ഭാരതത്തില്‍ 200 വര്‍ഷം ബ്രിട്ടീഷുകാര്‍ ഭരണം നടത്തി. ആ 200 വര്‍ഷത്തിനകം 47 ട്രില്യണ്‍ ഡോളറിന്റെ സമ്പത്ത് അവര്‍ ഭാരതത്തില്‍നിന്നും കൊള്ളയടിച്ചു ബ്രിട്ടനിലേക്ക് കടത്തി. അതിന് മുമ്പ് പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍ എന്നിവര്‍ ഭാരതത്തിലെ സമ്പത്ത് കൊള്ളയടിച്ചു കടത്തിയതിന് കണക്കില്ല. ഒന്നാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെ ലോകത്തിന് ആവശ്യമായ ഉത്പാദനത്തിന്റെ മുപ്പത്തിരണ്ട് ശതമാനവും ഉല്പാദിപ്പിച്ചിരുന്നത് ഭാരതത്തിലായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം ഭാരതത്തില്‍ വൈദേശിക ശക്തികളുടെ മതാധിപത്യത്തിനായും രാഷ്ട്രീയ അധീശത്വത്തിനായും നടന്ന പോരാട്ടങ്ങളും യുദ്ധങ്ങളും ഉല്പാദനമേഖലയില്‍ ഭാരതത്തിന് ഉണ്ടായിരുന്ന അപ്രമാദിത്വം നശിപ്പിച്ചു. 1947-ല്‍ സ്വാതന്ത്ര്യം കിട്ടിയെങ്കിലും ഭാരതത്തിന് ഒരിക്കലും ആ പൂര്‍വ്വകാലവൈഭവം തിരികെ പിടിക്കാന്‍ ഈ അടുത്തകാലം വരെ സാധിച്ചിരുന്നില്ല. ആയിരം വര്‍ഷത്തെ അടിമത്തം സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തിയതുകൊണ്ട് ആത്മവിശ്വാസം നഷ്ടപ്പെട്ട് പുരോഗതിയിലേക്കുള്ള ഗതിവേഗം നശിച്ച ഒരു രാജ്യമായി നാം തലയും താഴ്ത്തി കഴിഞ്ഞുവന്നു. ഇക്കാലമത്രയും ഇന്ത്യ ഭരിച്ച രാഷ്ട്രീയക്കാര്‍ ഇന്ത്യ ഒരു ദരിദ്രരാജ്യമാണ് എന്ന് ആവര്‍ത്തിച്ചു ആണയിട്ടു പ്രസംഗിച്ചത് കേട്ട് കാതുകള്‍ തഴമ്പിച്ച ഇന്ത്യക്കാര്‍ ദാരിദ്ര്യം ഇന്ത്യയില്‍ സ്ഥിരമാണ് എന്നൊരു മാനസികാവസ്ഥയിലെത്തി. ഇത്തരത്തില്‍ ഒരു അടിമ മനോഭാവത്തില്‍ ജീവിച്ചുവന്ന സാധാരണ സമൂഹത്തെ വീണ്ടും പൂര്‍വകാലത്തിലെപ്പോലെ ലോകത്തിന് ആവശ്യമായതെല്ലാം ഉല്പാദിപ്പിക്കുന്ന, ലോകത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ സക്ഷമരായ വിജിഗീഷു മനോഭാവത്തിലേയ്ക്ക് മാറ്റിയെടുത്ത് ഭാരതത്തെ വീണ്ടും ലോകത്തിന്റെ സുവര്‍ണ്ണപ്പറവയാക്കാനുള്ള ഒരു യജ്ഞമാണ് സ്വാവലംബി ഭാരത് അഭിയാന്‍. സമ്പത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതീയരെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെന്നും മുകളിലുള്ളവരെന്നും വേര്‍തിരിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ ശ്രേണീവിഭജനം ഇല്ലാതാക്കാനായി ഇന്ത്യയില്‍നിന്നും ദാരിദ്ര്യത്തെ തുടച്ചുമാറ്റി ഭാരതത്തില്‍ ഉള്ള എല്ലാവരെയും ദാരിദ്ര്യരേഖയ്ക്ക് മുകളിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്താനാണ് ഈ ഭഗീരഥയജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുള്ള മാര്‍ഗ്ഗം ഭാരതത്തിലെ എല്ലാവര്‍ക്കും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതാണ് എന്നുള്ളതുകൊണ്ട് ഭാരതത്തിലെ എല്ലാവര്‍ക്കും തൊഴില്‍ ലഭ്യമാക്കുന്നതിനായുള്ള സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഒരു സര്‍വബൃഹദ് പദ്ധതിയാണ് ഇത്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ സാമ്പത്തിക സങ്കുലില്‍ ഉള്‍പ്പെട്ട വിവിധ ക്ഷേത്ര സംഘടനകളായ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത്, സ്വദേശി ജാഗരണ്‍ മഞ്ച്, ഭാരതീയ കിസാന്‍ സംഘ്, ഭാരതീയ മസ്ദൂര്‍ സംഘ്, സഹകാര്‍ ഭാരതി, ലഘു ഉദ്യോഗ് ഭാരതി തുടങ്ങി സമൂഹത്തില്‍ ആഴത്തില്‍ ജനസ്വാധീനമുള്ള ഭാരതീയ ജനതാ പാര്‍ട്ടി, അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിഷത് എന്നീ നിരവധി ദേശീയ സംഘടനകളുടെയും കൂട്ടായ്മയിലാണ് ഈ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്.
ഭാരതത്തില്‍ ഭരണത്തില്‍ വന്ന കഴിഞ്ഞകാല സര്‍ക്കാരുകളുടെ യുവജനങ്ങളോടുള്ള വികലമായ സമീപനം തൊഴില്‍ എന്നാല്‍ ശമ്പളത്തിന് ജോലിയെടുക്കുന്നതാണെന്നും, അതില്‍ത്തന്നെ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജോലി മാത്രമാണ് ജോലിയെന്നുമുള്ള ഒരു വികലമായ കാഴ്ചപ്പാട് യുവജനങ്ങളില്‍ സൃഷ്ടിച്ചു. അതുകൊണ്ട് ബഹുഭൂരിഭാഗം വരുന്ന യുവജനങ്ങള്‍ കൃഷി, സ്വയംതൊഴില്‍, ചെറുകിട കുടില്‍ വ്യവസായങ്ങള്‍ എന്നിവയില്‍നിന്നും ലഭിക്കുന്ന വരുമാനത്തെ ജോലിയായി കാണുവാന്‍ മനസ്സില്ലാത്തവരായി. ഇതിന് ഒരു പരിധിവരെ അവരുടെ മാതാപിതാക്കളും കാരണക്കാരായിരുന്നു. തങ്ങളുടെ മക്കള്‍ സര്‍ക്കാര്‍ ജോലിക്കാരാകണമെന്നു മാത്രമാണ് അവര്‍ ആഗ്രഹിച്ചത്. അതിന്റെ ഫലമായി കൃഷിഭൂമി വിറ്റും, പണയം വെച്ചും മാതാപിതാക്കള്‍ മക്കളെ പഠിപ്പിച്ചു. അതിന്റെ ദൂഷ്യഫലമായി കൃഷി മോശമാണെന്നും സര്‍ക്കാര്‍ ഉദ്യോഗമാണ് മികച്ചതെന്നുമുള്ള ഒരു ചിന്ത യുവജനങ്ങളില്‍ വേരുറച്ചു. എന്നാല്‍ ഫലത്തില്‍ അത്തരത്തില്‍ വിദ്യാഭ്യാസം നേടിയ എല്ലാവര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗം കിട്ടിയില്ല. മാത്രമല്ല ജീവനോപാധിയായി കുടുംബത്തിന് ഉണ്ടായിരുന്ന പാരമ്പര്യ കൃഷി ഭൂമിയും നഷ്ടപ്പെട്ടു. എന്നാല്‍ യഥാര്‍ത്ഥ വസ്തുത വരുമാനം കുറവാണെങ്കിലും ഭാരതത്തിലെ 40% – 42% ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗം കൃഷിയുമായി ബന്ധപ്പെട്ടതായിരുന്നു. ഭാരതത്തില്‍ ജോലിയെടുക്കുന്നവര്‍ അതായത് 18നും 65നും ഇടയ്ക്ക് പ്രായമുള്ളവരുടെ സംഖ്യ 51.2 കോടിയാണ്. ഇതില്‍ സഫായിവാല മുതല്‍ രാഷ്ട്രപതിവരെയുള്ള എല്ലാ തരത്തിലുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജോലികളും കൂടാതെ സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയിലെ ജോലികളും കണക്കാക്കിയാല്‍ വെറും 3.8 കോടി മാത്രമാണ് ഉള്ളത്. അതായത് 51.2 കോടിയില്‍ 7.4 ശതമാനം മാത്രം. ഇതില്‍ സര്‍ക്കാര്‍ ജോലി കേവലം 2.5% മാത്രമാണ്. അതുപോലെ കരാര്‍ ജോലികള്‍, വര്‍ഷത്തില്‍ നൂറു ദിവസത്തോളം മാത്രം ലഭ്യമാകുന്ന സ്ഥിരമല്ലാത്ത ജോലികള്‍, മറ്റു കൂലിപ്പണി എന്നിവയെല്ലാം ചേര്‍ത്താല്‍ 20-21% വരും. ബാക്കി വരുന്ന 79-80% തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നത് കൃഷി, സ്വയംതൊഴില്‍, ചെറുകിട കുടില്‍ വ്യവസായ മേഖലകളിലാണ്.
ഇപ്പോഴും ഭാരതത്തിലെ ജനസംഖ്യയില്‍ 42-43% കൃഷിയുമായി നേരിട്ട് ബന്ധപ്പെട്ടു ഉപജീവനം നടത്തിക്കൊണ്ടിരിക്കുന്നവരാണ്. എന്നാല്‍ ഇവരുടെ വരുമാനം വളരെ കുറവാണ്. വരുമാനം കുറവാണെങ്കില്‍കൂടി തൊഴില്‍സ്ഥിരതയും സാമ്പത്തിക സുരക്ഷിതത്വവും ഇവര്‍ക്ക് കൃഷിയിലൂടെ ലഭ്യമാകുന്നു. ഭാരതത്തിലെ കൃഷിക്കാരില്‍ 86.2% പേര്‍ക്കും രണ്ടു ഹെക്ടറില്‍ താഴെ മാത്രമേ കൃഷിഭൂമി സ്വന്തമായുള്ളൂ. ഭാരതത്തില്‍ 16 കോടി ഹെക്ടര്‍ കൃഷിയ്ക്ക് അനുയോജ്യമായ ഭൂമിയുണ്ട്. ലോകത്ത് വേറെ ഒരു രാജ്യത്തിനും ഇത്രയും വലിയ കൃഷിഭൂമി ഇല്ല. ഭാരതം ഒരു കാര്‍ഷിക പ്രാധാന്യമുള്ള രാജ്യമായതുകൊണ്ടും, ഭാരതത്തിന്റെ കാര്‍ഷിക മേഖല ശക്തിപ്പെടുത്തുകയെന്നാല്‍ ഓരോ കര്‍ഷകനിലൂടെയും രാജ്യത്തെത്തന്നെ ശക്തിപ്പെടുത്തുകയാണെന്നുമുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാട് ഉള്ളതുകൊണ്ടുമാണ് സമീപകാല സര്‍ക്കാര്‍ കേന്ദ്ര ബഡ്ജറ്റില്‍ കാര്‍ഷികമേഖലയ്ക്ക് വലിയ പ്രാധാന്യം കൊടുത്തു കയ്യയച്ചു സഹായിച്ചു കൊണ്ടിരിക്കുന്നത്.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്ത് 1430 ഉല്‍പ്പന്നങ്ങള്‍ ചെറുകിട കുടില്‍ വ്യവസായ മേഖലയില്‍ മാത്രമായി നിര്‍മ്മിക്കാന്‍ പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ പതുക്കെ പതുക്കെ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍ ഈ മേഖലയില്‍ വന്‍കിട കമ്പനികള്‍ക്കും പ്രവേശനം അനുവദിച്ചു. പുത്തന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും വിപണിയിലെ അപ്രമാദിത്വവും കൈവശമുള്ള ബഹുരാഷ്ട്ര വന്‍കിട കമ്പനികള്‍ ചെറുകിട കുടില്‍ വ്യവസായ മേഖലയില്‍ ഉല്പാദനത്തിന് ഇറങ്ങിയതോടെ വിപണിയില്‍ പിടിച്ചു നില്‍ക്കാനാകാതെ, അനേകായിരങ്ങള്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന ചെറുകിട കുടില്‍ വ്യവസായ സംരംഭങ്ങള്‍ അടച്ചുപൂട്ടി. ബഹുരാഷ്ട്ര കമ്പനികള്‍ക്കു മാത്രമല്ല ഭാരതത്തിലെ വ്യവസായ ഭീമന്മാര്‍ക്കും കുത്തക കമ്പനികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍ ഇളവുകള്‍ കൊടുത്തു. ഇന്ന് റിലയന്‍സ് ചെറുകിട വ്യാപാരമേഖല പിടിച്ചടക്കി ചില്ലറവില്‍പന കടകള്‍ നടത്തുന്നു. ടാറ്റാ ഉപ്പ് ഉത്പാദിപ്പിക്കുന്നു. ഭക്ഷ്യ എണ്ണകളും വലിയ വലിയ കമ്പനികളാണ് ഉല്പാദിപ്പിക്കുന്നത്. ഇതുപോലെത്തന്നെ നമ്മുടെ സോപ്പ്, എണ്ണ, ശീതളപാനീയങ്ങള്‍ എന്നിവയുടെ ഉല്പാദനത്തിലെല്ലാം യൂണിലിവര്‍, പെപ്‌സികോ, കൊക്കോകോള എന്നിങ്ങനെയുള്ള അന്താരാഷ്ട്ര കമ്പനികള്‍ പിടിമുറുക്കി. ഫലമായി അനേകം ചെറുകിട സംരംഭങ്ങള്‍ അടച്ചുപൂട്ടി. അനേകായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. വ്യവസായഭീമന്മാര്‍ വന്‍ലാഭം ഉണ്ടാക്കുകയും, അത് നികുതിയായി സര്‍ക്കാരിലേക്ക് കൊടുക്കുകയും ചെയ്തു. സര്‍ക്കാര്‍ ആ തുക തന്നെ വിവിധ ക്ഷേമ പെന്‍ഷനുകളായി ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നു. ആത്മാഭിമാനത്തോടെ അധ്വാനിച്ചു ജീവിച്ചിരുന്നവര്‍ തല കുനിച്ചു സര്‍ക്കാരിന്റെ ദയാദാക്ഷിണ്യത്തില്‍ ലഭിക്കുന്ന പെന്‍ഷനുവേണ്ടി യാചിക്കുന്നത് എന്തൊരു വിരോധാഭാസമാണ്? ഒരു ഷോപ്പിംഗ് മാള്‍ വരുമ്പോള്‍ അത് ഏകദേശം ആ പ്രദേശത്തെ അഞ്ഞൂറോളം ചെറുകിട വ്യാപാരികളുടെ നിലനില്‍പ്പിനെ പ്രത്യക്ഷമായോ, പരോക്ഷമായോ ബാധിക്കുന്നു. ചെറുകിട വ്യാപാരികളുടെ കടകളുമായി ബന്ധപ്പെട്ട് തൊഴിലെടുത്തു ജീവിക്കുന്ന അയ്യായിരം പേരുടെയെങ്കിലും തൊഴില്‍ ഇതുമൂലം ഇല്ലാതാവുന്നു. ഇത് പരിഹരിക്കാനോ, തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പകരം തൊഴില്‍ ലഭ്യമാക്കാനോ ഉള്ള നടപടികള്‍ ആരുടെയും ബാധ്യതയല്ല. ഇത് ആ പ്രദേശത്തിന്റെ തന്നെ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുന്നു. ഈ ആഘാതം ചെറുക്കാനുള്ള നടപടികള്‍ വികേന്ദ്രീകൃതമായ വ്യാപാരവാണിജ്യത്തിലൂടെ മാത്രമേ സാധ്യമാകൂ.
ഓരോ രാജ്യത്തിനും സാമ്പത്തികമായി അവരെ ശക്തരാക്കുന്ന ഒരു ഘടകമുണ്ട്. ലോകത്തിലെ ഉയര്‍ന്ന വരുമാനം ഉള്ള അമേരിക്കന്‍ ഐക്യനാടുകളുടെ പ്രധാന വരുമാന സ്രോതസ്സ് ബൗദ്ധിക സ്വത്തവകാശങ്ങളില്‍ നിന്നുള്ള അതായത് അവരുടെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത പേറ്റന്റുകളില്‍നിന്നുള്ള വരുമാനമാണ്. ചൈനയുടെ ശക്തിയെന്നത് കുറഞ്ഞ ചെലവില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള അവരുടെ കഴിവാണ്. അതുകൊണ്ട് ലോകത്ത് ഏത് ഉല്പന്നവും ഏറ്റവും കുറഞ്ഞ ചെലവില്‍ ചൈനയില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയും. അങ്ങനെ ലോകത്തിന്റെ ഉല്പാദനഹബ്ബ് ആയിരുന്നുകൊണ്ടാണ് ചൈന ലോക സമ്പദ്ഘടന നിയന്ത്രിക്കുന്നത്. രണ്ടു അണുവിസ്‌ഫോടനങ്ങള്‍ തകര്‍ത്തെറിഞ്ഞെങ്കിലും ജപ്പാന്‍ സമ്പദ്ഘടനയില്‍ ശക്തരായിരിക്കുന്നത് ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍ മേഖലയിലെ മേധാവിത്വം കൊണ്ടാണ്. ജര്‍മനിയുടെ ശക്തി ഹൈടെക്ക് സാങ്കേതികവിദ്യയും പുതുപുത്തന്‍ സ്റ്റാര്‍ട്ട് അപ്പുകളുമാണ്. മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എണ്ണ നിക്ഷേപങ്ങള്‍കൊണ്ട് മാത്രമാണ് സമ്പദ്ഘടന നിയന്ത്രിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഭാരതത്തിന്റെ ശക്തിയെന്നത് ഭാരതത്തിലെ യുവജനസംഖ്യയാണ്.
ചൈനീസ് ജനസംഖ്യയുടെ ശരാശരി പ്രായം 37 വയസ്സാണ്. അമേരിക്കയുടേതും 37 വയസ്സാണ്. പടിഞ്ഞാറന്‍ യൂറോപ്പിന്റേത് 45 ഉം ജപ്പാന്റേത് 49 തുമാണ്. എന്നാല്‍ ഭാരതത്തിലെ ജനസംഖ്യയുടെ ശരാശരി പ്രായം 28 വയസ്സാണ്. അതായത് ഇന്ന് ലോകരാഷ്ടങ്ങള്‍ക്കിടയില്‍ യുവത്വം തുളുമ്പി നില്‍ക്കുന്ന ഒരേയൊരു രാജ്യം ഭാരതം മാത്രമാണ്.
ജി.ഡി.പി
ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക ശക്തി അളക്കുന്നത് ആ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദന നിരക്ക് അഥവാ ജി.ഡി.പി (Gross Domestic Product) അടിസ്ഥാനമാക്കിയാണ്. ഒരു നിശ്ചിത പ്രദേശത്ത് നിശ്ചിത കാലയളവില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും സേവനത്തിന്റെയും വിപണിമൂല്യമാണ് മൊത്ത ആഭ്യന്തര ഉല്പാദനം. ഒരു രാജ്യത്തിന്റെ യുവജനസംഖ്യയും ആ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദന നിരക്കും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ജപ്പാനിലെ യുവജനസംഖ്യ കൂടുതലായിരുന്ന 1964-മുതല്‍ 2004-വരെ ജപ്പാനിലെ ആഭ്യന്തര ഉല്പാദന നിരക്ക് അഥവാ ജി.ഡി. പി(Gross Domestic Product) 6% ആയിരുന്നു. എന്നാല്‍ 2004-നുശേഷം ജനസംഖ്യയുടെ ഭൂരിഭാഗം വാര്‍ദ്ധക്യത്തില്‍ എത്തിയപ്പോള്‍ ജപ്പാന്റെ ജി.ഡി.പി ഇടിഞ്ഞു 2% ആയി കുറഞ്ഞു. ഭാരതത്തിലെ ഇപ്പോഴത്തെ യുവജനസംഖ്യ 2018-മുതല്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി. മാത്രമല്ല ഈ ശരാശരി ജനസംഖ്യാ പ്രായം 2055-വരേയ്ക്ക് നിലനില്‍ക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഭാരതത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദന (ജി.ഡി.പി) നിരക്ക് വര്‍ദ്ധിപ്പിക്കാനായി വിവിധ നൈപുണ്യ വികസന പദ്ധതികളിലൂടെ ഈ യുവജനസംഖ്യയ്ക്ക് യോഗ്യമായ പരിശീലനം കൊടുത്തു അവരെ കര്‍മ്മോത്സുകാരാക്കുകയാണ് സ്വാവലംബി ഭാരത് അഭിയാനിലൂടെ ലക്ഷ്യമിടുന്നത്.
നാലു മേഖലകളിലായാണ് ഈ യജ്ഞം പ്രവൃത്തിപഥത്തില്‍ നടപ്പാക്കുന്നത്. വികേന്ദ്രീകരണം, പ്രാദേശിക സ്വദേശി വസ്തുക്കളുടെ ഉല്പാദനവും ഉപഭോഗവും, സംരംഭകത്വം, സഹകരണം. ഒന്നാമതായി തൊഴിലവസരങ്ങള്‍ ആസൂത്രണം ചെയ്യുന്നതും ലഭ്യമാകുന്നതും ജില്ലാ അടിസ്ഥാനത്തിലാക്കി വികേന്ദ്രീകരിച്ചിരിക്കുന്നു. കാരണം ഓരോ ജില്ലയ്ക്കും ഓരോ സവിശേഷതകളുണ്ട്. ആ സവിശേഷതകള്‍ മനസ്സിലാക്കി ആ ജില്ലയ്ക്ക് യോജിച്ച വ്യവസായങ്ങളും അതിനെ അടിസ്ഥാനമാക്കിയുള്ള തൊഴിലവസരങ്ങളും സൃഷ്ടിച്ചെങ്കില്‍ മാത്രമേ തൊഴില്‍ അവസരങ്ങള്‍ കൊണ്ട് ജനസംഖ്യയ്ക്ക് പ്രയോജനമുണ്ടാകുകയുള്ളൂ. രണ്ടാമതായി സ്വദേശിയാണ് ഉപയോഗിക്കുന്നതെങ്കില്‍ കൂടിയും പ്രാധാന്യം കൊടുക്കേണ്ടത് പ്രാദേശിക വിപണിയില്‍ ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ പ്രാദേശികമായി ഉത്പാദിപ്പിക്കാനും വിപണനം ചെയ്യാനുമാണ്. കാരണം അപ്രകാരമുള്ള ഉത്പാദനം കൊണ്ട് പ്രാദേശികമായി നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും, കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉല്പാദനം സാധ്യമാവുകയും ചെയ്യും. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുമ്പോള്‍ ക്രയവിക്രയം കൂടുകയും പ്രാദേശിക ഉല്പാദകരുടെ വരുമാനം വര്‍ദ്ധിക്കുകയും ചെയ്യും. മുപ്പത്തിയേഴ് കോടി വരുന്ന യുവജനതയ്ക്ക് എല്ലാവര്‍ക്കും ജോലി കൊടുക്കാന്‍ സര്‍ക്കാരിന് മാത്രമല്ല, സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയ്ക്കും കഴിയില്ല. അത്രത്തോളം ജോലി ഒഴിവുകള്‍ ഈ മേഖലകളില്‍ ലഭ്യമല്ല എന്നതുതന്നെ കാരണം. അതുകൊണ്ട് യുവാക്കള്‍ സ്വന്തം കഴിവും പ്രയത്‌നവും ഉപയോഗിച്ച് സ്വയം സംരംഭകരായി മാറി ചെറുകിട കുടില്‍ വ്യവസായ മേഖലകളില്‍ പുതിയ പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങി വിജയിപ്പിച്ചു മറ്റുള്ളവര്‍ക്ക് ജോലി നല്‍കുകയാണ് ഇതിന് പ്രതിവിധി. ചെറുകിടയോ വന്‍കിടയോ ആകട്ടെ സ്വതന്ത്രമായ വ്യവസായസംരംഭങ്ങള്‍ കൂടുതലുള്ള രാജ്യത്തില്‍ ജി.ഡി.പി കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ ഭാരതം സാമ്പത്തികമായി ശക്തമാകാന്‍ ഏറ്റവും കൂടുതല്‍ പങ്കു വഹിക്കാന്‍ കഴിയുന്നത് യുവസംരംഭകര്‍ക്കാണ്. അതുപോലെതന്നെ പ്രാധാന്യമുള്ള ഒരു മേഖലയാണ് സഹകരണമേഖല. ലോകത്തിന് തന്നെ മാതൃകയായ സഹകരണ മേഖലയുടെ വിജയമാതൃക ഗുജറാത്തിലെ അമുലിന്റേതാണ്. ഗുജറാത്തിലെ 36 ലക്ഷം ക്ഷീരകര്‍ഷകരുടെ ജീവിതത്തില്‍ ക്രിയാത്മകമായ പരിവര്‍ത്തനം വരുത്തി അവരെ സാമ്പത്തികമായി ശക്തരാക്കിയ അമുല്‍ വിജയമാതൃക ഇന്ന് രാജ്യത്ത് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നടപ്പാക്കിയിട്ടുണ്ട്. മുതലാളിയുടെ മൂലധനം കൊണ്ട് മനുഷ്യവിഭവശേഷി വിലയ്ക്കെടുക്കുമ്പോള്‍ അത് മുതലാളിത്തത്തിന് വഴി തുറക്കുന്നു. എന്നാല്‍ മനുഷ്യ വിഭവശേഷി ഉപയോഗിച്ച് മൂലധനം സൃഷ്ടിക്കുമ്പോള്‍ അത്പരസ്പര സഹകരണത്തോടെയുള്ള നിരവധിപേര്‍ ഒരുമിച്ചു സഹകരിച്ചു കൂട്ടുത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന സഹകരണമേഖലയായി മാറുന്നു. മംഗലാപുരത്തെ കാംപ്‌കോ, കണ്ണൂരിലെ ഇന്ത്യന്‍ കോഫീ ഹൗസ് എന്നിവ സഹകരണമേഖലയുടെ ഉത്തമ ഉദാഹരണങ്ങളാണ്.
ഇന്ന് യഥാര്‍ത്ഥത്തില്‍ നമുക്ക് ചുറ്റും ഒരു സംരംഭകന്റെ കണ്ണിലൂടെ നോക്കിയാല്‍ തൊഴിലവസരങ്ങള്‍ മാത്രമേ കാണാന്‍ സാധിക്കൂ. എന്നാല്‍ കേരളത്തില്‍ കൂണുപോലെ മുളച്ചു പൊന്തുന്ന പി.എസ്.സി കോച്ചിങ് സെന്ററുകളും സര്‍ക്കാര്‍ പ്രഖ്യാപനങ്ങളും യുവതലമുറയുടെ സംരംഭകശേഷിയെ നശിപ്പിക്കുകയാണ്. സാധാരണഗതിയില്‍ പാഴ്‌ചെടികളെന്ന് പറഞ്ഞു നാം നശിപ്പിക്കുന്ന കുളവാഴയില്‍ നിന്നും കൈതയില്‍ നിന്നും പോലും ഒരാള്‍ക്ക് നിത്യം ചുരുങ്ങിയത് ആയിരം രൂപ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വിവിധ ഉത്പാദക സംരംഭങ്ങള്‍ മണിപ്പൂരിലെയും മേഘാലയയിലെയും അസമിലെയും വിദൂരഗ്രാമങ്ങളില്‍പോലും വിജയകരമായി പ്രവര്‍ത്തിക്കുന്നു. സ്വാവലംബി ഭാരത് അഭിയാന്‍ മുന്നോട്ട് ദ്രുതഗതിയില്‍ നീങ്ങിയാല്‍ സ്വന്തമായും സ്വതന്ത്രമായും പ്രവര്‍ത്തനക്ഷമമായ ലക്ഷക്കണക്കിന് ഉല്പാദന യൂണിറ്റുകളാണ് ഗ്രാമീണ മേഖലയിലും നഗര മേഖലയിലുമായി ഇന്ത്യയില്‍ ഉണ്ടാവുക. സംഘാടക മികവുള്ളവര്‍ തൊഴിലില്ലാത്ത യുവതീയുവാക്കളെ സംഘടിപ്പിച്ചു ഉല്പാദന യൂണിറ്റില്‍ അംഗങ്ങളാക്കുന്നു, യുവതീയുവാക്കളുടെ അഭിരുചിയ്ക്കും കഴിവിനുമനുസരിച്ച് അവര്‍ക്ക് പരിശീലനം കൊടുക്കുന്നു, വിപണിയിലെ ആവശ്യാനുസരണം അവരെക്കൊണ്ട് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിക്കുന്നു. നിര്‍മ്മാണത്തില്‍ നൈപുണ്യം കൈവരിക്കാന്‍ സാധ്യമല്ലാത്തവര്‍ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്ന ജോലികളി ലും സാങ്കേതിക നൈപുണ്യം ആവശ്യമില്ലാത്ത മറ്റു ജോലികളിലും ഏര്‍പ്പെടുന്നു. സാധ്യമായ മാര്‍ഗ്ഗങ്ങളിലൂടെ വില്‍പന നടത്തുന്നു. ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ വെബ് സൈറ്റ്, സോഷ്യല്‍ മീഡിയ എന്നിവ മാനേജ് ചെയ്യുന്നതും വിപണനം ഓണ്‍ലൈനായി ചെയ്യുന്നതും പ്രാദേശിക ഐടി പ്രൊഫഷനലുകള്‍. അങ്ങനെ മൊത്തത്തില്‍ ഒരു യൂണിറ്റില്‍ 10-15 പേര്‍ക്കെങ്കിലും പ്രാദേശികമായി തൊഴിലവസരം ഉണ്ടാകും.
ആത്മാഭിമാനത്തോടെ ആരെയും ഭയപ്പെടാതെ ഒരു സംരംഭകന്റെ അന്തസ്സോടെ ജീവിക്കാന്‍ സ്വന്തം ഉല്പാദനയൂണിറ്റും മാന്യമായ വരുമാനവും ഉറപ്പു വരുത്തുന്ന ഈ സ്വാവലംബി ഭാരത് അഭിയാന്‍, കടത്തില്‍ നിന്നും കടത്തിലേയ്ക്ക് കൂപ്പുകുത്തി, ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ പേരില്‍ പോലും കടബാധ്യത നിലനില്‍ക്കുന്ന, സാമ്പത്തികമായി തകര്‍ന്നടിഞ്ഞ കേരളത്തിലെ, സര്‍ക്കാര്‍ ജോലിയെ മാത്രം ലക്ഷ്യമിട്ട് ജീവിക്കുന്ന ലക്ഷോപലക്ഷം യുവാക്കളില്‍ എത്തിച്ചേരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവും അനിവാര്യതയുമാണ്.
(ലേഖകന്‍ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് സംസ്ഥാന സഹസംയോജകനാണ്.)