നാനോ (Nano) എന്ന വാക്കിന്റെ ഉദ്ഭവം ഗ്രീക്കുഭാഷയില്‍ നിന്നാണത്രേ! കുള്ളന്‍ (dwarf) എന്നര്‍ത്ഥം വരുന്ന “nanos’-ല്‍ നിന്നാണ് ഇംഗ്ലീഷില്‍ ഈ വാക്കെത്തിയത്. വളരെ ചെറിയ അളവുകളെ സൂചിപ്പിക്കാനാണ് ഇംഗ്ലീഷില്‍ ഈ പദം ഉപയോഗിക്കുന്നത്. സിബിനന്‍ ഹരിദാസ് എന്ന കഥാകാരന്‍ അദ്ദേഹം എഴുതിയ ‘നാനോ കഥകള്‍’ എനിക്ക് അയച്ചു തന്നിരിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ തീരെ ചെറിയ കഥകളാണ്.
വ്യത്യസ്തത സൃഷ്ടിക്കുക എന്നതാണല്ലോ ഓരോ എഴുത്തുകാരന്റെയും ശ്രമം. അവരവരുടെ ശബ്ദം വേറിട്ടുകേള്‍പ്പിക്കാന്‍ പല തന്ത്രങ്ങളും എഴുത്തുകാരന്‍ പയറ്റുന്നു. ചിലര്‍ വിജയിക്കുന്നു. മറ്റു ചിലര്‍ പരാജയപ്പെട്ടു പോകുന്നു. ജപ്പാനിലെ ഹൈക്കു കവിതകളെ അനുകരിച്ച് കേരളത്തിലും ചിലര്‍ മൂന്ന് വരിക്കവിതകള്‍ എഴുതാന്‍ ശ്രമിച്ചു. ഒന്നും ശ്രദ്ധേയമായില്ലെങ്കിലും ചെറിയ കവിതകള്‍ എഴുതിയ കുഞ്ഞുണ്ണി ഏവര്‍ക്കും പ്രിയങ്കരനായി. കുഞ്ഞുണ്ണിമാഷിന് ഹൈക്കുവിനെക്കുറിച്ച് അറിയാമായിരുന്നു എന്നതിന് സൂചനകളൊന്നുമില്ല. അമേരിക്കയില്‍ ലോകയുദ്ധത്തിനു ശേഷം പ്രത്യക്ഷപ്പെട്ട ഒരു കവിതാ സമ്പ്രദായമാണ് naked poetry’ അതിനെ അനുകരിച്ചാണോ എന്നറിയില്ല മലയാളത്തില്‍ ‘നഗ്നകവിത’ എഴുതാന്‍ കുരീപ്പുഴ ശ്രീകുമാര്‍ എന്ന കവി തുനിഞ്ഞു. അമേരിക്കക്കാരുടെ”naked poetry’ വൃത്തരഹിതമായ എഴുത്തിനെയാണ് സൂചിപ്പിക്കുന്നത്, കുരീപ്പുഴയ്ക്കും വൃത്തമില്ല എല്ലാം ഗദ്യത്തിലാണ്.
ചെറുകഥയിലും പല പരീക്ഷണങ്ങളും പലയിടത്തും നടന്നു. ഫ്‌ളാഷ് ഫിക്ഷന്‍ (Flash Fiction) എന്ന രീതിയില്‍ പുറത്തിറങ്ങിയ കഥയില്‍ വെറും ആറ് വാക്കുകളെ ഉണ്ടായിരുന്നുള്ളൂ. അതിപ്രകാരമായിരുന്നു:”For Sale: baby shoes, never worn” ഏണസ്റ്റ് ഹെമിങ്ങ് വേ എഴുതിയതെന്നു കരുതപ്പെടുന്ന ഈ കഥ ലോകത്തിലെ ഏറ്റവും ചെറിയ ചെറുകഥയാണ്. വളരെ ധ്വന്യാത്മകമായ ഈ വരികളില്‍ മരിച്ചു പോയ ഒരു കുട്ടിയുടെ ഷൂ ആണ് വില്‍ക്കാന്‍ വച്ചിരിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. കുഞ്ഞിനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നു രക്ഷപ്പെടാന്‍ മാതാവോ പിതാവോ ആകാം ഷൂ വില്‍ക്കാന്‍ പോകുന്നതെന്നും ഊഹിക്കാം. കഥയുടെ കര്‍തൃത്വം ഹെമിങ്‌വേയ്ക്കു നല്‍കുന്നതിനെ പലരും എതിര്‍ക്കുന്നുണ്ട്. മറ്റാരോ എഴുതിയ കഥ അദ്ദേഹത്തിന്റെ പേരില്‍ പ്രചരിച്ചു എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്.
സിബിന്‍ ഹരിദാസിന്റെ നാനോകഥകളും ധ്വന്യാത്മകമാണ്. അതുകൊണ്ടു തന്നെ അതിനെ കഥയെന്നതിനെക്കാളുപരി ‘കവിത’ എന്നു വിളിക്കാനാണ് എനിക്കിഷ്ടം. ഒരു കഥ ഇവിടെ ഉദ്ധരിക്കാം. ‘സൗന്ദര്യം’ നിലാവിന്റെ സൗന്ദര്യത്തെക്കുറിച്ച് അയാള്‍ ഏറെവായിച്ചറിഞ്ഞു. പ്രതീക്ഷയോടെ ആകാശത്തേക്കു നോക്കിയിരുന്നു. ഒടുവില്‍ നിരാശയോടെ കണ്ണുകളടച്ചു മനസ്സിന്റെ സൗന്ദര്യം നഷ്ടപ്പെട്ടെന്ന തിരിച്ചറിവ് അയാളെ തൊട്ടു.” ഇത് കഥയാണെന്നു പറയാനാവില്ല, കവിത തന്നെ. മനസ്സിന്റെ സൗന്ദര്യം നഷ്ടപ്പെട്ടെന്ന തിരിച്ചറിവില്‍ ധ്വനിയുണ്ട്. ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. ജീവിത നൈരാശ്യമെല്ലാമുണ്ട്. ഉദ്ധരിക്കാന്‍ പോന്നവയാണ് ഹരിദാസിന്റെ കഥകളെല്ലാം (കവിത). ആകര്‍ഷകമായ ആ എഴുത്ത് അഭിനന്ദനം അര്‍ഹിക്കുന്നു.
എന്‍.ആര്‍.സി നായര്‍ ശാസ്ത്രജ്ഞനാണ്. 2010ല്‍ വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ നിന്നും വിരമിച്ച അദ്ദേഹം ഇപ്പോള്‍ പൂര്‍ണസമയ എഴുത്തുകാരനാണ്. ശാസ്ത്രകഥകളും ശാസ്ത്രലേഖനങ്ങളും കവിതയും ഒക്കെ എഴുതുന്ന അദ്ദേഹം ആദ്യമായെഴുതിയ നോവലാണ് ‘ഒരു നിയോഗം’. വളരെ നാളുകള്‍ക്കു മുമ്പ് എനിക്ക് അയച്ചുതന്ന നോവല്‍ ഇപ്പോഴാണ് വായിക്കാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ ‘നീ ബുദ്ധിമാന്‍ തന്നെ’ എന്ന ശാസ്ത്രകഥാസമാഹാരം തമിഴ്‌നാട്ടില്‍ ഏഴാംക്ലാസ് കുട്ടികളുടെ പാഠപുസ്തകമാണ്.
നോവല്‍ വായിച്ചപ്പോള്‍ ഒരു കാര്യം ബോധ്യമായി. ശാസ്ത്രം പോലെ എഴുത്തും എന്‍.ആര്‍.സി നായര്‍ക്കു വഴങ്ങും. ആദ്യനോവലിന്റെ ബാലാരിഷ്ടതകള്‍ ഒന്നുമില്ല. വളരെ അനുഭവസമ്പന്നനായ ഒരു നോവലിസ്റ്റിനെപ്പോലെ തട്ടും തടവും തീരെയില്ലാതെ നല്ല ഒഴുക്കോടെയുള്ള എഴുത്ത്. കൃത്യം 400 പേജുണ്ടെങ്കിലും ഒറ്റ വായനയില്‍ തന്നെ തീര്‍ക്കാവുന്ന കൃതി. വിരസത അനുഭവപ്പെടുന്നില്ല. ഭാഷാപരമായും അപാകതകള്‍ ഒന്നുമില്ല. ഒരു ശാസ്ത്രജ്ഞന്റെ എഴുത്തിന്റെ കൃത്യതയും അടുക്കും ചിട്ടയുമൊക്കെയുണ്ട്. രേഖീയമായ കഥയുടെ സഞ്ചാരം. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ഫ്‌ളാഷ്ബാക്കിലൂടെ കഥപറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവിടെയും വ്യക്തതക്കുറവൊന്നുമില്ല. ശരിയായ വിശദീകരണങ്ങളൊക്കെ നല്‍കിക്കൊണ്ട് കഥാഘടനയെ സുവ്യക്തമാക്കുന്നുണ്ട്. മൊത്തത്തില്‍ തെളിമയുള്ള രചനാരീതി.
‘ഒരു നിയോഗം’ എന്ന പേരിലെ ‘ഒരു’ എന്ന സംഖ്യവാചിയായ വിശേഷണം അധികപ്പറ്റായി തോന്നുന്നു. ‘നിയോഗം’ എന്നു മാത്രമാണെങ്കിലും രചയിതാവ് ഉദ്ദേശിച്ചതൊക്കെ കിട്ടുമായിരുന്നു. ‘ഒരു’ കഥാപാത്രത്തിന്റെ നിയോഗത്തെ അല്പം ചുരുക്കുന്നു. ധാരാളം നിയോഗങ്ങളില്‍ ഒന്നുമാത്രമായിപ്പോകുന്നു. ‘നിയോഗം’ എന്നുമാത്രം മതിയാകുമെന്നു തോന്നുന്നു.
വലിയ ഒരു കാന്‍വാസിലാണ് നോവലിന്റെ കഥ പരന്നുകിടക്കുന്നത്. തകഴിയുടെ കയറും കേശവദേവിന്റെ അയല്‍ക്കാരും ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും ഒക്കെപ്പോലെ തലമുറകളിലേയ്ക്കു പടരുന്ന രചന. ജീവിതവും രാഷ്ട്രീയവും ഇഴചേര്‍ന്നുകിടക്കുന്ന ഇതിവൃത്തം. പഴയ ഫ്യൂഡല്‍ കാലത്തെ കേരളത്തില്‍ നിന്നു ആരംഭിക്കുന്ന കഥ ക്രമേണ കമ്മ്യൂണിസ്റ്റുകാരുടെ വളര്‍ച്ചയും അപചയവും ഒക്കെ ചര്‍ച്ച ചെയ്യുന്നു. നായിക കഥാപാത്രമായ ജോതി കേരളീയരുടെ മനസ്സിലുള്ള കാല്പനിക കമ്മ്യൂണിസ്റ്റിന്റെ പ്രതിരൂപമാണ്. ഇത്തരം ‘ധീരോദാത്ത ഗുണശാന്തന്മാരായ’ കമ്മ്യൂണിസ്റ്റുകളെ എത്രയോ നോവലുകളും സിനിമകളും അവതരിപ്പിച്ചു കഴിഞ്ഞു. ജീവിതത്തില്‍ അത്തരം ആദര്‍ശധീരന്മാരെ നമ്മള്‍ ഒരിക്കലും കണ്ടെത്തിയിട്ടില്ല. പുറമേ നന്മയുടെ പ്രതിരൂപങ്ങളായി നടിക്കുന്ന ഇവര്‍ മിക്കവാറും കടുത്ത അഴിമതിക്കാരും ആദര്‍ശശൂന്യന്മാരും ആയാണു കണ്ടിട്ടുള്ളത്. എന്നിട്ടും നോവലുകളും ചലച്ചിത്രങ്ങളും ഇപ്പോഴും ഇത്തരക്കാരെ ആദര്‍ശധീരന്മാരായി അവതരിപ്പിച്ചുപോരുന്നു. അത് കേരളത്തിന്റെ ഒരു പതിവു ക്ലീഷേയാണ്.
ആദര്‍ശധീരനായ ജോതി നിരപരാധിയാണെങ്കിലും ഒരു കൊലക്കേസില്‍ പ്രതിയായി നാടുവിടുന്നു. ഒടുവില്‍ മുംബൈയില്‍ എത്തുന്നു. മുംബൈയിലെത്തുന്ന എല്ലാ മലയാളികളും അധോലോകനായകന്മാരാകുന്നതാണല്ലോ നമ്മുടെ ഫിക്ഷനുകളുടെ ഒരു പതിവുരീതി. ഇവിടെയും മാറ്റം സംഭവിക്കുന്നില്ല. അധോലോകത്തില്‍ ഒരു കൈനോക്കേണ്ടിവരുന്നു നായകന്. സേട്ടുഗ്രൂപ്പും ഛോട്ടാ ജീവന്‍ ഗ്രൂപ്പുകാരും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ആദര്‍ശവാദിയായ പഴയ കമ്മ്യൂണിസ്റ്റിനും പക്ഷം ചേരേണ്ടിവരുന്നു. രണ്ടുകൂട്ടരും ചോരകൊണ്ടു കളിക്കുന്നവരാണല്ലോ! ഒടുവില്‍ കൊലക്കേസില്‍ പ്രതിയായി ജയിലില്‍ അടയ്ക്കപ്പെടുന്നു. കാലങ്ങള്‍ക്കു ശേഷം പുറത്തിറങ്ങിയ ജോതി അവസാനം നാട്ടില്‍ മടങ്ങിയെത്തുന്നു. അപ്പോഴേയ്ക്കും ഇന്ത്യ സ്വതന്ത്രമായിക്കഴിഞ്ഞു. സ്വാഭാവികമായും പഴയ കേസുകളൊക്കെ പിന്‍വലിക്കപ്പെടുമല്ലോ. അങ്ങനെ സ്വതന്ത്രനായെങ്കിലും നാട്ടില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാകുന്ന അപചയം അദ്ദേഹത്തെ നിരാശനാക്കുന്നു. ഒടുവില്‍ ലക്ഷ്യരഹിതനായി യാത്രയ്‌ക്കൊരുങ്ങുന്നു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയത്തെക്കുറിച്ച് ധാരാളം നോവലുകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. അതില്‍ ആദ്യത്തേത് കേശവദേവിന്റെ ‘അധികാര’മാണ്. പിന്നീങ്ങോട്ട് പലരും ആ വിഷയം കൈകാര്യ ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റായ ചെറുകാടിന്റെ ‘ദേവലോകം’ പോലും ചര്‍ച്ച ചെയ്യുന്നത് നേതാക്കളുടെ വഴിവിട്ട പോക്കിനെക്കുറിച്ചു തന്നെ. കാക്കനാടന്റെ ഉഷ്ണമേഖലയിലെ ശിവന്‍കുട്ടിയും പാര്‍ട്ടിയുടെ അപചയത്തിന്റെ രക്തസാക്ഷിയാണ്. ഈ ജനുസില്‍പെട്ട ഏറ്റവും യാഥാര്‍ത്ഥ്യബോധത്തോടെ എഴുതപ്പെട്ട കൃതി എം. സുകുമാരന്റെ ശേഷക്രിയ തന്നെ. ഒരു കാലത്ത് ഈ നോവല്‍ കൈവശമിരുന്നാല്‍ സിപി.എം നടപടിയെടുക്കുമായിരുന്നുവെന്നു കേട്ടിട്ടുണ്ട്.
പാര്‍ട്ടി അപചയത്തെ വളരെ ലഘൂകരിച്ചാണ് എന്‍.ആര്‍.സി എഴുതുന്നത്. അദ്ദേഹത്തിന്റെ ഊന്നല്‍ 64-ലെ പിളര്‍പ്പിലാണ്. പല ശുദ്ധാത്മക്കളേയും പോലെ നോവലിസ്റ്റും കരുതുന്നത് പിളര്‍ന്നില്ലായിരുന്നുവെങ്കില്‍ ഇന്ത്യയിലും കേരളത്തിലും ഗുണപരമായ എന്തോ മാറ്റം ഉണ്ടാകുമായിരുന്നു എന്നാണ്. പിളര്‍ന്നതു ഭാരതത്തിന്റെ ഭാഗ്യം കൊണ്ടാണ്. ഒരുമിച്ചു നിന്നു അധികാരമെങ്ങാന്‍ കിട്ടിയിരുന്നെങ്കില്‍ എത്ര ദയനീയമാകുമായിരുന്നു ഇന്ത്യയുടെ അവസ്ഥ. പാര്‍ട്ടി വിട്ടുപോകുന്നവരെ അപവാദം കൊണ്ടും അക്രമം കൊണ്ടും തകര്‍ക്കുന്ന ഇടതുരീതി അവതരിപ്പിക്കാന്‍ നോവലിസ്റ്റ് ഭയക്കുന്നില്ല. വലതുകമ്മ്യൂണിസ്റ്റായി ജോതിയെന്നൊരു വാര്‍ത്ത വന്നപ്പോള്‍ തന്നെ അതിന്റെ നിജസ്ഥിതി അന്വേഷിക്കുക പോലും ചെയ്യാതെ പഴയ സഖാവിനെതിരെ അപവാദ പ്രചരണം ആരംഭിക്കുകയാണ്. ഇത് ഇന്നും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന സംഗതിയാണല്ലോ!
~ഒരു ശാസ്ത്രജ്ഞന്റെ സാന്നിധ്യം പലയിടത്തും ദര്‍ശിക്കാന്‍ കഴിയുന്ന ‘ഒരു നിയോഗം’ നല്ലനിലവാരം പുലര്‍ത്തുന്ന ആഖ്യായിക തന്നെ. 399-ാം പേജില്‍ ‘സ്ഥലകാലങ്ങള്‍ വക്രമാണെന്നു ശാസ്ത്രം’ എന്ന് എഴുതാന്‍ സാധാരണക്കാരനാവില്ലല്ലോ. വരേണ്യവര്‍ഗ്ഗം, സവര്‍ണ ഭൂപ്രഭുക്കള്‍ തുടങ്ങിയ പതിവു ക്ലീഷേകള്‍ പലയിടത്തും തിരുകി വച്ചിട്ടുണ്ടെങ്കിലും അത് നോവലിസ്റ്റിന്റെ പരിമിതിയായി കാണേണ്ട കാര്യമില്ല. ഒഴുക്കിനെതിരെ നീന്താന്‍ ശേഷിയുള്ളവര്‍ അപൂര്‍വ്വമല്ലേ! കേരളത്തിലെ ഇന്നത്തെ പൊതുരീതികള്‍ക്കു പിറകേ തന്നെയാണ് ഈ നോവലിസ്റ്റും സഞ്ചരിക്കുന്നത്. എന്നിരിക്കിലും രചനാപരമായ അഭംഗികളൊന്നുമില്ലാത്ത നല്ല ഒരു നോവല്‍ സൃഷ്ടിക്കാന്‍ എന്‍.ആര്‍.സി നായര്‍ക്കു കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ പരിശ്രമം സാര്‍ത്ഥകമാണെന്നു കരുതാം.