യാത്ര-മയില്‍പ്പീലിക്കൂട്ടം
കേരളഗാന്ധി കേളപ്പജിയുടെ ജന്മംകൊണ്ട് പുണ്യമായി തീര്‍ന്ന മുചുകുന്നിലേക്കായിരുന്നു ഞങ്ങളുടെ ഈ വര്‍ഷത്തെ യാത്ര. മഹാത്മജിയെ ഞങ്ങള്‍ മനസ്സിലാക്കിയത് കെ.കേളപ്പനിലൂടെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ സമകാലീനരായ പലരും പറഞ്ഞത്. സ്വാതന്ത്ര്യ സമരത്തോടൊപ്പം ഹരിജനോദ്ധാരണം, ഭൂദാനം, അക്രമരാഹിത്യം, മദ്യവര്‍ജ്ജനം തുടങ്ങിയവ സ്വജീവിതത്തില്‍ പകര്‍ത്തിയ ആ മഹാപുരുഷന്റെ ജന്മസ്ഥാനം ഞങ്ങള്‍ മയില്‍പ്പീലിക്കൂട്ടത്തിന് ഒരു തീര്‍ത്ഥാടനകേന്ദ്രമായിട്ടാണ് അനുഭവപ്പെട്ടത്.
കോഴിക്കോട് നഗരത്തില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം മുചുകുന്നിലെത്താന്‍. മെയ് 14ന് ശനിയാഴ്ച രാവിലെ 8 മണിക്ക് ഞങ്ങളെല്ലാവരും ഒരുമിച്ചുകൂടി. ജില്ലാ കണ്‍വീനര്‍ നിവേദയ്ക്കായിരുന്നു നേതൃത്വം. ഒപ്പം മയില്‍പ്പീലിക്കൂട്ടത്തിന്റെ സംസ്ഥാന സംയോജകന്‍ പി.ടി. പ്രഹ്‌ളാദേട്ടനും. മുചുകുന്നില്‍ കേളപ്പജിയുടെ ‘ഒതയോത്ത്’ തറവാട്ടില്‍ ഞങ്ങളെ സ്വീകരിക്കാന്‍ നാരായണേട്ടനും രമേശേട്ടനും രാഘവേട്ടനും രമണിചേച്ചിയും ജാനുവേടത്തിയും ഉണ്ടായിരുന്നു. കേളപ്പജിയുടെ ജീവിതം അദ്ദേഹത്തിന്റെ കൊച്ചു മകന്റെ ഭാര്യ രമണിചേച്ചി രസകരമായി അവതരിപ്പിച്ചു.
അവിടുന്ന് ലഘുഭക്ഷണം കഴിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. പറഞ്ഞറിഞ്ഞ പലതും നേരിട്ടു കാണുകയായിരുന്നു ലക്ഷ്യം. ഗോപാലപുരത്തെ ഗോഖലെ സ്‌ക്കൂള്‍, ഞങ്ങള്‍ക്ക് ആവേശമായി. നാട്ടുകാരില്‍ നിന്ന് ദാനമായി സ്വീകരിച്ച ഏക്കറുകണക്ക് സ്ഥലത്തായിരുന്നു സ്‌കൂള്‍ സ്ഥാപിച്ചത്. അയിത്തം നിലനിന്നിരുന്ന അക്കാലത്ത് ഹരിജനവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി തുടങ്ങിയ ആ വിദ്യാലയം ഉദ്ഘാടനം ചെയ്തത് മഹാകവി വളളത്തോളായിരുന്നുവത്രെ! വിദ്യാലയത്തിനു ചുറ്റും വളര്‍ന്ന് പന്തലിച്ച മാവുകള്‍ കണ്ണിന് കുളിര്‍മ്മയേകുന്ന കാഴ്ചയാണ്… കേളപ്പജി ജനിച്ച പുത്തന്‍പുര വീട്ടിലേക്കാണ് പിന്നീട് പോയത്. മഹാത്മാവിന്റെ ജന്മഗൃഹം ഉണ്ടായിരുന്ന സ്ഥലം കാടുപിടിച്ചു കിടക്കുന്നത് ആരിലും രോഷമുണ്ടാക്കുന്നതാണ്. സ്മാരകനിര്‍മ്മാണത്തിനായി വിട്ടുകൊടുത്ത സ്ഥലം പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ്.
ഭൂദാനത്തിന്റെ ഭാഗമായി ഹരിജനങ്ങള്‍ക്ക് നല്‍കിയ 40 ഏക്കറോളമുള്ള വലിയ മലയിലേക്കായിരുന്നു അടുത്ത യാത്ര. പ്രകൃതിഭംഗി നിറഞ്ഞൊഴുകുന്ന സ്ഥലം. അവിടെ ഭൂമി ലഭിച്ചവരുടെ ഇന്നത്തെ തലമുറയുമായി സംവദിക്കാന്‍ കഴിഞ്ഞത് പുതിയൊരനുഭവമായി. വലിയമലയുടെ ഒരു ഭാഗത്താണ് പ്രസിദ്ധക്ഷേത്രമായ വാഴയില്‍ ഭഗവതിക്ഷേത്രം. അതിനടുത്തായുള്ള രണ്ട് പാതാള ഗുഹകളും സന്ദര്‍ശിച്ചു. ഒരു ഗുഹയില്‍ നൂറിലധികം പേര്‍ക്ക് നില്‍ക്കാന്‍ സൗകര്യമുണ്ട്.
വഴിയരികില്‍ ഒരിടത്ത് പാറപ്പുറത്തായിരുന്നു ഉച്ചഭക്ഷണം. പൊതിച്ചോറുകള്‍ തയ്യാര്‍. ഞങ്ങള്‍ രണ്ടുപേര്‍ വച്ച് ഓരോ പൊതിയും പങ്കിട്ടെടുത്തു. അതും വലിയൊരു പാഠമായിരുന്നു. പങ്കിട്ടെടുക്കാനുള്ള മനസ്സുണ്ടാക്കുന്ന ഒന്ന്. കേളപ്പജിയുടെ ജന്മനാട്ടില്‍ നിന്നു തന്നെ ഇതു പഠിക്കണം. അതിനടുത്തുതന്നെയായിരുന്നു മുചുകുന്ന് കോട്ട ക്ഷേത്രം. പ്രസിദ്ധമായ ക്ഷേത്രവും കുളവും കാണേണ്ടതു തന്നെ. ആ കുളക്കരയില്‍വച്ച് സര്‍ഗ്ഗം ഉള്‍പ്പെടെ നിരവധി സിനിമാ ഷൂട്ടിങ്ങുകള്‍ നടന്നിട്ടുണ്ട്. ഈ ക്ഷേത്രത്തില്‍ ഉത്സവത്തിനു വൈദ്യുതി വെളിച്ചം ഉപയോഗിക്കാറില്ലത്രെ!
കേളപ്പജിക്ക് കെ.എന്ന ഇനീഷ്യല്‍ നല്‍കിയ ‘കൊയപ്പള്ളി’ തറവാട്ടിലേക്കാണ് പിന്നീട് പോയത്. അവിടെ കേളപ്പജിയുടെ പൂര്‍ണ്ണകായ പ്രതിമയുണ്ട്. അത് അനാച്ഛാദനം ചെയ്തത് ബഹു. കേരള ഗവര്‍ണ്ണറായ ആരിഫ് മുഹമ്മദ് ഖാനാണ്. തറവാട് കേളപ്പജിയുടെ സ്മാരകമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. കേളപ്പജി പ്രതിമയില്‍ ആദരപൂര്‍വ്വം പുഷ്പാര്‍ച്ചന നടത്താനായത് മഹാഭാഗ്യം തന്നെ.
പാക്കനാര്‍പുരത്തെ ഗാന്ധിസദനത്തില്‍ ഞങ്ങളെ സ്വീകരിച്ചത് ഗാന്ധിസദനം ട്രസ്റ്റ് ഭാരവാഹികളായ ഗോപാലന്‍ മാഷും ബാലകൃഷ്‌ണേട്ടനുമായിരുന്നു. ഗോപാലന്‍മാഷിനെ ചെറുപ്പത്തില്‍ ഗാന്ധിസദനത്തില്‍ കൂട്ടിക്കൊണ്ടുവന്ന് താമസിപ്പിച്ച് പഠിപ്പിച്ച് ജോലിക്ക് തയ്യാറാക്കിയത് കേളപ്പജിയായിരുന്നു. അദ്ദേഹം ഗാന്ധിസദനത്തിന്റെ ചരിത്രം വിവരിച്ചു. മഹാത്മാഗാന്ധി സദനത്തില്‍ വന്ന കാര്യവും അദ്ദേഹം വിശദീകരിച്ചു.
അശോകേട്ടനും, സംഘവും കൊണ്ടുവന്ന ചായകഴിച്ച് തിരിച്ചുവരുമ്പോള്‍ മനസ്സ് നിറഞ്ഞിരുന്നു. പാഠഭാഗത്തൊന്നും ഞങ്ങള്‍ പഠിച്ചിട്ടില്ലാത്ത കേളപ്പജി എന്ന മഹാത്മാവിനെ മനസ്സില്‍ നിറച്ചായിരുന്നു ഞങ്ങളുടെ മടങ്ങിവരവ്.