കൊച്ചി: ഭാരത ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കടമെടുത്തതല്ലെന്നും അത് സഹസ്രാബ്ദങ്ങളായി ഭാരതത്തില്‍ നിലനിന്നിരുന്ന മൂല്യങ്ങളില്‍ അധിഷ്ഠിതമാണെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം പ്രമാണിച്ച് എറണാകുളത്ത് നടന്ന ദേശീയ സെമിനാറിന്റെ സമാപനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തുളള എല്ലാ നല്ല ആശയങ്ങളെയും സ്വീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്ത പാരമ്പര്യമാണ് ഭാരതത്തിനുള്ളത്.
ജ്ഞാന പ്രസരണത്തിന്റെ പേരിലാണ് ഭാരതം അറിയപ്പെടുന്നത്. അത് നിലനില്ക്കുന്നതു തന്നെ എല്ലാവര്‍ക്കും ജ്ഞാനം പകര്‍ന്നു കൊടുക്കാനാണ്. അദ്വൈതം എന്ന മഹാ ആശയം ലോകത്തിനു സംഭാവന ചെയ്ത ഭാരതത്തില്‍ തന്നെയാണ് ഏകത്വമെന്ന ആശയവും ആദ്യമായി ഉടലെടുത്തത്.
കേരള നവോത്ഥാനത്തിന്റെ പ്രേരണാ സ്രോതസ്സായ ശ്രീനാരായണ ഗുരുദേവനും ഭാരത ഐക്യത്തിന്റെ സന്ദേശവാഹകനായ ശ്രീശങ്കരാചാര്യരും മുന്നോട്ടുവച്ച ഏകത്വമെന്ന അദ്വൈത സിദ്ധാന്തം തന്നെയാണ് നമ്മുടെ ഭരണഘടനയുടെയും അടിസ്ഥാനം. പില്‍ക്കാലത്ത് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്ത മതേതരത്വം എന്ന ആശയമോ, ഭാഷ, മതം, വംശം, വര്‍ണ്ണം തുടങ്ങിയവയോ അല്ല മറിച്ച് ഭാരതീയ ദേശീയ മൂല്യങ്ങള്‍ തന്നെയാണ് നമ്മെ ഒന്നാക്കി നിര്‍ത്തുന്നത്.
ഭരണഘടനയില്‍ പറയുന്ന ജനാധിപത്യം എന്ന ചിന്ത പാശ്ചാത്യനാടുകളുടെ സംഭാവനയല്ല. നമ്മുടെ ഋഷിമാര്‍ പണ്ടുകാലം മുതല്‍ മുന്നോട്ടുവച്ചതാണത്. ഇത്തരം മഹത്തായ ആശയങ്ങളിലൂടെയാണ് ഭാരതം രൂപപ്പെട്ടത്. ഇന്നാട്ടിലേക്ക് കടന്നുവന്നവരോട് മറ്റു നാടുകളിലെപ്പോലെ സഹതാപപൂര്‍വ്വമല്ല ഭാരതം പെരുമാറിയിട്ടുള്ളത്. വിവിധ ആശയങ്ങളും മതവിഭാഗങ്ങളും കടന്നുവന്നപ്പോള്‍ അവയെയെല്ലാം സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് നാം പ്രകടമാക്കിയത്. ഭാരതത്തെ കെട്ടുറപ്പോടെ നിര്‍ത്തുന്ന ഭരണഘടനയിലും അതാണ് പ്രതിഫലിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഭാരതത്തെ വിശ്വഗുരുവായി ഉയര്‍ത്തുക എന്നതാണ് നമ്മുടെ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാപന സമ്മേളനത്തില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ചെയര്‍മാനും അമൃത മഹോത്സവം എറണാകുളം ജില്ലാ സംഘാടക സമിതി അധ്യക്ഷനുമായ മധു എസ്. നായര്‍ അധ്യക്ഷത വഹിച്ചു.
ജെ.എന്‍.യു. വൈസ് ചാന്‍സലര്‍ ഡോ. ശാന്തിശ്രീ ദുളിപുഡി പണ്ഡിറ്റ് ആശംസാ ഭാഷണം നടത്തി. സ്വാഗത സംഘം കാര്യാധ്യക്ഷന്‍ പി.എ. വിവേകാനന്ദ പൈ സ്വാഗതവും, അധിവക്ത പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ആര്‍. രാജേന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി. സമാപന സമ്മേളനത്തില്‍ വച്ച് സ്വാതന്ത്ര്യസമരസേനാനിയായ എസ്. നരസിംഹ നായകിനെ ഗവര്‍ണ്ണര്‍ ആദരിച്ചു.
ശരിയായ ചരിത്രബോധം ഉണ്ടാകണം -ലഫ്. ജന. ശരത് ചന്ദ്
ബ്രിട്ടീഷുകാര്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ അട്ടിമറിച്ചതിലൂടെ ലഭിച്ച പാശ്ചാത്യ കൊളോണിയല്‍ മനോഭാവം ഇന്നും തുടരുകയാണെന്നും ദേശീയ സ്വാഭിമാനവും ശരിയായ ചരിത്രബോധവും ആത്മവിശ്വാസവും വീണ്ടെടുക്കുവാനുള്ള പരിപാടികളാണ് അമൃത മഹോത്സവ ആഘോഷത്തിലൂടെ നടന്നു വരുന്നതെന്നും അമൃതോത്സവ സംഘാടക സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ ലഫ്. ജന. ശരത് ചന്ദ് പറഞ്ഞു.
ഭരണകൂടവും, ഉദ്യോഗസ്ഥ സംവിധാനവുമെല്ലാം വഴി തെറ്റുമ്പോള്‍ അവരെ നേര്‍വഴിക്കു നടത്തുവാന്‍ ഇന്ത്യന്‍ ജൂഡീഷ്യറിക്ക് സാധിച്ചിട്ടുണ്ട്. കേസുകളുടെ ആധിക്യവും കീഴ്ക്കോടതികള്‍ നേരിടുന്ന പലതരം പരിമിതികളുമാണ് ജൂഡീഷ്യറി നേരിടുന്ന ഒരു ശാപം. ഇതിന് പരിഹാരം കാണേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ സെമിനാറിന്റെ ഉദ്ഘാടന സഭയില്‍ നീതിന്യായ വ്യവസ്ഥയുടെ ഭാരതവല്‍ക്കരണം, ഇന്ത്യന്‍ ഭരണഘടന – പ്രേരണ പ്രതീക്ഷ, യാഥാര്‍ത്ഥ്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍ നടന്നു. കേരള ഹൈക്കോടതി ജസ്റ്റിസ് എന്‍. നഗരേഷ്, ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ഡോ: ശാന്തിശ്രീ ദുളിപുഡി പണ്ഡിറ്റ്, ഭാരത സര്‍ക്കാരിന്റെ അഡീ. സോളിസിറ്റര്‍ ജനറല്‍ അഡ്വ. എം.ബി. നാര്‍ഗുണ്ട്, അഡ്വ. സി.കെ. സജി നാരായണന്‍, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.റ്റി. ആചാരി, കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകരായ കെ.രാംകുമാര്‍, ഗോവിന്ദ് കെ.ഭരതന്‍, കേരള ഹൈക്കോടതി അസി. സോളിസിറ്റര്‍ ജനറല്‍ അഡ്വ. എസ്. മനു തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. അബിനു സുരേഷ് സ്വാഗതവും എ.കെ. സനന്‍ നന്ദിയും രേഖപ്പെടുത്തി.
ഭാരതത്തിന്റേത് കരുത്തുറ്റ നീതിന്യായ വ്യവസ്ഥ-ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
ഭാരതത്തിന്റേത് കരുത്തുറ്റ നീതിന്യായ വ്യവസ്ഥയാണെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. നിയമം മാത്രം പറയുന്ന കാലഘട്ടത്തില്‍ നീതി ഉണ്ടാകണമെന്നില്ല. അതുകൊണ്ട്, നിയമം മാത്രം നോക്കി ഒരു ന്യായാധിപന് തീര്‍പ്പ് കല്പിക്കാനാവില്ല. ഇത്രയധികം കേസുകള്‍ കെട്ടിക്കിടക്കുമ്പോഴും നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസമാണ് ജനങ്ങളെ കോടതികളില്‍ എത്തിക്കുന്നത്.
എന്തും വിളിച്ചു പറയുവാനുള്ള സ്വാതന്ത്ര്യമല്ല ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 നല്‍കുന്നത്. ഭരണഘടനയുടെ ആമുഖം പോലും വായിക്കാത്തവരാണ് എന്തും വിളിച്ചു പറയുവാനും എന്തും ചെയ്യുവാനുമുള്ള ഉപാധിയായി ഭരണഘടനയെ കാണുന്നത്.
‘വസുധൈവ കുടുംബകം’ എന്ന തത്വം ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് ഭരണഘടനയിലാണ്. ഇവയുടെ ശരിയായ ആവിഷ് കാരം സാധ്യമാകാതെ പോകുന്നതിന് കാരണം ദേശീയ സ്വാഭിമാനമുള്ള ജനങ്ങള്‍ ഇല്ലാതെ പോകുന്നതാണ്. അതിനാല്‍ നമ്മുടെ ചിന്ത ഭാരതീയമാകേണ്ടതുണ്ട്.
1947 ലെ സ്ഥിതിയല്ല 2022 ല്‍ ഉള്ളത്. അതിനാലാണ് ഇടക്ക് ഭരണഘടന ഭേദഗതി ചെയ്യേണ്ടിവരുന്നത്. ഭേദഗതി ചെയ്യുന്നത് തന്നെ ഭരണഘടനയുടെ ശക്തിയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമരപോരാളികളുടെ സ്മരണ വീണ്ടെടുക്കണം-ഡോ.സി.ഐ. ഐസക്
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാടിയവരുടെ സ്മരണ വീണ്ടെടുക്കണമെന്ന് ഐസിഎച്ച്ആര്‍ അംഗവും ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റുമായ ഡോ.സി.ഐ. ഐസക് പറഞ്ഞു. ബ്രിട്ടീഷുകാര്‍ ശിപായി ലഹളയെന്നു വിളിച്ച 1857 ലെ സമരത്തെ ആദ്യമായി സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിച്ചത് വീര സാവര്‍ക്കറാണ്. അദ്ദേഹം വിപ്ലവകാരിയും, സ്വാതന്ത്ര്യസമരസേനാനിയും, കവിയും, ചരിത്രകാരനുമെല്ലാമായിരുന്നു. പക്ഷെ, ഇന്ന് പലരും അദ്ദേഹത്തിന്റെ ആത്മാവിനെ വേട്ടയാടുകയാണ്.
നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രത്തിന് കേവലം 200 വര്‍ഷത്തെ പഴക്കമല്ല ഉള്ളത്. വിദേശ ആക്രമണകാരികളായ യവനന്മാര്‍, ഹൂണന്മാര്‍, ശകന്മാര്‍ പിന്നീട് തുടര്‍ച്ചയായി ഭാരതത്തെ ആക്രമിച്ചു കീഴടക്കാന്‍ ശ്രമിച്ച ഇസ്ലാമിക ശക്തികള്‍, യൂറോപ്യന്‍ അധിനിവേശ ശക്തികള്‍ ഇവര്‍ക്കെതിരെ നടന്ന പോരാട്ടങ്ങളെല്ലാം സ്വാതന്ത്ര്യസമരമായിരുന്നു. പഴശ്ശി രാജ, തലയ്ക്കല്‍ ചന്തു, വേലുത്തമ്പി ദളവ, വൈക്കം പദ്മനാഭപിള്ള, ചെമ്പില്‍ അരയന്‍, പാലിയത്തച്ചന്‍ തുടങ്ങി കേരളത്തിലെ സ്വാതന്ത്ര്യസമര പോരാളികളെ വിസ്മരിച്ചത് തികഞ്ഞ നീതികേടാണ്. മെക്കാളെയുടെ യൂറോപ്യന്‍ കേന്ദ്രീകൃത വിദ്യാഭ്യാസമാണ് ഇതിനെല്ലാം കാരണം. അമൃതമഹോത്സവത്തിന്റെ ഭാഗമായി ദേശീയ സ്വാഭിമാനവും ചരിത്രബോധവും ഉണര്‍ത്തുവാനായി നടത്തുന്ന വിവിധ പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
Comments