ന്യൂദല്‍ഹി: ഭാരതത്തിലെ സ്ത്രീകളുടെ സാമൂഹ്യാവസ്ഥയിലേക്ക് വെളിച്ചം വീശുന്ന റിപ്പോര്‍ട്ടാണ് ദൃഷ്ടി സ്ത്രീ ആയോധന്‍ പ്രബോധന്‍ എന്ന സംഘടന ഇക്കഴിഞ്ഞ സപ്തം. 24ന് പ്രസിദ്ധീകരിച്ചത്. സ്ത്രീകളുടെ സാമൂഹ്യ സ്ഥിതിയെക്കുറിച്ചും തൊ ഴില്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ചും ‘ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ’ എന്ന റിപ്പോര്‍ട്ട് വിശദമായി പറയുന്നു. ഈയടുത്ത കാലത്തായി ഭാരതത്തില്‍ നടന്ന ഏറ്റവും ബൃഹത്തായ ഗവേഷണ റിപ്പോര്‍ട്ടാണ് പൂനെ കേന്ദ്രമാക്കിയുള്ള ഈ സംഘടന പ്രസിദ്ധീകരിച്ചിട്ടുള്ളത്.
25 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശത്തുമായിട്ടായിരുന്നു സര്‍വ്വേ. 18 വയസ്സിന് മുകളില്‍ പ്രായമുള്ള 43,255 സ്ത്രീകളിലും 18ല്‍ താഴെപ്രായമുള്ള 765 പെണ്‍കുട്ടികളിലുമായി 283 ജില്ലകളില്‍ സര്‍വ്വേ നടത്തി. പ്രധാനമായും ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളിലൂന്നിയായിരുന്നു സര്‍വ്വേ. ഇതില്‍ 70 ജില്ലകളും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ളവയായിരുന്നു.
സ്ത്രീശാക്തീകരണത്തിന് സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കണമെന്നും എങ്കിലേ സ്ത്രീകള്‍ക്ക് പുരോഗതി സാധ്യമാകുമെന്നും പ്രകാശനച്ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍മ്മലാസീതാരാമന്‍ പറഞ്ഞു. പുരുഷന്മാര്‍ കാര്യമാത്ര പ്രസക്തമായ ഈ റിപ്പോര്‍ട്ട് പഠിച്ച് അതിന്റെ പ്രായോഗികത സ്വന്തം വീടുകളില്‍ നടപ്പാക്കണമെന്നും അവര്‍ പറഞ്ഞു. മാറ്റം വീടുകളിലെ സ്ത്രീകളില്‍ നിന്ന്, വ്യക്തികളില്‍ നിന്നാരംഭിക്കണമെന്നും നിര്‍മ്മലാസീതാരാമന്‍ കൂട്ടിച്ചേര്‍ത്ത്.
ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത് റിപ്പോര്‍ട്ടിന്റെ കോപ്പി കേന്ദ്രമന്ത്രിയില്‍ നിന്ന് സ്വീകരിച്ചു കൊണ്ടാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.
സ്ത്രീസുരക്ഷയെക്കുറിച്ചു സ്ത്രീകള്‍ തന്നെ ബോധവാന്മാരാണെന്നും സ്ത്രീകള്‍ക്ക് എങ്ങിനെ പുരോഗമിക്കാമെന്ന കാര്യം അറിയില്ലെന്ന് പുരുഷന്മാര്‍ ധരിക്കരുതെന്നും മോഹന്‍ജിഭാഗവത് പറഞ്ഞു. സ്ത്രീകള്‍ക്ക് അവരുടെ കഴിവുകള്‍ തെളിയിക്കാന്‍ ശാസ്ത്ര-സാങ്കേതിക രംഗമുള്‍പ്പെടെ എല്ലാ മേഖലയിലും അവസരം കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ – തൊഴില്‍ മേഖലകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഏറ്റവുമധികം ഹിന്ദുപിന്നാക്ക വിഭാഗങ്ങളിലാണെന്നും അത് തടയാനുള്ള പദ്ധതികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
സ്ത്രീകളുടെ ഇടയില്‍ തൊഴില്‍ രംഗത്ത് ക്രൈസ്തവ സ്ത്രീകളാണ് ഏറ്റവും അധികം സ്ഥാനമുറപ്പിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. തുടര്‍ന്ന് വരുന്നത് ഹിന്ദു, ബുദ്ധ, മുസ്ലിം വിശ്വാസികളാണ്. സിക്ക് സമുദായത്തിലെ സ്ത്രീകളാണ് തൊഴില്‍ മേഖലയില്‍ ഏറ്റവും കുറവ്. ഹിന്ദു സമൂഹത്തില്‍ പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട വനിതകള്‍ തൊഴില്‍ രംഗത്ത് ഒന്നാമതായി നില്‍ക്കുന്നു. സ്വയംതൊഴില്‍ കണ്ടെത്തുന്ന വനിതകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ ശ്രദ്ധേയമായ പരാമര്‍ശങ്ങളുണ്ട്. റിപ്പോര്‍ട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കും.