സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നിര്‍വ്വഹണ യന്ത്രമായ ഉദ്യോഗസ്ഥ സംവിധാനം കുറ്റമറ്റതാണെന്നോ ജനാധിപത്യ മൂല്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണെന്നോ ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടെന്നു തോന്നുന്നില്ല. മികച്ച പരിശീലനം ലഭിച്ച ഐ.എ.എസ്സുകാരാണ് ഈ സംവിധാനത്തിന്റെ തലപ്പത്തുള്ളതെങ്കിലും അവര്‍ പലപ്പോഴും ഭരണകക്ഷിയുടെ താളത്തിനൊത്ത് തുള്ളാന്‍ വിധിക്കപ്പെട്ടവരാണ്. ഐ.എ.എസ്സിനു താഴെ ഒരു രണ്ടാം നിര ഉദ്യോഗസ്ഥരെ നിയമിക്കാനാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് (കെ.എ.എസ്.) രൂപം നല്‍കിയതും ഈയിടെ 105 പേരെ വിവിധ സ്ഥാനങ്ങളില്‍ നിയോഗിച്ചതും. പക്ഷെ അവര്‍ക്ക് ഐ.എ.എസ്സുകാരെക്കാള്‍ ഉയര്‍ന്ന ശമ്പള സ്‌കെയില്‍ അനുവദിച്ച സര്‍ക്കാര്‍ ഫലത്തില്‍ ഐ.എ.എസ്സുകാരുടെ കാര്യക്ഷമതകൂടി ചോര്‍ത്തിക്കളഞ്ഞിരിക്കുകയാണ്. ഉന്നതോദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ മുറുമുറുപ്പ് ഉണ്ടായെങ്കിലും സര്‍ക്കാര്‍ ഈ അപാകത പുന:പരിശോധിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഐ.എ.എസ്സുകാരെക്കാളും കെ.എ.എസ്സുകാരെക്കാളും വരുമാനം അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ സമ്പാദിക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍വ്വീസിലുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്. അവരെ നമുക്ക് കേരള കൈക്കൂലി സര്‍വ്വീസ് എന്നു വിളിക്കാമെന്നു തോന്നുന്നു. ഐ.എ.എസ്, കെ.എ.എസ്-അതുക്കും മേലെയാണ് അവരുടെ സ്ഥാനം. കൈക്കൂലി വാങ്ങി വിജിലന്‍സിന്റെ പിടിയിലാകുന്നവരുടെ എണ്ണം ഈയിടെയായി വര്‍ദ്ധിച്ചുവരുന്നു എന്നത് മഞ്ഞുമലയുടെ ഒരറ്റം പുറത്തേക്കു വരുന്നു എന്നതിന്റെ സൂചനയാണ്.
സത്യാന്വേഷണം ജീവിതവ്രതമാക്കിയ ഗാന്ധിജിയുടെ പേരിലുള്ള സര്‍വ്വകലാശാലയില്‍ കൈക്കൂലി വാങ്ങിയതിന് പിടിയിലായ ജീവനക്കാരിയുടെ പ്രതികരണം കേരളം എവിടെ എത്തിനില്‍ക്കുന്നു എന്നു കാണിക്കുന്നു. ‘ഞാന്‍ മാത്രമല്ല, ഓഫീസിലെ മറ്റു പലരും കൈക്കൂലി വാങ്ങുന്നുണ്ട്’ എന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥരോട് അവര്‍ പറഞ്ഞത്. കേരളത്തിലെ പല സര്‍ക്കാര്‍ ഓഫീസുകളുടെയും അവസ്ഥയായിരിക്കാം ഈ വാക്കുകളിലൂടെ പുറത്തുവന്നത്. കൈക്കൂലി വാങ്ങുന്ന സംഭവങ്ങളില്‍ വളരെ ചെറിയൊരു ശതമാനം പേര്‍ മാത്രമേ പിടിക്കപ്പെടുന്നുള്ളൂ. എന്നിട്ടും അത്തരക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുണ്ടെങ്കില്‍ കൈക്കൂലി ഓഫീസുകളിലെ ഒരാചാരമായി മാറിക്കഴിഞ്ഞു എന്നു വേണം വിചാരിക്കാന്‍. കഴിഞ്ഞ നാലു വര്‍ഷത്തില്‍ കൈക്കൂലി കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. 2018ല്‍ കൈക്കൂലി വാങ്ങിയ 18 ഉദ്യോഗസ്ഥരാണ് കൈയോടെ വിജിലന്‍സിന്റെ പിടിയിലായത്. 2019ല്‍ 17 പേര്‍ പിടിയിലായി. 2020ല്‍ 24 പേരും 2021ല്‍ 30 പേരും പിടിയിലായി. 2022ല്‍ ആദ്യ നാലു മാസം തന്നെ 18 പേരാണ് പിടിയിലായത്. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്നും സേവനങ്ങള്‍ക്ക് ഒരു തരത്തിലുള്ള പാരിതോഷികങ്ങളും നല്‍കരുതെന്നും അറിയിക്കുന്ന പരസ്യപ്പലകകള്‍ മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും പ്രവേശനസ്ഥാനത്തുതന്നെ കാണാം. ഈ ബോര്‍ഡില്‍ പരാതിപ്പെടേണ്ട ഓഫീസറുടെ വിലാസവും നമ്പറും ഒക്കെ ഉണ്ടാകും. എങ്കിലും ഇതിനെ മറികടന്നാണ് എല്ലാ നിയമ വിരുദ്ധ ഇടപാടുകളും നടക്കുന്നത്. കൈക്കൂലിക്കാര്യത്തില്‍ വിദഗ്ദ്ധരായ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ പിടിക്കപ്പെടാതെ കാര്യം നടത്താം എന്നും അറിയാം. കൈക്കൂലി വാങ്ങാനുള്ള അവസരമുണ്ടാക്കുകയാണ് ആദ്യപടി. ഫയലുകള്‍ താമസിപ്പിച്ചും അപേക്ഷകനെ പല തവണ നടത്തിച്ചുമാണ് ഇത് സാധിക്കുന്നത്. സാധാരണഗതിയില്‍ ആരും വിജിലന്‍സിനെ വിവരമറിയിക്കാറില്ല. പണം കൊടുത്തിട്ടും കാര്യം സാധിക്കാത്തവരും ഓഫീസുകളില്‍ കയറിയിറങ്ങി സഹികെടുന്നവരുമാണ് വിജിലന്‍സിനെ വിവരമറിയിക്കാറുള്ളത്. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ നല്‍കുന്ന പൊടി വിതറിയ നോട്ടുകള്‍ കൈക്കൂലിയായി നല്‍കുകയും തത്സമയം പുറത്തു കാത്തുനില്‍ക്കുന്ന വിജിലന്‍സുകാര്‍ ഉദ്യോഗസ്ഥനെ തെളിവോടെ പിടികൂടുകയുമാണ് ചെയ്തു വരുന്നത്. ഈയിടെ കൈക്കൂലിയായി ഷര്‍ട്ട് ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ പൊടി വിതറിയ ഷര്‍ട്ട് കൊടുപ്പിച്ചാണ് വിജിലന്‍സ് കുടുക്കിയത്.
കൈക്കൂലി വാങ്ങുന്നവര്‍ ഒന്നര വര്‍ഷം സസ്‌പെന്‍ഷനിലാകുന്നു എന്നതു മാത്രമാണ് മിക്ക കൈക്കൂലി കേസുകളിലും ഉണ്ടാകുന്ന നടപടി. വിജിലന്‍സ് നേരിട്ടെടുക്കുന്ന അഴിമതിക്കേസുകളില്‍ സര്‍ക്കാര്‍ അനുമതി നിര്‍ബ്ബന്ധമാക്കിയതിനാല്‍ സ്വാധീനമുള്ള ഏത് ഉദ്യോഗസ്ഥനും അന്വേഷണം അട്ടിമറിക്കാം എന്ന സ്ഥിതിയുമുണ്ട്. വിജിലന്‍സ് നടത്തുന്ന മിന്നല്‍ പരിശോധനകളില്‍ പിടിക്കപ്പെടുന്നവര്‍ക്കും രക്ഷപ്പെടാന്‍ പഴുതുകള്‍ ഏറെയാണ്. ഇത്തരം പരിശോധനകളില്‍ കണക്കില്‍ പെടാത്ത പണം പിടികൂടിയാല്‍ തന്നെ അത്തരം ഉദ്യോഗസ്ഥരുടെ പട്ടിക ബന്ധപ്പെട്ട വകുപ്പു മേധാവിക്കു കൈമാറാനേ വിജിലന്‍സ് ഡയറക്ടര്‍ക്ക് കഴിയൂ. വകുപ്പു മേധാവിക്കു വേണമെങ്കില്‍ അവരെ സസ്‌പെന്റ് ചെയ്യാം, സ്ഥലം മാറ്റാം അല്ലെങ്കില്‍ വകുപ്പുതല അന്വേഷണം നടത്താം. ഫയലുകള്‍ ഇങ്ങനെ ഒച്ചിനെ പോലെ ഇഴയുന്നതിനിടയില്‍ സംഘടന വഴി സര്‍ക്കാരിനെ സ്വാധീനിച്ച് ഇക്കൂട്ടര്‍ രക്ഷപ്പെടും. സര്‍ക്കാര്‍ പറഞ്ഞാല്‍ കേസ് എഴുതിത്തള്ളുകയല്ലാതെ വേറെ നിവൃത്തിയുമില്ല.
കേരളത്തെ കാര്‍ന്നുതിന്നുന്ന ഒരു മഹാരോഗമായി അഴിമതി പെരുകി വരികയാണ്. സുതാര്യമല്ലാത്ത ഇടപാടുകളും എന്തിനും ഏതിനുമുള്ള കമ്മീഷന്‍ വ്യവസ്ഥയും സംസ്ഥാനഭരണകൂടത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്തേണ്ട സര്‍ക്കാര്‍ തന്നെ വഴിവിട്ട് പലതും ചെയ്യുമ്പോള്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ആരെയും ഭയപ്പെടാനില്ല എന്ന അവസ്ഥയാണുള്ളത്. സേവനം ജനങ്ങളുടെ അവകാശമാക്കിയ സംസ്ഥാനമാണ് കേരളം. 2012ലെ കേരളപ്പിറവി ദിനത്തില്‍ നിലവില്‍ വന്ന നിയമത്തിന്റെ ലക്ഷ്യം സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുക എന്നതായിരുന്നു. എന്നിട്ടും കൈക്കൂലിയും അഴിമതിയും വര്‍ദ്ധിച്ചു വരികയാണെങ്കില്‍ അതിന്റെ അര്‍ത്ഥം വേലി തന്നെ വിളവു തിന്നുന്നു എന്നാണ്. കൈക്കൂലി കൊടുക്കാതെ കാര്യങ്ങള്‍ നേടിയെടുക്കാനുള്ള മനോഭാവം പൊതു സമൂഹത്തിലും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. കൈക്കൂലിക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയും നമ്മുടെ സിവില്‍ സര്‍വീസിനെ ശുദ്ധീകരിക്കുകയും ചെയ്യേണ്ടത് ഭൂരിപക്ഷം വരുന്ന, ജനങ്ങളോട് പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥരുടെ മാന്യത നിലനിര്‍ത്താനും അനിവാര്യമാണ്.