വിസ്മയങ്ങളുടെ മഹാനദിയാണ് ബ്രഹ്‌മപുത്ര. ബ്രഹ്‌മാവിന്റേയും അമോഘയുടേയും പുത്രനാണ് ബ്രഹ്‌മപുത്ര. പുരുഷനാമമുള്ള നദി. നദീഡോള്‍ഫിനുകള്‍ വസിക്കുന്നു എന്ന അപൂര്‍വ്വതയും ഈ നദിക്ക് സ്വന്തം. നദീ ദ്വീപുകളുടേയും തുരുത്തുകളുടേയും ബാഹുല്യവും ശ്രദ്ധേയമാണ്. ലോകത്തിലെ മനുഷ്യവാസമുള്ള ഏറ്റവും വലിയ നദീദ്വീപ് മജ്ജുലി ബ്രഹ്‌മപുത്രയിലാണ്. മറ്റു നദികളെപ്പോലെ കാര്‍ഷികാവശ്യത്തിന് – ജലസേചനത്തിന് – ഈ നദി ഉപയോഗിക്കുന്നില്ല. എന്നാല്‍ നദീസഞ്ചാരങ്ങള്‍ക്ക് ബ്രഹ്‌മപുത്ര പ്രസിദ്ധവുമാണ്. ആദ്യകാലത്ത് ബ്രിട്ടീഷ് കച്ചവടക്കാര്‍ ഈ നദിയുടെ വലുപ്പം കണ്ട് തെറ്റിദ്ധരിച്ചിരുന്നുവത്രെ.
കൈലാസത്തില്‍ നിന്നും മാനസ സരോവരത്തില്‍ നിന്നും ഉത്ഭവിച്ച് ടിബറ്റിലൂടെ 640 കി.മീ, ആസ്സാമിലൂടെ 724 കി.മീ. ഒഴുകി തെക്കോട്ട് തിരിഞ്ഞ് ബംഗ്ലാദേശിലൂടെ 240 കി.മീ. ഒഴുകി ബ്രഹ്‌മപുത്ര സമുദ്രത്തെ പ്രാപിക്കുന്നു. കിഴക്കു നിന്നുള്ള ലുഹിത് നദിയും വടക്കു കിഴക്കുനിന്നുള്ള ഡിബാങ്ങും ആസ്സാമിലെ സാദിയയില്‍ സംഗമിച്ചു ബ്രഹ്‌മപുത്രയാകുന്നു.
ബ്രഹ്‌മപുത്രയിലെ പികോക്ക് ദ്വീപിലെ ഭസ്മാചലത്തിന് മുകളിലുള്ള ഉമാനന്ദക്ഷേത്രം പ്രശസ്തമാണ്. കചാരിഘട്ടില്‍ നിന്നും ബോട്ടില്‍ ദ്വീപിലേക്കു പോകാം. കാമദേവനെ ശിവന്‍ ഭസ്മമാക്കിയ സ്ഥലമെന്നാണ് വിശ്വാസം. 1694ല്‍ ഗദാധര്‍ സിംഹന്റെ ആജ്ഞപ്രകാരം ജനറല്‍ ഗള്‍ഖായന ഹാന്‍സിക്ക് ക്ഷേത്രം നിര്‍മ്മിച്ചു. 1897ല്‍ ഭൂകമ്പത്തില്‍ ക്ഷേത്രം തകര്‍ന്നുപോയി. പിന്നീട് പുനര്‍നിര്‍മ്മിക്കപ്പെടുകയാണുണ്ടായത്.
ഇതിഹാസകാലത്ത് പ്രാഗ്‌ജ്യോതിഷമെന്നും കാളിദാസന്‍ കാമരൂപമെന്നും വിളിച്ചിരുന്ന ദേശമാണ് ആസ്സാം. അതുല്യം, അദ്വിതീയം എന്നൊക്കെ അര്‍ത്ഥംവരുന്ന ‘അസമ’ എന്ന പദത്തില്‍ നിന്നുമാണ് ആസ്സാം എന്ന പേര് രൂപപ്പെട്ടുവന്നത്. ബോഡോഭാഷയില്‍ താഴ്‌വര എന്നര്‍ത്ഥമുള്ള ‘ആസമി’ല്‍ നിന്നാണ് ഉല്പത്തിയെന്ന് ബേഡന്‍ പവ്വല്‍ പറയുന്നു. മഹാനദിയായ ബ്രഹ്‌മപുത്രയുടെ ആലിംഗനത്തിലമര്‍ന്നു കിടക്കുന്ന സംസ്ഥാനമാണ് ആസ്സാം. ലോകത്തെ മഹാനദികളില്‍പ്പെടുന്ന ബ്രഹ്‌മപുത്ര മനുഷ്യന്റെ കൈക്കരുത്തിനും കണക്കുകൂട്ടലുകള്‍ക്കും വഴങ്ങാന്‍ കൂട്ടാക്കാത്ത നദിയാണ്.
ഇന്ത്യയുടെ തേയിലപ്പട്ടണമെന്ന് ഖ്യാതിപ്പെട്ട ഡിബ്രുഗഢില്‍ നാം എവിടെ നിന്നാലും ബ്രഹ്‌മപുത്രയുടെ തീരത്തു തന്നെയായിരിക്കും. ഇതാണ് ഈ നദിയോരപ്പട്ടണത്തിന്റെ ശാപവും അനുഗ്രഹവും. 1950 ലെ മെഡോങ്ങ് ഭൂകമ്പത്തില്‍ നഗരത്തിന്റെ മുക്കാല്‍ഭാഗവും നദി കവര്‍ന്നെടുത്തു. സ്ഥിതി-സംഹാര മൂര്‍ത്തിയായ ബ്രഹ്‌മപുത്രയുടെ കാരുണ്യത്തില്‍ പ്രാതഃസ്മരണീയരായിട്ടാണ് ഡിബ്രുഗഢ് വാസികളുടെ ജീവിതമെന്ന് അവിടുത്തുകാരന്‍ തന്നെയായ ഞങ്ങളുടെ ഡ്രൈവര്‍ ഗോപാല്‍ നായ്ക് പറഞ്ഞു.
ആസ്സാമിന്റെ വടക്കേ അറ്റം ചേര്‍ന്ന് അരുണാചലിനോട് അതിര്‍ത്തിപങ്കിട്ടു കിടക്കുന്ന ഇന്ത്യയുടെ ഈ തേയിലപ്പട്ടണത്തില്‍ നിന്നാണ് ഞങ്ങളുടെ ആസ്സാം യാത്രകള്‍ ആരംഭിച്ചത്. നോക്കെത്താദൂരം പരന്നു കിടക്കുന്ന തേയിലപ്പാടങ്ങളെ പിന്നിട്ടാണ് മഹാനദിയിലെ വിസ്മയ സേതുക്കള്‍ കാണാന്‍ പുറപ്പെട്ടത്. ആസ്സാമിന്റെ മൊത്തം തേയില ഉല്പാദനത്തിന്റെ പകുതിയും ഡിബ്രുഗഢിനോട് ചേര്‍ന്നു കിടക്കുന്ന ടിന്‍സുകിയ ശിവസാഗര്‍ പ്രദേശങ്ങളിലാണ്.
ഉത്രാടദിനത്തിലായിരുന്നു ശിവസാഗര്‍ യാത്ര. ടിന്‍സുകിയ വഴിയുള്ള ശിവസാഗര്‍ യാത്ര ആസ്സാമിന്റെ ഗാഢഹരിത സ്ഥലികളിലൂടെയാണ്. ഇരുവശത്തും നോക്കെത്താദൂരം പരന്നുകിടക്കുന്ന സമതല തേയിലത്തോട്ടങ്ങളും നെല്‍വയലുകളും. മൂന്നാര്‍ മലഞ്ചെരിവുകളിലെ തേയിലത്തോട്ടലാവണ്യം പരിചയിച്ചവര്‍ക്ക് ഈ സമതല തേയില തോട്ടങ്ങള്‍ കൗതുകം പകരാതിരിക്കില്ല. പച്ചയുടെ വൈവിധ്യമാര്‍ന്ന വര്‍ണ്ണപകര്‍ച്ചകള്‍ അതീവചാരുതയാര്‍ന്നതാണ്. പുലര്‍കാലവെട്ടത്തിലും നട്ടുച്ചയിലും അന്തിപ്പൊന്‍വെയിലിലും അത് ചുവടുകള്‍ മാറ്റുന്നു.

130 ഏക്കറില്‍ നഗരഹൃദയത്തില്‍ വ്യാപിച്ചുകിടക്കുന്ന ശിവസാഗര്‍ തടാകം മനുഷ്യനിര്‍മ്മിതമാണ്. 18-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മഹാറാണി അംബികാദേവിയാണ് തന്റെ ഭര്‍ത്താവ് ശിവസിംഹന്റെ സ്മരണക്ക് തടാകം കുഴിപ്പിച്ചത്. വലിയ തടാകം എന്നര്‍ത്ഥമുള്ള ബോര്‍പുഖരി എന്നും ഇതറിയപ്പെടുന്നു. നിറയെ താമരയും ആമ്പലും പൂത്തുനില്‍ക്കുന്ന ഈ തടാകം നീര്‍പക്ഷികളുടെ ഇഷ്ടതാവളമാണ്. ആ തടാകതീരത്താണ് ചരിത്രപ്രസിദ്ധമായ ക്ഷേത്രസമുച്ചയം. നടുവില്‍ ശിവക്ഷേത്രവും ഇടത്തും വലത്തുമായി ദേവി – വിഷ്ണു ക്ഷേത്രങ്ങളും.
ശിവസാഗറിലെ ചരിത്രസ്മാരകങ്ങളില്‍ മുഖ്യമാണ് കരേംഗ്ഖര്‍. 1751ല്‍ രാജേശ്വര്‍ സിന്‍ഹയാണ് ഈ കൊട്ടാരനിര്‍മ്മിതി പൂര്‍ത്തിയാക്കിയത്. മുകളിലേക്ക് നാലു നിലകളും താഴേക്ക് മൂന്നു നിലകളുമായി ഏഴുനിലകള്‍. ശത്രുക്കളുടെ ആക്രമണവേളയില്‍ രക്ഷപ്പെടാനുള്ള രണ്ട് രഹസ്യതുരങ്കങ്ങളും താഴേ നിലയില്‍ നിന്നുണ്ടായിരുന്നുവത്രെ.
ഇരുനിലകളിലുള്ള രാജകീയ പവലിയനായ രംഗ്ഖര്‍ മറ്റൊരു സന്ദര്‍ശകകേന്ദ്രമാണ്. 1746ല്‍ രാജാപ്രമത്ത സിന്‍ഹയാണ് ഈ പവലിയന്‍ നിര്‍മ്മിച്ചത്. രൊംഗോലി ബിഹു (വിഷു) ആഘോഷങ്ങളും കായികാഭ്യാസങ്ങളും ഈ പവലിയനിലിരുന്നാണ് രാജാവ് വീക്ഷിച്ചിരുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ആംഫി തിയേറ്ററായി ഇതു ഗണിക്കപ്പെടുന്നു. വലിയൊരു ബോട്ടിന്റെ ആകൃതിയിലാണ് ഇതിന്റെ നിര്‍മ്മിതി. അഹോം രാജാക്കന്മാരുടെ വാസ്തുശൈലിയുടെ മികച്ച ഉദാഹരണങ്ങളിലൊന്നായി ഇത് കരുതപ്പെടുന്നു. കല്ലുകള്‍ക്കും ഇഷ്ടികകള്‍ക്കും പകരമായി പനഞ്ചക്കര, ഉഴുന്ന്, ആനപ്പുല്ല്, വലിയമീന്‍ അസ്ഥികള്‍ എന്നിവ ഉപയോഗിച്ചാണിതിന്റെ നിര്‍മ്മിതി.

യാത്രാവേളയില്‍ വഴിയോരങ്ങളിലെ വയല്‍ക്കുളങ്ങളില്‍ ചെറിയ വലകളും ചൂണ്ടകളും ഉപയോഗിച്ച് മീന്‍പിടിക്കുന്ന എല്ലാപ്രായത്തിലുമുള്ള ആസ്സാംകാരെ കാണാം. ഇടക്കിടെ ഗാഢഹരിതമായ തുരുത്തുകളായ മുളങ്കൂട്ടങ്ങളും കൊച്ചുകൊച്ചു ജലാശയങ്ങളും വൃക്ഷച്ഛായകളും. പൊതുവേ വെള്ളക്കെട്ടുകളും ചതുപ്പും നിറഞ്ഞതാണ് ആസ്സാം പ്രകൃതി. അതുകൊണ്ടുതന്നെ മുളകളിലോ കോണ്‍ക്രീറ്റു തൂണുകളിലോ ഉയര്‍ത്തിക്കെട്ടിയ മുള വീടുകളാണ് എമ്പാടും കാണാനാവുക. വൃത്തിഹീനവും അപരിഷ്‌കൃതവുമായ ഒരു തീവണ്ടിപ്പാത സദാ ഞങ്ങളെ പിന്തുടരുന്നതുപോലെ തോന്നി. മേല്‍ക്കൂരകളോ ചാരുബഞ്ചുകളോ ഇല്ലാത്ത വെറും വെളിയിടങ്ങളാണ് ചില റെയില്‍വേ സ്റ്റേഷനുകള്‍.
മുളവാരികള്‍ കൊണ്ട് നെയ്ത ഭിത്തികളാണ് ആസ്സാം ഗൃഹനിര്‍മ്മാണ കൗശലത്തിന്റെ സവിശേഷത. ഭിത്തികള്‍ പശിമയുള്ള ചെളി തേച്ച് മിനുസപ്പെടുത്തുകയും ചെയ്യും. അപൂര്‍വ്വമായി ചിലവ ചായം തേച്ച് മോടി പിടിപ്പിച്ചിരിക്കുന്നു. ചെറിയതോടുകള്‍ക്ക് കുറുകെയുള്ള നടപ്പാലങ്ങള്‍ മുളകള്‍കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉണങ്ങിയ വാഴക്കൈകളും കമുകിന്‍ പട്ടകളും തൂക്കിയിട്ട പ്രത്യേകതരം വേലികളും കാണാം.
യാത്രയ്ക്കിടെ ഒരു ദിവസം രാവിലെ വായിച്ച ആസ്സാം ട്രിബ്യൂണില്‍ ഒരു വാര്‍ത്ത കൗതുകമായിത്തോന്നി. കഴിഞ്ഞ എട്ടുപതിറ്റാണ്ടായി പ്രസിദ്ധീകരിച്ചുവരുന്ന പത്രമാണ് ആസ്സാം ട്രിബ്യൂണല്‍. ഉത്രാടനാളില്‍ മണിപ്പൂരില്‍ നടന്ന ഒരു വള്ളംകളിയുടെ വാര്‍ത്തയായിരുന്നു അത്. മണിപ്പൂരിലെ ഇംഫാലിലെ ബിജോയ് ഗോവിന്ദ മോട്ടിലാണ് ആയിരങ്ങള്‍ പങ്കെടുത്ത ഹെയ്ക്രു ഹിഡോങ്ബ ഉത്സവത്തോടനുബന്ധിച്ചുള്ള വള്ളംകളി നടന്നത്. എല്ലാവര്‍ക്കും ക്ഷേമവും ഐശ്വര്യവും ലഭിക്കുന്നതിനായി മണിപ്പൂരി ലാംഗ്ബാന്‍ മാസം പതിനൊന്നാം ദിവസം സാഗോള്‍ ബാന്‍ഡിലാണ് സവിശേഷമായ ചടങ്ങുകളോടെ ഈ വള്ളം കളി അരങ്ങേറുന്നത്.
എ.ഡി.984ല്‍ ഇറേങ്ബ മഹാരാജാവിന്റെ കാലത്താണ് ഇതാരംഭിച്ചത്. 108 നെല്ലിക്കയും 108 അരിമണികളും കൊണ്ടു തയ്യാറാക്കുന്ന പ്രത്യേകതരം മാലകളാണ് ഇതിലെ പ്രത്യേകത. ഓരോ ധാന്യവും കൈകൊണ്ട് നുള്ളിയെടുത്ത് തയ്യാറാക്കുന്നതാണത്രെ. മണിപ്പൂര്‍ മുഖ്യമന്ത്രിയും വിശിഷ്ടാതിഥികളും പങ്കെടുക്കുന്ന ഈ ഉത്സവത്തില്‍ തമ്മില്‍ കൂട്ടിക്കെട്ടിയ ഇരട്ടവള്ളങ്ങളിലാണ് ആചാരപ്രകാരമുള്ള ചടങ്ങുകള്‍ നടക്കുന്നത്.
ബ്രഹ്‌മപുത്രയുടെ രണ്ട് വിസ്മയ സേതുക്കള്‍കൂടി മടക്കയാത്രയില്‍ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ സാദിയയിലെ ഭൂപന്‍ ഹസാരിക സേതുവും ബോഗിബില്‍ ഡബിള്‍ ഡക്കര്‍ പാലവും. ചൈനയുടെ കരയാക്രമണങ്ങളെ നേരിടാന്‍ ഇന്ത്യന്‍ സൈനിക വിന്യാസം സുഗമമാക്കുന്നതിനാണ് ഈ പാലങ്ങളുടെ നിര്‍മ്മിതി. നദിക്കപ്പുറമുള്ള അരുണാചല്‍ പ്രദേശങ്ങള്‍ 1965ല്‍ ചൈന കൈവശപ്പെടുത്തിയിരുന്നു. താഴെ റെയിലും മുകളില്‍ റോഡുമായുള്ള ബോഗിബില്‍ പാലത്തിന് 4.5 കി.മീ നീളമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഡബിള്‍ഡക്കര്‍ പാലം.

ബ്രഹ്‌മപുത്രക്ക് ഇവിടെ നൂറടിയിലേറെ ആഴമുണ്ട്. മുകള്‍ പാലത്തിലൂടെ അക്കരയിലേക്ക് കടന്ന് ഞങ്ങള്‍ നദിയോരത്തേക്കിറങ്ങി. സന്ദര്‍ശകരും അപകടവും സഹയാത്രികരാകുന്ന ഇവിടെ പോലീസ് നിരീക്ഷണവും നിയന്ത്രണവുമുണ്ട്. പുറമെ ശാന്തപ്രവാഹമായി പുറമേ നിന്ന് തോന്നിപ്പിക്കുന്ന ഈ മഹാനദിയുടെ അടുത്തുനിന്നു നിരീക്ഷിച്ചാല്‍ ശക്തമായ ചുഴികള്‍ കാണാം. കടലിരമ്പം പോലുള്ള നദിയുടെ ഉള്ളലര്‍ച്ചയെക്കുറിച്ചും ഞങ്ങളോടൊപ്പമുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്രോട്ടോക്കോള്‍ ആഫീസര്‍ അംശുമാന്‍ ദത്ത പറഞ്ഞുകൊണ്ടിരുന്നു. പാലം വരുന്നതിനുമുമ്പുള്ള കടത്തു യാത്രയില്‍ ഒരു ജങ്കാര്‍ വാഹനങ്ങളോടും നൂറുകണക്കിന് യാത്രക്കാരോടുമൊപ്പം നദിയില്‍ മുങ്ങിപ്പോയിരുന്നു. വാഹനങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയാത്ത വിധം അടിയൊഴുക്കുകള്‍ നദിയില്‍ ശക്തമാണത്രെ.

ആസ്സാമിന്റെ പാരമ്പര്യഗ്രാമീണ സംഗീതത്തെ ദേശീയതലത്തില്‍ ഉയര്‍ത്തിയ ഭൂപന്‍ ഹസാരികയുടെ സ്മാരകം കൂടിയാണ് 9.5 കി.മീ. നീളമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സാദിയപാലം. പുഴയ്ക്ക് കുറുകെ നേര്‍രേഖയിലല്ല ഈ പാലം. ബ്രഹ്‌മപുത്രയുടെ വിശാലതയിലൂടെ തെല്ലൊന്ന് പുളഞ്ഞാണ് പാലം കടന്നുപോകുന്നത്. വിശാലമായ നീരൊഴുക്കും മണല്‍ത്തിട്ടകളും പച്ചത്തുരുത്തുകളും മുളന്തുരുത്തുകളും ചതുപ്പുകളും പൊന്തക്കാടുകളുമായി ബ്രഹ്‌മപുത്ര വിശ്വരൂപം കാണിക്കുന്ന ഒരിടം.