന്നതു നന്നായിരിക്കും.
വൈദിക സംഹിതയുടെ കാലഘട്ടത്തില്‍ സ്ത്രീക്ക് തനിച്ച് യജ്ഞം ചെയ്യാനും അധികാരമുണ്ടായിരുന്നു. അതിനെ സംബന്ധിച്ച പരാമര്‍ശവും നമുക്ക് കാണാവുന്നതാണ്. പല വേദമന്ത്രങ്ങളില്‍ നിന്ന് സ്ത്രീക്ക് യജ്ഞത്തില്‍ പങ്കെടുക്കാനും മറ്റുള്ളവരെക്കൊണ്ട് യജ്ഞം ചെയ്യിക്കാനും പൂര്‍ണ അധികാരമുണ്ടായിരുന്നതായി കാണാനാവും. സ്ത്രീയ്ക്കായി സംഹിതകളില്‍ ‘ശുദ്ധാ:, പൂതാ:, യജ്ഞിയാ”11 എന്നിങ്ങനെ സ്ത്രീലംഗ ബഹുവചന വിശേഷണങ്ങള്‍ നല്‍കിയിട്ടുണ്ട്. അഥര്‍വന്‍ പറയുന്നു: പൂജ്യകളും സംശുദ്ധരും പവിത്രകളുമായ ഈ സ്ത്രീകളെ ഞാന്‍ വേറെ വേറെയായി ജ്ഞാനികളുടെ കരങ്ങളില്‍ ഏല്‍പിക്കുന്നു. ഞാന്‍ എന്തൊരാഗ്രഹത്തോടെയാണോ ഈ യജ്ഞം ചെയ്യുന്നത് ആ ആഗ്രഹം സഫലമാകട്ടെ;” ഇതിന് പുറമെ ഭര്‍ത്താവും ഭാര്യയും ഒരുമിച്ച് നടത്തുന്ന അനുഷ്ഠാനങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്. പരാശര മഹര്‍ഷി പറയുന്നു: ”അല്ലയോ അഗ്നേ, അങ്ങയെ നല്ലപോലെ അറിയുന്ന യാഗം ചെയ്യുന്നവര്‍ പത്‌നീസമേതരായി അടുത്തുവന്ന് പൂജാര്‍ഹനായ അവിടുത്തെ മുമ്പില്‍ മുട്ടുമടക്കി ഇരുന്ന് പൂജ ചെയ്തു.12 ഇതുപോലെ, വ്രതനിഷ്ഠയായ ഏകയായ കന്യകയുടെ വ്രതാനുഷ്ഠാനത്തിന്റെ ദൃശ്യവും കാണാം. ആത്രേയീ അപാലായുടെ വര്‍ണന ഇപ്രകാരമാണ്: ‘കുളിക്കാന്‍ നദിയിലേക്ക് പോയ കന്യകക്ക് വഴിക്കുവെച്ച് സോമലത ലഭിച്ചു. അത് വീട്ടില്‍ കൊണ്ടുവരുമ്പോള്‍ അവള്‍ പറഞ്ഞു: ‘ഞാന്‍ നിന്നെ ഇന്ദ്രനുവേണ്ടി പിഴിഞ്ഞെടുക്കും; അതെ, ഇന്ദ്രനുവേണ്ടി പിഴിഞ്ഞെടുക്കും.’13
ബ്രഹ്മചര്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ മൂന്ന് ആശ്രമങ്ങളുടെയും ആധാരം ഗൃഹസ്ഥാശ്രമം ആണെന്നതാണ് ഭാരതീയ സാമൂഹ്യ ഘടനയുടെ അടിസ്ഥാന സിദ്ധാന്തം. ഈ ആശ്രമവ്യവസ്ഥയുടെ കേന്ദ്രമാണ് വീട്. അതിന്റെ ചുമതല വഹിക്കുന്നത് ഗൃഹസ്ഥയാണ്. അതുകൊണ്ട് ”ഗൃഹണീ ഗൃഹമുച്യതേ” – വിടെന്നാല്‍ വീട്ടുകാരി എന്ന് പറയുന്നു. ഈ ചുമതലയുടെ ഭാരം വിജയപൂര്‍വ്വം നിര്‍വ്വഹിക്കുന്നവന്‍ ‘ദാരാ’ എന്നറിയപ്പെടുന്നു എന്ന് നേരത്തെ തന്നെ പറഞ്ഞുവല്ലൊ. ഈ രീതിയില്‍, വീട്ടിലെ പെരുമാറ്റത്തിലൂടെ നല്‍കപ്പെടുന്ന പ്രശിക്ഷണത്തിന്റെ മുഖ്യ നടത്തിപ്പുകാരി വീട്ടമ്മയാണ്. അതുകൊണ്ട് പാശ്ചാത്യ ദേശങ്ങളില്‍ ഉപയോഗിക്കുന്ന ഹൗസ് വൈഫ് എന്ന വാക്കിന്റെ സ്ഥാനത്ത് ഭാരതത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ‘ഗൃഹമാതാ’ ‘ഗൃഹലക്ഷ്മി’ എന്നിവയാണ്.
നവാഗതയായ പുത്രഭാര്യക്കും വ്യാവഹാരിത ജീവിതത്തിലൂടെയാണ് ഈ പ്രശിക്ഷണം നല്‍കുന്നത്. വാസ്തവത്തില്‍ അത് പിതൃഗൃഹത്തില്‍ നിന്നു തന്നെ ആരംഭിക്കുന്നു. പശുക്കളെ വളര്‍ത്തല്‍ സാമാജിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന കാലത്ത്, പശുക്കളെ കറക്കുന്നതും അനിവാര്യമായ കര്‍ത്തവ്യമായിരുന്നു. ആ കാര്യം നിര്‍വഹിക്കേണ്ടിയിരുന്നത് വീട്ടിലെ പെണ്‍കുട്ടി ആയിരുന്നു എന്നതിനാല്‍ അവള്‍ ദുഹിതാദോഹനം ചെയ്യുന്നവള്‍ എന്ന് അറിയപ്പെട്ടിരുന്നു. വീട്ടിലെ ആവശ്യമനുസരിച്ച് പാലുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ശ്രദ്ധിക്കേണ്ടതും നിറവേറ്റേണ്ടതും ദുഹിതായുടെ കര്‍ത്തവ്യമായിരുന്നു. ഇടയ്‌ക്കെല്ലാം വ്രതങ്ങള്‍ നടത്തുന്ന സമയത്ത് അതിനാവശ്യമായ പഞ്ചഗവ്യം തയ്യാറാക്കുന്ന ജോലിയും അവളുടേതായിരുന്നു. അതിഥി സല്‍ക്കാരത്തിന്റെ കാര്യവും അതിന്റെ ഭാഗമായിരുന്നു. ഇത്തരത്തിലുള്ള പരിശീലനങ്ങള്‍ ലഭിച്ച ശേഷം മാത്രമാണ് മകളുടെ വിവാഹം നടത്തിയിരുന്നത്. അതായത്, അവള്‍ വധൂ ആയിത്തീരുമായിരുന്നു. വധൂ എന്നതിന്റെ അര്‍ത്ഥം ശ്വശൂരന്റെ വീടിന്റെ ഭാരം ചുമക്കുന്നവള്‍ എന്നാണ്. അതുകൊണ്ടാണ് ‘വഹതി ശ്വശൂരഗൃഹഭാരം യാ സാ വധൂ’ എന്നു പറയുന്നത്. അതിന്റെ പ്രാരംഭം കുറിക്കുന്നത് പിതാവിന്റെ വീട്ടില്‍ നിന്നാണെന്നതുകൊണ്ട് ‘ഉഹ്യതേ പിതൃഗേഹാത് പതിഗൃഹം വധൂ:’ എന്ന വ്യാഖ്യാനമാണ് അതിന് നല്‍കിയിരിക്കുന്നത്. അപ്രകാരം വിവാഹത്തിന്റെ മംഗളവേളയില്‍ അവളെ അല്ലയോ വധൂ, നീ നിന്റെ ശ്വശുരന്‍, ശ്വശ്രു, ഭര്‍ത്തൃസഹോദരിമാര്‍, ഭര്‍ത്തൃസഹോദരന്മാര്‍ എന്നിവരുടെ ചക്രവര്‍ത്തിനിയായിത്തീര്‍ന്ന് എല്ലാവരേയും മഹാറാണിയെപ്പോലെ പരിപാലിക്കണം14 എന്ന് അനുഗ്രഹിക്കുമായിരുന്നു. ഇപ്രകാരം സുസംസ്‌കൃതരും പരിശീലനം നേടിയവരും ഉത്തരവാദിത്ത ബോധമുള്ളവരുമായ സ്ത്രീകളെ ആശ്രയിച്ചാണ് വിശ്വവിഖ്യാതമായ ഹിന്ദുകൂട്ടുകുടുംബം അഭംഗുരമായി സമാധാനത്തോടെ പുലര്‍ന്നു പോന്നത്.
(തുടരും)
6. ”സാ ബ്രഹ്മോതി ഹോവാച, ബ്രഹ്മണോ ഏതദ്വിജയേ മഹീയധ്വമിതി, തതോ ഹൈവ വിദാംചകാര ബ്രഹ്മേതി” (കേനോപനിഷത്ത് 4-1)
7. പത്യുര്‍നോജ്ഞസംയോഗേ – വേദവിധാനേനോഢാ, അന്യത്രോപചാരാത് പത്യാ ഉദ്വാഹവിഹിത മന്ത്രാദിനാ ഉഢാ ഇതി ഭരതഃ (ശബ്ദകല്പദ്രുമം)
8. ജായാ – തജ്ജായ ജായാഭവതി യദസ്യാം ജായതേ പുനഃ (ഐതരേയ ബ്രാഹ്മണം)
9. യത്ര ഭാര്യാഗൃഹം തത്ര ഭാര്യാധീനോ ഗൃഹേ വസേത് ന ഗൃഹേണ ഗൃഹസ്ഥ: സ്യാത് ഭാര്യായാ കഥ്‌യതേ ഗൃഹീ (പരാശര സ്മൃതി)
10. സത്യായാതി ഗര്‍ഭോ യസ്യാമിതി (ശബ്ദ വ്യുത്പത്തി)
11. ശുദ്ധാ: പൂതാ യോഷിതോ യജ്ഞിയാ ഇമാ ബ്രഹ്മണാ ഹസ്‌തേഷു പ്രപൃഥക സാദയാമി!
യത്കാമ ഇദമഭിഷിഞ്ചാമി വോഹമിന്ദ്രോ മരുത്വാന്തസദദാതു തന്‍മേ!! (അഥര്‍വം 6-122-5).
12. സംജാനാനാ ഉപ സീദന്നഭിക്ഷു പത്‌നീവന്തോ നമസ്യം നമസ്യാന്‍ (ഋഗ്വേദം 1-72-5)
13. കന്യാ വാരവായതി സോമമപി സ്തുതാവിദത് അസ്തം ഭരന്ത്യവീദിന്ദ്രായ സൂനവൈ ത്വാ ശക്രായ സൂനവൈത്വാ (ഋഗ്വേദം 8-91-1).
14. സാമ്രാജ്ഞീ ശ്വശുരേ ഭവ, സാമ്രാജ്ഞീ ശ്വശ്രാം ഭവ നനാംദരി സാമ്രാജ്ഞീ ഭവ, സാമ്രാജ്ഞീ ദധി ദേവൃഷ്ഠ! (ഋഗ്വേദം 10-85-46).