ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തിന് ജനീവ ജൂൺ12 മുതൽ വേദിയാകുകയാണ്. 164 അംഗ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സമിതിയായ 12-ാമത് മന്ത്രിതല സമ്മേളനത്തിന്റെ അജണ്ടയിൽ കാർഷിക സബ്‌സിഡിയും ഭക്ഷ്യ സുരക്ഷയും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ജൂൺ 12-ന് ജനീവയിൽ ആരംഭിക്കുന്ന ഡബ്ല്യുടിഒ സമ്മേളനത്തിൽ ഭക്ഷ്യസുരക്ഷ സംബന്ധിച്ചുള്ള തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിന് ഭാരതം മുൻകൈ എടുക്കും.
കൊവിഡ്-19 വാക്സിനുകൾ,മരുന്നുകൾ,ചികിത്സകൾ,അനുബന്ധ സാങ്കേതികവിദ്യകൾ എന്നിവയെ കുറിച്ചുള്ള വ്യാപാരവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ ഉടമ്പടിയുടെ (ട്രിപ്‌സ്) പ്രധാന വ്യവസ്ഥകൾ ഒഴിവാക്കാനുള്ള നിർദ്ദേശം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പംഭാരതം,ലോകവ്യാപാര സംഘടനയിൽ ഉന്നയിച്ചിരിക്കുകയാണ്. വികസിത രാജ്യങ്ങൾ കോവിഡ് -19 ന് ബൂസ്റ്റർ ഡോസുകൾ പുറത്തിറക്കുമ്പോൾ,ആഫ്രിക്കക്കാരിൽ കഷ്ടിച്ച് 11 ശതമാനം മാത്രമേ പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുള്ളൂ. ആഗോള അസമത്വത്തിന്റെ വ്യാപ്തി ഈ സ്ഥിതിവിവരക്കണക്ക് നമ്മൾക്ക് വെളിപ്പെടുത്തുന്നു. പൂർണ്ണമായും തദ്ദേശീയമായ കോവിഡ് -19 വാക്സിൻ- (കോവാക്സിൻ ), വികസിപ്പിച്ച ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഭാരതം. കൊറോണ വൈറസ് രാജ്യാന്തര ബന്ധങ്ങളിൽ കാര്യമായ മാറ്റങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. പുതിയ രക്ഷകരായി രാജ്യങ്ങളും മനുഷ്യരും വമ്പൻ രാജ്യങ്ങളെയല്ല കാണുന്ന്ത്. അവർക്ക് പുതിയ ദൈവങ്ങൾ വാക്‌സിൻ കണ്ടെത്തുന്ന സ്ഥാപനങ്ങളും അതിന് ചുക്കാൻ പിടിക്കുന്നവരുമൊക്കെയാണ്. രാഷ്ട്രങ്ങൾ നിർമ്മിച്ച ഭൂമിശാസ്ത്രപരമായ അതിർത്തികൾ തച്ചുടയുന്ന ഇക്കാലത്തും വാക്‌സിന്റെ കുത്തകക്കായി വൻ രാഷ്ട്രങ്ങൾ ശ്രമിച്ചാൽ ഈ സംഘടനയുടെ നിലനിൽപ്പ് തന്നെ അവതാളത്തിലായേക്കാം.
ഭാരതത്തിനെതിരെ ഓസ്ട്രേലിയ , ബ്രസീൽ, ഗുട്ടിമല എന്നിവർ ചേർന്ന് ലോകവ്യാപാര സംഘടനയുടെ പ്രശ്ന പരിഹാര സമിതിയിൽ പരാതി നല്കിയിരിക്കയാണ്. കരിമ്പ് കർഷകർക്ക് മൊത്തം ഉല്പാദന വിലയുടെ പത്തുശതമാനത്തിലധികം സബ്‌സിഡി നൽകുന്നു എന്നാണ് ഇന്ത്യക്കെതിരെ പരാതി. ബ്രസീൽ കഴിഞ്ഞാൽ രണ്ടാമത്തെ പഞ്ചസാര ഉത്പാദക രാജ്യം ഭാരതമാണ്. താങ്ങു വില , സൗജന്യ വൈദ്ദ്യുതി , ജലസേചനം എന്നിങ്ങനെ എന്നിങ്ങനെ ഭാരതം സബ്‌സിഡികൾ കർഷകരിൽ എത്തിക്കുന്നത് ലോകവ്യാപാര കരാറിന്റെ ലംഘനം ആയി ചൂണ്ടികാണിക്കപ്പെടുന്നു. ഭാരതത്തിൽ അഞ്ച് കോടി ആൾക്കാരുടെ ഉപജീവന മാർഗമാണ് കരിമ്പ് കൃഷി.
നൈജീരിയൻ സാമ്പത്തിക ശാസ്ത്രജ്ഞയായ ഇൻഗോസി ഒകോഞ്ചോ ഇവേലയാണ് ഡബ്ലു.ടി.ഒ തലപ്പത്ത്. ലോകബാങ്ക് ചുമതലയിലും നൈജീരിയയുടെ ധനമന്ത്രിയായും 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തികൂടിയാണ് ഇൻഗോസി. 164 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ലോക വ്യാപാര സംഘടന. ഇതിനെ ആദ്യമായി നയിക്കുന്ന വനിതയും ആഫ്രക്കൻ വംശജയും എന്ന ബഹുമതിയും ഇൻഗോസിക്കു സ്വന്തം. 2021മാർച്ച് ഒന്നു മുതലാണ് ഇൻഗോസി സ്ഥാനമേറ്റെടുത്തത്. യു.എസ്.-ചൈന സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വ്യാപാര ചർച്ചകൾ പുനരുജ്ജീവിപ്പിക്കുക, വ്യാപാര നിയമങ്ങൾ പരിഷ്കരിക്കുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് ഒകോൻജോയെ കാത്തിരിക്കുന്നത്. കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ സാമ്പത്തിക ആരോഗ്യ പ്രത്യാഘാതങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുകയെന്നും ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും ഇൻഗോസി പറയുന്നത് ശുഭപ്രതീക്ഷ നൽകുന്നതാണ്.
രണ്ടാം ലോകമഹായുദ്ധാനന്തരം നടന്ന ബ്രെട്ടൻവുഡ്‌സ് ഉച്ചകോടിയിൽ ജെ എം കെയിൻസ് എന്ന സാമ്പത്തികശാസ്ത്രജ്ഞൻ മുന്നോട്ടു വച്ച ആശയമാണ് ലോകവ്യാപാരം നിയന്ത്രിക്കുന്നതിനായുള്ള ഒരു സംവിധാനം. ലോകബാങ്ക് , അന്തരാഷ്ട്ര നാണയ നിധി എന്നിവ 1945 ൽ തന്നെ നിലവിൽ വന്നു .എന്നാൽ ലോകവ്യാപാരം നിയന്ത്രിക്കുന്നതിനായുള്ള സംവിധാനം 1947 ൽ മാത്രമാണ് ഗാട്ട് എന്ന പേരിൽ നിലവിൽ വന്നത് . GATT ഇൽ തർക്ക പരിഹാരത്തിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല .1984 മുതൽ 1994 വരെ നടന്ന URUGUAY വട്ട ച്ര്ച്ചകളുടെ അടിസ്ഥാനത്തിലാണ് ഗാട്ട്നു പകരമായി ലോകവ്യാപാര സംഘടന രൂപവല്കരിക്കാൻ തീരുമാനിച്ചത് . ജനീവ ആസ്ഥാനമായി രൂപവല്കരിച്ച ലോകവ്യപാരസംഘടനയിൽ ഇപ്പോൾ 164 അംഗങ്ങൾ ആണ് ഉള്ളത്. ചരക്കു വ്യാപാരങ്ങൾ ആണ് പ്രധാനമായും ഗാട്ട് നിയന്ത്രിച്ചിരുന്നതെങ്കിൽ ലോകവ്യാപാര സംഘടനാ പ്രധാനമായും നിയന്ത്രിക്കുന്നത് സേവനങ്ങൾ,ബൗദ്ധിക സ്വത്തു അവകാശങ്ങൾ മുതലായവ ആണ്.
ഏഴു അംഗങ്ങളുള്ള DSB ലോക വ്യാപാര സംഘടനയെ അതിന്റെ മുൻഗാമിയായ GATT ഇൽ നിന്നും വ്യതിരിക്തമായി നിർത്തുന്നതായിരുന്നു. തർക്ക പരിഹാര വേദിയിലെ ഏഴു അംഗങ്ങൾ ആണുള്ളത് . ഇതിൽ അഞ്ചു പേരെയും കൊടുക്കേണ്ടത് അമേരിക്കയാണ്. ലോകവ്യാപാര സംഘടനയുടെ കിരീടം എന്നാണ് പ്രശനപരിഹാര വേദി അറിയപ്പെടുന്നത് . ആ കിരീടം തച്ചുടച്ചാൽ മെച്ചം അമേരിക്കക്കല്ലാതെ മറ്റാർക്കും അല്ല . ഇപ്പോൾ ഒരു അംഗമായി ചുരുങ്ങിയ പ്രശ്ന പരിഹാര വേദിയുടെ അഭാവത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള വ്യപാര യുദ്ധങ്ങളൂം തർക്കങ്ങളും എങ്ങനെ പരിഹരിക്കപ്പെടും എന്നറിയാതെ ഉഴലുകയാണ് അമേരിക്ക ഒഴിച്ചുള്ള അംഗരാജ്യങ്ങൾ.
ലോക വ്യാപാരത്തിന്റെ കേവലം രണ്ടു ശതമാനം മാത്രമാണ് ഭാരതത്തിന്‍റെ വിഹിതം . എന്നാൽ നാളിതു വരെ മറ്റു ലോക രാജ്യങ്ങൾ മുപ്പതിലധികം തർക്കങ്ങൾ ഭാരതവുമായി ഉള്ളത് പ്രശന പരിഹാര വേദിക്കു മുൻപാകെ എത്തിയിട്ടുണ്ട് . ഇ യു,അമേരിക്ക ,തായ്‌വാൻ , ബ്രസീൽ ,ജപ്പാൻ , ആഫ്രിക്ക , അർജന്റീന, തുർക്കി, ഓസ്ട്രേലിയ , ഗട്ടിമാല തുടങ്ങിയ രാജ്യങ്ങളുമായി ഭാരതത്തിനു വ്യാപാര തർക്കങ്ങൾ ഉണ്ട് . പ്രശ്ന പരിഹാര വേദിക്കു (DSB ) മുൻമ്പാകെ 592 തർക്കങ്ങൾക്ക് നാളിതു വരെ പരിഹാരം കണ്ടിട്ടുണ്ട്. പ്രശ്ന പരിഹാര വേദിക്കു (DSB )ക്കു മുൻപാകെ എത്തിയ ഭൂരിഭാഗം കേസുകളിലും അമേരിക്കക്ക് അനുകൂലമായാണ് വിധി വന്നിട്ടുള്ളതെന്നാണ് വിചിത്രം.അടുത്തകാലത്തുതന്നെ അമേരിക്കൻ ബോയിങ് കമ്പനിക്കനുകൂലമായി നെതെർലാൻഡ് കമ്പനിയായ എയർ ബസിനെതിരായി ഒരു വിധി വന്നതും എടുത്തു പറയേണ്ടതാണ് . പ്രശ്ന പരിഹാര വേദിക്കു (DSB ) മുൻപാകെ ലോകവ്യാപാര സംഘടനയുടെ കീഴിലുള്ള ബോക്സ് മെക്കാനിസം വലിയൊരു കീറാമുട്ടിയായിരിന്നു .ബ്ലൂ ബോക്സ് ,ഗ്രീൻ ബോക്സ് ,ആംബർ ബോക്സ് എന്നിങ്ങനെയുള്ള സബ്സിഡിയുമായി ബന്ധപ്പെട്ട നിബന്ധനകൾ വ്യാഖ്യാനിച്ചു വികസിത രാജ്യങ്ങൾക്കു അനുകൂലമാക്കി മാറ്റുന്നു എന്നൊരു ആരോപണം തുടക്കം മുതല്ക്കേ ഉണ്ടായിരുന്നു .ഇതിനൊക്കെ പുറമേ ബൗദ്ധിക സ്വത്തവകാശങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളും പൊതിയാ തേങ്ങയായി തുടരുക തന്നെയാണ് .കോപ്പി റൈറ്റ് ,പേറ്റൻറ്,ട്രേഡ് മാർക്ക് ,ട്രേഡ് SECRAT ,ഭൗമ സൂചിക ,സോഫ്റ്റ്‌വെയർ തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ട്രിപ്‌സ് എന്നൊരു കരാറും ലോകവ്യാപാര സംഘടനയിൽ ഉണ്ട് . എന്നാൽ ഇതെല്ലം വികസിത രാജ്യങ്ങൾക്കു വേണ്ടിയുള്ളതെന്നാണ് ഭാരതം അടക്കമുള്ള വികസ്വര രാഷ്ട്രങ്ങളുടെ നിലപാട്.
ഇതിനിടെയാണ് മലേഷ്യയുമായി ഒരു പാമോയിൽ യുദ്ധത്തിൽ ഭാരതം ഏർപ്പെട്ടിരിക്കുന്നത് .കാശ്മീർ വിഷയത്തിൽ പാകിസ്താനാനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്ന മലേഷ്യയിൽ നിന്ന് പാമോയിൽ ഇറക്കുമതി നിർത്തിവച്ചിരിക്കുന്നതു വ്യാപാര നിയമങ്ങള്‍ക്ക് എതിരാണ് .ഭാരതമാണ് ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ വിപണി . ഈ രംഗത്ത് മലേഷ്യയും ഇന്തോനേഷ്യയും വലിയ ഉല്പാദകരും കയറ്റുമതിക്കാരുമാണ് . മലേഷ്യയുടെ വിദേശ നാണയത്തിൻറെ വലിയൊരു പങ്കും വരുന്നത് ഇന്ത്യൻ വിപണിയിൽ നിന്നാണ് . ആ രാജ്യത്തെ പാമോയിൽ കർഷകർ ഇന്ത്യൻ ഉപരോധം കാരണം വലിയ ദുരിതത്തിലാണ്.
അന്തർദേശീയ കപ്പൽ ഗതാഗതം നിയന്ത്രിക്കുന്ന സംഘടന(ഐഎംഒ)ചില പുതിയ പരിതസ്ഥിതി നിയമങ്ങൾ ചരക്കു കടത്തിനുപയോഗിക്കുന്ന കപ്പലുകളിൽ ബാധകമാക്കിയത് ഭാരതത്തിനും വലിയ തിരിച്ചടി ആയിരിക്കുകയാണ് . ആഗോള വ്യാപാരത്തിന്റെ 90 ശതമാനവും നടക്കുന്നത് കപ്പൽ വഴിയാണ് . മൊത്തം ലോക വ്യാപാര മൂല്യത്തിന്റെ 80ശതമാനത്തിലധികം നടക്കുന്നതും കടൽ മാർഗമാണ് . ലണ്ടൻ ആസ്ഥാനമായ ഐഎംഒ വികസിത രാജ്യങ്ങളിലെ കപ്പൽ കമ്പനികൾക്ക് വേണ്ടി നിയമം ഉണ്ടാക്കുന്നു എന്നൊരു വാദം ഭാരതം ഇതിനകം ഉന്നയിച്ചിട്ടുണ്ട് .
ആഗോള മത്സ്യബന്ധനത്തിന്റെ നാല് ശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന ഭാരതം ആ മേഖലക്ക് നൽകുന്ന സബ്‌സിഡികൾ നിർത്തണമെന്ന നിബന്ധന നമുക്ക് സ്വീകാര്യമല്ല .0 .7 ശതമാനത്തിൽ കൂടുതൽ മത്സ്യ ബന്ധനത്തിൽ ഏർപ്പെടുന്ന രാജ്യങ്ങൾ സബ്‌സിഡികൾ നിർത്തലാക്കണമെന്ന വികസിത രാജ്യങ്ങളുടെ ആവശ്യം നടപ്പിലായാൽ ഭാരതത്തിലെ അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുമായ 40 ലക്ഷം മത്സ്യത്തൊഴിലാളികളുടെ മരണമണിയാകും മുഴങ്ങുക.
സമവായം ആണ് ലോകവ്യാപാരസംഘടനയുടെ തീരുമാനങ്ങളുടെ കാതൽ ,ഭൂരിപക്ഷമില്ല. ഒന്നുറപ്പ് -നവ സാധാരണ കാലഘട്ടത്തിൽ ഈ സംഘടനയിൽ നിന്ന് ചില വെള്ളപുകകൾ ലോകം ആഗ്രഹിക്കുന്നു. ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തിന് സംഘടനയുടെ തലസ്ഥാന നഗരി കൂടിയായ ജനീവയിൽ ജൂൺ12 മുതൽ 15വരെ നടക്കുന്ന MC12 നിന്ന് ശുഭകരമായത് നമുക്ക് പ്രതീക്ഷിക്കാം.
Comments