മാസത്തിലെയാ വേദനയുടെയാലസ്യത്തില്‍
തളര്‍ന്നിരിക്കുമ്പോഴാകും
മുറ്റത്തെ പേരമരത്തേലിരുന്നൊരു
കാവതികാക്ക വിരുന്നു വിളിക്കുക.
അമ്മയെങ്ങാനും വരുന്നുണ്ടോന്നാകാംക്ഷയോടെ
വഴിക്കണ്ണെറിയും.
അപ്പോഴാകും ഒരോട്ടോറിക്ഷ
ഇരച്ചു വന്നു പടിക്കല്‍ നിക്കുക.
ഇരുകയ്യിലും സഞ്ചികളും തൂക്കി
അമ്മയിറങ്ങി വരും.
അപ്പോഴേവിടെന്നോ ഒരു പ്രകാശം
വന്നു വീടാകെ നിറയും.
കപ്പയും കാച്ചിലും ചേമ്പും
അടുക്കളയലങ്കരിക്കും.
കുട്ട്യോള് അമ്മാമേടെ സാരിത്തുമ്പേല്‍
ചുറ്റിത്തിരിയും.
ഞാനപ്പോളൊരു സുഖാലാസ്യത്തില്‍
പേരമരത്തേല്‍ കെട്ടിയ വലയൂഞ്ഞാലേലൊരു
പുസ്തകവുമായി ചടഞ്ഞുക്കൂടും.
ഒന്നിനുമൊരു അടക്കുംചിട്ടയുമില്ലെന്ന്
അടുക്കളയില്‍ നിന്നമ്മയുടെ
ഒച്ചയുയരും.
ശര്‍ക്കരയിട്ടു തിളപ്പിച്ച ഉലുവവെള്ളവും
ചൂടുസഞ്ചിം കൊണ്ടു തന്നിട്ട്
പോയികെടന്നിത്തിരി നേരം ഒറങ്ങെന്ന് പറയും.
പിറ്റേന്നമ്മ മടങ്ങിപോകാനിറങ്ങുമ്പോ
ഒരീസം കൂടിയമ്മേന്ന് കെഞ്ചും.
അച്ഛനവിടെ ഒറ്റയ്ക്കുറങ്ങുവാന്നമ്മ-
നെടുവീര്‍പ്പിടും.
നായ്ക്കുട്ടിയും കോഴികളും
വിശന്നു വലഞ്ഞിട്ടുണ്ടാകുമെന്നാവലാതി പറയും.
അമ്മാമ്മ പോണ്ടാന്ന് വാശിപിടിക്കുന്ന
കുട്ട്യോളോട് ഇനി ഒരീസം വരാംന്ന് പറഞ്ഞമ്മ,
പടിയിറങ്ങിപ്പോകും.
വീട് പെെട്ടന്നിരുട്ടിലായപോലെ
കണ്ണടയ്ക്കും.
Comments