Tuesday, February 7, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

രാഷ്ട്രധര്‍മ്മത്തിന്റെ ദീപസ്തംഭം

ജി.വി.ഗിരീഷ്‌കുമാര്‍

Print Edition: 3 June 2022

ജൂണ്‍ 12 ഹിന്ദുസാമ്രാജ്യദിനം

ലോകചരിത്രത്തില്‍ ഏറ്റവുമധികം വൈദേശിക ആക്രമണങ്ങളെ നേരിടേണ്ടി വന്ന രാഷ്ട്രമാണ് ഭാരതം. ഹൂണന്മാര്‍, ശാകന്മാര്‍, കുശാനന്മാര്‍, ഗ്രീക്കുകാര്‍, റോമാക്കാര്‍ തുടങ്ങി ബ്രിട്ടീഷുകാര്‍ വരെ അക്രമികളുടെയും അധിനിവേശ ശക്തികളുടെയും പരമ്പര എത്തിനില്‍ക്കുന്നു. ഇത്തരം ആക്രമണങ്ങളുടെ ചെറിയൊരംശം നേരിടേണ്ടി വന്ന മറ്റു രാഷ്ട്രങ്ങളൊക്കെ തകര്‍ന്ന് നാമാവശേഷമായിപ്പോയതും ചരിത്രം. ബാബിലോണിയന്‍, സുമേറിയന്‍-മൊസപ്പൊട്ടോമിയന്‍, ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങള്‍ നിലനിന്നിരുന്ന രാഷ്ട്രങ്ങള്‍ ഉദാഹരണം. നിരന്തരമായ ആക്രമണങ്ങളെ ചെറുത്തുതോല്പിച്ചുകൊണ്ട് കാലാനുസാരിയായി തലയുയര്‍ത്തി നിന്നിട്ടുള്ളത് എല്ലായ്‌പ്പോഴും ഹിന്ദു ജനതയാണ്. ചരിത്രത്തില്‍ ഒരിടത്തും ഹിന്ദു സമൂഹം തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നില്ല. നിരന്തര സംഘര്‍ഷത്തിന്റെ ചരിത്രമാണത്.

പരാജയങ്ങളെക്കാളേറെ വിജയങ്ങളായിരുന്നു നമ്മുടെ പൂര്‍വ്വികര്‍ നേടിയിരുന്നത്. അദ്വിതീയമായ യുദ്ധതന്ത്രങ്ങള്‍ കൊണ്ടും നിപുണതകൊണ്ടും വിജയശ്രീലാളിതരായ അനേകം ഹിന്ദു രാജാക്കന്മാരെ ഭാരതചരിത്രത്തില്‍ കാണാന്‍ കഴിയും. ഭാരതത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും അധീനതയിലാക്കിയ വീരസാമ്രാട്ടുകളും അക്കൂട്ടത്തില്‍ ഉണ്ട്. എന്നിട്ടും എന്തുകൊണ്ട് ഛത്രപതി ശിവാജി മഹാരാജാവിന്റെ സ്ഥാനാരോഹണം മാത്രം ആഘോഷിക്കുന്നു? അതും ഹിന്ദു സാമ്രാജ്യദിനം ആയിട്ട്? മറ്റു ഹിന്ദു സാമ്രാട്ടുകള്‍ക്ക് ഇല്ലാത്ത എന്തുപ്രത്യേകതയാണ് ഛത്രപതി ശിവാജി മഹാരാജാവിനുള്ളത്? ‘ഹിന്ദ്‌വിസ്വരാജ്’ സ്വന്തം തന്ത്രം അക്ഷരാരാര്‍ത്ഥത്തില്‍ നടപ്പാക്കിയിരുന്ന സാമ്രാജ്യം തന്നെ ആയിരുന്നോ? ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഉള്ള വിശകലനം ചുവടെ കുറിക്കുന്നു.

സാമാന്യമായി പണ്ടുകാലത്ത് നേതൃത്വശേഷിയുള്ളവനും യുദ്ധനിപുണനും ആയിട്ടുള്ള ഒരു നേതാവ് തന്റെ കഴിവിനനുസരിച്ച് ഒരു പ്രദേശം കയ്യടക്കി വച്ച് രാജാവാകുന്നു. അദ്ദേഹം അനുവര്‍ത്തിച്ചുവന്ന സംസ്‌കാരത്തിനനുസരിച്ച് രാജ്യത്തിനാവശ്യമായ അടയാളങ്ങള്‍ – കൊടി, വംശനാമം, വംശമുദ്ര, ആസ്ഥാന രാജശാസനകള്‍ എന്നിവ നടപ്പില്‍ വരുത്തുന്നു. സ്ഥാപിക്കപ്പെട്ട രാജപരമ്പരയുടെ അവകാശികളായി തന്റെ കുടുംബത്തിലുള്ള അനന്തരതലമുറയെ നിശ്ചയിക്കുന്നു. ആക്രമണങ്ങളെ നേരിടുന്നതിനോ രാജ്യവിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനോ ഒക്കെയായി യുദ്ധം ചെയ്യുന്നു. ജയപരാജയങ്ങള്‍ക്ക് അനുസരിച്ച് സാമ്രാജ്യങ്ങളായി വികസിക്കുകയോ രാജ്യം ഇല്ലാതെ ആവുകയോ ചെയ്യുന്നു. സമാധാനകാലത്ത് രാജ്യത്തിന്റെ ഭൗതിക – സാംസ്‌കാരിക ഉന്നമനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. (ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുക, ഉത്സവങ്ങള്‍ നടത്തുക, ആചാരങ്ങള്‍ അനുഷ്ഠിക്കുക, കൃഷി-തൊഴില്‍ മേഖല ശ്രദ്ധിക്കുക തുടങ്ങിയവ). മേല്‍ സൂചിപ്പിച്ച കര്‍മ്മങ്ങളെല്ലാം ചരിത്രത്തില്‍ എല്ലാരാജാക്കന്മാരും ചെയ്തിട്ടുള്ളതുതന്നെയാണ്.

എന്നാല്‍ ഹിന്ദുസ്വരാജ്യം എന്ന സങ്കല്പം വികസിച്ചുവരാനുള്ള സാമൂഹ്യ സാഹചര്യം മനസ്സിലാക്കേണ്ടതുണ്ട്. 15-ാം നൂറ്റാണ്ടിന്റെ ആദ്യപാദം മുതല്‍ 17-ാം നൂറ്റാണ്ടിന്റെ മധ്യം വരെ ഭാരതത്തിന്റെ ഏകദേശം പ്രധാന പ്രദേശങ്ങളിലെല്ലാം ഭരണം വൈദേശിക ഇസ്ലാമിക അക്രമകാരികളുടെ കീഴിലായിരുന്നു. സെമറ്റിക് മതങ്ങളുടെ ആവിര്‍ഭാവത്തിനുശേഷമുള്ള വൈദേശിക ആക്രമണങ്ങള്‍ക്ക് സമ്പത്തു കൊള്ളയടിക്കുക മാത്രമായിരുന്നില്ല സാമ്രാജ്യം സ്ഥാപിക്കുകയും ലക്ഷ്യമായിരുന്നു. മറ്റുവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യുകയും തന്റെ വിശ്വാസങ്ങളെ നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കുകയും ചെയ്യുക എന്ന മൂന്നാമതൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു. ദല്‍ഹി കേന്ദ്രീകരിച്ച് സുല്‍ത്താന്മാരും മുഗളന്മാരും നടത്തിയ ഭരണത്തില്‍ ഹിന്ദുക്കള്‍ക്കുമേല്‍ കൊടിയ ക്രൂരതകളും അന്യായങ്ങളും തുടര്‍ച്ചയായി ചെയ്തുകൊണ്ടിരുന്നു. ഹിന്ദുസമാജം ദിശാബോധമില്ലാതെ ഭയചികിതരായി നില്‍ക്കുന്ന അവസ്ഥയില്‍ ആദ്ധ്യാത്മിക, നേതൃത്വം സഹജമായി അവതരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. സാമാജിക നവീകരണത്തിനും കാലാനുസൃതമായ ധാര്‍മ്മിക വ്യാഖ്യാനങ്ങള്‍ക്കും, വ്യവഹാരങ്ങള്‍ക്കും ആചരണത്തിനും നേതൃത്വം കൊടുത്ത ഭക്തി പ്രസ്ഥാനം എന്ന പേരിലറിയപ്പെടുന്ന പ്രതിഭാസം ഹിന്ദുസമാജത്തിലുണ്ടാക്കിയ ഉണര്‍വിന്റെ പരിണാമമായിട്ടുണ്ടായതാണ് അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിയാന്‍ പ്രാപ്തിയുള്ള നേതൃത്വനിര. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമാജിക പ്രതിരോധ ശക്തിയുടെ ബഹിര്‍സ്ഫുരണങ്ങള്‍ ഉണ്ടായി. തെക്ക് വിജയനഗരസാമ്രാജ്യം, സിഖ് ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ പഞ്ചാബില്‍, വടക്കു കിഴക്ക് അഹോരാജവംശം, ഛത്രപതി ശിവാജി മഹാരാജാവിന്റെ ഹിന്ദ്‌വിസ്വരാജ് തുടങ്ങിയ സാമ്രാജ്യങ്ങള്‍ മേല്‍പ്പറഞ്ഞ സാമാജിക ശക്തിയുടെ ഫലമായി ഉണ്ടായതാണ്. വിജയിച്ച ഈ സാമ്രാജ്യങ്ങളെല്ലാം കേവലം പ്രതിക്രിയാത്മക സ്വഭാവത്തിലുള്ളതായിരുന്നില്ല. എല്ലാവരും സനാതനധര്‍മ്മത്തിലൂന്നി നിന്നുകൊണ്ട് ഹിന്ദുസമൂഹത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ഭയന്നുനിന്ന ഹിന്ദുസമാജത്തിന്റെ പൗരുഷം തൊട്ടുണര്‍ത്തിയ വീരന്മാരായ യോദ്ധാക്കളുടെ സൃഷ്ടിയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. എല്ലാവരുടെയും അടിസ്ഥാനം ഹിന്ദുധര്‍മ്മം ആയിരുന്നു. ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ സമാജത്തില്‍ ഉണ്ടായ അനാചാരങ്ങളെ, അന്ധവിശ്വാസങ്ങളെ, പരമ്പരകളെ എല്ലാം ഒരു പരിധിവരെ മാറ്റി നിര്‍ത്തി വിജയഭാവത്തില്‍ സമാജത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ഇവര്‍ക്കു സാധിച്ചിട്ടുണ്ട്. എല്ലാത്തിനും അടിസ്ഥാനമായി വര്‍ത്തിച്ചത് ആദ്യം സൂചിപ്പിച്ച ആദ്ധ്യാത്മിക നേതൃത്വവും അവര്‍ സമാജത്തില്‍ പകര്‍ന്നു നല്‍കിയ ഊര്‍ജ്ജവും ആയിരുന്നു. ഈ നവീകരണ ഊര്‍ജ്ജം നേരിട്ടും പ്രേരണകൊടുത്തുകൊണ്ടും വ്യത്യസ്തമായി പ്രതിഫലിച്ചു. അതില്‍ ഒട്ടൊരു വ്യത്യസ്തതയോടെ കാണാന്‍ കഴിയുന്ന ദേശീയ സാമ്രാജ്യമായിരുന്നു ഛത്രപതി ശിവാജിമഹാരാജാവിന്റെ ‘ഹിന്ദ്‌വിസ്വരാജ്’.

കാര്യസിദ്ധിക്കടിസ്ഥാനം അഞ്ചു ഘടകങ്ങളാണ് എന്ന് ശ്രീമദ് ഭഗവദ്ഗീതയില്‍ ഭഗവാന്‍ അരുളിചെയ്യുന്നുണ്ട്.

പഞ്ചൈതാനി മഹാബാഹോ
കാരണാനി നിബോധമേ
സാംഖ്യേ കൃതാന്തേ പ്രോക്താനി
സിദ്ധയേ സര്‍വ്വകര്‍മ്മണാം (18:13)
അധിഷ്ഠാനം തഥാകര്‍ത്താ
കരണം ച പൃഥഗ്വിധം
വിവിധാ ശ്ച പൃഥക്‌ചേഷ്ടാ
ദൈവം ചൈവാത്ര പഞ്ചമം.(18:14)

ആ അഞ്ചുകാര്യങ്ങള്‍ അധിഷ്ഠാനം, കര്‍ത്താവ്, ഉപകരണവും മാര്‍ഗ്ഗവും, വ്യത്യസ്തങ്ങളായ പ്രവര്‍ത്തന രീതികള്‍-പരിപാടികള്‍, ദൈവാനുഗ്രഹം എന്നിവയാണ്. അതായത് അടിസ്ഥാന ആദര്‍ശം (ധ്യേയം), ആദര്‍ശം നടപ്പില്‍ വരുത്തേണ്ടുന്ന പ്രവര്‍ത്തകന്‍ (സാധകന്‍), പ്രവര്‍ത്തന പദ്ധതിയും മാര്‍ഗ്ഗവും, ലക്ഷ്യപൂര്‍ത്തിക്കുവേണ്ടി പദ്ധതിക്കനുസരിച്ചുള്ള വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍, ദൈവാനുഗ്രഹം എന്നിങ്ങനെ സാമൂഹ്യമായി വിശദീകരിക്കാം. ഹിന്ദ്‌വിസ്വരാജിന്റെ സ്ഥാപനകാര്യത്തില്‍ ഈ അഞ്ച് അംശങ്ങളുടെയും സമഞ്ജസമായ സമ്മേളനം കാണാന്‍ കഴിയും.

അധിഷ്ഠാനം-അടിസ്ഥാന ആദര്‍ശം-ലക്ഷ്യം
ഷഹാജി ഭോണ്‍സ്ലെ എന്ന സേനാനായകന്റേയും ജീജാഭായിയുടെയും മകനായി ജനിച്ച ശിവഭോണ്‍സ്ലെ എന്ന ശിവാജിയുടെ വൈചാരിക അടിത്തറ തികഞ്ഞ ഹിന്ദുത്വം ആയിരുന്നു. മറാത്തയില്‍ ഒരു ചൊല്ലുണ്ട്. – ശിവാജി മഹാരാജാവിന്റെ വാളിന്റെ ശക്തിയാലല്ല ജീജാഭായിയുടെ താരാട്ടു പാട്ടില്‍ നിന്നാണ് ഹിന്ദ്‌വിസ്വരാജ് ജന്മമെടുത്തത്’ എന്ന്. കുഞ്ഞു ശിവനില്‍ ഹിന്ദുപാരമ്പര്യത്തിന്റേയും ദേശാഭിമാനത്തിന്റേയും അമൃതം മുലപ്പാലിനൊപ്പം നല്‍കുന്നതില്‍ അവതാര മാതൃത്വമായ ജീജാഭായി വിജയിച്ചു എന്നു മാത്രമല്ല അത് നിലയ്ക്കാത്ത പ്രേരണയായി നിലകൊണ്ടു എന്നതാണ് വിസ്മയാവഹം. ശിവാജി ഹിന്ദ്‌വിസ്വരാജിന്റെ ഛത്രപതിയായി അഭിക്ഷിക്തനായി കൃത്യം പതിനൊന്നു ദിവസം കഴിഞ്ഞ് ആ വീരമാതൃത്വം അവതാരോദ്ദേശ്യം പൂര്‍ത്തിയാക്കി സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്നതും ഒപ്പം ചേര്‍ത്തു വായിക്കേണ്ട ചരിത്രം! ഒരു യോദ്ധാവ് എന്ന നിലയില്‍ ബാല്യം മുതല്‍ ദാദാജി കൊണ്ടദേവ് എന്ന ഗുരുനാഥന്‍ നിഴല്‍പോലെ ശിവജിയോടൊപ്പം ഉണ്ടായിരുന്നു. ഹിന്ദു സംസ്‌കാരത്തിന്റെ അഭിന്നഘടകമായ ഋഷി പരമ്പരകളുടെ അനുഗ്രഹാശിസ്സുകളും ചരിത്ര നിയോഗമെന്നോണം സദ്ഗുരു സമര്‍ത്ഥരാമദാസസ്വാമികളുടെ രൂപത്തില്‍ ശിവാജിക്ക് ലഭിച്ചു. ഹിന്ദു സമാജത്തെക്കുറിച്ചു അമ്മയില്‍ നിന്നും ഹിന്ദുധര്‍മ്മത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ഗുരുക്കന്മാരില്‍ നിന്നും പകര്‍ന്നുകിട്ടിയ ശിവാജിയുടെ അധിഷ്ഠാനം ഹിന്ദ്‌വിസ്വരാജിന്റെ സ്ഥാപനം എന്നായിമാറിയത് നിയതിയുടെ നിയോഗം ആയിട്ടാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് കേവലം മഹാരാഷ്ട്രയില്‍ മാത്രമൊതുങ്ങുന്ന ഒരു സാമ്രാജ്യമായിരുന്നില്ല. ആസേതുഹിമാചലം വ്യാപിച്ചുകിടക്കുന്ന ഈ ഹിന്ദുരാഷ്ട്രം ആയിരുന്നു അദ്ദേഹത്തിന്റെ ഉള്ളില്‍. തന്റെ അധിഷ്ഠാനത്തില്‍ നിന്നും അണുവിടവ്യതിചലിക്കാതെ ആജന്മം മുന്നോട്ടു പോകാന്‍ അദ്ദേഹത്തിനുകഴിഞ്ഞു. മാത്രമല്ല, താന്‍ മനസ്സിലാക്കിയ സനാതനസത്യം (അധിഷ്ഠാനം) ഒപ്പമുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിനും കഴിഞ്ഞു. അതിശയകരമായ വേഗതയില്‍ തന്റെ ആദര്‍ശം സാധാരണക്കാരില്‍ സാധാരണക്കാരന്റെ ഉള്ളില്‍ വരെ ഉറപ്പിക്കുന്നതിന് അദ്ദേഹത്തിനു സാധിച്ചു. അതുകൊണ്ടുമാത്രമാണ് തലമുറകള്‍ക്ക് ശേഷം ഇന്നും മധ്യഭാരതത്തില്‍ ശിവാജി മഹാരാജാവ് ഒരു ദിവ്യവിഗ്രഹമായി ജനഹൃദയത്തില്‍ വിരാജിക്കുന്നത്.

കര്‍ത്താവ് – പ്രവര്‍ത്തകന്‍
അധിഷ്ഠാനത്തെ – ആദര്‍ശത്തെ അതേപടി ജീവിതവ്രതമാക്കി സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ, സൈനികരെ തയ്യാറാക്കുക എന്നതാണ് കാര്യസാധ്യത്തിന് വേണ്ട മറ്റൊരുഗുണം. 1645ല്‍ വനത്തില്‍ രോഹിതേശ്വരക്ഷേത്രത്തിന്റെ ഭഗ്നാവശിഷ്ടങ്ങളുടെ മുന്നില്‍ നിന്നു ഭഗവപതാകയുടെ സാന്നിദ്ധ്യത്തില്‍ ഒരുപിടി വനവാസിഗ്രാമീണ ബാലന്മാരെക്കൊണ്ട് ഹിന്ദ്‌വിസ്വരാജ് സ്ഥാപിക്കുന്നതിനുള്ള പ്രതിജ്ഞ എടുപ്പിക്കുന്നതുമുതല്‍ തുടങ്ങുന്ന ജൈത്രയാത്ര അഫ്ഗാനിസ്ഥാനിലെ അട്ടക്ക്‌കോട്ട പിടിച്ചെടുത്ത് ഖാണ്ഡഹാര്‍ വരെ തുടര്‍ന്നു എങ്കില്‍ ആയത് നിര്‍വ്വഹിക്കുന്നതിനുള്ള യോദ്ധാക്കളെ സജ്ജരാക്കുന്നതിനുള്ള സംവിധാനം എത്രമാത്രം ഫലപ്രദമായിരുന്നു എന്നു മനസ്സിലാക്കാം. അദ്ദേഹം തയ്യാറാക്കിയ യോദ്ധാക്കളുടെ നിരയില്‍ ചരിത്രം സൃഷ്ടിച്ച താനാജി മുതല്‍ ആയിരക്കണക്കിന് രണധീരന്മാരാണുള്ളത്. അവരില്‍ ഹിന്ദുസമാജത്തിന്റെ യഥാര്‍ത്ഥ പരിച്ഛേദം ദര്‍ശിക്കാമായിരുന്നു. വനവാസികള്‍ മുതല്‍ പണ്ഡിതശ്രേഷ്ഠര്‍ വരെ ആ പട്ടിക നീളുന്നു. അക്കാലത്ത് സ്വരാജ്യത്തിലെ സൈനികനാവുക എന്നത് മഹാരാഷ്ട്രയിലെ സാമാന്യയുവാവിന്റെ സ്വപ്‌നമായിരുന്നു. സ്വരാജ്യസൈനികന്‍ സമാജരക്ഷകനായിരുന്നു, ആദര്‍ശത്തിന്റെ ആള്‍രൂപമായിരുന്നു. സൈനികരുടെ കഴിവുകള്‍ കണ്ടറിഞ്ഞ് അവരെ യഥാവിധി ഫലപ്രദമായി വിനിയോഗിച്ചിരുന്നു. എല്ലാവരും അവരുടെ ചുമതല കൃത്യമായി നിര്‍വ്വഹിച്ചിരുന്നു. സ്വരാജ്യത്തിന്റെ വിജയത്തിനും നിലനില്പിനും വേണ്ടി എന്തുത്യാഗവും സഹിക്കാന്‍ അവര്‍ തയ്യാറായിരുന്നു. ഖണ്ഡോബാലാലിന്റെ വ്യക്തി അനുഭവവും ത്യാഗവും ഇവിടെ സ്മരണീയമാണ്. ശിവാജിയുടെ വിശാല്‍ഗഡ് കോട്ടയിലേക്കുള്ള പ്രയാണത്തില്‍ ശത്രുസൈന്യത്തെ ഇടുങ്ങിയ ചുരത്തില്‍ തടഞ്ഞുനിര്‍ത്തി നാലുമണിക്കൂര്‍ സൂര്യതേജസ്സോടെ യുദ്ധം ചെയ്ത ബാജിപ്രഭുദേശ് പാണ്ഡെ എന്ന വീരയോദ്ധാവ് മറ്റൊരുദാഹരണമാണ്. ശിവാജി മഹാരാജ് വിശാല്‍ ഗഡ് കോട്ടയില്‍ സുരക്ഷിതമായി എത്തി പീരങ്കി മുഴക്കുന്നതുവരെ അലൗകിക തേജസ്സോടെ ബാജിറാവു യുദ്ധം ചെയ്തു. സിംഹഗഡ് കോട്ട പിടിക്കാന്‍ വേണ്ടിയുള്ള താനാജിയുടെ വീരാഹുതിയെക്കുറിച്ച് അദ്ദേഹം വേദനയോടെ പറഞ്ഞത് ”സിംഹഗഡ് കിട്ടി പക്ഷേ സിംഹം പോയി” എന്നാണ്. സൈനികരെ തെരഞ്ഞെടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ആദര്‍ശവാന്മാരാക്കുന്നതിനും അവരുടെ ക്ഷേമൈശ്വര്യങ്ങള്‍ പരിപാലിക്കുന്നതിനും എല്ലാം സൂക്ഷ്മമായ വ്യവസ്ഥകളാണ് അദ്ദേഹം സ്വരാജ്യത്തില്‍ ചെയ്തിരുന്നത്.

കരണം ച പൃഥക് വിധം –
പദ്ധതികളും ആസൂത്രണവും
സ്വരാജ്യത്തിന് തനതായ പദ്ധതികളും ആസൂത്രണവും ശിവാജിക്ക് ഉണ്ടായിരുന്നു. മറ്റു ഹിന്ദുരാജാക്കന്മാര്‍ ചെയ്തതുപോലെ യുദ്ധക്കളത്തില്‍ നേരിട്ടു യുദ്ധം ചെയ്ത് വീരാഹുതി വരിക്കുക എന്നുള്ള രീതി മാത്രമല്ല കുറഞ്ഞ വിഭവങ്ങളെ പരമാവധി ഉപയോഗിക്കുന്നതരത്തില്‍ അദ്ദേഹം ഒളിപ്പോര്‍ യുദ്ധമുറയും സ്വീകരിച്ചു. എതിരാളികളെ തങ്ങള്‍ക്ക് അനുകൂലമായ പ്രദേശത്ത് എത്തിച്ച് കീഴ്‌പ്പെടുത്തുക, ഭൂപ്രകൃതിയുടെ ആനുകൂല്യത്തെ പരമാവധി ഉപയോഗിക്കുക എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മാര്‍ഗ്ഗങ്ങളാണ് സ്വരാജ്യസേന സ്വീകരിച്ചിരുന്നത്. സൂക്ഷ്മമായ ചാരചക്ഷുസ്സുകളായിരുന്നു സ്വരാജ്യസേനയുടെ മറ്റൊരു സവിശേഷ സംവിധാനം. അത്യന്തം നയചാതുരിയോടെ ലഭിക്കുന്ന വിവരങ്ങളെ വിശകലനം ചെയ്ത് ശത്രു പക്ഷത്തെ ആശയക്കുഴപ്പത്തിലാക്കി ഭിന്നിപ്പിച്ച് തോല്പിച്ച് വരുതിയിലാക്കാന്‍ സ്വരാജ്യസേനയ്ക്ക് കഴിഞ്ഞു. ആസൂത്രണമില്ലാതെ അദ്ദേഹം ഒരു യുദ്ധം പോലും ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ ജയവും പരാജയവും ഒരുപോലെ ആസൂത്രണം ചെയ്യപ്പെട്ടവയായിരുന്നു. ശത്രുപക്ഷത്തിന് ഒരു തരത്തിലും പ്രവചിക്കാന്‍ കഴിയാത്ത നീക്കങ്ങളായിരുന്നു സ്വരാജ്യ സേന നടത്തിയത്. ഇങ്ങനെ വിജയിച്ച ആസൂത്രണങ്ങളും പദ്ധതികളും ആവിഷ്‌കരിച്ച രാജാക്കന്മാര്‍ ലോകചരിത്രത്തില്‍ പോലുമില്ല. ഈ ആസൂത്രണ മികവ് പില്‍ക്കാലത്ത് വിയറ്റ്‌നാം യുദ്ധം ജയിക്കുന്നതിന് ഹോചിമിന് പോലും മാതൃകയായിത്തീര്‍ന്നു എന്നത് ഒപ്പം ചേര്‍ത്തു മനസ്സിലാക്കേണ്ടതാണ്.

വിവിധാശ്ച പൃഥക്‌ചേഷ്ടാ-
വ്യത്യസ്തങ്ങളായ പരിപാടികള്‍ – യുദ്ധങ്ങള്‍ കര്‍മ്മങ്ങള്‍
സ്വരാജ്യസേന ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം വിജയിച്ചതായാണ് ചരിത്രം. ആകെ 176 യുദ്ധങ്ങള്‍ സ്വരാജ്യ സേന നടത്തിയിട്ടുണ്ട്. അവയൊക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ചെയ്ത യുദ്ധങ്ങള്‍ എല്ലാത്തിലും വ്യത്യസ്തങ്ങളായ തന്ത്രങ്ങളാണ് പ്രയോഗിച്ചിരുന്നത്. വിജയിച്ച് അധീനതയിലാക്കിയ പ്രദേശങ്ങളിലെല്ലാം സമാജത്തിന് ആത്മവിശ്വാസം നല്‍കുന്ന ഭരണക്രമം കാഴ്ചവച്ചിരുന്നു. ഭൂപ്രഭുക്കന്മാരില്‍ നിന്നും ഭൂമികര്‍ഷകര്‍ക്കുകൊടുത്ത് കാര്‍ഷികാഭിവൃദ്ധി ഉണ്ടാക്കി. ചെറുകിട തൊഴിലുകള്‍ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക രംഗം ശക്തമാക്കുക, തകര്‍ന്ന ക്ഷേത്രങ്ങള്‍ പുനഃരുദ്ധരിക്കുക തുടങ്ങിയുള്ള സമാജോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മാമൂലുകള്‍ പൊട്ടിച്ചെറിഞ്ഞ് ആദ്യമായി നാവികസേനയുണ്ടാക്കി. രാജ ഭരണത്തിനുള്ള ഭാഷ സംസ്‌കൃതമാക്കി മാറ്റി. അതിനുവേണ്ടി ഒരു രാജ്യവ്യവഹാരകോശം ഉണ്ടാക്കി. ‘അഷ്ടപ്രധാന്‍’ എന്ന പേരില്‍ എട്ടുപേര്‍ ഉള്‍പ്പെട്ട മന്ത്രിസഭ (പേഷ്വാമാര്‍) ഉണ്ടാക്കി. ഹിന്ദു സമ്പ്രദായത്തിലേക്ക് മടങ്ങിവരുന്നവര്‍ക്ക് അനുമതിയും ആദരവും നല്‍കി. അങ്ങനെ ആരോടുമില്ല പ്രീണനം, എല്ലാവര്‍ക്കും തുല്യനീതി എന്ന സമീപനം ഹിന്ദ്‌വിസ്വരാജ്യത്തിലാണ് ആദ്യമായികൊണ്ടുവന്നത് എന്നു പറയാം. ഹിന്ദുത്വം അധിഷ്ഠാനമായിട്ടുള്ള രാജ്യമായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ഹിന്ദ്‌വിസ്വരാജ്. താന്‍ നേടിയ രാജ്യത്തെ അഹംഭാവത്തിന്റെ കണികപോലും ഇല്ലാതെ സമര്‍ത്ഥരാമദാസ സ്വാമികളുടെ മുന്നില്‍ ഭിക്ഷയായി സമര്‍പ്പിച്ച ഭരണാധികാരിയാണ് ശിവാജി മഹാരാജ്. വേദങ്ങള്‍ അനുശാസിക്കുന്ന ക്ഷേമരാഷ്ട്രസങ്കല്പത്തിന്റെ ആധുനികരൂപം ആ സ്വരാജ്യത്തില്‍ ദര്‍ശിക്കാന്‍ കഴിയും.

ദൈവാനുഗ്രഹം
അഹങ്കാരലേശമില്ലാതെ യുഗാനുകൂലമായ ധര്‍മ്മം നിറവേറ്റുന്ന ഭാവത്തിലായിരുന്നു ശിവാജി മഹാരാജാവ് പ്രവര്‍ത്തിച്ചിരുന്നത്. ആയതിനാലാണ് ഭവാനിദേവിയുടെ അനുഗ്രഹാശിസ്സുകള്‍ ആ സ്വരാജ്യത്തിന് എല്ലായ്‌പ്പോഴും ഉണ്ടായിരുന്നത്. തന്റെ കാലശേഷവും സ്വരാജ്യം നിലനില്‍ക്കുന്നതിനുള്ള അടിത്തറ ഈ ദൈവാനുഗ്രഹം തന്നെയായിരുന്നു. പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിനുള്ള ദൈവികമായ ശക്തി യുദ്ധങ്ങളിലാകട്ടെ മറ്റവസരങ്ങളിലാകട്ടെ സദാസര്‍വ്വദാ ഉണ്ടായിരുന്നു എന്നുള്ളത് വസ്തുതയാണ്.

ശൂന്യതയില്‍ നിന്നാവിര്‍ഭവിച്ച ഹിന്ദ്‌വിസ്വരാജ്യം ഹിന്ദുവിലെ പരതന്ത്രതാഭാവത്തെ മാറ്റി അവരെ ആത്മവിശ്വാസമുള്ള ജനതയാക്കി മാറ്റി. ഛത്രപതി ശിവാജി മഹാരാജാവിന്റെ ജീവിതവും ദര്‍ശനവും തലമുറകള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ദീപസ്തംഭമായി നിലനില്‍ക്കുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആറ് ഉത്സവങ്ങളില്‍ ഒന്നായി ഹിന്ദുസാമ്രാജ്യദിനം സ്വീകരിക്കാനുള്ള കാരണവും ഇതാണ്. അത് മാതൃഭൂമിയുടെ ക്ഷേമൈശ്വര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനുള്ള നിത്യപ്രേരണയാകട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു.

(ആര്‍.എസ്.എസ്. പ്രാന്തീയ സഹ സേവാപ്രമുഖാണ് ലേഖകന്‍)

Tags: ഹിന്ദു സാമ്രാജ്യ ദിനം
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

തോക്കിലും തോര്‍ത്തിലും മതം മണക്കുന്നവര്‍

പ്രസ്ഥാനങ്ങള്‍ പിറക്കുന്നു (ആദ്യത്തെ അഗ്നിപരീക്ഷ 47)

ഉന്നത വിദ്യാഭ്യാസം കേന്ദ്ര സര്‍വകലാശാലകളില്‍

പെലെ-കാല്‍പന്തിന്റെ ചക്രവര്‍ത്തി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies