ആര്‍ഷഭാരതസംസ്‌ക്കാരമെന്ന പേരില്‍ പ്രഖ്യാതമായ സവിശേഷസംസ്‌ക്കാരവിശേഷം കൊണ്ട് ലോകശ്രദ്ധ പിടിച്ചു പറ്റിയ നാടാണ് നമ്മുടെ മാതൃഭൂമിയായ ഭാരതം. സ്വതന്ത്ര ഭാരതത്തിലെ ശാന്തിയും സമൃദ്ധിയും ആവോളം നുകര്‍ന്നു ജീവിക്കുന്ന നമുക്ക് വിദേശാധിപത്യത്തിന്റെ തീജ്വാലയില്‍ പിടഞ്ഞിരുന്ന ഭാരതത്തിന്റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല. കൗശലം കൊണ്ടും ഭീഷണി കൊണ്ടും മൃഗീയമായ ആക്രമണങ്ങള്‍ കൊണ്ടും ഭാരതത്തിലെ സമൃദ്ധമായ ജനപഥങ്ങള്‍ കീഴടക്കിയ വെള്ളക്കാരന്റെ ആര്‍ത്തിയും ക്രൂരതയും അതിരു കടന്നപ്പോള്‍ അത് അഭിമാനബോധമുള്ള ഓരോ ഭാരതീയന്റെയും മനസ്സില്‍ പ്രതിഷേധാഗ്നി കൊളുത്തി. ഭാരതത്തിന്റെ മനുഷ്യവിഭവവും സമ്പത്തും ഒരുപോലെ പ്രയോജനപ്പെടുത്തി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലെ ചക്രവര്‍ത്തിമാര്‍ തങ്ങളുടെ രാജ്യത്തിന്റെ വികസനം യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ ഭാരതം അക്ഷരാര്‍ത്ഥത്തില്‍ തന്നെ ദരിദ്രമാകുകയായിരുന്നു. ഭാരതീയരെ അടിമകളെപ്പോലെ ഗണിച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍ ഭാരതീയ ജനതയെ വീര്‍പ്പുമുട്ടിച്ചു.
ഭാരതത്തിന്റെ പകലിരവുകള്‍ പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നരകിച്ചു പുലര്‍ന്നിരുന്ന കാലത്തിന്റെ ഓര്‍മ്മപ്പകര്‍ച്ചകളിലേക്ക് ഊളിയിടുമ്പോള്‍ നാം മറന്നു പോയ, എന്നാല്‍ മറക്കാന്‍ പാടില്ലാതിരുന്ന ചില പേരുകളുണ്ട്. ഉള്ളില്‍ നിറയുന്ന സ്വാതന്ത്രേ്യച്ഛയുടെ കനലുകളില്‍ സ്വന്തം ജീവിതം ഹോമിച്ച നിസ്വാര്‍ത്ഥരായ കുറെപ്പേര്‍. അവരില്‍ അധികം അറിയപ്പെടാതെ പോയ കുറെ സ്ത്രീ ജന്മങ്ങള്‍. സ്വാതന്ത്ര്യസമരത്തിലേര്‍പ്പെട്ട് പുരുഷന്മാരോടൊപ്പം നിന്നു സമരം ചെയ്തവര്‍. ഭര്‍ത്താവ്, കുട്ടികള്‍, കുടുംബം എന്നിവയുള്‍പ്പെടുന്ന കൊച്ചു ലോകത്തേക്ക് തങ്ങളുടെ സ്വത്വം തളച്ചിടാതെ പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം എന്ന് ഓരോ ശ്വാസത്തിലും ഏറ്റുമന്ത്രിച്ചുകൊണ്ട് പിറന്ന നാടിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ധീരവനിതകള്‍. സ്വന്തം മക്കളെപ്പോലെ രാജ്യത്തു പിറന്നു വീഴുന്ന ഓരോ വ്യക്തിയെയും ഗണിച്ച് അവര്‍ക്ക് അര്‍ഹമായ സ്വാതന്ത്ര്യത്തിന്റെ പുലരി ഉദിക്കുന്നതിനായി ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറായ നന്മയുടെ ആ പ്രതിരൂപങ്ങള്‍ ചരിത്രത്തിന്റെ കാണാപ്പുറങ്ങളില്‍ ഇന്നും സ്വയം മറഞ്ഞു നില്‍ക്കുന്നു. കുഞ്ഞിനെ താലോലിക്കും കൈകള്‍ വാനത്തേക്കുയര്‍ത്തി നാടെങ്ങും കേള്‍ക്കെ ജയ്ഹിന്ദ് ചൊല്ലുമ്പോള്‍ പല്ലവസദൃശമാണെങ്കിലും കരുത്തിന്റെ കര്‍മ്മകാണ്ഡങ്ങള്‍ കൈകളില്‍ പുലരുകയാണെന്നു തിരിച്ചറിഞ്ഞ് അന്നു ജനം കോള്‍മയിര്‍ കൊണ്ടു. സര്‍വ്വം മറന്നു സമരത്തിനിറങ്ങിയ ആ നാരീ രത്‌നങ്ങളുടെ സ്വാതന്ത്രേ്യച്ഛയുടെ തീയണയ്ക്കുവാന്‍, ഹൃത്തില്‍ പേറും ദേശാഭിമാനം പോക്കാന്‍ ആവില്ലയെന്നു ബ്രിട്ടീഷുകാര്‍ മനസ്സിലാക്കി. ഉള്ളിലെ കരുത്തിനാല്‍, ഇന്ത്യയെ തുലയ്ക്കുന്ന ബ്രിട്ടന്റെ സൈന്യത്തിനെ വെല്ലുവാന്‍ കൊതിച്ച സിംഹികളുടെ ഗര്‍ജ്ജനം അന്ന് ഭാരതീയരെ പുളകം കൊള്ളിച്ചു.
സ്വാതന്ത്ര്യസമരത്തിന്റെ കനല്‍വഴികളില്‍ സുധീരം മുന്നേറിയ ഒട്ടേറെ വനിതാരത്‌നങ്ങള്‍ ദേശാഭിമാനത്തിന്റെ ശക്തമായ അഗ്നിനാളങ്ങളായി തെളിഞ്ഞു നില്‍ക്കുന്നു. ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തപ്പെട്ടവരും അല്ലാത്തവരുമായ എത്രയോ പേര്‍! ദത്തവകാശ നിരോധന നയത്തിന്റെ പേരില്‍ തന്റെ രാജ്യം പിടിച്ചടക്കാന്‍ ഒരുമ്പെട്ട ബ്രിട്ടീഷുകാരോട് സധൈര്യം പൊരുതി ഇന്ത്യന്‍ നേതാക്കളില്‍ ഏറ്റവും അപകടകാരി എന്ന, അവരുടെ ഭയത്തില്‍ പൊതിഞ്ഞ പ്രശംസയേറ്റു വാങ്ങിയ വീരവനിത ഝാന്‍സി റാണി, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയോടുള്ള പ്രതിഷേധത്തിനായി 1857ലെ കലാപത്തില്‍ പങ്കെടുക്കുകയും ലഖ്‌നൗ പിടിച്ചടക്കി ബ്രിട്ടീഷുകാരെ അരിശം കൊള്ളിക്കുകയും ചെയ്ത ബീഗം ഹസ്രത്ത് മഹല്‍, സ്ത്രീകളുടെ കൂട്ടായ്മയൊരുക്കി വിദേശവസ്ത്രഷോപ്പുകളും മദ്യഷാപ്പുകളും പിക്കറ്റ് ചെയ്ത കമലാനെഹ്രു, ഉപ്പു സത്യഗ്രഹത്തില്‍ പങ്കെടുക്കുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്ത അരുണാ അസഫ് അലി, ഗാന്ധിജിയുടെ പാതകള്‍ പിന്തുടര്‍ന്ന് സത്യഗ്രഹങ്ങളിലെ സ്‌ത്രൈണ സജീവതയായി മാറിയ ദുര്‍ഗ്ഗാഭായ് ദേശ്മുഖ് തുടങ്ങി കാലത്തിന്റെ രാകി മിനുക്കലുകള്‍ക്കു പോലും മായ്ക്കാനാവാത്ത വിധം ചരിത്രത്തിന്റെ ലിഖിതചിത്രങ്ങളായി മാറിയ ഭാരതീയ സ്ത്രീത്വത്തിന്റെ പ്രതിനിധികള്‍ ഏറെ. എന്നാല്‍ സ്വന്തം നാമം പോലും സ്മരിക്കപ്പെടാതെ വിസ്മൃതിയുടെ ഇരുളിലേക്ക്, മറഞ്ഞു പോയ എത്രയോ പേര്‍! സ്വന്തം കുടുംബത്തെയും ജീവിതത്തെത്തന്നെയും നിസ്സാരമാക്കി, പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ത്യാഗങ്ങളനുഷ്ഠിച്ച, എത്രയോ പുണ്യജന്മങ്ങള്‍! അവരുടെ ദേശസ്‌നേഹത്തിന്റെയും ധീരതയുടെയും ഫലമാണ് നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം എന്നത് സ്വാതന്ത്ര്യദിനത്തില്‍ പോലും നാം ഓര്‍ക്കാറില്ലെന്നതാണു സത്യം.
സുഗന്ധവ്യഞ്ജനങ്ങളുടെ സമൃദ്ധി കൊണ്ട് വിദേശികളെ ഇന്ത്യയിലേക്കാകര്‍ഷിച്ച കേരളത്തിലും സ്വാതന്ത്ര്യസമരത്തിലേക്ക് സധീരം എടുത്തു ചാടിയ സ്ത്രീ രത്‌നങ്ങളുണ്ട്. എ.വി കുട്ടിമാളു അമ്മ, കുഞ്ഞിക്കാവു അമ്മ, ഈശ്വരി അമ്മാള്‍, അക്കാമ്മ ചെറിയാന്‍, ആനി മസ്‌ക്രീന്‍ എന്നിവര്‍ ചരിത്രത്തിന്റെ സമരവഴികളില്‍ മുന്നില്‍ നടന്നവരാണ്.
എ.വി. കുട്ടിമാളു അമ്മ
”പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്‌മനും തടുക്കാ” എന്ന ചൊല്ല് അന്വര്‍ത്ഥമാക്കും വിധം വെള്ളക്കാര്‍ക്ക് തലവേദനയായിത്തീര്‍ന്ന സ്ത്രീകളിലൊരാളായ എ.വി. കുട്ടിമാളു അമ്മ കേരളീയ വനിതാ സ്വാതന്ത്യസമരസേനാനികളില്‍ ശ്രദ്ധേയയാണ്. തെക്കന്‍മലബാറിലെ പൊന്നാനി താലൂക്കിലെ പ്രസിദ്ധമായ ആനക്കര വടക്കത് കുടുംബത്തില്‍ 1905 ഏപ്രില്‍ 23ന് ഈ വനിത ജനിച്ചു. എട്ടാം വയസ്സില്‍ അമ്മ നഷ്ടപ്പെട്ട കുട്ടിമാളു അമ്മയ്ക്ക് ഒരു അനുജനും അനുജത്തിയും കൂടിയുണ്ടായിരുന്നു.
ആനക്കര വടക്കത് കുടുംബം പരമ്പരാഗതമായി ബ്രിട്ടീഷുകാരോട് കൂറുള്ളവരായിരുന്നുവത്രെ. അച്ഛന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉദ്യോഗസ്ഥനായിരുന്നു. എന്നിട്ടും ചെറുപ്പത്തില്‍ തന്നെ കുട്ടിമാളു അമ്മ സ്വാതന്ത്യസമരത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അച്ഛന്റെ ജ്യേഷ്ഠസഹോദരന്‍ റെയില്‍വേ ഡോക്ടറായിരുന്ന ശങ്കുണ്ണിമേനോന്റെ കോഴിക്കോട്ടുള്ള വീട്ടില്‍ താമസിച്ചു പഠിക്കുന്ന കാലത്താണ് ബന്ധുവായ മാധവമേനോനെ പരിചയപ്പെടുന്നത്. പരിചയം പ്രണയമായപ്പോള്‍ 1925 മെയ് 11ന് കുട്ടിമാളു അമ്മ മാധവമേനോന്റെ ജീവിതസഖിയായി. കുട്ടിമാളു അമ്മ പറയുന്നു. ”അന്നു തൊട്ടിന്നുവരെ ഖദര്‍ വസ്ത്രങ്ങളല്ലാതെ ഞാന്‍ ധരിച്ചിട്ടില്ല. മാധവേട്ടനെയും കോണ്‍ഗ്രസ്സിനെയും ഒരേ പന്തലില്‍ വച്ചു ഞാന്‍ വരിച്ചു എന്നതാണു സത്യം”. അദ്ദേഹത്തില്‍ നിന്നാണ് അവര്‍ കോണ്‍ഗ്രസ്സിനെക്കുറിച്ചും സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ആഴത്തില്‍ മനസ്സിലാക്കുന്നതും ദേശീയപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും.
പ്രസിദ്ധനായ വക്കീലും കെപിസിസി പ്രസിഡന്റും പിന്നീട് മദ്രാസ് സംസ്ഥാനത്തെ മന്ത്രിയുമായിത്തീര്‍ന്ന ഭര്‍ത്താവ് കെ.മാധവമേനോനോടൊപ്പം വിദേശികള്‍ക്കെതിരെയുള്ള പോരിന് കോണ്‍ഗ്രസ്സുമായിച്ചേര്‍ന്ന് അവര്‍ കളത്തിലിറങ്ങുകയായിരുന്നു. 1930 മുതല്‍ അവര്‍ കോണ്‍ഗ്രസ്സിന്റെ സജീവപ്രവര്‍ത്തകയായി. സ്ത്രീജനങ്ങളെ സംഘടിപ്പിച്ച് വിദേശികള്‍ക്കെതിരെ കൊടിയുയര്‍ത്തുകയും വിദേശവസ്ത്രങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ കേരള ജനതയെ ആഹ്വാനം ചെയ്യുകയും ചെയ്തുകൊണ്ട് അവര്‍ വിദേശാധിപത്യത്തെ വെല്ലുവിളിച്ചു. 1931ല്‍ സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ട് അവര്‍ കോഴിക്കോട്ടെ വിദേശവസ്ത്രവ്യാപാരശാല പിക്കറ്റ് ചെയ്തു.
നിസ്സഹകരണ പ്രസ്ഥാനത്തിലും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പങ്കെടുത്തതിന്റെ പേരില്‍ തന്റെ രണ്ടു മാസം മാത്രം പ്രായമായ കുട്ടിയെയും കൊണ്ട് 2 വര്‍ഷത്തേക്ക് കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ട എ.വി കുട്ടിമാളു അമ്മയുടെ ചുണ്ടുകളില്‍ താരാട്ടു പാട്ടിനു പകരം അലയടിച്ച ”ഭാരത് മാതാ കീ ജയ്” എന്ന മുദ്രാവാക്യം കേട്ട് വിദേശീയര്‍ ഞെട്ടി വിറച്ചിരിക്കണം. കേരളീയ സ്ത്രീത്വത്തിന്റെ വിവേകപൂര്‍ണ്ണമായ അഭിമാനബോധം ദേശത്തിന്റെ നന്മയെ എത്രമാത്രം കാംക്ഷിക്കുന്നുവെന്ന് കണ്ടറിഞ്ഞ് അസ്വസ്ഥരായിത്തീര്‍ന്നിരിക്കണം. കുഞ്ഞിനെ തന്നില്‍ നിന്ന് അകറ്റാന്‍ ജയില്‍ അധികാരികള്‍ നടത്തിയ ശ്രമത്തെ സധീരം നിയമവഴിയെ തന്നെ തോല്‍പ്പിച്ച കുട്ടിമാളു അമ്മയുടെ മനക്കരുത്തിനു മുന്നില്‍ അവര്‍ പതറിപ്പോകുകതന്നെ ചെയ്തു എന്നു വേണം കരുതാന്‍.
1936ല്‍ മദ്രാസ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടശേഷവും തന്റെ സമരജീവിതം തുടര്‍ന്ന ഈ ധീരവനിത 1940ല്‍ വീണ്ടും ഒരു വര്‍ഷത്തേക്ക് ജയിലിലടയ്ക്കപ്പെട്ടു. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കുട്ടിമാളു അമ്മ ജയിലിനു വെളിയിലുണ്ടായിരുന്നാലുള്ള ഭവിഷ്യത്തുകളോര്‍ത്ത് ഇംഗ്ലീഷുകാര്‍ ഇവരെ രണ്ട് വര്‍ഷത്തേക്കു കൂടി ജയിലില്‍ തടഞ്ഞു വയ്ക്കുകയുണ്ടായി. 1944ല്‍ മലബാറില്‍ കോണ്‍ഗ്രസ്സിന്റെ സംഘാടനം ഏറ്റെടുത്ത ഇവര്‍ കെപിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയിലും കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റിയിലും സജീവമായി പ്രവര്‍ത്തിച്ച കുട്ടിമാളു അമ്മ മാതൃഭൂമിയുടെ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട്ട് പ്രവര്‍ത്തിച്ചിരുന്ന അനാഥമന്ദിരത്തിന്റെ അധ്യക്ഷയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അവര്‍ മലബാര്‍ ഹിന്ദി പ്രചാരസഭാ പ്രസിഡന്റ്, ദേശീയമഹിളാസമാജം പ്രസിഡന്റ്, അഖിലേന്ത്യാ കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലും സജീവമായിരുന്നു.
സ്വയം പഠിച്ച് അറിവു നേടിയ കുട്ടിമാളു അമ്മയ്ക്ക് മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലും പ്രസംഗിക്കാനുള്ള കഴിവുണ്ടായിരുന്നു. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കാമരാജ് മലബാര്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തമിഴിലുള്ള പ്രസംഗങ്ങള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് കുട്ടിമാളു അമ്മയാണ്. 1985 ഏപ്രില്‍ 14ന് കര്‍മ്മനിരതമായ ആ ജീവിതത്തിനു തിരശ്ശീല വീഴും വരെ സ്വന്തം കര്‍മ്മശേഷി മുഴുവന്‍ നാടിന്റെ സേവനത്തിനായി സമര്‍പ്പിച്ച ആ പെണ്‍ കരുത്തിന് കാലം നിശ്ശബ്ദം നമോവാകം ചൊല്ലിയിരിക്കണം.
അക്കാമ്മ ചെറിയാന്‍
ഭാരതചരിത്രം ഝാന്‍സി റാണിയെ എപ്രകാരം ആദരിക്കുന്നുവോ അതുപോലെ കേരളം ആദരിക്കുന്ന വനിതയാണ് തിരുവിതാംകൂറിന്റെ ഝാന്‍സിറാണി എന്ന് പ്രസിദ്ധയായ അക്കാമ്മ ചെറിയാന്‍. 1909 ഫെബ്രുവരി 14ന് കാഞ്ഞിരപ്പള്ളിയിലെ ഒരു ക്രിസ്തീയ കുടുംബത്തിലാണ് അക്കാമ്മ ചെറിയാന്‍ ജനിച്ചത്.
കാഞ്ഞിരപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂള്‍, ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അക്കാമ്മ സെന്റ് തേരേസാസ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടി. അവര്‍ ബിരുദധാരിണിയായി ഒരു വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു അച്ഛന്റെ മരണം. അതിനുശേഷം കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയും പിന്നീട് ഹെഡ്മിസ്ട്രസ്സുമായി. ഇതിനിടയില്‍ തിരുവനന്തപുരം ട്രെയിനിംഗ് കോളേജില്‍ നിന്ന് എല്‍ടി ബിരുദവും നേടി.
അധ്യാപിക എന്ന നിലയില്‍ നിന്ന് സ്വാതന്ത്യസമരസേനാനി എന്ന നിലയിലേക്ക് അക്കാമ്മ ചെറിയാന്‍ എത്തിപ്പെട്ടതിനു പിന്നില്‍ തത്കാലീന സാമൂഹ്യ-രാഷ്ട്രീയാവസ്ഥയുടെ ശക്തമായ സ്വാധീനമുണ്ടായിരുന്നു. 1938 ഫെബ്രുവരിയില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപം കൊണ്ടതോടെ അധ്യാപികാവൃത്തി ഉപേക്ഷിച്ച് സ്വാതന്ത്യസമരത്തിലേക്ക് പങ്കുചേരുകയായിരുന്നു അക്കാമ്മ ചെറിയാന്‍. ഉത്തരവാദിത്തഭരണവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രക്ഷോഭത്തിലേര്‍പ്പെട്ടപ്പോള്‍ അന്നത്തെ ദിവാനായിരുന്ന സര്‍ സി.പി രാമസ്വാമി അയ്യര്‍ അതിനെ അടിച്ചമര്‍ത്താനായി 1938 ആഗസ്റ്റ് 26ന് സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെയും യുവജന സംഘടനയായ യൂത്ത്‌ലീഗിനെയും നിരോധിക്കുകയായിരുന്നു. നിസ്സഹകരണപ്രസ്ഥാനം കൊണ്ട് ഇതിനെതിരെ പ്രതികരിച്ച സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാക്കളെ അറസ്റ്റു ചെയ്തുകൊണ്ട് ദിവാന്‍ അതിനെ നേരിട്ട സമയത്താണ് ആ സംഘടനയുടെ 12-ാമത്തെ പ്രസിഡന്റായി അക്കാമ്മ ചെറിയാന്‍ നിയോഗിക്കപ്പെട്ടത്. നിരവധി യുവാക്കള്‍ ആ സമയത്ത് സമരരംഗത്തിറങ്ങി ജയിലിലായി.
മഹാരാജാ ചിത്തിരതിരുനാളിന്റെ ആട്ടപ്പിറന്നാള്‍ ദിനത്തില്‍ കോണ്‍ഗ്രസ്സിനെതിരായുള്ള നിരോധനം നീക്കണമെന്ന് ജാഥയായി ചെന്ന് നിവേദനം നല്കണമെന്നു തീരുമാനിക്കപ്പെട്ടു. അക്കാമ്മ ചെറിയാന്റെ നേതൃത്വത്തില്‍ തമ്പാനൂരില്‍ നിന്ന് കവടിയാര്‍ കൊട്ടാരത്തിലേക്ക് ജാഥയായെത്തിയ ജനം സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെതിരെയുള്ള നിരോധനം നീക്കണമെന്നും സര്‍ സി.പി രാമസ്വാമി അയ്യരെ നീക്കം ചെയ്യണമെന്നും മഹാരാജാ ശ്രീചിത്തിരതിരുനാളിനോട് ആവശ്യപ്പെടാനായി മുന്നേറി. ജാഥാംഗങ്ങളെ ഗേറ്റില്‍ വച്ച് പോലീസുകാര്‍ തടഞ്ഞു. ജാഥാംഗങ്ങള്‍ റോഡില്‍ കുത്തിയിരുന്നു. ഏഴുമണിയോടെ പട്ടാളമേധാവി കേണല്‍ വാട്കിസ് ഒരു കുതിരപ്പട്ടാളത്തോടൊപ്പം അവിടേക്കു വന്നു. റോഡില്‍ ഇരിക്കുകയും കിടക്കുകയും ചെയ്യുകയായിരുന്ന ജാഥാംഗങ്ങളുടെ പുറത്തു കൂടി കുതിരകളെ പായിച്ചു. അവിടെ തടിച്ചു കൂടിയ ഇരുപതിനായിരത്തോളം പേര്‍ വരുന്ന ജനക്കൂട്ടത്തിനു നേരെ വെടിവയ്ക്കുമെന്ന് ആ ബ്രിട്ടീഷ് പോലീസ് ഓഫീസര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ കേരളത്തിന്റെ വീരപുത്രിയായ അക്കാമ്മ ചെറിയാന്‍ സധീരം മുന്നോട്ടുവന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.
”ഞാനാണിവരുടെ ലീഡര്‍. എന്റെ നേതൃത്വത്തിലാണ് ഇവരിവിടെ വന്നത്. ഇവരിലാരെയെങ്കിലും നിങ്ങളുടെ തോക്കിനിരയാക്കുന്നതിനു മുമ്പ് എന്റെ നേര്‍ക്ക് നിറയൊഴിക്കൂ.” – ധീരമായ ആ വാക്കുകള്‍ തോക്കുചൂണ്ടി നിന്ന പോലീസ് ഉദ്യോഗസ്ഥന്‍മാരെ പോലും പിന്തിരിപ്പിച്ചു. ക്രമസമാധാനം പാലിക്കാന്‍ തങ്ങള്‍ അശക്തരാണെന്ന് പട്ടാളമേധാവി വാട്കിസും പോലീസ് കമ്മീഷണറും മഹാരാജാവിനെ ധരിപ്പിച്ചു. ഇതിനെക്കുറിച്ചു കേട്ടറിഞ്ഞ മഹാത്മാഗാന്ധി ”തിരുവിതാംകൂറിന്റെ ഝാന്‍സിറാണി” എന്ന പ്രശംസയോടെയാണത്രെ പ്രതികരിച്ചത്. ദേശസേവികസംഘം രൂപീകരിക്കുന്നതിനും നിയമലംഘനത്തിനും മുന്നിട്ടിറങ്ങിയ അക്കാമ്മ ചെറിയാനെയും സഹോദരി റോസമ്മ പുന്നൂസിനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു കൊണ്ട് അവരുടെ സമരവീര്യം കെടുത്താന്‍ അധികൃതര്‍ ശ്രമിച്ചു. ജയിലില്‍ കൊടിയ അവഹേളനവും ഭീഷണിയും അവര്‍ക്കു നേരിടേണ്ടി വന്നു. ജയിലിലെ മറ്റ് അന്തേവാസികളെക്കൊണ്ടു പോലും ഈ സഹോദരിമാരുടെ നേര്‍ക്ക് അസഭ്യവര്‍ഷം ചൊരിയിക്കാന്‍ ജയില്‍ അധികൃതര്‍ മടിച്ചില്ല. എന്നിട്ടും അക്കാമ്മ ചെറിയാന്റെ ശക്തമായ ദേശാഭിമാനത്തിനും സമരവീര്യത്തിനും സ്വാതന്ത്യവാഞ്ഛയ്ക്കും തെല്ലു പോലും കുറവു വരുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഒരു വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് മോചിതയായശേഷം അക്കാമ്മ ചെറിയാന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകയായി മാറി. 1942ല്‍ അവര്‍ അതിന്റെ ആക്ടിംഗ് പ്രസിഡന്റ് ആയി. ക്വിറ്റ് ഇന്ത്യാ പ്രമേയത്തിനനുകൂലമായും സര്‍ സി. പി രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരായും പ്രതികരിച്ചതിന് പലവട്ടം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നിട്ടും വിജൃംഭിതവീര്യയായി അവര്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായ അക്കാമ്മചെറിയാന്‍ 1952ല്‍സ്വാതന്ത്ര്യസമരനേതാവും എംഎല്‍എയുമായ വി.വി വര്‍ക്കിയെ വിവാഹം കഴിച്ചു. ക്രമേണ കോണ്‍ഗ്രസ്സില്‍ നിന്ന് അകന്ന അവര്‍ ഇടതുപക്ഷപിന്തുണയോടെ 1952ല്‍ മീനച്ചില്‍ പാര്‍ലമെന്റ് സീറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1972ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വാതന്ത്ര്യ സമരസേനാനികള്‍ക്കുള്ള താമ്രപത്രം നല്കി അവരെ ബഹുമാനിച്ചു. സ്വാതന്ത്ര്യസമരഭടന്മാര്‍ക്കുള്ള പെന്‍ഷന്‍ നല്കുന്നതിനുള്ള ഉപദേശകസമിതി അംഗമായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1982 മെയ് അഞ്ചിനു ഇഹലോകവാസം വെടിഞ്ഞുവെങ്കിലും കേരള ചരിത്രത്തില്‍ ഒരു തിളക്കമാര്‍ന്ന വ്യക്തിത്വമായി അവര്‍ ജ്വലിച്ചു നില്‍ക്കുന്നു.തിരുവനന്തപുരത്തെ വെള്ളയമ്പലത്തു സ്ഥാപിച്ച ഈ മഹതിയുടെ പൂര്‍ണ്ണകായ പ്രതിമ കേരളീയര്‍ ചൊരിഞ്ഞ സ്‌നേഹാദരങ്ങളുടെ സാക്ഷ്യപത്രമായി നിലകൊള്ളുന്നു.
ആനി മസ്‌ക്രീന്‍
അക്കാമ്മ ചെറിയാനെ പോലെ സ്വാതന്ത്യസമര ചരിത്രത്തില്‍ ഇടം നേടിയ വനിതയാണ് ആനി മസ്‌ക്രീന്‍. തിരുവനന്തപുരത്തെ ഒരു ലത്തീന്‍ കത്തോലിക്ക കുടുംബത്തില്‍ ജനിച്ച ആനി മസ്‌ക്രീന്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ആദ്യ വനിതാ അംഗങ്ങളിലൊരാളും അതിന്റെ വര്‍ക്കിംഗ് കമ്മിറ്റിയിലെ ആദ്യ വനിതയുമായി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ പേരിലും അവര്‍ പലപ്രാവശ്യം ജയിലിലടയ്ക്കപ്പെട്ടു.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം തിരുവിതാംകൂര്‍ കൊച്ചി ലജിസ്ലേറ്റിവ് അസംബ്ലിയിലെ അംഗമായ ആനി മസ്‌ക്രീന്‍ ആരോഗ്യവകുപ്പിന്റെയും ഊര്‍ജ്ജവകുപ്പിന്റെയും മിനിസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ആയി പ്രവര്‍ത്തിച്ചു. 1951ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ആദ്യത്തെ ലോക്‌സഭയിലേക്ക് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച അവര്‍ കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ എം.പി ആയി. 1963ല്‍ മരണത്തെ പുല്‍കിയ ആനി മസ്‌ക്രീന്റെ ഓര്‍മ്മകളോടുള്ള കേരളത്തിന്റെ ആദരസൂചകമായി 2013ല്‍ അവരുടെ വെങ്കല പ്രതിമ തിരുവനന്തപുരത്തെ ആനി മസ്‌ക്രീന്‍ സ്‌ക്വയറില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി അനാച്ഛാദനം ചെയ്തു.
സ്വാതന്ത്ര്യസമരത്തിന്റെ നേതൃനിരയിലേക്കുയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞവരെക്കുറിച്ചു മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. ബ്രിട്ടീഷുകാരന്റെ നിറതോക്കിനു മുന്നില്‍ അഭിമാനത്തോടെ നെഞ്ചുവിരിച്ചു നിന്ന എത്രയോ സ്ത്രീത്വങ്ങള്‍ ഇന്ന് വിസ്മൃതിയിലാണ്ടു പോയിരിക്കുന്നു. സ്വതന്ത്രഭാരതത്തിന്റെ സന്തതികളായ നാം ഇന്ന് മതത്തിന്റെയും ജാതിയുടെയും സ്വാര്‍ത്ഥതാത്പര്യങ്ങളുടെയും പേരില്‍ ദുരുപയോഗം ചെയ്യുന്ന ഈ സ്വാതന്ത്ര്യം അവരുടെ ധീരതയുടെ, കണ്ണീരിന്റെ, യാതനകളുടെ, ത്യാഗത്തിന്റെ ഒക്കെ മധുരഫലമാണ് എന്നത് നാം സൗകര്യപൂര്‍വ്വം മറക്കുന്നു. ദേശസേവനത്തിനായി അവര്‍ ഉഴിഞ്ഞു വച്ച സ്വന്തം ജീവിതത്തിന്റെ അവശിഷ്ടങ്ങളില്‍ ചവിട്ടി നിന്ന് നാം നമ്മുടെ നാടിന്റെ നന്മകളെ ഉച്ചാടനം ചെയ്യുന്നു. നാടിന്റെ വികസനത്തിനായി ഉപയോഗിക്കേണ്ട മാനവവിഭവശേഷി ഉപയോഗശൂന്യമാക്കിക്കളയുന്നു. ഒരു നിമിഷം നമുക്കു സ്മരിക്കാം. നമുക്കായി പോരാടിയ കൈകളെ, നമുക്കായി യാതനയനുഭവിച്ച പുണ്യദേഹങ്ങളെ, നമുക്കായി പിടഞ്ഞു വീണ ജീവിതങ്ങളെ, അവരുടെ പാതകള്‍ പിന്തുടര്‍ന്ന് മാതൃരാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു പ്രബുദ്ധജനതയായി നമുക്കു മാറാം.