‘ഭാരതം’ എന്ന ശബ്ദത്തിന് ‘ഭരതനെ സംബന്ധിച്ച’ എന്ന്, ശ്രീകണ്‌ഠേശ്വരം എന്ന സര്‍വസമ്മതനായ നിഘണ്ടുകാരന്‍ നല്‍കുന്ന നിഷ്പാദനം, രാമായണത്തിലെ വിശിഷ്ടപാത്രമായ ഭരതന്റെ വ്യക്തിത്വത്തിനു നിരക്കുന്നതുതന്നെ. പക്ഷേ, ‘ഭാസ്സില്‍ (പ്രകാശത്തില്‍) രതനായ’ എന്ന വിശേഷണമാകട്ടെ, ഭരതനു നിശ്ശേഷം നിരക്കാത്തതുമാണ്. ഇത്ര നിസ്വാര്‍ത്ഥനായ ഒരു കഥാപാത്രം ആദികാവ്യത്തില്‍ വേറെ ഇല്ലതന്നെ. ആ പാത്രത്തിന്റെ കിടയറ്റ വ്യക്തിത്വത്തിലേയ്ക്ക് ഇത്തിരിയെങ്കിലും വെളിച്ചം വീശുക യാണ് ഈ പടുകുറിപ്പിന്റെ പരിശ്രമം.
‘മര്യാദാപുരുഷോത്തമന്‍’ എന്നു ശ്രുതിപ്പെട്ട സാക്ഷാല്‍ ശ്രീരാമനുമായി താരതമ്യപ്പെടുത്തുന്നതിലൂടെ വേണ്ടിയിരിക്കുന്നു, ഭരതന്റെ സ്വച്ഛവും നിഷ്‌കാമവുമായ വ്യക്തിത്വത്തിന്റെ മാറ്റു നിജപ്പെടുത്താന്‍. അതും, സൂചനകളില്‍ ഒതുക്കുക – അത്രയേ ഇത്തരമൊരു യത്‌നത്തില്‍ ഒക്കുകയുള്ളുതാനും.
മന്ഥര എന്ന കൂനിയുടെ ദുഷ്‌പ്രേരണ നിമിത്തമാണ് കൈകേയി നിര്‍ബന്ധിച്ചതും രാമന് വനത്തിലേയ്ക്കു നിഷ്‌ക്രമണം വേണ്ടി വന്നതും. അങ്ങനെയാണല്ലോ ഇതിവൃത്തഘടന. തുടര്‍ന്ന് ഭരതന് അയോധ്യയുടെ ആധിപത്യം ഏല്‍ക്കേണ്ടിവന്നു. ആഹ്ലാദത്തോടെയല്ല ഭരതന്‍ അതു ചെയ്തത്. രാമന്റെ അസാന്നിധ്യത്തില്‍ അയോധ്യ അനാഥമാവരുതല്ലോ. ആവാതെ നോക്കേണ്ടത് സ്വന്തം കര്‍ത്തവ്യവുമാണ്. അപ്പോഴും, രാമന്റെ പ്രതിനിധി എന്ന നിലയില്‍, സദാ ആ ജ്യേഷ്ഠനെ അനുസ്മരിച്ചുകൊണ്ട്, നന്നെ വിനീതനായി, പദവിയുടേതായ ആര്‍ഭാടങ്ങള്‍ പറ്റെ നിരസിച്ചുകൊണ്ട്, ജ്യേഷ്ഠന്റെ പ്രതിനിധി എന്ന നിലയിലാണ് അദ്ദേഹം കര്‍ത്തവ്യം നിര്‍വഹിച്ചത്.
സംഭവബഹുലമായ ഏറെ വര്‍ഷങ്ങള്‍ക്കു പിറകെ, അയോധ്യയിലേയ്ക്കുള്ള രാമന്റെ പുനരാഗമനം, ഭരതനെക്കുറിച്ചുള്ള ആശങ്കകളാല്‍ കലുഷമായ മനസ്സോടെയാണ്. ‘ഹനൂമല്‍പ്രേഷണം’ എന്നു പേരിട്ടിരിക്കുന്ന 128-ാം സര്‍ഗത്തില്‍ നിന്നു വെളിപ്പെടുന്നു; നേരിട്ടു കേറിച്ചെല്ലുന്നതിനു മുമ്പ് ഹനുമാനെ അയച്ചുനോക്കുകതന്നെ എന്ന മുന്‍കരുതലിന്നു വേറെ എന്തു പ്രസക്തി? പോരാ, പോകുന്ന വഴിക്ക്, ഗുഹനില്‍ നിന്നു മനസ്സിലാക്കണം അയോധ്യയിലെ തല്‍ക്കാലസ്ഥിതി എന്ന കരുതലും ശ്രദ്ധേയം. വിശദാംശങ്ങള്‍ ഇരിക്കട്ടെ, അധികാരം ഭരതനെ പ്രലോഭിപ്പിച്ചിരിക്കുമോ എന്ന ആശങ്ക വാക്കുകളില്‍ പിടയ്ക്കുന്നു എന്നതാണ് നിര്‍ണായകം.
”ഇതു കേട്ടാല്‍ ഭരതനിലെന്തു ഭാവമുദിക്കുമോ, അതു നീ കണ്ടറിയണ, മെന്‍ നേര്‍ക്കുള്ളതുമൊക്കവേ”
എന്നല്ല, ‘ഭരതാന്തര്‍ഗതങ്ങളും ശരിക്കു മുഖവര്‍ണത്താല്‍, നോക്കിനാല്‍ വാക്കിനാലുമേ’ നിര്‍ണയിക്കാനുമുണ്ട് നിര്‍ദേശം. (സര്‍ഗം 128-പദ്യം 13,14) ഇത്രയും കൊണ്ടു നില്‍ക്കാതെ ഒടുക്കം ഉദ്ദേശം പച്ചയായി പുറത്തു ചാടുന്നു:
”സമസ്ത കാമസമ്പന്നം, രഥാശ്വഗജസങ്കുലം,
അച്ഛന്‍ മുത്തച്ഛന്‍ വക നാടാര്‍തന്‍ കരള്‍ കവര്‍ന്നിടാ? (പദ്യം 15)
തുടര്‍ന്ന്, വേണമെങ്കില്‍ ഭരതന്‍ വാണുകൊള്ളട്ടെ എന്ന വിട്ടുവീഴ്ചയ്ക്കും സന്നദ്ധനാണ് എന്ന അംശം വിസ്മരിക്കുന്നില്ല.
ഒരംശംകൂടി: വേഗം ചെന്ന് ‘ഉള്ളുമേര്‍പ്പാടും’ അറിഞ്ഞു വരാന്‍ ഹനുമാനെ നിയോഗിക്കുന്നു. ഈ ‘ഏര്‍പ്പാട്’ എന്ന പദം (സന്നാഹം, സജ്ജീകരണം എന്നെല്ലാമാവണ്ടേ വിവക്ഷ) രാമന്റെ ശങ്ക ഗാഢം എന്നതിനു സൂചകമല്ലേ? അധികാരം എന്നത്, ഇന്ന് എന്ന പോലെ പണ്ടും ശങ്കാജടിലം എന്നല്ലേ വരുന്നത്?

ഇനി വസ്തുതയോ? അയോധ്യയില്‍ നിന്നു വിളിപ്പാടകലെ ആശ്രമത്തിലത്രേ ഭരതനെ കാണായത്. ”മാഴ്കിച്ചടച്ച്, മാന്‍തോലുടുത്ത്…” എന്നാരംഭിക്കുന്ന വാക്യത്തിന്റെ സമാപനം (ഭാവിതാത്മാവു, മൗനവാന്‍’ മുതലായ വിശേഷണങ്ങള്‍ക്കൊക്കെ പുറമെ) ‘പാദുകയെ മുന്‍നിര്‍ത്തിക്ഷോണി രക്ഷിച്ചിടുന്നവന്‍’ എന്നെല്ലാം വിസ്തരിക്കപ്പെടുന്നു. പോരാ, ഈ ത്യാഗശീലവും ഭോഗമുക്തിയും പൗരനിലേയ്ക്കും പകര്‍ന്നിരിക്കുന്നു. ഏറെ പദ്യങ്ങളില്‍ പ്രശംസാരൂപത്തിലാണ് അതിന്റെ അവതരണം. ”യഥാ രാജാ തഥാ പ്രജാ” എന്നായിരുന്നുവല്ലോ ഈ പുണ്യഭൂമിയില്‍ പണ്ടു പുലര്‍ന്നുപോന്ന ക്രമം.
രാമന്റെ പ്രത്യാഗമനം ഹനുമാനില്‍നിന്നു ധരിച്ചപ്പോഴോ: ഭരതന്‍ എന്ന ഭ്രാതൃവത്സലന്‍ പ്രതികരിക്കുന്ന വിധം:
പെട്ടെന്നു ഹൃഷ്ടനായ് വീണാന്‍
ഹര്‍ഷത്താല്‍ മൂര്‍ച്ഛതേടിനാന്‍ (പദ്യം 39)
എന്നല്ല,
മാല്‍നീങ്ങി മോദാലുണ്ടായ പെരും
കണ്ണീര്‍ക്കണങ്ങളാല്‍
നനച്ചു ഭരതന്‍ ശ്രീമാന്‍ വെമ്പിപ്പുല്കീ പ്ലവംഗനെ. (പദ്യം 41) ഇതിലും പവിത്രമായ നിര്‍വൃതി വേറെ എവിടെക്കാണും! ഹിതകരമായ സന്ദേശം എത്തിച്ചതിന് താനിതാ ഹനുമാന് വിപുലമായ ദാനം നടത്തുന്നു എന്നു ഭരതന്‍ ഉദാരനായി.
ഇനിയത്തെ സര്‍ഗത്തിന് (129) ‘സംവാദം’ എന്നാണ് ശീര്‍ഷകം. അതിനു വലിയ സാംഗത്യമില്ല എന്നതാവാം വസ്തുത. ആരംഭത്തിലേ ഭരതന്‍ സംസാരിക്കുന്നുള്ളൂ. അതാവട്ടെ, ശുഭപ്രതീക്ഷാനിര്‍ഭരമായ ഒരു ദര്‍ശനം സ്പര്‍ശിച്ചുകൊണ്ടും:
”ജീവിച്ചിരുന്നാലാനന്ദം നൂറ്റാണ്ടാലെങ്കിലും വരും” (പദ്യം 2)
(ഇത് വിവര്‍ത്തനത്തില്‍ പാലിച്ചിരിക്കുന്ന സ്വച്ഛന്ദതയ്ക്കു ദൃഷ്ടാന്തമാവുന്നു എന്ന വശം സൂക്ഷിക്കാവുന്നതുതന്നെ.)
”ഏതി ജീവന്തമാനന്ദോ നരം വര്‍ഷശതാദപി”
എന്ന മൂലത്തില്‍ ‘ഏതി’യിലാണ് തുടക്കമെന്നിരിക്കേ, ‘പ്രാപിക്കുന്നു’ എന്ന ക്രിയയ്ക്കു പ്രാധാന്യം. അതു യുക്തം തന്നെ. വിവര്‍ത്തനത്തില്‍ പ്രഥമസ്ഥാനം ‘ജീവന്തം’ എന്ന അംശത്തിനത്രേ. അത് അര്‍ത്ഥഗര്‍ഭമല്ല എന്നു പറഞ്ഞുകൂടാ. ആനന്ദം അര്‍ത്ഥഗര്‍ഭമാവണം എന്നും വരട്ടെ, അനുഭവിക്കേണ്ട ആള്‍ ജീവിച്ചിരിക്കണമെന്നത് അനിഷേധ്യം. വിവര്‍ത്തകന്‍ കവിയാണ് എന്നിരിക്കേ (അതോ, വെറുമൊരു കവിയല്ല, സാക്ഷാല്‍ മഹാകവി വള്ളത്തോള്‍!) ഈ സ്ഥാനഭേദം വിഹിതം തന്നെ എന്നു വിചാരിക്കരുതേ?..) പോട്ടെ, പ്രകൃതം തുടരാം. ഭരതന്റെ വീക്ഷണം, ആ അവസ്ഥയിലെ ആശ്വാസത്തിനും ലാഘവത്തിനും നിദര്‍ശനം തന്നെ. തുടര്‍ന്ന്, കാര്യങ്ങളറിയാന്‍ അദ്ദേഹം നടത്തുന്ന അന്വേഷണം സ്വാഭാവികവും ഹനുമാന്റെ വാക്കുകള്‍ ഭരതന് ആഹ്ലാദവും ആശ്വാസവും നല്‍കി എന്നതത്രേ സംഗതമായ വശം. അതിനു സാദൃശ്യം:
”അമൃതുണ്ടി, ട്ടൊരാസന്നമൃത്യുവാം രോഗിപോലവേ”.
ഇതു മതിയല്ലോ ഭരതന്റെ നില നിവേദിക്കാന്‍. അതോടെ, ഹനുമാനെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം മൊഴിയുന്നു: (‘മനം കുളിര്‍ക്കെത്തൊഴുതൊന്നു ചൊല്ലിനാന്‍’ എന്നാകുന്നു അതിന്റെ അവതരണം: ”ചിരേണ സാധിച്ചു മനോരഥം മമ!” ഭാരതത്തിന്റെ സനാതനമായ ശുഭാപ്തി വിശ്വാസത്തിനു സൂചകം തന്നെ ഇത്.)
‘ഭരതാദിസമാഗമം’ എന്ന് അടുത്ത സര്‍ഗത്തിനു പേരു നല്കിയതില്‍ നിന്നേ അനുമാനിക്കാമല്ലോ, അന്യാദൃശനായ ആ സഹോദരന്‍ നേടുന്ന സ്ഥാനം. രാമന്‍ എത്തുകയായി എന്ന വാര്‍ത്ത അറിഞ്ഞതോടെ, ആകെ അലങ്കരിക്കാന്‍ അദ്ദേഹം ശത്രുഘ്‌നനോടു നിര്‍ദ്ദേശിക്കുന്നു. എല്ലാവരും എത്തട്ടെ എന്നു നിഷ്‌കര്‍ഷിക്കുന്നും ഉണ്ട് – ‘രാമന്റെ ശശിനേര്‍മുഖം’ ഇതാ കാണാറാകയാണല്ലോ. നിഷ്‌കര്‍ഷ എത്രത്തോളമുണ്ട് എന്നതിന് ഒരു നിദര്‍ശനം:
നികത്തുവാന്‍ കുണ്ടുകളെ; സ്സമാസമവിഭേദമേ
നീക്കീടുവിന്‍ നിലങ്ങള്‍ക്കീ നന്ദിഗ്രാമം മുതല്‍ക്കുതാന്‍. (പദ്യം 6)
ഇത്തരം ധാരാളിത്തം ഇതിഹാസസഹജം എന്നു കരുതിയാല്‍ മതി. (ഇവയ്ക്കിടെ, ‘കുളിര്‍ജലം പാറ്റട്ടേ, കൊടിയാടകള്‍ നാട്ടട്ടേ’ – എല്ലാം തനി മലയാളം. വിവര്‍ത്തനത്തിന്റെ തന്മയത്വം എന്നല്ലാതെ വേറെന്തു കരുതാന്‍!) ഏതായാലും, ”നന്ദിഗ്രാമത്തില്‍ വന്നെത്തീ ശരിക്കപ്പുരിയൊക്കെയും!” എന്നു പറഞ്ഞാല്‍ മതിയല്ലോ. ദൃശ്യം ഇരിക്കട്ടെ; ശബ്ദത്തിനുമില്ല ഊനം:
അശ്വക്കുളമ്പിന്‍ ശബ്ദത്താല്‍ അണിത്തേരുരുളൊച്ചയാല്‍ ശംഖതൂര്യരവത്താലും കിടുങ്ങിപ്പോയി മേദിനി. (പദ്യം 17)
എന്ന പദ്യമാവട്ടെ, പരിഭാഷകന് സംസ്‌കൃത മലയാളങ്ങളില്‍ ഒരുപോലെ വഴിയുന്ന വൈഭവം ഉദാഹരിക്കുന്നു.
തൃപ്പാദുകകള്‍ നേരേ നിറുകയിലേറ്റിയാണ് ഭരതന്റെ നില്പ്. വെണ്‍കൊറ്റക്കുട, വെഞ്ചാമരം – എല്ലാം തയ്യാര്‍. എന്നാല്‍, സ്വയം ഏറെ വിനീതന്‍.
നോല്‍മ്പാല്‍ച്ചടച്ചോ, നവശന്‍, മാന്‍മരത്തോലുടുത്തവന്‍,
ഭ്രാതാവുതന്‍ വരവുകേട്ടതു തൊട്ടുള്‍ കുളിര്‍ത്തവന്‍,
പോന്നൂ മഹാന്‍, സസചിവന്‍, രാമന്റെയെതിരേല്പിനായ്.
എത്തുന്നില്ലല്ലോ എന്ന അക്ഷമ, ഭരതനെ അസ്വസ്ഥനാക്കുന്നു. അത്, ഹനുമാനു നേര്‍ക്ക് ആശങ്കയായി നീളുകപോലും ചെയ്യുന്നു:
”ഭവാന്‍ കൈക്കൊള്‍വതില്ലല്ലോ കപികള്‍ക്കുള്ള ചാപലം?
കാണ്‍മീലല്ലോ ദ്വിഷജ്ജിത്താമാര്യകാകുല്‍സ്ഥ രാമനെ.
കാണപ്പെടുന്നതില്ലല്ലോ, കാമ രൂപികള്‍ കീശരും.
ഹനുമാന്‍ ആശ്വസിപ്പിക്കുന്നു, അവര്‍ ഗോമതീ നദി കടക്കയാവാം. എന്നല്ല, ആഹ്ലാദത്തോടെ കാട്ടിക്കൊടുക്കയും ചെയ്യുന്നു:
കാണ്‍ക സാലവനോപാന്തേ പൊടിവാരമുയര്‍ന്നതും.
വിവരണങ്ങളുടെ ആവര്‍ത്തനം, വിശദാംശങ്ങളുടെ അനുശീലനം എല്ലാം ഇതിഹാസസഹജം എന്നു വിചാരിക്കയേ വേണ്ടൂ. പൗരര്‍ രാമ നെ കൂപ്പുകൈകളോടെ വരവേല്‍ ക്കും, നിസ്സംശയമാണല്ലോ. രാമനോ,
”അപ്പൗരരേന്തിയ പെരുതായിരം തൊഴുകൈകളെ
തണ്ടാര്‍മൊട്ടുകളെപ്പോലെ കണ്ടു”
എന്ന് ആ നിമിഷം ആദികവിയില്‍ മധുരവും മഹിതവുമായ കവിത, ഭാവന, വിരിയുന്നു.
ഒരു നിമിഷം വൈകാതെ, ഭരതന്‍ താന്‍
ന്യാസമായി ഏറ്റെടുത്ത രാജ്യം രാമനു തിരികെ അര്‍പ്പിച്ച് കൃതാര്‍ത്ഥനാവുന്നു.
നോക്കുക, ങ്ങീടുവെപ്പും നെല്ലറയും പുരിസേനയും
ഭവത്തേജസ്സിനാലെല്ലാം പത്തിരട്ടിച്ചതാക്കി ഞാന്‍.
ഈ ആത്മാര്‍ത്ഥതയും ആ നമ്രഭാവവും ആരെ ആകര്‍ഷിക്കില്ല! ഇതു കേട്ട് വെറുതെയല്ല, കപികളും വിഭീഷണനും കണ്ണീര്‍ വാര്‍ത്തത്.
ഏതായാലും, ആഹ്ലാദത്തോടെ ഭരതനെ മടിയിലിരുത്തിയാണ് പിന്നെ രാമന്‍ വിമാനയാത്ര തുടര്‍ന്നത്. ഭരതാശ്രമം എത്തിയതോടെ വിമാനം വിട്ടിറങ്ങി. എന്നല്ല, ”മന്നില്‍ നിന്നരുളീടിനാന്‍” എന്നാണ് പിന്നത്തെ വാക്യം. അങ്ങനെ, അനേകവര്‍ഷത്തെ വിടവിനുശേഷം, അവനവന്റെ ഇടത്തില്‍ എത്തുന്നതിലെ നിര്‍വൃതി ആ ‘നിന്നരുള’ലില്‍ നിലീനമാണല്ലോ.
‘ശ്രീരാമപട്ടാഭിഷേകം’ എന്നത്രേ അടുത്ത സര്‍ഗത്തിന്റെ ശീര്‍ഷകം. അതിലെ ഇതരവിസ്താരങ്ങള്‍ ഇരിക്കട്ടെ; ഭരതന്‍ രാജ്യഭാരം തിരികേ ഏല്പിക്കുന്ന നേരത്തെ വാക്കുകളത്രേ നിര്‍ണായകം:
ഭവാന്‍ തന്നതതിന്‍ വണ്ണം, ഇതങ്ങോട്ടും തരുന്നു ഞാന്‍
ഒറ്റയ്‌ക്കേ കെല്പനാം കാള വെച്ചൊഴിഞ്ഞ ഭരത്തിനെ
പൈക്കുട്ടിപോ, ലീ വന്‍ ഭാരം ചുമക്കാന്‍ ശക്തനല്ല ഞാന്‍.
വിവരണം ഇനിയും ദീര്‍ഘിപ്പിക്കുന്നില്ല. ഈ വിനയം, ഈ നിസ്വാര്‍ത്ഥത, ഏതുകാലത്തും, ഏതേതു ഭരണാധികാരികള്‍ക്ക് വിശിഷ്ടമാതൃക ചമയ്ക്കുന്നില്ല!…
* * *
എത്ര വിസ്തരിച്ചാലും ഏറില്ല. എങ്കിലും ഒറ്റ ആശങ്ക ഉണരുന്നു; അഥവാ നേരത്തേ ഉണര്‍ന്നത് ഉത്തേജിതമാവുന്നു: ‘ഭാരത’ത്തിന് എന്തുകൊണ്ട് രാമായണത്തിലെ ഉത്തമ കഥാപാത്രമായ ഭരതനുമായി ബന്ധപ്പെട്ടുകൊണ്ടുള്ള നിഷ്പാദനം നിജപ്പെടുന്നില്ല?…