“”No, there is nothing like love I used up
My blood as ink to praise its worth” (My sons)
മാധവിക്കുട്ടിയുടെ My sons എന്ന കവിതയുടെ ആരംഭമാണിത്. ചങ്ങമ്പുഴയെ ‘സ്‌നേഹിച്ചു തീരാത്ത ഗന്ധര്‍വ്വന്‍’ എന്ന് വിളിക്കാറുള്ളത് അക്ഷരാര്‍ത്ഥത്തില്‍ യോജിക്കുന്നത് മാധവിക്കുട്ടിക്കാണ്. മലയാളത്തില്‍ അവരെഴുതിയ മനോഹരമായ കഥകളിലും ഇംഗ്ലീഷില്‍ എഴുതിയ കവിതകളിലും നിറഞ്ഞുനില്‍ക്കുന്നത് പ്രണയത്തിനുവേണ്ടിയുള്ള അവരുടെ ആത്മാവിന്റെ കാളലാണ്. ഡി.സി. ബുക്‌സ് മാധവിക്കുട്ടിയുടെ ഇംഗ്ലീഷ് കവിതകളുടെ തെരഞ്ഞെടുത്ത പതിപ്പിന് നല്‍കിയിരിക്കുന്ന പേര് ”Only Soul knows how to Sing’ ‘ എന്നാണ്.
പലരും തെറ്റിദ്ധരിച്ചതുപോലെ മാംസനിബദ്ധമായ ആവേശം അല്ല മാധവിക്കുട്ടിയുടെ പ്രണയം. അത് മനുഷ്യരിലേക്ക് മാത്രമല്ല സകലചരാചരങ്ങളിലേയ്ക്കും സഞ്ചരിക്കുന്ന സാര്‍വ്വലൗകിക പ്രണയമാണ്.’The ancient Mango Tree’ എന്ന കവിതയില്‍”Why did they cut down the ancient mango tree where I had hung damp nets of dreams to dry…”കവി തന്റെ സ്വപ്നങ്ങളുടെ നനഞ്ഞ വലകള്‍ ഉണക്കാനിടുന്നത് ആ പഴയ മാവിന്‍ കൊമ്പിലാണ്. ഇതില്‍ പഴയ ചില പതിവുകളുടെ സൂചനയുണ്ടെങ്കിലും ഓര്‍മകളെ താലോലിക്കുന്ന കൂട്ടത്തില്‍ പഴയമാവും കവിതയ്ക്കു വിഷയീഭവിക്കുന്നു. പ്രണയം പ്രകൃതിയിലേയ്ക്കും പടര്‍ന്നു കയറുന്നതു കാണാം.’composition’ എന്ന കവിതയില്‍ “”I have replaced love with guilt and discovered that both love and hate are involvements” എന്നെഴുതുന്നു. അവിടെ പ്രണയം എന്ന പ്രക്രിയയെ വിശകലനം ചെയ്യുകയാണ്. കവി യ്ക്കു പ്രണയാഭിനിവേശം ഒരു യാദൃച്ഛികതയല്ല എന്ന് ഈ വരികള്‍ സൂചിപ്പിക്കുന്നു. അത് ജീവരക്തം തന്നെ. പ്രണയത്തിലും വെറുപ്പിലും ഉള്‍ക്കൊള്ളലുണ്ട്. ഒരാളെ വെറുക്കുമ്പോഴും അയാള്‍ നമ്മുടെ ഉള്ളിലുണ്ട്. വെറുപ്പിനേക്കാള്‍ ഭീകരം അവഗണനയാണ്. അവിടെ നമ്മളില്ല. വെറുക്കുമ്പോള്‍ മറ്റൊരാളില്‍ നമ്മള്‍ സജീവമാണ്. തുടര്‍ന്നെഴുതുന്നത് The tragedy of life is not death but growth” ഓരോ ഘട്ടത്തിലേയ്ക്കുള്ള വള ര്‍ച്ചയും ദുരന്തമാണ്. പുതിയ അറിവുകള്‍ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും വളര്‍ച്ച ജീവിതത്തിന്റെ ദുരിതമുഖത്തേ യ്ക്കു നമ്മളെ കൈപിടിച്ചു കൊണ്ടുപോവുകയാണ്. വാര്‍ദ്ധക്യത്തില്‍ ബാല്യത്തിലേയ്ക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കാത്ത ആരും ഉണ്ടാവില്ല.
ടാഗൂറിന്റെ പ്രശ സ്ത കഥ ‘ഇച്ഛാപൂരണ്‍’ (Wish Fulfillment) മകന്‍ അച്ഛന്റെ പ്രായത്തിലും അധികാരത്തിലും ഭ്രമിച്ച് മു തിര്‍ന്നവനാകുന്നതും, അച്ഛന്‍ തിരിച്ച് കുട്ടിയാകുന്നതുമാണ്. പക്ഷെ രണ്ടും പൊരുത്തപ്പെടുന്നില്ല. ഒടുവില്‍ പഴയ അവസ്ഥകളിലേയ് ക്കു തന്നെ മടങ്ങാന്‍ രണ്ടുപേരും ആഗ്രഹിക്കുന്നു. പ്രകൃതിയുടെ തീരുമാനങ്ങള്‍ നമ്മുടെ ഇച്ഛകള്‍ക്കും യുക്തികള്‍ക്കും അപ്പുറമാണെന്നാണ് ടാഗൂര്‍ പറയുന്നത്. ഈശ്വരന്റെ തീരുമാനങ്ങളോടുള്ള ഒരു തരം കലഹിക്കലാണ് കവിത. അസംതൃപ്തികളെല്ലാം നമ്മള്‍ വാക്കുകള്‍ കൊണ്ടു പകരുന്നു. പക്ഷെ ഒന്നും മാറ്റി മറിക്കപ്പെടുന്നില്ല. എല്ലാം പഴയ പടിതന്നെ ഒഴുകുന്നു. എങ്കിലും കവിത അടങ്ങിയിരിക്കുന്നില്ല. അത് സൗന്ദര്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. മാധവിക്കുട്ടിയും കലഹിക്കുകയാണ്, വ്യര്‍ത്ഥമെന്നറിയാമായിരുന്നിട്ടും.
“”Languages paralysed on our tongue” എന്ന് ”ഇന്നു ഭാഷയിതപൂര്‍ണമങ്ങഹോ വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍” എന്നിങ്ങനെ ആശാനെപ്പോലെ മാധവിക്കുട്ടിയും ശങ്കിക്കുന്നു. പക്ഷെ കവിയുടെ തൂലികയില്‍ നിന്നും സ്‌നേഹപ്രവാഹമായി അതൊഴുകുന്നു. ‘words’എന്ന കവിതയില്‍ “words are nuisance but they grow on me like leaves on a tree” എന്നെഴുതുന്നു. മരത്തില്‍ ഇലകള്‍ മുളക്കും പോലെ വാക്കുകള്‍ മുളക്കുന്നു എന്നെഴുതുമ്പോള്‍ ഉപയോഗിക്കുന്ന simile കവിയുടെ പ്രകൃതി പ്രണയത്തിന്റെ ഏറ്റവും ശക്തമായ തെളിവാണ്.
‘The Eighty sixth Birthday’ എന്ന കവിതയില്‍ പ്രത്യക്ഷപ്പെടുന്ന വൃദ്ധനായ അയാള്‍ കവിയുടെ ഭര്‍ത്താവോ കാമുകനോ എന്നു വ്യക്തമല്ല. 86-ാം വയസ്സിലും കവി അയാളെ അവഗണിക്കുന്നില്ല.
“”He plunged himself as blade Into the recesses of my heart”എന്നിങ്ങനെ ആവേശത്തോടുതന്നെ അയാളെ ഇപ്പോഴും സ്മരിക്കുന്നു. ഈ കവിത സൂചിപ്പിക്കുന്നതു പ്രായം കടന്നുപോകുമ്പോള്‍ മങ്ങുന്ന മാംസാഭിവേശം അല്ല കവിയുടെ പ്രണയം എന്നാണ്. എങ്കിലും ചില തുറന്നെഴുത്തുകള്‍ വായനക്കാരെ സംശയാലുക്കളാക്കുന്നു. ”Strong Age’ എന്ന കവിത തുടങ്ങുന്നത്.””Fond husband, ancient settler in the mind, old fat spider weaving webs of bewilderment, Be kind” ഇങ്ങനെയാണ്. ഭര്‍ത്താവ് ജീവിച്ചിരിക്കവേതന്നെ ഇങ്ങനെയെഴുതാന്‍ അസാമാന്യ ധൈര്യം വേണം. കവിതയുടെ പേരുതന്നെ ‘ശിലായുഗം’ എന്നാണല്ലോ. അതിലും ആ ബന്ധത്തിന്റെ നിര്‍വ്വികാരതലം ധ്വനിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് എഴുതുന്നത് ””You turn me into a bird of stone, a granite dove, you round me a shabby drawing room” എന്നാണ്. എവിടെയും നിര്‍വ്വികാരത തന്നെ. ജീവിതം എന്തുകൊണ്ടാണ് ചെറുതായിപ്പോകുന്നതെന്നും പ്രണയം അതിലും ചെറുതായിപ്പോകുന്നതെന്നും കവിതയുടെ അന്ത്യത്തില്‍ കവി പരിതപിക്കുന്നുണ്ട്.
നാലുവരി മാത്രമുള്ള “Krishna’ എന്ന കവിതയില്‍ “Your body is my prison, Krishna I cannot see beyond it’ എന്ന വരികള്‍ വായിക്കുമ്പോഴും വായനക്കാരില്‍ മാംസനിബദ്ധമായ പ്രണയാവേശത്തെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ ഉണരാം. പക്ഷെ അതു പലരിലേയ്ക്കുള്ള മോഹാവേശം അല്ല. അടുത്ത വരിയില്‍ അതിനുള്ള ഉത്തരം ഉണ്ട്.””Your love words shut out the wise world’s din” തന്റെ സ്വപ്നങ്ങളെ താലോലിക്കുന്ന ഒരാളില്‍ പടര്‍ന്നു കയറാനുള്ള അമിതാവേശമാണതില്‍. അങ്ങനെയൊരു സങ്കല്പ കാമുകന്‍ ഒരു ‘കൃഷ്ണന്‍’ എല്ലാ സ്ത്രീകളിലും കുടിയിരിക്കുന്നുണ്ട്. ഒരിക്കലും സഫലമാകാത്ത പ്രണയ സങ്കല്പത്തിന്റെ പൂര്‍ത്തീകരണം പോലെ എല്ലാ സ്ത്രീകളും ആ കാമുകനെ ചുമന്നു നടക്കുന്നു; ഇവിടെ കവിയും.”Radha’എന്ന കവിതയില്‍ ആ സങ്കല്പത്തിലെ കൂടുതല്‍ തീവ്രമായ ആവിഷ്‌കാരം കാണാം. “”Oh krishna I am melting, melting, melting. Nothing remains but you” ഇങ്ങനെ പ്രണയിക്കാന്‍ മാധവിക്കുട്ടിയ്‌ക്കേ കഴിയൂ. “melting’എന്ന വാക്കിന്റെ ആവര്‍ത്തനമാണ് ഇവിടെ കവിത സൃഷ്ടിക്കുന്നത്.
‘”Love’ എന്നുതന്നെ പേരായ കവിതയില്‍ നിന്നെ കാണുന്നതു വരെ മാത്രമേ ഞാന്‍ കവിത എഴുതിയിരുന്നുള്ളുവെന്നും നിന്നെ കണ്ട ശേഷം ഒരു നായയെപ്പോലെ നിന്നില്‍ ചുരുണ്ടു കിടക്കുന്നുവെന്നും വായിക്കുമ്പോള്‍ ഈ കവിയുടെ പ്രണയ വാഞ്ഛയില്‍ നമുക്കു സഹതാപം തന്നെ തോന്നിപ്പോകും.
183 കവിതകളുള്ള ഈ സമാഹാരത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കവിത “The old play house’ സ്ത്രീപക്ഷരചനകളുടെ തുടക്കംകുറിച്ച കവിതകളിലൊന്നാണ് എന്നുവേണമെങ്കില്‍ പറയാം. പക്ഷെ ഏറ്റവും നിര്‍ഭയമായ രചന എന്നു പറയാനാണെനിക്കിഷ്ടം. പുരുഷനെ ഇത്രമാത്രം വിചാരണ ചെയ്യുന്ന രചനകള്‍ വേറെ ഉണ്ടോ എന്നു സംശയം.
“”All pervasive is the male scent of your breath.
The cut flowers in the vase have begun to smell of human sweat.
There is no more singing, no more dance
my mind is an old playhouse with all its lights put out” അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീയുടെ വിങ്ങല്‍ ഈ വരികളിലുണ്ടെങ്കില്‍ അടുത്ത വരികളില്‍ ഭര്‍ത്താവിന്റെ ചെയ്തികളെയെല്ലാം കാമാവേശത്തിന്റെ വിക്രിയകളായി മാത്രം കാണുന്ന നിര്‍ഭയത്വത്തോട് നമുക്ക് വിയോജിപ്പുണ്ടായേക്കാം.
The strongman’s technique is always the same. He serves his love always in lethal doses…. എന്നും,you dribbled spittle into my mouth, you poured yourself into every nook and cranny, you embalmed my poor lust with your better – sweet juicesഎന്നുമൊക്കെ എഴുതുമ്പോള്‍ മാധവിക്കുട്ടിയുടെ ആത്മാവിന്റെ യഥാര്‍ത്ഥ ദാഹം അഭൗമമായ എന്തിനോടോ ആയിരുന്നുവെന്നു തോന്നിപ്പോകും. ഒരു സാധാരണ വീട്ടമ്മയുടെ അസംതൃപ്തിയല്ല ഇവിടെ പ്രകടമാകുന്നത്. എങ്കിലും കവിതയിലെ ഭര്‍ത്താവിനോട് നമുക്കല്പം സഹതാപം തോന്നാതിരിക്കില്ല.
ഗാന്ധിയന്‍ മൂല്യങ്ങളില്‍ വിശ്വസിച്ചിരുന്ന ഒരു ധനികകുടുംബത്തില്‍ ജനിച്ചിട്ടും അവയെ തള്ളിപ്പറയുന്ന മാധവിക്കുട്ടിയെ തുറന്നു കാണിക്കുന്ന കെ.സി. നാരായണന്റെ ലേഖനമാണ് ഇത്തവണത്തെ മാതൃഭൂമിയിലെ ശ്രദ്ധേയ വിഭവം. ‘എന്റെകഥ’ (My Story) യെന്ന കമലാദാസിന്റെ ആത്മകഥാപരമായ നോവലിനെ മുന്‍നിര്‍ത്തി നടത്തുന്ന പഠനം നോവലിസ്റ്റിന്റെ വ്യക്തിത്വത്തെ അനാവരണം ചെയ്യുന്നതില്‍ വിജയിച്ചിട്ടുണ്ട്. സാഹസികര്‍ക്ക് ഉള്ളതാണ് ലോകം. കരുതലോടെ നീങ്ങുന്നവര്‍ എങ്ങും എത്താറില്ല. മാധവിക്കുട്ടിയും സാഹസികയായിരുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കളുള്‍പ്പെടെ വലിയ ഒരു വിഭാഗം എതിര്‍ത്തിട്ടും പിന്‍തിരിയാതെ മലയാളനാട്ടില്‍ എന്റെ കഥ പ്രസിദ്ധീകരിക്കുമ്പോള്‍ ഞാന്‍ തീരെ ചെറിയ കുട്ടിയാണ്. എങ്കിലും മുതിര്‍ന്നവരുടെയും അധ്യാപകരുടെയും സംഭാഷണങ്ങളിലൂടെ അതിന്റെ അനുരണനങ്ങള്‍ എന്നിലും എത്തിയിരുന്നു.
എന്റെ കഥയില്‍ സമ്പൂര്‍ണമായും മാധവിക്കുട്ടിയെ അന്വേഷിക്കുന്നത് വിഡ്ഢിത്തമാണ്. ഒരിടത്തും അതുതന്റെ സമ്പൂര്‍ണ ആത്മകഥയാണെന്ന് അവര്‍ പറഞ്ഞിട്ടില്ല. ഭാവനയുടെ ജീവിതവും കുറെ ആഗ്രഹങ്ങളും ഒക്കെ മിശ്രണം ചെയ്ത എഴുത്ത്. പാശ്ചാത്യമായ രീതികളെ അനുകരിക്കാനുള്ള ഒരു ശ്രമം. അക്കാലത്തെ പടിഞ്ഞാറന്‍ കൃതികളിലെല്ലാം ലൈംഗികജീവിതം ഉള്‍പ്പെടെ തുറന്നെഴുതുന്നതായിരുന്നു രീതി. അതൊക്കെ അവിടെ ബെസ്റ്റ് സെല്ലേഴ്‌സ് ആകുന്നത് പരന്ന വായനയുണ്ടായിരുന്ന കമലാദാസിന് മനസ്സിലാകാതിരിക്കാനിടയില്ലല്ലോ! അതിന്റെ ഒരു കേരള പരീക്ഷണം മാത്രമായിരുന്നു എന്റെ കഥ.
ഏതൊരു എഴുത്തുകാരനും ആത്യന്തികമായി ആഗ്രഹിക്കുന്നത് തന്റെ കൃതി വായനക്കാരനിലെത്തണമെന്നാണ്. അതിനായി ചില പൊടിക്കൈകളൊക്കെ അവര്‍ സ്വീകരിക്കും. അങ്ങനെ സ്വീകരിച്ച ചില പൊടിക്കൈകള്‍ എന്നതിനുപരി എന്റെ കഥയില്‍ മാധവിക്കുട്ടിയെ കണ്ടെത്താന്‍ ശ്രമിക്കുന്നത് വൃഥാ വ്യായാമമാണെന്നാണ് എന്റെ അഭിമതം.