ശബരിമലയില്‍ ആചാര ലംഘനത്തിനു മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിന് എന്തു ആവേശമായിരുന്നു. വനിതാ മതിലുണ്ടാക്കലും നവോത്ഥാന നായകനാകലും എന്നുവേണ്ട ഇടത് പരിഷ്‌കരണത്തിന്റെ പൂരക്കാലം കണ്ട് കേരളം അന്തംവിട്ടു നിന്നു പോയില്ലേ. ഇതൊന്നും വടക്ക് കാസര്‍കോട് ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സഖാക്കള്‍ ഭരിക്കുന്ന ചില കാവുകളില്‍ ബാധകമല്ല. അവിടെ ദളിതന്‍ മതിലിന്റെ പുറത്താണ്. 1977 മുതല്‍ 2011 വരെ ഏഴു തവണ സി.പിഎം മുന്നണി ഭരിച്ച ബംഗാളില്‍ ഇക്കൂട്ടര്‍ നടത്തിയ നവോത്ഥാനം കൂടി കാണുമ്പോഴേ പാര്‍ട്ടിയുടെ സാമൂഹ്യപരിഷ്‌കരണത്തിന്റെ ശരിയായ ചിത്രം ബോധ്യപ്പെടുകയുള്ളൂ.
കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന ശരീരത്തില്‍ കമ്പി കയറ്റിയുള്ള ആചാരമായ തൂക്കം ഹിന്ദു ആചാര്യന്മാര്‍ തന്നെ അവസാനിപ്പിച്ചിട്ട് കാലങ്ങളായി. ഇടതന്മാര്‍ ഭരിച്ച ബംഗാളില്‍ ഇപ്പോഴും തൂക്കം നിര്‍ബാധം നടക്കുന്നു. ചൈത്ര സംക്രാന്തിയോടനുബന്ധിച്ചുള്ള ഉത്സവവേളയില്‍ നല്ല വിളവു കിട്ടാന്‍ യുവാക്കളുടെയും ബാലന്മാരുടെയും പുറത്തെ തൊലിയില്‍ കൊളുത്തിട്ട് തൂക്കം നടത്തുന്നു. ഉയരം കൂടിയ ചരക മരത്തിലാണ് കയറിട്ട് തൂക്കം നടത്തുന്നത്. ചിലര്‍ കയ്യില്‍ കുട്ടികളെയും എടുക്കും. സ്ത്രീകള്‍ കമഴ്ന്ന് കിടന്ന് പുറത്തു കൂടെ നടക്കുന്നതാണ് മറ്റൊരു ആചാരം. അത് സ്ത്രീകള്‍ക്ക് ദൈവാനുഗ്രഹമുണ്ടാവാനാണത്രെ. ചില ഗ്രാമങ്ങളില്‍ മനുഷ്യന്റെ തലയോട് കയ്യിലേന്തി നൃത്തം വെക്കുന്ന ആചാരവുമുണ്ട്. പുരോഗമന കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ച നാട്ടില്‍ ഇപ്പോഴും അപരിഷ്‌കൃത ആചാരങ്ങള്‍ക്കടിമകളാണ് ജനങ്ങള്‍. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന ഫ്രണ്ട് ലൈന്‍ പാക്ഷികത്തില്‍ വന്ന വാര്‍ത്തയായതിനാല്‍ വിശ്വസിക്കുകയല്ലാതെ വേറെ വഴിയില്ല.
Comments