കാശിയിലെ പ്രസിദ്ധമായ വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് പള്ളിയാക്കി മാറ്റിയ സ്ഥലത്ത് ശിവലിംഗം കണ്ടെത്തിയതോടെ ക്ഷേത്രഭൂമി പൂര്‍ണ്ണമായും മോചിപ്പിക്കേണ്ടതിന്റെ ദേശീയ പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുകയാണ്. ക്ഷേത്രവും പള്ളിയും തമ്മിലോ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലോ ഉള്ള ഒരു പ്രശ്‌നമായല്ല അയോദ്ധ്യ, കാശി, മഥുര എന്നിവിടങ്ങളിലെ ക്ഷേത്രവിമോചനത്തെ കാണേണ്ടതെന്ന വസ്തുത ശ്രീരാമ ജന്മഭൂമി പ്രക്ഷോഭ സമയത്തു തന്നെ വ്യക്തമാക്കപ്പെട്ടതാണ്. ഭാരതത്തെ ആക്രമിച്ച വിദേശ ശക്തികള്‍ രാഷ്ട്രത്തിന്റെ ആത്മവീര്യം തകര്‍ക്കുന്നതിനു വേണ്ടിയാണ് ഇവിടത്തെ ദേശീയ ശ്രദ്ധാകേന്ദ്രങ്ങളെ തകര്‍ത്തത്. അവ വീണ്ടെടുക്കേണ്ടതും ചരിത്രത്തിലെ തെറ്റുകള്‍ തിരുത്തേണ്ടതും രാഷ്ട്രത്തിന്റെ സാംസ്‌കാരിക സ്വാതന്ത്ര്യം വീണ്ടെടുക്കുന്നതിന് അനിവാര്യമായ നടപടിയാണ്. ജ്ഞാന്‍വാപി പള്ളി എന്നു വിളിക്കപ്പെടുന്ന ക്ഷേത്ര ഭൂമിയിലെ കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്തെ മതിലിനോടു ചേര്‍ന്നുള്ള ശൃംഗാര്‍ ഗൗരി ക്ഷേത്രത്തില്‍ നിത്യാരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചു ഹിന്ദു വനിതകള്‍ വാരാണസി കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് സ്ഥലത്ത് സര്‍വ്വെ നടത്താന്‍ കോടതി അഭിഭാഷക കമ്മീഷനെ നിയമിച്ചത്. കമ്മീഷന്‍ കണ്ടെത്തിയ വിവരങ്ങള്‍ റിപ്പോര്‍ട്ടായി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. സര്‍വ്വെ പൂര്‍ത്തിയാക്കിയ മെയ് 16 ന് ശിവലിംഗവും ക്ഷേത്ര ഭാഗങ്ങളും കണ്ടെത്തിയ വിവരം പുറത്തറിഞ്ഞതോടെയാണ് സ്ഥലം സീല്‍ ചെയ്ത് സംരക്ഷിക്കാന്‍ കോടതി ഉത്തരവിട്ടത്. സര്‍വ്വേക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പ്രാര്‍ത്ഥന തടസ്സപ്പെടുത്താതെ ശിവലിംഗം കണ്ടെത്തിയ കുളം സംരക്ഷിക്കാനാണ് സുപ്രീംകോടതിയും ഉത്തരവിട്ടത്. പ്രശ്‌നവുമായി ബന്ധപ്പെട്ട ഹരജികളെല്ലാം വാരാണസി ജില്ലാ ജഡ്ജിയുടെ പരിഗണനയിലേക്ക് മാറ്റിയ സുപ്രീംകോടതി ഒരു ആരാധനാലയത്തിന്റെ സ്വഭാവം മനസ്സിലാക്കുന്നതിന് 1991 ലെ ആരാധനാലയ നിയമം തടസ്സമല്ലെന്ന സുപ്രധാനമായ നിരീക്ഷണവും നടത്തി.
കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. സ്‌കന്ദപുരാണത്തിലെ കാശിഖണ്ഡത്തില്‍ ഈ ക്ഷേത്രത്തെക്കുറിച്ചു പരാമര്‍ശിച്ചിരിക്കുന്നു. ഭാരതീയ സംസ്‌കാരത്തില്‍ കാശിയ്ക്കുള്ള പ്രാധാന്യം മനസ്സിലാക്കിയതു കൊണ്ടാകാം ഭാരതത്തിലേക്കു കടന്നുവന്ന വിദേശ അക്രമികളെല്ലാം ഈ ക്ഷേത്രം ആക്രമിച്ചുതകര്‍ത്തിട്ടുണ്ട്. എന്നാല്‍ ഓരോ ആക്രമണത്തിനു ശേഷവും ക്ഷേത്രത്തെ പുനരുദ്ധരിക്കാനുള്ള പരിശ്രമവും നടന്നിട്ടുണ്ട്. അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയുടെ മോചനം സാദ്ധ്യമായതുപോലെ കാശിയിലെ വിശ്വനാഥ ക്ഷേത്രവും മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയും വീണ്ടെടുക്കണമെന്നത് ദേശസ്‌നേഹികളുടെ എക്കാലത്തെയും വലിയ ആഗ്രഹമാണ്. വാരാണസിയെ പ്രതിനിധീകരിച്ച് ലോകസഭാംഗമായ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ കാശിയുടെ മുഖച്ഛായ മാറ്റിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
കാശി വിശ്വനാഥ ക്ഷേത്രം ആദ്യമായി തകര്‍ക്കപ്പെടുന്നത് മുഹമ്മദ് ഘോറിയുടെ ആക്രമണകാലത്താണ്. ഘോറിയുടെ സേനാനായകനായ ഐബക്കും സൈന്യവും പൊതുവര്‍ഷം 1194 ല്‍ കനൗജിലെ രാജാവിനെ ആക്രമിച്ചു പരാജയപ്പെടുത്തുകയും തുടര്‍ന്ന് കാശിയിലെ ഭവ്യവും മനോഹരവുമായ ക്ഷേത്രം തകര്‍ക്കുകയും അതേ സ്ഥാനത്ത് റാസിയ മോസ്‌ക് എന്ന പേരില്‍ പള്ളി നിര്‍മ്മിക്കുകയും ചെയ്തു. ക്ഷേത്രം പുനര്‍നിര്‍മ്മിക്കപ്പെട്ടെങ്കിലും വീണ്ടും പല തവണ തകര്‍ക്കപ്പെട്ടു.
ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഇസ്ലാമിക ഭരണാധികാരി ഔറംഗസേബ് അധികാരത്തില്‍ വന്നത് കാശിയുടെ ഏറ്റവും വലിയ ദുര്യോഗത്തിനിടയാക്കി. ഔറംഗസേബിന്റെ നിര്‍ദ്ദേശപ്രകാരം അയാളുടെ സൈന്യം 1669 ല്‍ കാശി വിശ്വനാഥ ക്ഷേത്രവും വിഗ്രഹവുമെല്ലാം തകര്‍ത്തു തരിപ്പണമാക്കി. ക്ഷേത്രത്തെ രക്ഷിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും നിഷ്ഫലമായി. അയോദ്ധ്യയില്‍ ബാബര്‍ ചെയ്തതുപോലെ ക്ഷേത്ര ഭൂമിയില്‍ പള്ളി പണിയുകയാണ് ഔറംഗസേബും ചെയ്തത്. ക്ഷേത്രത്തിന്റെ ഭാഗങ്ങളെല്ലാം മണ്ണിനടിയില്‍ അതേപടി നിലനിര്‍ത്തിയാണ് പള്ളി പണിതത് എന്ന ചരിത്ര വസ്തുത ശരിവെക്കുന്നതാണ് ശിവലിംഗത്തിന്റെയും മറ്റു ക്ഷേത്ര ഭാഗങ്ങളുടെയും കണ്ടെത്തല്‍. ഔറംഗസേബിന്റെ ആജ്ഞാനുസരണം നിര്‍മ്മിച്ച പള്ളിയാണ് കാശി വിശ്വനാഥന്റെ മണ്ണില്‍ ‘ജ്ഞാന്‍വാപി മസ്ജിദ്’ എന്ന പേരില്‍ രാഷ്ട്രത്തിന് അപമാനമായി സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തിലും നിലനില്‍ക്കുന്നത്. ഔറംഗസേബ് ക്ഷേത്രം തകര്‍ത്ത് പള്ളി നിര്‍മ്മിച്ച ശേഷവും ക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു. 1742 ല്‍ മറാത്താ രാജാവായിരുന്ന മല്‍ഹര്‍ റാവു ഹോല്‍ക്കര്‍ വിശ്വനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കി. എന്നാല്‍ കാശി അക്കാലത്ത് അവധിലെ നവാബിന്റെ കീഴിലായിരുന്നതു കൊണ്ടും നവാബിന്റെ എതിര്‍പ്പിനാലും പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായില്ല. 1780 ല്‍ മല്‍ഹര്‍ റാവുവിന്റെ മകന്റെ ഭാര്യ അഹല്യാഭായ് ഹോല്‍ക്കര്‍ പള്ളി തകര്‍ക്കാതെ തന്നെ അതിനോടു ചേര്‍ന്ന് വിശ്വനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചു. 1828 ല്‍ മറാത്താ രാജാവായ ഗ്വാളിയോറിലെ ദൗലത്ത് റാവു സിന്ധ്യയുടെ ഭാര്യ ബൈസാ ഭായി 40 തൂണുകളോടു കൂടിയ മണ്ഡപം പള്ളിയോട് ചേര്‍ന്നു തന്നെ നിര്‍മ്മിച്ചു. 1833 – 40 കാലത്ത് ജ്ഞാനവാപി പള്ളിയോടു ചേര്‍ന്നുള്ള കിണറിന് ആള്‍മറയും നിരവധി ഘാട്ടുകളും സമീപപ്രദേശത്തെ ചെറിയ ക്ഷേത്രങ്ങളും നിര്‍മ്മിക്കപ്പെട്ടു. ഭാരത ഉപഭൂഖണ്ഡത്തിലെ നിരവധി രാജവംശങ്ങള്‍ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മിതിക്കായി ഉദാരമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1835 ല്‍ മഹാരാജാ രഞ്ജിത് സിംഗ് ഭാര്യ ദൗലത് കൗറിന്റെ ആഗ്രഹ പ്രകാരം ക്ഷേത്ര ഗോപുരം സ്വര്‍ണ്ണം പൂശുന്നതിന് ഒരു ടണ്‍ സ്വര്‍ണ്ണം നല്‍കുകയുണ്ടായി. 1841 ല്‍ നാഗ്പൂരിലെ രഘുജി ഭോണ്‍സ്ലെ മൂന്നാമന്‍ ക്ഷേത്രത്തിന് ആവശ്യമായ വെള്ളി സംഭാവന ചെയ്തു. 1860 കളില്‍ നേപ്പാള്‍ രാജാവാണ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ഏഴടി പൊക്കത്തിലുള്ള നന്ദികേശ്വര പ്രതിമ സ്ഥാപിച്ചത്.
ദീര്‍ഘകാലത്തെ പ്രക്ഷോഭത്തിന്റെയും നിയമ നടപടികളുടെയും ഫലമായാണ് അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയുടെ മോചനം സാദ്ധ്യമായത്. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയുടെയും കാര്യത്തിലും ഇത് ഒരു പാഠമാകേണ്ടതാണ്. വിദേശ അക്രമികള്‍ തകര്‍ത്ത സോമനാഥ ക്ഷേത്രം സ്വാതന്ത്ര്യം ലഭിച്ച ഉടനെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേലിന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മിച്ചതും സ്മരണീയമാണ്. വിദേശ അക്രമികളുടെ പിന്മുറക്കാരല്ലെന്ന് സ്വയം തിരിച്ചറിഞ്ഞ് ഇന്ത്യന്‍ മുസ്ലീങ്ങള്‍ മേല്‍പറഞ്ഞ പുണ്യഭൂമികളുടെ മേല്‍ ഉന്നയിക്കുന്ന അവകാശവാദം ഉപേക്ഷിക്കുകയാണു വേണ്ടത്. അയോദ്ധ്യാപ്രശ്‌നത്തില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരു മേശയ്ക്കു ചുറ്റുമിരുന്ന് പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമം നടന്നപ്പോള്‍ അതിനു തുരങ്കം വെച്ചത് ഇടതുപക്ഷ ചരിത്രകാരന്മാരാണ്. ഇത്തരം നിക്ഷിപ്ത താല്പര്യക്കാരുടെ പിടിയില്‍ പെടാതെ ദേശതാല്പര്യത്തിനനുകൂലമായ നിലപാട് സ്വീകരിക്കാനുള്ള അവസരമാണ് കാശിയും മഥുരയും ഇപ്പോള്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കു നല്‍കുന്നത്.