എന്റെ കുട്ടിക്കാലത്ത് വീട്ടിലെന്നും കോഴികളുണ്ടായിരുന്നു.
പടിഞ്ഞാറെ താഴ്‌വാരത്തോടു ചേര്‍ന്ന് മണ്ണുകൊണ്ട് മെനഞ്ഞുണ്ടാക്കിയതാണ് കോഴിക്കൂട്. വായു കടക്കാനുള്ള ദ്വാരം മാത്രം. കൊച്ചു മരവാതില്‍. അന്തിമയക്കത്തോടെ കോഴികള്‍ കൂട്ടില്‍ വന്നു മുളയുന്നു. ഉടനെ വാതിലടച്ചു പൂട്ടിട്ടു പൂട്ടും.രാത്രിയുടെ മറപറ്റി പതുങ്ങിപ്പതുങ്ങി വരുന്ന കള്ളക്കുറുക്കന്മാരുണ്ട്. എത്ര മെനക്കെട്ടാലും മണ്ണു കുഴച്ചുണ്ടാക്കുന്ന കോഴിക്കൂടു പൊളിക്കാനോ കോഴിയെ പിടിക്കാനോ കുറുക്കനു പറ്റില്ല.
പകല്‍നേരം കുറുക്കന്‍ കോഴിയെ പിടിക്കുമെന്ന പേടി വേണ്ട. സൂര്യനും കുറുക്കന്മാരും ലോഹ്യത്തിലല്ല. അസ്തമയംവരെ കുറുക്കന്‍ പൊന്തയിലോ പൊത്തിലോ ഒളിച്ചു കഴിയും. ആര്‍ക്കും കണ്ടുപിടിക്കാന്‍ പറ്റില്ല.
പാവം കുറുക്കന്‍. കോഴിയാണ് ഇഷ്ടഭോജ്യം. എന്നിട്ടെന്താണ്! അതിനെ ഒന്നു മണത്തു നോക്കാന്‍പോലും മനുഷ്യന്മാര് സമ്മതിക്കില്ല.
‘കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില്’ എന്നാണ് ചൊല്ല്.
ചോന്ന തൊപ്പി വെച്ച് അങ്കവാലുമായി നടക്കുന്ന പൂവന്‍. നാലഞ്ചു പിടക്കോഴികള്‍. വിരിഞ്ഞിറങ്ങിയ കോഴിക്കുട്ടികള്‍. മുറ്റത്തും തൊടിയിലും വൈക്കോല്‍ക്കുണ്ടകളുടെ ചുവട്ടിലും അവറ്റകള്‍ ചിക്കിച്ചിനക്കി നടക്കും.
മുറ്റമടിക്കാനും പശുവിനു പുല്ലും വെള്ളവും കൊടുക്കാനും തൊഴുത്തു വൃത്തിയാക്കാനും ശങ്കരന്റെ കെട്ടിയവള്‍ ലക്ഷ്മി വരും. അടുക്കളയില്‍ അമ്മയെ സഹായിക്കാനും വീട്ടിനകം അടി ക്കാനും തുടക്കാനും കല്യാണി യുണ്ട്. ഉള്ളുകൊണ്ട് ലക്ഷ്മിക്ക് കല്യാണിയേയോ കല്യാണിക്ക് ലക്ഷ്മിയേയോ ഇഷ്ടമല്ല. അമ്മ യുടെ ചെകിട്ടില്‍ മറ്റേയാളെപ്പറ്റി രണ്ടാളും ഏഷണി പറയും. കല്യാണിയെപ്പറ്റി എന്തോ കുറ്റം പറയാന്‍ മുത്തശ്ശിയുടെ അടുത്തു വന്നതാണ് ലക്ഷ്മി. ലക്ഷ്മി കുശു കുശുക്കാന്‍ തുടങ്ങിയപ്പോള്‍ മുത്തശ്ശി വിലക്കി:
”മതി മതി. ‘കോഴി തിന്നണത് കാക്കക്ക് കണ്ടൂട’ അല്ലേ?”
അതു കേട്ടപാടെ ലക്ഷ്മി സ്ഥലം വിട്ടു. കല്യാണിക്ക് മുത്തശ്ശിയുടെ സ്വഭാവം അസ്സലാ യിട്ടറിയാം. ലക്ഷ്മിയുടെ കുറ്റ ങ്ങളും കുറവുകളും പറഞ്ഞ് കല്യാണി ആ വഴിക്കേ വരില്ല.
ചില നേരങ്ങളില്‍ അമ്മ അടുക്കളമുറ്റത്ത് അരിയോ നെല്ലോ ചോറിന്റെ വറ്റോ ഇട്ടു കൊടുക്കും. കൊത്തിപ്പെറുക്കാന്‍ കോഴികളും മക്കളും എത്തുമ്പോഴേക്കും കാക്കകളും മുറ്റത്തു പറന്നിറ ങ്ങുന്നു. കോഴികളെ ഓടിക്കാന്‍ കാക്കകളും കാക്കകളെ പറപ്പിക്കാന്‍ കോഴികളും കൊണ്ടുപിടിച്ച് ഉത്സാഹിക്കുന്നു.
തൊടിയില്‍ തെങ്ങിന്റെ തടത്തിലും വാഴകളുടെ ചുവട്ടിലും ചിനക്കിക്കൊണ്ടു നില്‍ക്കുകയാണ് കോഴികള്‍. ആറു കോഴിക്കുട്ടി കളുണ്ട് കൂട്ടത്തില്‍. വിരിഞ്ഞിട്ട് ഇരുപതു ദിവസം കഷ്ടി. പത്തു കുട്ടികളാണ് പൊരുന്നവെച്ച കുട്ടയില്‍നിന്ന് പുറത്തുവന്നത്. നാലെണ്ണത്തിനെ പലപ്പോഴായി പരുന്തു കൊണ്ടുപോയി.
കുറച്ചപ്പുറത്തായി ചോന്ന തൊപ്പി വെച്ച പൂവന്‍കോഴി ജാഗ്രതയോടെ നില്‍ക്കുന്നുണ്ട്. അങ്ങനെ എളുപ്പത്തിലൊന്നും പരുന്തിന് കോഴിക്കുട്ടികളെ റാഞ്ചാന്‍ കഴിയില്ല. എന്നിട്ടും പൂവന്റെ കണ്ണുവെട്ടിച്ച് പരുന്ത് ആഗ്രഹം സാധിക്കുകതന്നെ ചെയ്യുന്നു.
കോഴിപ്പട മുറ്റത്തേക്കു കേറിവന്നു. സന്ധ്യ ഇരുളുന്നു. കൂടണയാന്‍ നേരമായെന്ന് കോഴികള്‍ക്കറിയാം. സന്ധ്യ മയക്കത്തില്‍ കീരിയോ കാട്ടു മാക്കാനോ* വരും കുട്ടികളെ പിടിക്കാന്‍. കോഴികള്‍ കൂട്ടി നടുത്തേക്കു നീങ്ങുന്നതു കണ്ട് ഞാന്‍ ഓടിച്ചെന്ന് കൂടു തുറന്നു കൊടുത്തു. കോഴികള്‍ കൂട്ടില്‍ ക്കേറിയെന്നുറപ്പായപ്പോള്‍ ഞാന്‍ കൂടിന്റെ വാതിലടച്ച് പൂട്ടിട്ടു പൂട്ടി.
* കാടന്‍പൂച്ച മൂത്ത് കാട്ടുമാക്കാനാകുന്നു എന്നാണ് വിശ്വാസം.
Comments