നീലക്കാര്‍മുകില്‍ മാലനിരന്നേ
നീളെയമര്‍ന്നു പുണര്‍ന്നീടുന്നേ
നീഹാരാര്‍ദ്രമഹാദ്രി കുളിര്‍ന്നേ
നീലമലയ്ക്കണിമാറു തുടിച്ചേ
വാടിമയങ്ങിയ മാമലനാടിന്‍
വാടികളാടലൊഴിഞ്ഞുണരുന്നേ
മേടുകളില്‍ ഹരിതാഭ നിറഞ്ഞേ
മോടിയിലാടി മദിച്ചീടുന്നേ
മിഴിവൊടുമിന്നും മിന്നല്‍പ്പിണരിന്‍
മിഴിമുനചിന്നും തങ്കവെളിച്ചം
ഇടവഴി മൂടിടുമിരുളില്‍ മോദാല്‍
ഇടെയിടെ ചൂട്ടു തെളിച്ചീടുന്നേ
ഇടവപ്പാതിയെഴുന്നള്ളുന്നേ
ഇടിയുടെ നാദത്തുടിയുണരുന്നേ
മുടിയാടിക്കളിയാടീടുന്നേ
ഇടവുംവലവും മലനിരകള്‍
മാനത്തെ മണിമേടയിലാരോ
വാര്‍മഴവില്ലിന്‍ മണിപീഠത്തില്‍
വീണക്കമ്പിയിലായിരമായിര-
മീണത്തില്‍ ശ്രുതിമീട്ടീടുന്നേ
വിണ്ണുചുരത്തും തണ്ണീരമൃതീ
മണ്ണിനു ജീവനമാകുന്നേ
മണ്ണുംവിണ്ണും കാത്തരുളീടാന്‍
ഒന്നായ്‌ച്ചേരുക മാളോരേ