പ്രകൃതി നമുക്ക് പ്രത്യക്ഷമാണ്. ഈശ്വരന്‍ നമുക്ക് പ്രതൃക്ഷമല്ല. പ്രത്യക്ഷമല്ലാത്ത ഈശ്വരന്‍ പ്രത്യക്ഷമായ പ്രകൃതിയിലൂടെ പ്രകടമാക്കുന്നത് ഈശ്വരന്റെ നിയമങ്ങളെയാണ്. ഈശ്വരനിയമത്തിനു പറയുന്ന പേരാണ് പ്രകൃതി. ജഗത്ത് എന്ന വാക്കിനര്‍ത്ഥം സഞ്ചരിക്കുന്നു എന്നാണ്. അതായത് ജഗത്തിലുണ്ടായതെല്ലാം നിലനിന്നു, വളര്‍ന്നു, പരിണമിച്ചു ക്ഷയിച്ചു നശിച്ചിട്ട് വീണ്ടും ഉണ്ടായി അതിന്റെ സ്വാഭവത്തെ ആവര്‍ത്തിച്ചുകൊണ്ട് സഞ്ചരിക്കുന്നു. അപ്പോള്‍ നാശം എന്നു പറയുന്നത് നിലനിന്നത് പൂര്‍വ്വാവസ്ഥയിലേക്ക് തിരിച്ചുപോകുന്നതിനെയാണെന്നു മനസ്സിലാകും. ഒരര്‍ത്ഥത്തില്‍ പ്രകൃതിയിലുണ്ടായതെല്ലാം വളര്‍ന്ന് പരിണമിച്ച് ക്ഷയിച്ച് നശിച്ചുകൊണ്ടിരിക്കുമ്പോഴും പ്രകൃതി നിത്യമായിരിക്കുന്നു. സമഷ്ടി പ്രകൃതിയും ദൈര്‍ഘ്യമുള്ള ഒരു കാലത്തെ അപേക്ഷിച്ച് നിത്യമായിരിക്കുന്നതുപോലെ വൃഷ്ടിപ്രകൃതിയിലും (ഒരു മനുഷ്യനിലും) ജനനം മുതല്‍ മരണം വരെ ശരീരത്തിനും മനസ്സിനും പരിണാമം സംഭവിച്ചുകൊണ്ടേയിരിക്കുന്നു, എങ്കിലും അവന്റെ അസ്തിത്വം നിത്യമായിരിക്കുന്നു. ശൈശവത്തിലുള്ള ശരീരമല്ല ബാല്യത്തില്‍, ബാല്യത്തിലുള്ള ശരീരമല്ല കൗമാരത്തില്‍, യൗവ്വനത്തിലുള്ള ശരീരം വാര്‍ദ്ധക്യത്തിലില്ലെങ്കിലും ‘ഞാന്‍’ എന്നുള്ള ഉണ്മ അവസാനം വരെ നിത്യമായിരിക്കുന്നു. ഒരുവന്റെ ശരീരത്തിലെ ഓരോ കോശത്തെ നോക്കുമ്പോഴും ആ കോശവും ഉണ്ടായി നിലനിന്നു വളര്‍ന്നു പരിണമിച്ചു ക്ഷയിച്ചു നശിച്ചു വീണ്ടും ജനിച്ച് ഈ സ്വഭാവത്തെ ആവര്‍ത്തിച്ചു കൊണ്ട് അവന്റെ ശരീരത്തെ നിത്യമാക്കി നിലനിര്‍ത്തുന്നു. ജഗത്തില്‍ ഉണ്ടായതിന്റെ സ്വഭാവം തന്നെയാണ് ജഗത്തിനും ഉള്ളത്. അതായത് ജഗത്തിന്റെ സ്വഭാവമാണ് ജഗത്തിലുണ്ടായതിലൂടെയെല്ലാം അനുവര്‍ത്തിച്ചുകാണുന്നത്.
ഇതില്‍ നിന്നും പ്രകൃതിയുടെ സ്വഭാവം ചാക്രികമായ ഒന്നാണെന്നു മനസ്സിലാക്കാം. മനുഷ്യന് എന്ത് സംഭവിക്കാന്‍ പോകുന്നു എന്ന് പ്രകൃതി വിളിച്ചു പറയുന്നു. പ്രകൃതിയിലൂടെ ഈശ്വരന്റെ നിയമങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ട് നമുക്ക് അത് മനസ്സിലാകുന്നില്ല. ഉദാഹരണത്തിന് ആദ്യമായി ഒരാള്‍ പരിചയമില്ലാത്ത നഗരത്തിലൂടെ വാഹനം ഓടിച്ചു പോകുമ്പോള്‍ കണ്ട സ്ഥലങ്ങള്‍ തന്നെ ആവര്‍ത്തിച്ചു കാണുന്നതുകൊണ്ട് വഴിതെറ്റി സഞ്ചരിക്കുന്നു എന്ന് അയാള്‍ തിരിച്ചറിയുന്നു. വൃത്താകാരത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടാണ് കണ്ട സ്ഥലങ്ങള്‍ ആവര്‍ത്തിച്ചു കാണുന്നത്. അതുപോലെ പ്രകൃതിയുടെ സഞ്ചാരവും വൃത്താകാരത്തിലാണ് നടക്കുന്നത്. രാവും പകലും ആവര്‍ത്തിച്ചു അനുഭവപ്പെടുന്നതുകൊണ്ട് നമ്മള്‍ ഇരിക്കുന്ന ഭൂമി ചാക്രികമായി സഞ്ചരിക്കുന്നു എന്ന് അനുമാനിക്കാം. മഴക്കാലവും വേനല്‍ക്കാലവും വസന്തകാലവും മഞ്ഞുകാലവും നമ്മുടെ മുമ്പില്‍ ആവര്‍ത്തിച്ചു അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത് കൊണ്ട് ഭൂമി സ്വയം ചാക്രികമായി സഞ്ചരിക്കുകയും സൂര്യനേയും ചുറ്റി സഞ്ചരിക്കുകയും ചെയ്യുന്നു എന്നും മനസ്സിലാക്കാം.
അപ്പോള്‍ സൂര്യന്‍ ഉദിക്കുന്നത് അസ്തമിക്കാന്‍ വേണ്ടിയാണെങ്കില്‍ അസ്തമിക്കുന്നത് ഉദിക്കാന്‍ വേണ്ടിയാണ്. പൂര്‍ണ്ണചന്ദ്രന്‍ ക്ഷയിച്ചു ക്ഷയിച്ചു അമാവാസിയില്‍ പൂര്‍ണ്ണമായും ഇല്ലാതാകുന്നത്, വളര്‍ന്നു വളര്‍ന്ന് പൂര്‍ണ്ണനാകാന്‍ വേണ്ടിയാണ്. സൂര്യചന്ദ്രന്മാരുടെ ഇങ്ങനെയുള്ള സഞ്ചാരത്തിന്റെ രണ്ട് വശവും മനുഷ്യനു പൂര്‍ണ്ണമായും പ്രത്യക്ഷമാകുന്നതിലൂടെ അവന്‍ മനസ്സിലാക്കേണ്ടത്, മറഞ്ഞുകിടന്ന അവന്റെ സഞ്ചാരത്തിന്റെ അര്‍ദ്ധചാക്രിക സ്വഭാവത്തെയാണ്. ജനനം മുതല്‍ മരണം വരെയുള്ള (ജനനം, ശൈശവും, ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം) പ്രത്യക്ഷമായ സഞ്ചാരം ചാക്രികമായ സഞ്ചാരത്തിന്റെ ഒരു പകുതിഭാഗം മാത്രമാണെന്നും മറുപകുതി മരണം തൊട്ട് അടുത്ത ജനനം വരെയുള്ള സഞ്ചാരമാണെന്നും അനുമാനിക്കാം. സൂര്യന്‍ ഉദിക്കുന്നത് അസ്തമിക്കാനാണെങ്കില്‍ അസ്തമിക്കുന്നത് ഉദിക്കാനാണ്. അതുപോലെ ഒരു മനുഷ്യന്‍ ജനിക്കുന്നത് മരിക്കാന്‍ വേണ്ടിയാണെങ്കില്‍ മരിക്കുന്നത് ജനിക്കാന്‍ വേണ്ടിയാണ് എന്നുള്ളതിന് എന്താണ് സംശയം? (”ജാതിസ്യ ഹി ധ്രൂവോ മൃത്യുര്‍ ധ്രുവം ജന്മ മൃതസ്യച” ഭഗവത്ഗീത 2:27) (ജനിച്ചവന് മരണം ഉറപ്പാണ്, മരിച്ചവന് ജനനവും ഉറപ്പാണ്). ഈ സത്യം അതിന്റെ വഴിയിലൂടെ അന്വേഷിച്ചാല്‍ ഏതൊരു മനുഷ്യനും പ്രത്യക്ഷമായി അറിയാന്‍ കഴിയുന്നതാണ്.
പ്രകൃതി നിയമം ഈശ്വരീയമായ നിയമമാണ്. അതുകൊണ്ട് പ്രകൃതിയെ നിയന്ത്രിക്കാനല്ല മനുഷ്യന്‍ ശ്രമിക്കേണ്ടത്, പ്രകൃതിയെ അനുസരിക്കാനാണ്. പ്രകൃതിയെ അനുസരിക്കുന്നതാണൊരുവന്റെ സ്വധര്‍മ്മം. അതവന്റെ കര്‍ത്തവ്യബോധത്തെയും സ്വഭാവത്തേയും ആശ്രയിച്ചാണ് പ്രകടമാകുന്നത്. ഈശ്വരബോധം ഉണ്ടാകുമ്പോഴാണ് ഒരുവന്‍ ഈശ്വരീയമായ കര്‍മ്മ നിയമങ്ങള്‍ തിരിച്ചറിഞ്ഞ് അനുഷ്ഠിക്കാനുള്ള വിവേകം ഉണ്ടാകുന്നത്. ഈശ്വരന്‍ മനുഷ്യനില്‍ വിവേകം ഉണ്ടാക്കി അവനെക്കൊണ്ട് സ്വധര്‍മ്മം അനുഷ്ഠിപ്പിച്ച് മനുഷ്യരാശിയെ രക്ഷിക്കുന്നു. അതാണ് ഈശ്വരബോധവും കര്‍മ്മനിയവും തമ്മിലുള്ള ബന്ധം.
ഈശ്വരബോധമുണ്ടാകുമ്പോള്‍ അവന്റെ മനസ്സിലാണ് ആദ്യമായി ഈശ്വരീയമായ നിയമങ്ങള്‍ അവന്‍ ദര്‍ശിക്കുന്നത്. പിന്നീട് അതേ നിയമം ബാഹ്യ പ്രകൃതിയിലും അവന്‍ കണ്ടെത്തുന്നു. ഈ കര്‍മ്മ നിയമത്തെ ആശ്രയിച്ചാണ് ജീവന്‍ ജനനമരണമാകുന്ന സംസാര ചക്രത്തില്‍ കറങ്ങികൊണ്ടിരിക്കുന്നതും, അതില്‍ നിന്ന് രക്ഷപ്പെടുന്നതും. മനുഷ്യന്‍ ഭൗതിക സുഖം ആഗ്രഹിക്കുന്നുവെങ്കില്‍ ധര്‍മ്മബോധത്തോടെ കര്‍മ്മം ചെയ്തു ഭൗതികസുഖം അനുഭവിക്കാം. പക്ഷേ അങ്ങനെയുള്ളവര്‍ ജനനമരണത്തെ ആശ്രയിച്ച് സംസാരചക്രത്തില്‍ കറങ്ങിക്കൊേണ്ടയിരിക്കും. സുഖവും ദുഃഖവും ഒരു നാണയത്തിന്റെ രണ്ടുവശം പോലെയാണ്. സുഖം വേണമെങ്കില്‍ ദുഃഖവും അവശ്യം അനുഭവിച്ചേ മതിയാകൂ. ദുഃഖം ഒഴിവാക്കണമെങ്കില്‍ സംസാരചക്രത്തില്‍ നിന്നു രക്ഷപ്പെട്ടേ മതിയാകൂ. സംസാരചക്രത്തില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍ അഹന്തയും മമതയും ഉപേക്ഷിച്ച് കര്‍മ്മം ചെയ്യണം. സംസാരചക്രത്തില്‍ നിന്നും പുറത്തു കടക്കാനുള്ള മാര്‍ഗ്ഗമാണ് കര്‍മ്മയോഗം. ഈശ്വരബോധം കൊണ്ട് സ്വധര്‍മ്മം അനുഷ്ഠിക്കുകയും സ്വധര്‍മ്മാനുഷ്ഠാനം കൊണ്ട് ഈശ്വരബോധമുറയ്ക്കുകയും ചെയ്യും.
ഒരു ജീവന്റെ സൃഷ്ടിക്കും നിലനില്പിനും നാശത്തിനുമുള്ള നിയമവ്യവസ്ഥകള്‍ ഒരു വിവേകമുള്ള മനുഷ്യന്‍ മനസ്സിലാക്കുമ്പോഴാണ് അവന്റെ കര്‍മ്മം കര്‍മ്മയോഗമാകുന്നതും. അതാണ് ഈശ്വരബോധവും കര്‍മ്മയോഗവും തമ്മിലുള്ള ബന്ധം. ഈശ്വരന്‍ സമഷ്ടിപ്രകൃതിയിലൂടെ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ ചെയ്യുന്നു. വൃഷ്ടിപ്രകൃതിയിലൂടെ ജീവനും സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ ചെയ്തു ഈശ്വരന്റെ നിയമങ്ങളെ അനുസരിക്കുന്നു. പ്രപഞ്ചം നിലനില്‍ക്കുന്നത് പ്രപഞ്ചത്തിലെ ഓരോ ഘടകവും അതിന്റേതായ സ്വധര്‍മ്മം അനുഷ്ഠിക്കുന്നതുകൊണ്ടാണ്. ആദിയില്‍ ഉണ്ടായ പഞ്ചഭൂതങ്ങളായ ആകാശം, ആകാശത്തിന്റെയും, വായു, വായുവിന്റെയും, ജലം, ജലത്തിന്റെയും, അഗ്നി, അഗ്നിയുടെയും, ഭൂമി, ഭൂമിയുടേയും ധര്‍മ്മം മാത്രമേ അനുഷ്ഠിക്കുന്നുള്ളൂ. പരധര്‍മ്മം അനുഷ്ഠിക്കുന്നില്ല. അഗ്നി ജലത്തിന്റെ ധര്‍മ്മമോ ജലം വായുവിന്റെ ധര്‍മ്മമോ ആകാശം ഭൂമിയുടെ ധര്‍മ്മമോ അനുഷ്ഠിക്കുന്നില്ല. അഗ്നിക്ക് തണുപ്പും ജലത്തിന് ചൂടും അനുഭവപ്പെടുന്നില്ലല്ലോ. അതുപോലെ സൗരയൂഥത്തിലെ ഓരോ ഗ്രഹങ്ങളും അതിന്റെ സഞ്ചാരപഥത്തിലൂടെ മാത്രമേ സഞ്ചരിക്കുന്നുള്ളൂ. മറ്റൊരു ഗ്രഹത്തിന്റെ സഞ്ചാരപഥത്തിലേക്കു കടന്നു കയറുന്നില്ല. അവ സ്വധര്‍മ്മത്തില്‍ നിന്നും വ്യതിചലിച്ചാല്‍ പ്രപഞ്ചം നശിക്കും. സൗരയൂഥത്തെ നിലനിര്‍ത്തുന്ന വ്യവസ്ഥകള്‍ക്കു ഭംഗം വന്നാല്‍ പ്രപഞ്ചം നശിക്കും.
ഓരോ മനുഷ്യനും അവന്റെ സ്വധര്‍മ്മത്തില്‍ നിന്നും വ്യതിചലിക്കാതെ സ്വധര്‍മ്മം അനുഷ്ഠിക്കുമ്പോള്‍ അവന്റെ മനസ്സില്‍ ഉണ്ടാകുന്ന നീതിബോധവും ധര്‍മ്മബോധവും പ്രകടമാക്കുന്നത് അവന്റെ ഈശ്വരബോധത്തെയാണ്. എങ്കില്‍ ഒരുവന്‍ സ്വന്തം ഇഷ്ടപ്രകാരം അവന്റെ അഹന്തയും മമതയും കൊണ്ട് സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി, അവന്റെ ദൗര്‍ബല്യങ്ങള്‍ നേടാന്‍ വേണ്ടി കര്‍മ്മം ചെയ്യുമ്പോള്‍ ഈശ്വരീയമായ വ്യവസ്ഥകള്‍ക്ക് ഭംഗം വരും. നീതിബോധവും ധര്‍മ്മബോധവും നശിക്കുന്നവന്‍ സ്വയം നശിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്. കാമത്തിനും ക്രോധത്തിനും വഴിപ്പെട്ടു കര്‍മ്മം ചെയ്യുന്നവരെയാണ് ആസുരിക സ്വഭാവക്കാര്‍ എന്നു പറയുന്നത്. അവരാണ് ലോകനാശത്തിന് കാരണമായി വന്നു ജനിക്കുന്നത്. ലോകം അതിന്റെ ഗതിക്കനുസരിച്ച് സഞ്ചരിക്കുകയാണ്. ഒരു മനുഷ്യന്റേയും ബുദ്ധിശക്തികൊണ്ടോ പ്ലാനും പദ്ധതിയുംകൊണ്ടോ ലോകത്തിന് നന്മ ചെയ്യാന്‍ സാദ്ധ്യമല്ല പ്രകൃതി നിയമങ്ങളെ അനുസരിക്കുന്നവനാണ് ലോകത്തെ രക്ഷിക്കുന്നത്. ഒരുവന്റെ ഉള്ളിലുള്ള ധാര്‍മ്മികമല്ലാത്ത ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് നീതിബോധവും ധര്‍മ്മബോധവും വെടിഞ്ഞ് കര്‍മ്മം ചെയ്യുന്നത്. സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി കര്‍മ്മം ചെയ്യുന്നവരുടെ ധര്‍മ്മബോധത്തെ അധര്‍മ്മം കീഴ്‌പ്പെടുത്തും. ലോകത്തെ അവന്റെ ഇഷ്ടത്തിനൊത്തു മാറ്റാന്‍ വേണ്ടി ആയുധമെടുക്കുമ്പോള്‍ ലോകത്ത് ധര്‍മ്മം നിലനിര്‍ത്താന്‍ വേണ്ടി ഈശ്വരന്‍ അവന്റെ മനസ്സില്‍ വിവേകരൂപത്തിലെത്തി യുദ്ധത്തെ ഒഴിവാക്കുന്നു.
ഭരണാധാകാരികള്‍ നീതിബോധവും ധര്‍മ്മബോധവും ഇല്ലാതെ പ്രവര്‍ത്തിച്ചാല്‍ നീതിബോധവും ധര്‍മ്മബോധവും നിലനിര്‍ത്തുന്ന വ്യവസ്ഥകള്‍ക്ക് ഭംഗം വരും. നിയമവാഴ്ച ഇല്ലാതാകും. നിയമം മറ്റുള്ളവര്‍ കൈയിലെടുക്കും. നിയമവാഴ്ചക്കു ഭംഗം വന്നാല്‍ സമൂഹത്തില്‍ ക്രമസമാധാനം നഷ്ടപ്പെടും. കാലം മാറുന്നതനുസരിച്ച് കാലഹരണപ്പെട്ട നിയമങ്ങള്‍ക്ക് മാറ്റം വരുത്തേണ്ടതും അതനുസരിച്ച് ചട്ടങ്ങളും നിയമങ്ങളും പുതുതായി ഉണ്ടാക്കി നിയമവ്യവസ്ഥകള്‍ക്കു ഭംഗം വരുത്താതെ പരിപാലിച്ച് രക്ഷിക്കേണ്ടതും ഭരണാധികാരികളുടെ ചുമതലയാണല്ലോ.
മനുഷ്യരാശിയെ നിലനിര്‍ത്തുന്ന വ്യവസ്ഥകള്‍ക്കു ഭംഗം വരുത്തി, മനുഷ്യനെ ഭൂമുഖത്തു നിന്നു തുടച്ചു നീക്കാന്‍ മനുഷ്യനു കഴിഞ്ഞാലും, ഈ പ്രപഞ്ചത്തെ നശിപ്പിക്കാന്‍ മനുഷ്യനു കഴിയില്ല. അതായത് സൗരയൂഥത്തെ നിലനിര്‍ത്തുന്ന വ്യവസ്ഥകള്‍ക്ക് ഭംഗം വരുത്താന്‍ മനുഷ്യനു കഴിയില്ല. അതുകൊണ്ട് മനുഷ്യരാശി നശിച്ചാലും പ്രപഞ്ചം നിലനില്‍ക്കുക തന്നെ ചെയ്യും. ഭൂമി സ്വയം കറങ്ങി സൂര്യനെ ചുറ്റി സഞ്ചരിച്ചുകൊണ്ടു തന്നെയിരിക്കും. ഒരു മനുഷ്യന്‍ മരിക്കാന്‍ പോകുന്നതിന്റെ ലക്ഷണം അവന്റെ നാഡിയിടിപ്പിലൂടെ മനസ്സിലാക്കാം. അതുപോലെ പ്രപഞ്ചത്തിന്റെ നാശം മനസ്സിലാക്കേണ്ടത് പ്രപഞ്ചത്തിന്റെ നാഡിയിടിപ്പിലൂടെയാണ്. സൗരയൂഥത്തിന്റെ പ്രവര്‍ത്തനത്തിന് നാശം സംഭവിക്കുമ്പോള്‍ മാത്രമേ പ്രപഞ്ചത്തിനു നാശം സംഭവിക്കുകയുള്ളൂ. മനുഷ്യന് പ്രപഞ്ചത്തെ പ്രവര്‍ത്തിപ്പിക്കുന്ന ഈശ്വരന്റെ ശക്തികളെ കണ്ടെത്താനോ നിയന്ത്രിക്കാനോ നശിപ്പിക്കാനോ കഴിയുകയില്ല. മനുഷ്യന്‍ കണ്ടുപിടിച്ച ഇല്ക്ട്രിസിറ്റി, കാന്തികശക്തി, സോളാര്‍ ശക്തി തുടങ്ങിയ ശക്തികളെ നിയന്ത്രിക്കാനും പല രീതിയില്‍ ഉപയോഗിക്കാനും കഴിയും.
ഓരോ ഗ്രഹങ്ങളും അതിന്റെ സഞ്ചാരപഥത്തില്‍ നിന്നും വ്യതിചലിക്കാതെയും മറ്റൊരു ഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്കു കടന്നുകയറാതെയും നിയന്ത്രിച്ചു രക്ഷിച്ചു നിലനിര്‍ത്തുന്ന ഈശ്വരീയശക്തി തന്നെയാണ് സൗരയൂഥത്തെ സൃഷ്ടിച്ചു രക്ഷിച്ചു പരിപാലിക്കുന്നതും. ആ ഈശ്വരീയ ശക്തിയെ കണ്ടെത്തുവാനോ നിയന്ത്രിക്കുവാനോ മനുഷ്യന് കഴിയില്ല. അതുകൊണ്ട് മനുഷ്യരാശിയെ നശിപ്പിക്കാന്‍ മനുഷ്യനു കഴിഞ്ഞാലും പ്രപഞ്ചത്തെ നശിപ്പിക്കാന്‍ മനുഷ്യന് കഴിയില്ല.
(The author can be reached at 9995392064)