ആദിമ മനുഷ്യന്‍ നാടോടിയായിരുന്നു എന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്. അവരുടെ പ്രധാന ഉപജീവനമാര്‍ഗം കാലിവളര്‍ത്തലുമായിരുന്നു. കന്നുകാലികള്‍ക്കും മനുഷ്യനും ആവശ്യമായ ജലം, ഭക്ഷണം ഇവ തേടി അവര്‍ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു. ക്രമേണ മനുഷ്യന്‍ സ്ഥിരവാസം തുടങ്ങി. സ്ഥിരവാസം തുടങ്ങിയ മനുഷ്യന്റെ ഉപജീവനമാര്‍ഗം കൃഷിയുമായി. കൃഷിക്ക് ജലം, സൂര്യപ്രകാശം എന്നിവ അത്യാവശ്യമാണ്. അതിന് പറ്റിയ ഇടങ്ങളില്‍ അവര്‍ സ്ഥിരവാസമുറപ്പിച്ചു.
നാടോടികള്‍ സ്ഥിരതാമസക്കാരാകുന്നു
യൂറോപ്പ്, മദ്ധ്യേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ കഠിനമായ കാലാവസ്ഥയാണുള്ളത്. യൂറോപ്പില്‍ വര്‍ഷത്തില്‍ രണ്ടുമൂന്ന് മാസങ്ങളിലൊഴികെ ബാക്കി സമയം മുഴുവന്‍ ഭൂമി മഞ്ഞുപുതച്ചുകിടക്കും. സൂര്യപ്രകാശം അക്കാലത്ത് വളരെ കുറഞ്ഞ തോതില്‍ മാത്രമേ ലഭിക്കുകയുള്ളൂ. അതുകൊണ്ട് കൃഷി നടത്താവുന്ന സമയപരിധി വളരെ കുറവായിരുന്നു. ഈ കുറഞ്ഞ കാലഘട്ടത്തില്‍ വരാന്‍ പോകുന്ന മഞ്ഞുകാലത്തേയ്ക്കുകൂടി ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കേണ്ടിയിരുന്നു. ഇത് മനുഷ്യജീവിതത്തില്‍ ചില പ്രത്യേക പ്രവണതകള്‍ വളര്‍ത്തി. ഒന്നാമതായി തന്റെ ഭക്ഷണങ്ങളില്‍ പങ്ക് ചേരാന്‍ പുതിയ ആളുകള്‍ വരുന്നതിനെ അവര്‍ ശത്രുതാപരമായി കണ്ടു. രണ്ടാമത് കൂടുതല്‍ ഭക്ഷണം ഉത്പാദിപ്പിക്കാന്‍ കൂടുതല്‍ കൃഷിഭൂമി ആവശ്യമാണ്. അതുകൊണ്ട് മറ്റുള്ളവരുടെ ഭൂമി കയ്യടക്കാന്‍ ഓരോരുത്തരും ശ്രമിച്ചു. ഇതുമൂലം നിരന്തരസംഘര്‍ഷം നിലവില്‍വന്നു. പ്രകൃതിയില്‍നിന്ന് ലഭിക്കുന്നത്രയും നേടുക എന്ന രീതിയാണ് സ്വീകരിച്ചത്. മനുഷ്യജീവിതത്തിന്റെ അവസാനഘടകം വ്യക്തിയായി. സകല സൃഷ്ടികളും വ്യക്തിക്കുവേണ്ടിയുള്ളതാണ് എന്നവര്‍ കരുതി. വ്യക്തികള്‍ കൂടിച്ചേര്‍ന്നു സമൂഹം ഉണ്ടാകുന്നു. എന്നാല്‍ സമൂഹം നിലവില്‍ വന്നപ്പോള്‍ വ്യക്തികളുടെ പല ഇഷ്ടാനിഷ്ടങ്ങളും നിയന്ത്രിക്കേണ്ടി വന്നു. ഇത് സമൂഹവും വ്യക്തിയും തമ്മില്‍ സംഘര്‍ഷം വളര്‍ത്തി. ഇതിനൊരു പരിഹാരമായി വ്യക്തിയും സമൂഹവും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടു.
മദ്ധ്യേഷ്യയില്‍ മരുഭൂമിയാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് ജീവിതവളര്‍ച്ച ഏതാണ്ട് മേല്‍ വിവരിച്ച രീതിയില്‍ തന്നെയായിരുന്നു. ഇങ്ങനെ മദ്ധ്യേഷ്യയിലും യൂറോപ്പിലും സംഘര്‍ഷം, ചൂഷണം, അധിനിവേശം എന്നിവയിലധിഷ്ഠിതമായിരുന്നു ജീവിതമൂല്യങ്ങള്‍. സമൂഹം കരാറിന്റെ അടിസ്ഥാനത്തില്‍ നിലനിന്നു.
ഈ സമൂഹങ്ങള്‍ വളര്‍ന്ന് രാജ്യങ്ങള്‍ ആയി. പ്രസ്തുതരാജ്യങ്ങള്‍ അധിനിവേശസ്വഭാവം കാണിച്ചു. ഇതുമൂലം നിരന്തരസംഘര്‍ഷം ഉണ്ടായി. കീഴടക്കപ്പെട്ട രാജ്യങ്ങളിലെ പ്രകൃതിസമ്പത്ത് കൊള്ളയടിക്കുക, പ്രകൃതിയേയും മനുഷ്യരേയും ചൂഷണം ചെയ്യുക എന്നതും അവിടെ നടന്നുപോന്നു.
ഭാരതത്തില്‍ വ്യത്യസ്തമായ ചിത്രമാണ് നമുക്ക് കാണാനാവുന്നത്. ഭാരതത്തില്‍ സമൃദ്ധമായ മഴ, വര്‍ഷം മുഴുവന്‍ ലഭിക്കുന്ന സൂര്യപ്രകാശം, ജലസമൃദ്ധമായ നദികള്‍ എന്നിവ മൂലം കൃഷിഭൂമി വളക്കൂറുള്ളതായിരുന്നു. വര്‍ഷം മുഴുവന്‍ കൃഷി നടത്താന്‍ ഇത് സഹായകമായി. ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമമില്ലാതിരുന്നതിനാല്‍ മനുഷ്യന്‍ മറ്റുള്ളവരുടെ ആവശ്യത്തിനുകൂടി വേണ്ടത് ഉല്‍പ്പാദിപ്പിക്കുവാന്‍ ആരംഭിച്ചു. ഇവിടെ തങ്ങളുടെ ഭക്ഷണത്തിന് പങ്ക് ചേരാന്‍വരുന്നവരെ സ്വീകരിച്ചു. അങ്ങനെ വരുന്നവരെ ശത്രുക്കളായല്ല ദേവന്മാരായിട്ടാണ് കണ്ടത്. സമൂഹത്തി ന്റെ അവശ്യങ്ങള്‍ പ്രയാസം കൂടാതെ നിര്‍വ്വഹിക്കാന്‍ സാധിച്ചു. കുടുംബം അടിസ്ഥാന യൂണിറ്റായി. സമൂഹവുമായി സഹവര്‍ത്തിത്വം, സമന്വയം ആണ് ഉണ്ടായത്. മറ്റുള്ളവരുടെ ഭൂമി കയ്യേറണം എന്ന ഭാവം ഉണ്ടായിരുന്നില്ല. ഇങ്ങനെ ഭാരതത്തില്‍ സംഘര്‍ഷം, ചൂഷണം, ഇല്ലായ്മ എന്നിവയില്ലാത്ത ധര്‍മ്മാധിഷ്ഠിതമായ സമൂഹജീവിതം വളര്‍ന്നുവന്നു.
ജീവിതമൂല്യങ്ങള്‍ രൂപപ്പെടുന്നു
സമൂഹങ്ങള്‍ ക്രമേണ സംസ്‌കാരങ്ങളായും നാഗരികതകളായും പരിണമിച്ചു. സംസ്‌കാരങ്ങള്‍ അതത് സമൂഹത്തിന്റെ ജീവിതമൂല്യങ്ങളാണ് ഉള്‍ക്കൊണ്ടത്. നാഗരികതകള്‍ സംസ്‌കാരങ്ങളുടെ പ്രകടീകരണങ്ങളും. അങ്ങനെ യൂറോപ്പ്, മദ്ധ്യേഷ്യ എന്നിവിടങ്ങളില്‍ വളര്‍ന്ന സംസ്‌കാരങ്ങള്‍ സംഘര്‍ഷത്തിലും ചൂഷണത്തിലും അധിനിവേശത്തിലും അധിഷ്ഠിതമായ നാഗരികതകള്‍ക്ക് രൂപം കൊടുത്തു. ഭാരതത്തിലാകട്ടെ സമന്വയവും ദോഹനവും ആയിരുന്നു സമൂഹത്തിന്റെ അടിസ്ഥാനം.
സംസ്‌കാരങ്ങള്‍ വളര്‍ന്നപ്പോള്‍ ചിന്താശീലനായ മനുഷ്യന്‍ സൃഷ്ടിയെക്കുറിച്ച് ചിന്തിച്ചു. ആരാണ് ലോകം സൃഷ്ടിച്ചത്? എന്താണ് ജീവിതലക്ഷ്യം? തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ന്നു. ക്രമേണ മതങ്ങള്‍ക്കും ഈശ്വരസങ്കല്പ ത്തിനും രൂപം നല്‍കി. ലോകം സൃഷ്ടിച്ചത് ദൈവം ആണെന്നുള്ള വിശ്വാസം ഉണ്ടായി. ദൈവത്തെ ആരാധിക്കാ നുള്ള മാര്‍ഗമായി മതം രൂപപ്പെട്ടു. പാശ്ചാത്യര്‍ക്കിടയിലും മദ്ധ്യേഷ്യയിലും ദൈവം പലതുണ്ടായിരുന്നു. ഓരോ ദൈവത്തിലും വ്യത്യസ്തഗുണങ്ങളും. എന്നാല്‍ സെമറ്റിക് മതങ്ങളുടെ ഉദ്ഭവത്തോടെ ഇതിന് മാറ്റങ്ങള്‍ വന്നു. ദൈവം ഏകനാണെന്ന് സെമറ്റിക് മതങ്ങള്‍ വിശ്വസിച്ചു. ജീവിക്കാന്‍ ദൈവനിര്‍ദ്ദേശങ്ങളടങ്ങിയ ഗ്രന്ഥമുണ്ടായി. ഇത് മതഗ്രന്ഥങ്ങളിലേയ്ക്കും ഏകദൈവവിശ്വാസത്തിലേയ്ക്കും നയിച്ചു. ലോകത്ത് ആരാധ്യനായി ഒരൊറ്റ ദൈവമേയുള്ളൂ എന്ന് സെമറ്റിക് മതങ്ങള്‍ ശഠിച്ചു. ആ ദൈവത്തിലേയ്ക്കുള്ള മാര്‍ഗം തങ്ങളുടെ മതം മാത്രമാണ് എന്നവര്‍ വിശ്വസിച്ചു. മാത്രമല്ല ബഹുദൈവാരാധനയും വിഗ്രഹാരാധനയും തെറ്റാണെന്നും അവ പിന്തുടരുന്നത് ഏകദൈവത്തോടുള്ള നിഷേധമാണെന്നും അവര്‍ കരുതി. അതിനാല്‍ അത്തരം മാര്‍ഗം പിന്തുടരുന്നവരെ തങ്ങളുടെ മതത്തിലേയ്ക്കു കൊണ്ടുവരാന്‍ മതപ്രചരണം നടത്തേണ്ടത് ഓരോ വിശ്വാസിയുടേയും കടമയായി. സത്യമതത്തിലേയ്ക്ക് മാറാന്‍ തയ്യാറല്ലാത്തവര്‍ പീഡനങ്ങളും ഉന്മൂലനവും നേരിടേണ്ടതാണ് എന്നതാണ് സെമറ്റിക് മതവിശ്വാസം. ഇത് ലോകത്ത് മതയുദ്ധങ്ങള്‍ക്ക് കാരണമായി. ലോകം മുഴുവന്‍ തങ്ങളുടെ മതം പ്രചരിപ്പിക്കാനായി പരിശ്രമം നട ത്തി. വിശ്വാസികളെന്നും അവിശ്വാസികളെന്നും ലോകം രണ്ടായി തിരിഞ്ഞു. മതങ്ങളുടെ മറവില്‍ കൊടിയ ക്രൂരതകള്‍ അരങ്ങേറി.
സൃഷ്ടിയെക്കുറിച്ചുള്ള സങ്കല്പം
സെമറ്റിക് മതവിശ്വാസപ്രകാരം സൃഷ്ടിയും സ്രഷ്ടാവും വ്യത്യസ്തമാണ്. പ്രപഞ്ചം ദൈവസൃഷ്ടിയാണ്. പ്രപഞ്ചസ്രഷ്ടാവിനെ ആരാധിക്കുവാന്‍ മതം എന്നതാണ് സെമറ്റിക് മതവിശ്വാസം. എന്നാല്‍ ഭാരതത്തില്‍ സമൂഹവും സംസ്‌കാരവും നാഗരികതയും പരിണമിച്ചത് സമന്വയത്തിന്റെ അടിസ്ഥാനത്തിലാണ്. അത് പ്രകൃതിയുമായി ഇണങ്ങിപ്പോകുന്നതായിരുന്നു. അതിന്റെ അടിസ്ഥാനം സഹവര്‍ത്തിത്വവും ഉള്‍ക്കൊള്ളലുമായിരുന്നു. ഭാരതത്തില്‍ സൃഷ്ടിയെക്കുറിച്ചുള്ള ചിന്ത സൃഷ്ടിയും സ്രഷ്ടാവും ഒന്നാണ് എന്നതിലാണ് എത്തിയത്. ഈശ്വരന്‍ സര്‍വ്വവ്യാപിയാണ്, സര്‍വ്വഗ്രാഹിയാണ്. ജഗത്ത് മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ‘സര്‍വ്വം ഖല്വിദം ബ്രഹ്‌മഃ’ എന്നതായിരുന്നു അത്. ശ്രീനാരായണഗുരു പറഞ്ഞതുപോലെ സ്രഷ്ടാവും സൃഷ്ടിയും സൃഷ്ടിക്കുള്ള സാമഗ്രിയും ദൈവമാണ്. ഈശ്വരനില്‍നിന്ന് വേറിട്ട ഒന്നുമല്ല. ‘ബ്രഹ്‌മസത്യം ജഗന്മിഥ്യ’ എന്നത് ഇതിനുദാഹരണമാണ്. ബ്രഹ്‌മം (ഈശ്വരന്‍) ജഗത്ത് മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. അതുകൊണ്ട് ഉള്ളത് ഈശ്വരനാണ്. ജഗത്ത് എന്നൊന്ന് ഈശ്വരനില്‍നിന്ന് വേറിട്ടല്ല. ഈ ഒരൊറ്റ ഈശ്വരനെ ഓരോരുത്തരും അവരവരുടെ നിലപാടിന് അനുസരിച്ച് പലതായി കാണുന്നു – ‘ഏകം സദ് വിപ്രാഃ ബഹുധാ വദന്തി.’ (സത്യം ഏകമാണ് വിദ്വാന്മാര്‍ അതിനെ പലതായി പറയുന്നു.) ഓരോരുത്തരുടേയും നിലപാടിന് അനുസരിച്ച് ഈശ്വരനെ പല രൂപത്തില്‍ ദര്‍ശിക്കാം. വിശക്കുന്നവന്റെ മുന്നില്‍ ഈശ്വരന്‍ അന്നമായിട്ടാണ് പ്രത്യക്ഷപ്പെടുക എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഒരുവന്റെ നിലപാടിന് അനുസരിച്ച് ഈശ്വരനെ കാണാം. കൃഷ്ണഭക്തര്‍ ആലിലകൃഷ്ണനായും ബാലകൃഷ്ണനായും ഗോപീകൃഷ്ണനായും പാര്‍ത്ഥസാരഥിയായും ആരാധിക്കുന്നുവെങ്കിലും എല്ലാവരും ആരാധിക്കുന്നത് കൃഷ്ണനെതന്നെ. ഇതിനര്‍ത്ഥം പല ഈശ്വരന്‍ ഉണ്ടെന്നല്ല, ഒരേ ഈശ്വരനെ പലതായി കാണുന്നു. ഏത് രൂപത്തില്‍ ആരാധിച്ചാലും അതെല്ലാം ഈശ്വരാരാധനയാണ്. ഒറ്റ ദൈവത്തിനും പല പേരുകള്‍, പല രൂപങ്ങള്‍ എന്നതാണ് ബഹുദൈവവിശ്വാസം കൊണ്ടര്‍ത്ഥമാക്കുന്നത്. ഏകത്വം പ്രകടമാകുന്നത് വൈവിദ്ധ്യത്തിലൂടെയാണ്. ഓരോരുത്തരും ആഗ്രഹിക്കുന്ന വിധത്തില്‍ ഈശ്വരന്‍ പ്രത്യക്ഷപ്പെടുന്നു. സൃഷ്ടി നടത്തുന്ന സമയത്ത് ഈശ്വരന്‍ ബ്രഹ്‌മാവും സ്ഥിതി നടത്തുന്ന സമയത്ത് വിഷ്ണുവും സംഹാരം നടത്തുന്ന സമയത്ത് ശിവനുമാണ്.
ഐന്‍സ്റ്റീന്‍ സെമറ്റിക് മതങ്ങളെ തകര്‍ത്തു
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ E =mc² എന്ന സൂത്രവാക്യം കണ്ടുപിടിച്ചു. പിണ്ഡവും ഊര്‍ജ്ജവും പരസ്പരം മാറ്റാവുന്നതാണ് എന്ന് തെളിയിച്ചു. അതോടെ സൃഷ്ടിയും സ്രഷ്ടാവും വ്യത്യസ്തമാണെന്ന സെമറ്റിക് മതവിശ്വാസം തകര്‍ന്നു. പ്രപഞ്ചം മുഴുവന്‍ ഒരൊറ്റ ഊര്‍ജ്ജസംഘാതമാണ്. അതിനെ പിണ്ഡമായി കാണാനും സാധിക്കും. ഈ ശാസ്ത്രവാക്യം പ്രപഞ്ചം മുഴുവന്‍ ഊര്‍ജ്ജമാണ് എന്നുള്ളതും തെളിയിക്കുന്നു. ഊര്‍ജ്ജമല്ലാതെ മറ്റൊന്നും പ്രപഞ്ചത്തിലില്ല. ഈ ഊര്‍ജ്ജം കട്ടപിടിച്ച് പിണ്ഡമായി തീര്‍ന്നു. ഉള്ളത് ഊര്‍ജ്ജമാണ് പിണ്ഡം അതിന്റെ ഘനീഭവിച്ച അവസ്ഥ. ബ്രഹ്‌മം (ഊര്‍ജ്ജം) സത്യം, ജഗത് (പിണ്ഡം) മിഥ്യ എന്നര്‍ത്ഥം. അതിനാല്‍ സൃഷ്ടിയില്‍ നിന്ന് ഭിന്നമായ സ്രഷ്ടാവോ സ്രഷ്ടാവില്‍നിന്ന് ഭിന്നമായ പ്രപഞ്ചമോ ഇല്ല.
ഈശ്വരനും ജഗത്തും വ്യത്യസ്തമാണെന്ന ക്രൈസ്തവ-ഇസ്ലാമിക-യഹൂദമതവിശ്വാസങ്ങളെ തകര്‍ക്കുന്നതാണ് ഐന്‍സ്റ്റീന്റെ കണ്ടുപിടിത്തം. ഈശ്വരന്‍ നിര്‍വ്വികാരനും നിരാകാരനും ആണ്. ജനനം എന്നത് പരമാത്മാവ് ജീവാത്മാവിന്റെ രൂപം ധരിക്കലാണ്. മരണം ജീവാത്മാവ് പരമാത്മാവില്‍ ലയിക്കുന്നതാണ്. ഇത് സെമിറ്റിക് മതങ്ങള്‍ പ്രചരിപ്പിച്ച സ്വര്‍ഗ്ഗം, നരകം തുടങ്ങിയ സങ്കല്പങ്ങളെക്കാള്‍ ശാസ്ത്രീയമാണ്. അവനവന്റെ കര്‍മ്മഫലങ്ങളാണ് മനുഷ്യന്‍ ജീവിതത്തില്‍ അനുഭവിക്കുന്നത്. ‘താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍താനനുഭവിച്ചീടുകെന്നേ വരൂ’ എന്നത് ശാസ്ത്രശുദ്ധമാണ്. ഏതെങ്കിലും ഈശ്വരന്‍ മനുഷ്യനെ പുണ്യവാനോ പാപിയോ ആക്കുന്നില്ല. ഇതെല്ലാം അവന്റെ കര്‍മ്മത്തെ ആശ്രയിച്ചാണ്. കര്‍മ്മത്തെ ആശ്രയിച്ച് ജീവിതം മഹത്തരമോ ദുഷിച്ചതോ എന്ന് തീരുമാനിക്കുന്നു. മനുഷ്യന്‍ വ്യത്യസ്ത അളവുകളില്‍ ധര്‍മ്മം അനുഷ്ഠിക്കുകയും അധര്‍മ്മം നടത്തുകയും ചെയ്‌തേക്കാം. അവനവന്റെ ധര്‍മ്മത്തെ അനുഷ്ഠിച്ചതനുസരിച്ചും അധര്‍മ്മം ചെയ്തതനുസരിച്ചും ഓരോരുത്തര്‍ക്കും ജീവിതാനുഭവങ്ങള്‍ ഉണ്ടാകുന്നു. ജീവിതത്തില്‍ ആകെ ത ധര്‍മ്മവും ഥ അധര്‍മ്മവും ആണെങ്കില്‍ ജീവിതവിജയം തഥ ആയിരിക്കും. ഇങ്ങനെ ഓരോരുത്തരുടേയും കര്‍മ്മങ്ങള്‍ക്കനുസരിച്ച് ഫലം ലഭിക്കുന്നു. സെമറ്റിക് മതങ്ങളില്‍ ഈശ്വരനെ അനുസരിക്കുന്നവര്‍ക്കുമാത്രം ഫലം ലഭിക്കുന്നു. ബ്രഹ്‌മാവും വിഷ്ണുവും ശിവനും ഒരേ ദൈവത്തിന്റെ വിവിധ ഭാവങ്ങള്‍ ആണെന്നും ഒരേ ദൈവം പുരുഷനെപ്പോലെ സ്ത്രീയും ആകുന്നു. സരസ്വതിയും ലക്ഷ്മിയും പാര്‍വ്വതിയും എല്ലാം ഒരേ ദൈവത്തിന്റെതന്നെ രൂപങ്ങളാണ്. ബഹുദൈവവിശ്വാസമെന്നത് പല ദൈവങ്ങളില്‍ വിശ്വസിക്കലല്ല മറിച്ച് ഒരൊറ്റ ഈശ്വരനെ വിവിധ ഭാവങ്ങളില്‍ കാണുന്നതാണ്. ഉള്ളതിനെ പലതായി കാണുന്നു എന്നുമാത്രം. ഈ സങ്കല്പം മൂലം പല മതങ്ങളും ഇവിടെ സഹവര്‍ത്തിത്വത്തോടെ വാണു. ‘പലമതസാരവുമേകം’ എന്ന ഗുരുവചനം ഇതിനെ സൂചിപ്പിക്കുന്നു. ഒരേ ഈശ്വരന് പല രൂപങ്ങളും അതുകൊണ്ട് ഈശ്വരാരാധനയ്ക്ക് മനുഷ്യന് പല മാര്‍ഗ്ഗങ്ങളുമുണ്ട്. എല്ലാ മതങ്ങള്‍ക്കും സഹവര്‍ത്തിത്വത്തോടെ ഭാരതത്തില്‍ ജീവിക്കാന്‍ ഇതുമൂലം സാധിച്ചു. ഏകമതം എന്നത് ഭാരതത്തില്‍ സ്വീകരിച്ചില്ല. പല മതങ്ങള്‍ എന്നതാണ് ഭാരതത്തില്‍ സ്വീകരിച്ചത്. അതിനാല്‍ മതയുദ്ധം, മതവിഭാഗീയത എന്നിവ ഭാരതത്തിലുണ്ടായിട്ടില്ല.
ബഹുസ്വരത നിലനിര്‍ത്താന്‍ ഭാരതീയദര്‍ശനം
ഭാരതത്തില്‍ മതം തീര്‍ത്തും വ്യക്തിപരമായിരുന്നു. ഈശ്വരനെ ആരാധിക്കുവാന്‍ ഓരോരോ വ്യത്യസ്തമാര്‍ഗങ്ങളാണ് ഉള്ളത്. ഭാരതത്തില്‍ ഈശ്വരസങ്കല്പം വേണമെന്നില്ലായിരുന്നു. ജീവിതം മതത്തിന്റെ അടിസ്ഥാനത്തിലല്ല രൂപപ്പെട്ടത്. നിരീശ്വരവാദവും ഇവിടെ തെറ്റായിരുന്നില്ല. ഈശ്വരനില്‍ വിശ്വസിക്കുക എന്നത് അനിവാര്യമായിരുന്നില്ല. ഇവിടെ ജീവിതം കെട്ടിപ്പടുത്തത് ഒരുവന്റെ ഈശ്വരവിശ്വാസത്തെ അടിസ്ഥാനത്തിലല്ല. ഭാരതത്തില്‍ ജീവിതകേന്ദ്രം ധര്‍മ്മമായിരുന്നു. ഈശ്വരനില്‍ വിശ്വസിക്കാത്ത നാസ്തികനും ധര്‍മ്മത്തെ നിഷേധിക്കാന്‍ പാടില്ലായിരുന്നു. ഭാരതത്തില്‍ മതാധിഷ്ഠിതജീവിതമല്ല ഉണ്ടായിരുന്നത്, ധര്‍മ്മാധിഷ്ഠിതജീവിതമായിരുന്നു. ഒരുവന്റെ മഹത്വം അവന്റെ മതവിശ്വാസത്തേയോ ദൈവവിശ്വാസത്തേയോ ആശ്രയിച്ചല്ല. മറിച്ച് ധര്‍മ്മാചരണത്തെ ആശ്രയിച്ചായിരുന്നു. ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ കര്‍മ്മമനുഷ്ഠിക്കുക എന്നതാണ് മുക്തിക്ക് അടിസ്ഥാനം. വിശ്വാസികളെല്ലാം സ്വര്‍ഗത്തിലേയ്ക്ക് പോകുന്നു, അവിശ്വാസികള്‍ നരകത്തിലേയ്ക്കും. ഇത് ഭാരതം സ്വീകരിച്ചില്ല. ഈ ലോകത്ത് അവര്‍ എങ്ങനെ ജീവിച്ചു എന്നതിനല്ല, സെമറ്റിക് മതത്തിലെ ഈശ്വരനെ അനുസരിച്ച് അവര്‍ അവിശ്വാസികളെ ഇല്ലായ്മ ചെയ്‌തോ എന്നതിനാണ് സെമറ്റിക് മതങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. ഒരാള്‍ ഏറ്റവും ഹീനമായ ജീവിതം നയിക്കുകയും അതേസമയം അവിശ്വാസികളെ ഉന്മൂലനം ചെയ്യുകയും ചെയ്താല്‍ അയാള്‍ക്ക് സ്വര്‍ഗം ലഭിക്കുന്നു. സെമറ്റിക് മതങ്ങളിലെ ദൈവത്തിന്റെ ആജ്ഞകള്‍ പാലിക്കാത്ത പക്ഷം ഏറ്റവും ഉല്‍കൃഷ്ടമായ ജീവിതം നയിക്കുന്ന അവിശ്വാസിക്ക് നരകമാണ് വിധിക്കുന്നത്. ഇത് ഉല്‍കൃഷ്ടജീവിതം നയിക്കുന്നതിനുള്ള പ്രേരണ നിലനിര്‍ത്തുന്നില്ല. തീവ്രമതജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സെമറ്റിക് മതങ്ങള്‍ ലോകത്തെ സംസ്‌കാരസമ്പന്നമാക്കുന്നില്ല. അവ ലോകത്തെ അധാര്‍മ്മികമാക്കുന്നു. ഇതാണ് സെമറ്റിക് മതങ്ങളുടെ ദൗര്‍ബല്യം. കര്‍മ്മമാണ് മനുഷ്യജീവിതത്തെ ശ്രേഷ്ഠമാക്കുന്നത് എന്ന ഭാരതീയസിദ്ധാന്തം ലോകത്തെ നന്മയിലേയ്ക്ക് നയിക്കുന്നു.
ഇങ്ങനെ പുതിയ ആളുകള്‍ തങ്ങളുടെ കൂട്ടത്തില്‍ വരുന്നതിനെ ശത്രുതാപരമായി കാണുന്നതിനാല്‍ അവര്‍ക്ക് വൈവിദ്ധ്യം അഥവാ ബഹുസ്വരത അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഇത് ലോകത്ത് വലിയ സംഘര്‍ഷത്തിനിടയാക്കി. പ്രപഞ്ചം വൈവിദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. മനുഷ്യന്‍ കറുത്തതും വെളുത്തതും തവിട്ടുനിറത്തിലുള്ളതും എല്ലാമുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാതെ വെളുത്തവര്‍ കറുത്തവരെ കീഴടക്കി അടിമകളാക്കി. ഓരോ ജനതയ്ക്കും രാഷ്ട്രത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. ആ പ്രത്യേകതകളെ അംഗീകരിച്ചു ജീവിക്കുക എന്ന ആവശ്യം മനുഷ്യന്‍ ദൈവത്തിലേയ്ക്കുള്ള പ്രകടനത്തിലാണെന്ന് ഭാരതീയര്‍ വിശ്വസിച്ചു. ഓരോ മനുഷ്യനും ഉയര്‍ച്ചയുടെ വിവിധ പടവുകളില്‍ ആണ്. മനുഷ്യന്‍ അടക്കം സര്‍വ്വജീവികളും ഈ ഉയര്‍ച്ചയുടെ വിവിധ പടവുകളിലാണ്. അതിനാല്‍ പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളും അതിന്റെ നിലയ്ക്കനുസരിച്ച് സ്വീകാര്യമാണ്. ഇങ്ങിനെ വൈവിദ്ധ്യത്തെ ഉള്‍ക്കൊള്ളുന്നതാണ് ബഹുസ്വരതയെ അംഗീകരിക്കല്‍. ഈ ബഹുസ്വരത നിലനിര്‍ത്താന്‍ ഭാരതീയജീവിതത്തിനേ കഴിയൂ. ബഹുസ്വരതയെ നിഷേധിക്കുന്നതും സംഘര്‍ഷത്തിനിടയാക്കും. ലോകത്ത് ശാന്തിയും സമാധാനവും പുലരാന്‍ ബഹുസ്വരത നിലനില്‍ക്കേണ്ടത് ആവശ്യമാണ്.
സെമറ്റിക് മതങ്ങള്‍ ബഹുസ്വരതയെ നിഷേധിക്കുന്നു. അതിനാല്‍ സെമറ്റിക് മതങ്ങള്‍ക്ക് ലോകപുരോഗതിയും സമാധാനവും ശാന്തിയും കൊണ്ടുവരുവാന്‍ കഴിയില്ല.