മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് പുറത്തല്ല; പാര്‍ട്ടിക്കകത്താണ് ശത്രുക്കളുള്ളത് എന്നു പറയുന്നത് എത്ര ശരി! കണ്ണൂരുകാരാണ് സഖാവിന്റെ ശക്തിയും ദൗര്‍ബല്യവും. മൂന്നു ജയരാജന്മാരെ കൊണ്ട് അനുഭവിച്ച തലവേദന ചില്ലറയായിരുന്നോ? ഇ.പിയെ മന്ത്രിയും മന്ത്രിസഭയിലെ രണ്ടാമനുമാക്കി. അവസാനം രാജിവെപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ ഇടതുമുന്നണി കണ്‍വീനറാക്കി ആശ്രിത വാത്സല്യം കാണിച്ചപ്പോള്‍ വീണ്ടും തുടങ്ങി തലവേദന. മുസ്ലിംലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചായിരുന്നു ജയരാജന്റെ നാവിലെ വികടസരസ്വതി രംഗപ്രവേശം ചെയ്തത്. പി.ജയരാജന്‍ സഖാവ് വിജയന്‍ സഖാവിനേക്കാള്‍ വലുതാകാന്‍ തുടങ്ങിയപ്പോള്‍ തലയില്‍ പാര്‍ട്ടി ശാസന എന്ന ആണി അടിച്ചു കയറ്റി മൂലക്കിരുത്തിയിരിക്കുകയാണ്. ശുംഭന്റെ വീര്യം പഴയതുപോലെ ഇല്ലാത്തതിനാല്‍ ജില്ലാസെക്രട്ടറി സ്ഥാനത്ത് വെച്ചുപൊറുപ്പിക്കുന്നു എന്നു മാത്രം.
പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് ക്ഷണിക്കാത്ത ഒരാളെ സംസ്ഥാന കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കുക എന്ന ചരിത്രം സംഭവിച്ചത് പി.ശശിയുടെ കാര്യത്തിലാണ്. പിന്നാലെ ശശിയെ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയായും നിശ്ചയിച്ചു. നേരത്തെ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നതിന്റെ അനുഭവ പശ്ചാത്തലത്തിലാണ് ഈ നിയോഗിക്കല്‍ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. അന്ന് പാര്‍ട്ടി സെക്രട്ടറി വിജയന്‍ സഖാവായിരുന്നു. നായനാരെ നോക്കുകുത്തിയാക്കി ആഭ്യന്തരം ശശി ഭരിച്ചു. ശുദ്ധനായ നായനാരുടെ മറവില്‍ അഴിമതി നടന്നു. അതിലെ അന്വേഷണം ഗോപിയായി. ഇപ്പോള്‍ ചരിത്രം ആവര്‍ത്തിക്കുന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ശ്രീജിത്ത് നടിയെ അക്രമിച്ച കേസ്സിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റപ്പെടുന്നു. വ്യാജമദ്യക്കേസ്സില്‍ ജയിലില്‍ കിടക്കുന്ന മണിച്ചന് ശിക്ഷ ഇളവു ചെയ്യാന്‍ സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നു. പി.സി.ജോര്‍ജിനെ വീട് വളഞ്ഞു കസ്റ്റഡിയിലെടുക്കുന്നു. വിജയന്‍ സഖാവ് അമേരിക്കയില്‍ പോയതു മുതല്‍ അപ്രഖ്യാപിത ആഭ്യന്തരമന്ത്രി ശശിയാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരിക്കുമ്പോഴും വിജയന്‍ സഖാവിന് പൊളിറ്റിക്കല്‍ സെക്രട്ടറിയെ കൊണ്ട് ചില നേട്ടങ്ങളുണ്ട്. അതിന് ആഭ്യന്തരം ‘ശശി’യായേ പറ്റൂ.