ചോര, കണ്ണീരും വിയര്‍പ്പും
വില നല്‍കി
ഭാരതം സ്വാതന്ത്ര്യമാര്‍ന്ന
ശേഷം
അത്രമേല്‍ സ്‌നേഹിച്ച തന്‍ നാട്ടില്‍ വീണ്ടും വരാന്‍,
മൃത്യുവനുമതി നല്‍കിയെങ്കില്‍,
എന്തു നമ്മോടു ശിവജി ചോദിച്ചീടും,
തന്ത്രമുണ്ടെങ്ങു പോയ് സ്വത്വമെന്നോ?
(എന്‍.വി.കൃഷ്ണവാര്യര്‍ – രണ്ടു ചോദ്യങ്ങള്‍)
നാം സ്വതന്ത്രരായിട്ട് 75 വര്‍ഷമായി. 1947 ആഗസ്റ്റ് 15 വരെ നമ്മുടെ നേതാക്കളുടെ സ്വപ്‌നമെന്തായിരുന്നു? വാഗ്ദാനങ്ങളെന്തായിരുന്നു? സ്വാതന്ത്ര്യത്തോടടുക്കുന്ന വേളയില്‍ രൂപപ്പെട്ടു വന്ന വര്‍ഗീയവാദികളുടെ വിഘടനവാദത്തോട് എന്തായിരുന്നു സമീപനം? സ്വാതന്ത്ര്യത്തിന്റെ നൂറ്റാണ്ടാഘോഷത്തില്‍ ഭാരതം എങ്ങനെയായിരിക്കണം? ഇപ്പോഴത്തെ ആഘോഷവേളയില്‍ ഇതെല്ലാം നാം ഉറക്കെ ചിന്തിക്കേണ്ട കാര്യങ്ങളാണ്.
സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥമെന്താണ്? അത് സാക്ഷാത്ക്കരിച്ചോ? സ്വാതന്ത്ര്യാനന്തര ഭാരതം അതിന്റെ വേരുകളിലേക്കു മടങ്ങിയോ തുടങ്ങിയ കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ വാസ്തവത്തില്‍ ചില നഷ്ടക്കണക്കുകളാണ് നമുക്കു വായിച്ചെടുക്കാന്‍ കഴിയുക.
എഴുപത്തഞ്ചു കൊല്ലം മുമ്പ് നമ്മള്‍ ‘സ്വ’തന്ത്രത്തിലേക്കു മാറി. അതുവരെ പരതന്ത്രമായിരുന്നു. യൂറോപ്യന്മാരുടെയും അറബികളുടെയും വേഷവും ഭാഷയും ആചാരങ്ങളും ആഹാരരീതികളും പിന്തുടരാന്‍ നാം നിര്‍ബ്ബന്ധിതരായിരുന്നു. കാലക്രമേണ മാനസികമായി നാം ആ അടിമത്തം അംഗീകരിച്ചു. ആദ്യമാദ്യം ബലപ്രയോഗത്തിലൂടെയും നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിലൂടെയും അനുസരിച്ചു. ബുദ്ധിപരമായി അടിമപ്പെട്ടു കഴിഞ്ഞപ്പോള്‍ ആരുടെയും നിര്‍ബന്ധമില്ലാതെതന്നെ നാം പരാനുകരണപ്രിയരായി. ഭാരതഗാത്രവും വിദേശ മനസ്സും. അഭാരതീയ ചിന്തകള്‍ പരകായപ്രവേശത്തിലൂടെ നമ്മെ അടിമയാക്കി. 1947 ല്‍ നാം സ്വതന്ത്രരായി എന്നവകാശപ്പെടുമ്പോള്‍ നമ്മുടെ ബോധത്തിലും മനസ്സിലും അള്ളിപ്പിടിച്ച ഈ അടിമത്തം നാം വലിച്ചെറിഞ്ഞോ? ഇല്ല. നാം ഭൗതിക സ്വാതന്ത്ര്യം മാത്രമേ നേടിയുള്ളൂ എന്നര്‍ത്ഥം.
സ്വാതന്ത്ര്യം എന്താണ് എന്ന് നമ്മുടെ മഹാത്മാക്കള്‍ മുമ്പു പറഞ്ഞിട്ടുണ്ട്. ‘കായിക സ്വാത ന്ത്ര്യം, മാനസിക സ്വാതന്ത്ര്യം, ആത്മീയ സ്വാതന്ത്ര്യം’ എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു. ‘സ്വദേശിയും സ്വാശ്രയത്വവു’മെന്ന് ബാലഗംഗാധര തിലകന്‍ പറഞ്ഞു. ഗീതയും ഗോവും സംസ്‌കൃതവുമുള്ള ഹിന്ദ് സ്വരാജ് ആണ് തന്റെ സ്വപ്‌നമെന്ന് ഗാന്ധിജി വിശദീകരിച്ചു. സനാതനധര്‍മ്മമാണ് ഭാരതത്തിന്റെ ആത്മാവ് എന്ന് മഹര്‍ഷി അരവിന്ദന്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മഹാസംഗ്രാമത്തിന്റെ അവസാനപാദ മുന്നേറ്റത്തിന്റെ നായകര്‍ സ്വാതന്ത്ര്യത്തിന്റെ സങ്കല്പങ്ങള്‍ അവതരിപ്പിച്ചത് ഇങ്ങനെയാണ്. വ്യത്യസ്ത വാക്കുകളിലൂടെ ഒരേ ആശയമാണ് എല്ലാവരും അവതരിപ്പിച്ചത്.
സ്വാതന്ത്ര്യ സമരത്തിന്റെ അവസാന നാളുകളില്‍ ഒരു അര്‍ബുദം പോലെ പടര്‍ന്നു പിടിച്ച വിഭജനവാദം ഉയര്‍ന്നപ്പോഴും എല്ലാ നേതാക്കളും നമുക്ക് ആത്മവിശ്വാസം പകര്‍ന്നു. അഖണ്ഡ ഭാരതം വാഗ്ദാനം ചെയ്തു. എന്തു വില കൊടുത്തും അതു നേടുമെന്നും പ്രഖ്യാപിച്ചു. ഈ ആഗ്രഹങ്ങളും പ്രഖ്യാപനങ്ങളും പക്ഷെ സാക്ഷാത്ക്കരിച്ചില്ല. കാരണം രണ്ടായിരുന്നു. ദേശീയതയെ വര്‍ഗീയതയായും വര്‍ഗീയതയെ മതേതരത്വമായും പറഞ്ഞ് ആധുനിക നേതാക്കള്‍ ആത്മവഞ്ചന നടത്തി. മറ്റൊരു കാരണം, നമ്മുടെ പൂര്‍വ്വചരിത്രം മറക്കുകയും യൂറോപ്യന്‍ കാണിച്ചുതന്ന ഇരുണ്ട വഴിയേ നാം നടക്കാന്‍ തയ്യാറാവുകയും ചെയ്തു. സായിപ്പിന്റെ സ്പൂണ്‍ ഫീഡിംഗില്‍ നാം തൃപ്തരായി. മറ്റൊരു വലിയ തെറ്റും നാം ചെയ്തു. സ്വാതന്ത്ര്യാനന്തരം സ്വാതന്ത്ര്യത്തിനു നാം നല്‍കിയ വില എന്തെന്നു പഠിപ്പിച്ചില്ല. നമുക്കു കൊള്ളാവുന്നതായി ഒന്നും ഉണ്ടായിരുന്നില്ലെന്ന വെള്ളത്തൊലിക്കാരന്റെ മുദ്രാവാക്യം നാം ഏറ്റു പാടി. അടിമത്തത്തെ ശാശ്വതീകരിച്ചു. ഭാഗ്യവശാല്‍ ഒരു കാര്യം തരക്കേടില്ലാതെ ചെയ്തുവച്ചു.
ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളും മുദ്രാവാക്യങ്ങളും ദേശീയതയെ ഉറപ്പിക്കുന്നതായിരുന്നു. ഭാരതത്തിന്റെ ആത്മാവ് അല്പകാലത്തേയ്ക്ക് നമ്മുടെ നേതാക്കന്മാരുടെ ബോധതലത്തില്‍ കയറിക്കൂടിയിരുന്നു എന്നതിന്റെ തെളിവാണത്. എന്നാല്‍ ദീര്‍ഘകാലം അതിനെ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ഭരണമാരംഭിച്ചപ്പോള്‍ നാം വീണ്ടും അടിമകളും സ്വാര്‍ത്ഥരുമായി.
നമ്മുടെ പൂര്‍വ്വകാല ചരിത്രം അത്ര കെട്ടതായിരുന്നില്ല. 18-ാം നൂറ്റാണ്ടുവരെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു ഭാരതം. അക്കാലത്തെ ഏറ്റവും പ്രധാന സാമ്പത്തിക മേഖല വസ്ത്ര വ്യവസായവും കപ്പല്‍ നിര്‍മ്മാണവുമായിരുന്നു. ഈ രണ്ടു മേഖലയിലും ഭാരതത്തിനായിരുന്നു കുത്തക. ഒടുവില്‍ ലോക ഒന്നാം നമ്പര്‍ കടല്‍കൊള്ളക്കാരായ ബ്രിട്ടീഷുകാര്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തിയാണ് ഈ രണ്ടു മേഖലയിലും മേല്‍ക്കൈ നേടാന്‍ ശ്രമിച്ചത്. ഏറ്റവും വലിയ കയറ്റുമതി രാജ്യവും നമ്മുടേതായിരുന്നു. പകരമായി നാം ടണ്‍ കണക്കിന് സ്വര്‍ണം നേടി.
വിദ്യാഭ്യാസ രംഗത്ത് നമ്മുടെ നിലയെന്തായിരുന്നു എന്നതിന്റെ കണക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ അവരുടെ കളക്ടര്‍മാരെക്കൊണ്ട് ശേഖരിച്ചിരുന്നു. അതിനെ തകര്‍ത്ത് അവരുടെ ഗൂഢപദ്ധതിയനുസരിച്ചുള്ള സമ്പ്രദായം നടപ്പാക്കിയാലേ അടിമത്തം ശാശ്വതീകരിക്കാന്‍ കഴിയൂ എന്നവര്‍ മനസ്സിലാക്കി. അതിന്റെ വിശദാംശങ്ങള്‍ ആചാര്യ ധരംപാല്‍ ‘ബ്യൂട്ടിഫുള്‍ ട്രീ’ എന്ന തന്റെ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ചാള്‍സ് ട്രെവിലിയനും മെക്കാളെയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലും മിനിട്‌സിലും വിശദീകരിച്ചിട്ടുണ്ട്. സാമ്പത്തികമായി വളരെ മുമ്പിലായിരുന്ന ഭാരതത്തെ എങ്ങനെ ചൂഷണം ചെയ്തും കൊള്ളചെയ്തും ദരിദ്രമാക്കി എന്നതിന്റെ വിശദാംശങ്ങള്‍ കെ.എം.മുന്‍ഷിയുടെ The Ruin that Britain Wrought വില്‍ ഡൂറാന്റ് (Will Durant) എഴുതിയ The Case for India-എന്ന പുസ്തകത്തിലും വിശദമായി കൊടുത്തിട്ടുണ്ട്.
കലയിലും സാഹിത്യത്തിലും ഗണിതശാസ്ത്രമടക്കം വിവിധ ശാസ്ത്ര മേഖലകളിലും ഭാരതം ഏറെ മുന്നിലായിരുന്നു. തത്വശാസ്ത്രങ്ങളും ദര്‍ശനങ്ങളും പഠിക്കാന്‍ വിദേശ ജിജ്ഞാസുക്കള്‍ ഭാരതത്തിലേക്കു തീര്‍ത്ഥാടനം നടത്തിയതിന്റെ ചരിത്രവും നമ്മുടെ മുമ്പിലുണ്ട്. അദ്വൈതത്തെ വെല്ലാന്‍ പോന്ന ഒരു ദര്‍ശനമോ ബുദ്ധമതത്തെ കവച്ചു വയ്ക്കാന്‍ കഴിയുന്ന ഒരു മതവീക്ഷണമോ ഭഗവദ്ഗീതയെ കടന്നു പോകാന്‍ സാധിക്കുന്ന ഒരു ദാര്‍ശനിക ഗ്രന്ഥമോ ഇതുവരെ ഉണ്ടായിട്ടില്ല. ക്രൈസ്തവ – ഇസ്ലാമിക മതങ്ങളിലെ അടിസ്ഥാനാശയങ്ങള്‍ പലതും ബുദ്ധമതത്തിന്റെ അംശങ്ങള്‍ മാത്രമാണ്. ലോകത്തില്‍ വല്ലയിടത്തും കൊള്ളാവുന്നതെന്തെങ്കിലും ഏതെങ്കിലും മതത്തില്‍ ഉണ്ടെങ്കില്‍ അതൊക്കെ ഭാരതത്തില്‍ നിന്നു കടംകൊണ്ടതാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുള്ളത് വെറുതെയല്ല. ഈ വക കാര്യങ്ങളെല്ലാം മറവിയുടെ കയങ്ങളിലേക്കു തള്ളിയിട്ടാണ് നാം വല്ലവന്റെയും പിന്നാലെ ആട്ടിന്‍പറ്റം കണക്കെ കൂട്ടമായി അലഞ്ഞത്. അതിനു കുറെയൊക്കെ നമ്മളും കാരണക്കാരാണ്. ഈ പറഞ്ഞ ചരിത്രവും വിജ്ഞാനവും എല്ലാം കുറേക്കാലത്തേയ്ക്ക് നാം മറ്റുള്ളവരില്‍ നിന്നു മറച്ചുവച്ചു. അറിവ് അപ്രത്യക്ഷമായപ്പോള്‍ അടിമത്തം സ്വാഭാവികമായി. വിജ്ഞാനം നിഷേധിച്ചപ്പോള്‍ ദാരിദ്ര്യം അകമ്പടി സേവിച്ചു. ഈയൊരൊറ്റക്കാര്യത്തിലാണ് നമുക്കു വീഴ്ച പറ്റിയത്. അതു പരിഹരിച്ചത് നമ്മുടെ നവോത്ഥാന നായകരാണ്. യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം നേടിത്തന്നത് അവരാണ്. മറ്റു നേതാക്കളൊക്കെ ഉപകരണങ്ങള്‍ മാത്രമായിരുന്നു.
കഴിഞ്ഞ യുഗചരിത്രത്തില്‍ അവസാനത്തെ നവോത്ഥാന നായകന്‍ ശ്രീകൃഷ്ണനായിരുന്നു. പിന്നാക്കമെന്നു പറയപ്പെടുന്ന സമുദായത്തില്‍ ജനിച്ച് മുഴുവന്‍ ലോകത്തിനും മാര്‍ഗദര്‍ശിയായി വളര്‍ന്ന മഹാത്മാവ്. അനേകം തലമുറകള്‍ വഴി തെറ്റാതെ രാഷ്ട്രജീവിതത്തില്‍ മുന്നേറി. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കടന്നു പോയി. ക്രമേണ ആലസ്യം ബാധിച്ച് സമൂഹം അധ:പതിക്കാനാരംഭിച്ചു. അത് രാഷ്ട്രജീവിതത്തിന്റെ വേരുകളെ ദുര്‍ബ്ബലപ്പെടുത്തുമെന്നായപ്പോള്‍ അതാ വരുന്നു മറ്റൊരു ഹിമാലയം; ശ്രീബുദ്ധന്‍! ജനതാജീവിതത്തെ ശുദ്ധീകരിച്ച്, നവീകരിച്ച് ഭാരതത്തിന്റെ യശോധാവള്യം ലോകം മുഴുവന്‍ പ്രസരിപ്പിച്ചു. ഭാരതം ലോകത്തിനു വഴികാട്ടിയായി; ഗുരുവായി. വിജ്ഞാനകുതുകികള്‍ ഭാരതത്തിന്റെ മടിത്തട്ടിലേക്ക് കൂട്ടംകൂട്ടമായെത്തി.
പിന്നീട് വിഷ്ണുഗുപ്തന്‍ എന്ന ചാണക്യന്‍, ആദിശങ്കരന്‍, ഭാരതമാസകലം വളര്‍ന്നുയര്‍ന്ന ഭക്ത കവികള്‍ – കവയിത്രികള്‍, ദേവലന്‍, സമര്‍ത്ഥരാമദാസ്, രാജാറാം മോഹന്‍ റോയിയും സ്വാമി വിവേകാനന്ദനും മുതല്‍ പണ്ഡിറ്റ് കറുപ്പന്‍ വരെയുള്ള ആധുനിക നവോത്ഥാന നായകര്‍ ഒക്കെ ഓരോ കാലഘട്ടത്തിലും തലമുറകളെ പ്രബുദ്ധമാക്കാന്‍ ദീപം തെളിച്ചു. ആ വെളിച്ചത്തിന്റെ ധവളിമയില്‍ നാം സ്വത്വബോധത്തിലേക്ക് ഉണരുകയും ചെയ്തു. ദീര്‍ഘനാളത്തെ അധിനിവേശങ്ങളും ആക്രമണങ്ങളും ചെറുത്തു തോല്പിക്കാന്‍ മുന്നില്‍ നിന്ന സമര ഭടന്മാരും നേതാക്കളും യഥാര്‍ത്ഥത്തില്‍ ഈ മഹാപുരുഷന്മാരുടെ ഉപകരണങ്ങള്‍ മാത്രം. പ്രബുദ്ധമായ മനസ്സിലേ സ്വാതന്ത്ര്യബോധത്തിന്റെ സ്ഫുലിംഗം ജ്വലിക്കൂ. അതാണ് ഈ നവോത്ഥാനനായകര്‍ സൃഷ്ടിച്ചത്.
സ്വാതന്ത്ര്യ സമരം എന്നുമുതല്‍? ആരായിരുന്നു ഭാരതത്തിലേക്ക് ആദ്യമായി കടന്നുവന്ന ആക്രമണകാരി? എങ്ങനെയാണ് നാം അതിനെ അതിജീവിച്ചത്? ആരായിരുന്നു നായകര്‍? ഇതെല്ലാം അറിയണമെങ്കില്‍ സ്വാതന്ത്ര്യാനന്തരം രാജ്യത്തെ നയിച്ച ഭരണാധികാര കുടുംബം നമ്മുടെ ബുദ്ധിയില്‍ അഷ്ടബന്ധമിട്ട് ഉറപ്പിച്ച വ്യാജ ചരിത്രവും വാര്‍പ്പുമാതൃകകളായി ഉണ്ടാക്കിവച്ച നേതൃരൂപങ്ങളും മാറ്റിവയ്ക്കണം. എന്നിട്ട് സാംസ്‌കാരിക ഭാരതത്തിന്റെ വിശാല ചരിത്രത്തിലേക്ക് കണ്ണോടിക്കണം. അപ്പോള്‍ ഒന്നാം സ്വാതന്ത്ര്യസമരം 1857 എന്നു പഠിപ്പിച്ചതിലെ ഗൂഢലക്ഷ്യവും, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടത്തിന്റെ ഐതിഹാസിക ചരിത്രവും മനസ്സിലാകും.
മൂന്നുതരം ആക്രമണങ്ങളാണ് ഭാരതം നേരിട്ടിട്ടുള്ളത്. സൈനികം, സൈനികവും മതപരവും, സൈനികവും മതപരവും സാംസ്‌കാരികവും. അതില്‍ സൈനികമായ ആക്രമണങ്ങളുടെ ആദ്യചുവടുവച്ചത് ഗ്രീസില്‍ നിന്നായിരുന്നു. വിശാലമായ ആര്‍ഷഭൂമിയിലേക്ക് കാലെടുത്തുവച്ച ആദ്യ ആക്രമണകാരി അലക്‌സാണ്ടര്‍ ആയിരുന്നു. ലോകം മുഴുവന്‍ തന്റെ കാല്‍ക്കീഴിലാക്കാന്‍ പുറപ്പെട്ട മിടുക്കനായ ആ സൈനികന്‍ ഗാന്ധാരദേശത്തിന്റെ പടിഞ്ഞാറ് ആക്രമണം അഴിച്ചുവിട്ടു. ചില പ്രദേശങ്ങള്‍ കീഴടക്കി. പ്രബലമായ പ്രദേശങ്ങളിലേക്ക് കടന്നു കയറാന്‍ ശ്രമിച്ച ഗ്രീക്ക് സൈന്യത്തിന് ഉഗ്രമായ തിരിച്ചടികള്‍ നേരിടേണ്ടി വന്നു. ഒടുവില്‍ കിട്ടിയ അത്രയും ഭാഗം വിഭജിച്ച് മൂന്നാക്കി മൂന്നു സാമന്തന്മാരെ ഏല്‍പ്പിച്ച് മറ്റൊരു വഴിക്ക് തിരിച്ചു പോകാന്‍ നിശ്ചയിച്ചു. പോയ വഴികളിലെല്ലാം വനവാസി ജനങ്ങളുടേതടക്കം ആക്രമണം നേരിടേണ്ടി വന്നു. ഒരു വനവാസിയുടെ വിഷ അമ്പേറ്റ് മുറിവും പറ്റി. ബാബിലോണിലെത്തി, അവശനായ അദ്ദേഹം അവിടെ വച്ച്, മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ ചരമം പ്രാപിച്ചു. ജന്മനാട്ടില്‍ തിരിച്ചെത്താനാകാതെ വിശ്വജേതാവാകാന്‍ ആഗ്രഹിച്ച പടയാളി വീരസ്വര്‍ഗം പൂകി.
അലക്‌സാണ്ടറുടെ ആക്രമണ സമയത്ത് തക്ഷശിലയിലെ ഗുരുശ്രേഷ്ഠനായിരുന്നു ചാണക്യന്‍ എന്ന വിഷ്ണുഗുപ്തന്‍; വിദ്യാര്‍ത്ഥിയായിരുന്നു മുര എന്ന സ്ത്രീയുടെ പുത്രനായ ചന്ദ്രഗുപ്ത മൗര്യന്‍. ഭാരതം ആക്രമിക്കപ്പെടാനും അല്പമെങ്കിലും കീഴടക്കപ്പെടാനും ഉള്ള കാരണങ്ങളും നന്ദവംശത്തിന്റെ ശൈഥില്യവും തിരിച്ചറിഞ്ഞ ചാണക്യന്‍ ബൃഹത്തും കരുത്തുറ്റതുമായ ഭരണം ഇല്ലാതിരുന്നതാണ് നമ്മുടെ പരാജയത്തിനു കാരണമെന്നു മനസ്സിലാക്കി. അതിനു പരിഹാരമായാണ് ചന്ദ്രഗുപ്തനെ മുന്‍നിര്‍ത്തി മൗര്യ സാമ്രാജ്യം സ്ഥാപിച്ചത്. ദീര്‍ഘകാലത്തേക്ക് വിദേശാക്രമണം ഒന്നുപോലും ഉണ്ടായില്ല.
പിന്നീട് ഹൂണന്മാരും ശാകന്മാരും കുശാണന്മാരും ഒക്കെ നമ്മെ ആക്രമിച്ചു. അവരോടൊക്കെ ഏറ്റുമുട്ടി, ചിലപ്പോഴൊക്കെ നമ്മള്‍ പരാജയപ്പെട്ടു. വിജയിച്ചപ്പോഴൊക്കെ ശക്തമായ ഭരണം പുന:സ്ഥാപിച്ചു. അത്തരം വിജയങ്ങളുടെ ചരിത്രസ്മാരകങ്ങളാണ് വിക്രമവര്‍ഷവും ശകവര്‍ഷവുമൊക്കെ. അതൊക്കെ എങ്ങനെ ഉണ്ടായതാണെന്നെങ്കിലും നമ്മുടെ പൗരന്മാരെ പഠിപ്പിക്കേണ്ടതായിരുന്നു. ആക്രമണകാരികളുടെ സമ്പൂര്‍ണ പരാജയ ശേഷം എട്ടാം നൂറ്റാണ്ടുവരെ യാതൊരു ശല്യവുമില്ലാതെ സിന്ധുവും ഗംഗയും ഒഴുകി.
രണ്ടാം ഘട്ട ആക്രമണം – സൈനികവും മതപരവുമായത് – തുടങ്ങിയത് അറേബ്യയില്‍ നിന്നാണ്; മുഹമ്മദ് ബിന്‍ കാസിം. സിന്ധ് പ്രദേശം ഭരിച്ചിരുന്ന ദാഹിര്‍ എന്ന രാജാവാണ് നേരിട്ടത്. തുടര്‍ന്ന് മുഹമ്മദ് ഗസ്‌നി, മുഹമ്മദ് ഘോറി, ദല്‍ഹി സുല്‍ത്താന്മാര്‍ – ഖില്‍ജിമാര്‍ – അടിമകള്‍ – ലോദികള്‍ ഒക്കെ നടത്തിയ ക്രൂരമായ ആക്രമണങ്ങള്‍, പീഡനങ്ങള്‍ എല്ലാം നൂറ്റാണ്ടുകളോളം നീണ്ടുനിന്നു. പിന്നീട് 1526 ല്‍ ബാബറുടെ നേതൃത്വത്തില്‍ മുഗളാക്രമണം. അവരില്‍ത്തന്നെ ഏറ്റവും ക്രൂരനായ ഔറംഗസീബിന്റെ മത പീഡനത്തിന്റെ മൂര്‍ദ്ധന്യത. ഈ കാലങ്ങളിലെല്ലാം അതതു പ്രദേശങ്ങളിലെ ജനങ്ങളും നേതാക്കളും നടത്തിയ വീറുറ്റ പോരാട്ടങ്ങള്‍! എല്ലാം രണ്ടാംഘട്ട സ്വാതന്ത്ര്യസമരത്തിലെ തീക്ഷ്ണമായ ചെറുത്തുനില്പുകളുടെ ത്രസിപ്പിക്കുന്ന ചരിത്രങ്ങളാണ്.
മുഹമ്മദ് ബിന്‍ കാസിമിനെ ചെറുത്ത ദാഹിറിന്റെ ജീവദാനം; മുഹമ്മദ് ഗസ്‌നിയെ ചെറുത്ത രജപുത്ര രാജാക്കന്മാര്‍, മുഹമ്മദ് ഘോറിയെ പരാജയപ്പെടുത്തിയ പൃഥ്വിരാജ് ചൗഹാന്‍ (പിന്നീട് ഒരു പ്രാകൃത കമ്യൂണിസ്റ്റായ ജയചന്ദ്രനാല്‍ ചതിക്കപ്പെട്ട് കീഴടക്കപ്പെട്ടു) ഒക്കെ രണ്ടാം ഘട്ടത്തിലെ ആദ്യകാല സ്വാതന്ത്ര്യ സമര യോദ്ധാക്കളായിരുന്നു. പിന്നീട് വിദേശ ഇസ്ലാമിക ഭരണത്തില്‍ ക്രൂരമായ മത പീഡനങ്ങള്‍ക്കു വിധേയമായപ്പോള്‍ ജനങ്ങളെ ആത്മവിശ്വാസത്തോടുകൂടി നിലനിര്‍ത്താന്‍ പുതിയ മതംതന്നെ സ്ഥാപിച്ചു സിഖ് മതസ്ഥാപകനായ ഗുരുനാനാക്. മതസംഘര്‍ഷമല്ല, സമന്വയമാണ് വേണ്ടതെന്ന ആശയം പ്രചരിപ്പിക്കാനാണ് ഇസ്ലാം മതത്തിലെയും ഭാരതീയ മതങ്ങളിലെയും ചില ഘടകങ്ങളെ കൂട്ടിയോജിപ്പിച്ച് സിഖ് മതം സ്ഥാപിച്ചത്. ഒരു തരത്തില്‍ ലോകത്തിലെ ആദ്യ മതസൗഹാര്‍ദ്ദ യത്‌നമായിരുന്നു അത്. തുടര്‍ന്നുവന്ന മുഗള ഭരണം ചരിത്രത്തിലെ ഏറ്റവും വലിയ മതപീഡനത്തിന്റെയും വംശഹത്യയുടെയും കാലഘട്ടമായിരുന്നു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ കശ്മീരില്‍ കേട്ടതും നടന്നതും, അതിനും മുമ്പ് 1921ല്‍ മലബാറില്‍ ഉയര്‍ന്നു കേട്ടതും നടന്നതും ഒരേ കാര്യങ്ങളാണ്. ‘മതം മാറുക, നാടുവിടുക, അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക’. മതപീഡനം നടത്തിയ രാജ്യങ്ങളിലും പ്രദേശങ്ങളിലും എല്ലാകാലത്തും കേട്ടത് ഒരേ കാര്യം തന്നെയാണ്. ഈ മൂന്നു സന്ദര്‍ഭങ്ങളിലും നടന്നതും ഒരേ പ്രക്രിയതന്നെ. പലായനം ചെയ്യാതെ അതിജീവിക്കാന്‍ ശ്രമിച്ചവര്‍ക്ക് പിന്നീട് ആയുധമെടുക്കേണ്ടിവന്നു. അങ്ങനെയാണ് സിഖ് ഗുരുപരമ്പരയിലെ അഞ്ചാമത്തെ ആളായ ഗുരു അര്‍ജന്‍ദേവ് രക്തസാക്ഷിയായത്.
സിഖ് മതത്തിലെ ഇസ്ലാമിക ചിഹ്നങ്ങളും ആചാരങ്ങളും എടുത്തുകളയാന്‍ ജഹാംഗീര്‍ ഗുരു അര്‍ജന്‍ദേവിനോട് ആവശ്യപ്പെട്ടു. തയ്യാറാകാതിരുന്ന ഗുരുവിനെ പഴുത്ത ഇരുമ്പുതകിടില്‍ കൈകാല്‍ കെട്ടി ഇരുത്തി ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. തുടര്‍ന്ന് പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദ സിംഹന്‍ വരെയുള്ളവരുടെ പോരാട്ടങ്ങളും ബലിദാനങ്ങളും. മുഗള ഭരണത്തെ ചെറുത്ത് ശൂന്യതയില്‍ നിന്നും സുശക്തമായ മറാത്താ സാമ്രാജ്യം സ്ഥാപിച്ച ഛത്രപതി ശിവജി; ദല്‍ഹി സുല്‍ത്താന്മാരുടെ ആക്രമണത്തിനു വിധേയമായി മതംമാറ്റപ്പെട്ട്, പിന്നീട് വിദ്യാരണ്യസ്വാമികളുടെ ഉപദേശത്താല്‍ രഹസ്യമായി സൈനിക സജ്ജീകരണം നടത്തി വിജയനഗര സാമ്രാജ്യം സ്ഥാപിച്ച ഹരിഹരനും ബുക്കരായനും ഭാരതത്തെ സ്വതന്ത്രമാക്കാനുള്ള മഹായജ്ഞത്തില്‍ ഭാഗികമായെങ്കിലും വിജയിച്ചവരാണ്. പിന്നീട് കൃഷ്ണദേവരായരുടെ കാലമായപ്പോഴേയ്ക്കും തെക്കുള്ളൊരു ഹിമാലയമായി വിജയനഗരം വളര്‍ന്നു. ആ മഹാന്മാരുടെ ചെറുത്തുനില്പുകൊണ്ടാണ് മലയാളികളടക്കമുള്ള ദ്രാവിഡദേശം മത പീഡനങ്ങളില്‍ നിന്നു രക്ഷപ്പെട്ടതും മതേതരപ്പാട്ട് പാടാന്‍ അവശേഷിച്ചതും.
മൂന്നാംഘട്ട വിദേശാധിപത്യം ആരംഭിച്ചത് 1498 ല്‍ പോര്‍ച്ചുഗീസുകാര്‍ ചതുരംഗപ്പടയുമായി വന്നപ്പോഴാണ്. സൈനികവും മതപരവും സാംസ്‌ക്കാരികവുമായ അധിനിവേശമായിരുന്നു അത്. പറങ്കികളെ തുടര്‍ന്ന് ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് എന്നീ അധിനിവേശക്കാരും ആക്രമണകാരികളും കൈകോര്‍ത്തു വന്നു. കായികമായ ആക്രമങ്ങളോടൊപ്പം സൂക്ഷ്മതലത്തിലും ആക്രമണം നടത്തി എന്നതാണ് ഇതിന്റെ പ്രത്യേകത. ഭാരത ജനങ്ങളുടെ ബുദ്ധിയിലും മനസ്സിലും വിഷം കയറ്റുകയും ഒപ്പം തോക്കും വാളും ഉപയോഗിക്കുകയുമായിരുന്നു രീതി. അതുകൊണ്ടുതന്നെ പ്രതിരോധത്തിന്റെ മാര്‍ഗങ്ങളും അനേകം തരത്തില്‍ വേണ്ടി വന്നു. അതാണ് ആധുനിക സ്വാതന്ത്ര്യ സമരത്തിന്റെ സവിശേഷത.
മതപരമായ അധിനിവേശത്തെ ചെറുക്കാന്‍ ആത്മീയാചാര്യന്മാരും സന്ന്യാസിമാരും ഉയര്‍ന്നു വന്നു. കാശ്മീരം മുതല്‍ കന്യാകുമാരി വരെ ഭക്തി പ്രസ്ഥാനം ഉടല്‍ പൂണ്ടു. അതിലൂടെ സാംസ്‌ക്കാരികമായ അധഃപതനത്തെ ദൂരീകരിച്ച് സാമൂഹികമായ ഐക്യം സൃഷ്ടിച്ചു. മുഴുവന്‍ ഭാരതത്തിലും ഭക്തകവികള്‍ അല്ലെങ്കില്‍ ആത്മീയാചാര്യന്മാര്‍ വിധിയുടെ നിയോഗം പോലെ ഉയര്‍ന്നുവന്നു. ഏതാണ്ടെല്ലാവരും രാമായണവും മഹാഭാരതവും ഭാഗവതവുമാണ് ഉണര്‍ത്തുപാട്ടിനുള്ള ഗീതങ്ങളാക്കി മാറ്റിയത്. ചുരുക്കം ചിലര്‍ അതിനുമപ്പുറം ഉപനിഷത്തുകളും ഭഗവദ്ഗീതയുംകൂടി സ്വീകരിച്ചു എന്നു മാത്രം. അതിനെത്തുടര്‍ന്നാണ് നവോത്ഥാനം അഥവാ നവീകരണ മുന്നേറ്റങ്ങള്‍ ഭാരതത്തില്‍ അങ്ങോളമിങ്ങോളമുണ്ടായത്. കൊള്ളരുതാത്ത, കാലത്തിനിണങ്ങാത്ത ആചാരങ്ങള്‍ ഉപേക്ഷിച്ചു. ചിലത് പുതുക്കിപ്പണിതു. മറ്റു ചിലത് പുതുതായി കൂട്ടിച്ചേര്‍ത്തു. ആചാര നിഷേധമല്ല പരിഷ്‌ക്കരണമായിരുന്നു നവോത്ഥാന നായകര്‍ നടത്തിയത്. അതിലൂടെ ആത്മബോധത്തിലേക്കുണര്‍ന്ന സമൂഹം തങ്ങള്‍ അടിമകളാണെന്നു തിരിച്ചറിഞ്ഞു. സ്വാതന്ത്ര്യത്തിന്റെ വിലയെന്തെന്ന് മുന്‍തലമുറയുടെ ചരിത്രം പഠിച്ചതിലൂടെ മനസ്സിലാക്കി. നഷ്ടപ്പെട്ട സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ രാഷ്ട്രമൊന്നാകെ ഉണര്‍ന്നെഴുന്നേറ്റു. ചിലര്‍ ആയുധമെടുത്തു. ചിലര്‍ സഹനസമരം നടത്തി. വേറെ ചിലര്‍ സൈനിക സജ്ജീകരണം നടത്തി. ഇനിയും ചിലര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുകൊണ്ട് പലതരം സമരമാര്‍ഗങ്ങള്‍ അവലംബിച്ചു. അനേകം പേര്‍ തൂലിക പടവാളാക്കി.
വാസുദേവ ബല്‍വന്ത് ഫട്‌കേ, രാംസിങ് കുക്ക, ചാപ്പേക്കര്‍ സഹോദരന്മാര്‍, സാവര്‍ക്കര്‍ സഹോദരന്മാര്‍, ജതിന്‍ മുഖര്‍ജി, മദന്‍ലാല്‍ ധിംഗ്ര, ബാരീന്ദ്രനാഥ ഘോഷ്, ഉദ്ധം സിംഗ്, ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങി അനേകം കൗമാരക്കാരും യുവാക്കളും തളിര്‍ത്തു പൂത്തു തുടങ്ങിയ തങ്ങളുടെ ജീവിതം ഭാരതമാതാവിന്റെ പാദകമലങ്ങളില്‍ സമര്‍പ്പിച്ചു. ശ്യാംജി കൃഷ്ണവര്‍മ്മ, രാഷ് ബിഹാരി ബോസ്, ഡോ. ചെമ്പകരാമന്‍പിള്ള, രാജാ മഹേന്ദ്ര പ്രതാപ് തുടങ്ങിയ മഹാന്മാര്‍ വിദേശ രാജ്യങ്ങളില്‍ വിയര്‍പ്പൊഴുക്കി; പലര്‍ക്കും ജീവിതം അവിടെത്തന്നെ ഒടുക്കേണ്ടിവന്നു. രവീന്ദ്രനാഥ ടാഗോര്‍, ബങ്കിം ചന്ദ്ര ചാറ്റര്‍ജി, സുബ്രഹ്‌മണ്യ ഭാരതി, വള്ളത്തോള്‍, കുമാരനാശാന്‍ തുടങ്ങിയ കവികള്‍; ഭഗിനി നിവേദിത, മാഡം കാമ, ആനി ബസന്റ് മുതലായ വിദേശ വനിതകള്‍ അടക്കം അനേകം തരം, അനേകം മാര്‍ഗം-അങ്ങനെയാണ് നാം സ്വാതന്ത്ര്യത്തിലേക്ക് അടുത്തത്. 1857ലെ യുദ്ധശേഷം 1945 ല്‍ നേതാജിയുടെ നേതൃത്വത്തിലുള്ള ഐ.എന്‍.എ ഭടന്മാരും 1946ല്‍ റോയല്‍ ഇന്ത്യന്‍ നേവിയിലെയും റോയല്‍ എയര്‍ ഫോഴ്‌സിലെയും ഭാരതീയരായ സൈനികരുടെ വീറുറ്റ യുദ്ധമാണ് യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാരെ കിടുകിടാ വിറപ്പിച്ചതും ഭയവും പരാജയബോധവും സൃഷ്ടിച്ചതും. അവസാന അടി നമ്മുടെ സൈനികരുടേതായിരുന്നു എന്നര്‍ത്ഥം.
യഥാര്‍ത്ഥത്തില്‍ പൊതുവര്‍ഷത്തിനു മുമ്പ് 326 ല്‍ ഗ്രീസില്‍ നിന്ന് അലക്‌സാണ്ടര്‍ക്കെതിരെ മുതല്‍ അവസാനത്തെ ആക്രമണകാരികളായ ബ്രിട്ടീഷുകാര്‍ക്കെതിരെ വരെ നടത്തിയ നിരന്തര പോരാട്ടത്തിന്റെ ബൃഹത്തായ ചരിത്രമാണ് സ്വാതന്ത്ര്യ സമരത്തിന്റേതായി നമുക്കുള്ളത്. അതിനെ വെറും 90 കൊല്ലത്തെ സമരം എന്നു ചുരുക്കി പഠിപ്പിക്കുന്നത് വെറും നിഷ്‌ക്കളങ്കമായല്ല. 1857നു മുമ്പുള്ള സ്വാതന്ത്ര്യസമര ചരിത്രം പഠിപ്പിക്കേണ്ടി വരുമ്പോള്‍ വിദേശമുസ്ലീം ആക്രമണകാരികളായ മുഗളര്‍ മുതല്‍ പിറകോട്ട് പൊതു വര്‍ഷം 712 ലെ മുഹമ്മദ് ബിന്‍ കാസിമിന്റെ അറബി ആക്രമണം വരെയും അവര്‍ക്കെതിരെ നടന്ന ഐതിഹാസികമായ സായുധവിപ്ലവങ്ങളുടെയും യുദ്ധത്തിന്റെയും ചരിത്രവും പഠിപ്പിക്കേണ്ടി വരും. സ്വാതന്ത്യാനന്തര നെഹ്‌റു-ഇന്ദിരാ കോണ്‍ഗ്രസുകളുടെ രാഷ്ട്രീയ ലാഭത്തിനും അധികാര നേട്ടത്തിനും തടസ്സമുണ്ടാകും. അതിനു മുമ്പുള്ള ചരിത്രം പഠിപ്പിക്കാന്‍ തടസ്സങ്ങള്‍ ഇല്ലായിരുന്നെങ്കിലും അതിനിടയിലുള്ള ആയിരം വര്‍ഷത്തെ ചരിത്രം ഒഴിവാക്കുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ല. പരിഹാരമായി ആ ചരിത്രം മുഴുവന്‍ ഒഴിവാക്കി. അതു മാത്രമല്ല, 1757 ല്‍ തുടങ്ങിയ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോലും അഞ്ചു കൊല്ലത്തിനുള്ളില്‍ യുദ്ധമാരംഭിച്ചിരുന്നു. അതിന്റെ നൂറാം വര്‍ഷമായിരുന്നു 1857ലേത്. ആ നൂറു കൊല്ലത്തെ സമര ചരിത്രം പഠിപ്പിച്ചാലും നെഹ്‌റു കുടുംബത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ല. കാരണം ആ സമരങ്ങളൊക്കെ അത്ര തീവ്രവും സംഘര്‍ഷനിര്‍ഭരവുമായിരുന്നു. ‘ഒരു വെടിയുണ്ട പോലും പൊഴിക്കാതെ നേടിയ സ്വാതന്ത്ര്യം, ഒരു തുള്ളി ചോരപോലും വീഴ്ത്താതെ നേടിയ സ്വാതന്ത്ര്യം’ എന്ന ഹീനമായ, ഒരു രാഷ്ട്രത്തിന്റെ മഹാപുരുഷന്മാരെ മുഴുവന്‍ നിന്ദിക്കുന്ന പ്രയോഗം നെഹ്‌റു കുടുംബം നടത്തിയ ചരിത്രതമസ്‌ക്കരണത്തിന്റെ പ്രത്യക്ഷ തെളിവാണ്.
സ്വാതന്ത്ര്യസമര ചരിത്രത്തെ തമസ്‌ക്കരിക്കുന്നത് എന്തിന് എന്നതിന്റെ ഉത്തരം ഇന്ദിരാഗാന്ധിതന്നെ നല്‍കിയിട്ടുണ്ട്. 1973 ആഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ കുറെ ചെമ്പോലകള്‍ കുഴിച്ചിട്ടു. എന്താണത് എന്ന് പാര്‍ലമെന്റില്‍ ചോദ്യമുണ്ടായി. ആധുനിക ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രമാണ് എന്ന് മറുപടി നല്‍കി. ആയിരം വര്‍ഷം കഴിയുമ്പോള്‍ അന്നത്തെ തലമുറയ്ക്ക് നമ്മുടെ സമരചരിത്രമറിയാനാണ് ചെമ്പോല കുഴിച്ചിടുന്നത് എന്നായിരുന്നു ഇന്ദിരയുടെ വാദം. അതിലെ വസ്തുതകള്‍ എന്തെന്ന് അറിയണമെന്ന് വീണ്ടും ആവശ്യമുയര്‍ന്നു. അത് സാദ്ധ്യമല്ല എന്ന് പ്രധാനമന്ത്രി.
അധികം താമസിയാതെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഭരണഘടന സസ്‌പെന്റ് ചെയ്തു. ചോദ്യം ചെയ്യാന്‍ ആര്‍ക്കും സ്വാതന്ത്ര്യമില്ലാതായി. ഇരുപതു മാസങ്ങള്‍ക്കു ശേഷം ഇന്ദിര പരാജയപ്പെട്ടു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. അന്നത്തെ ‘മോന്‍സന്‍ ചെമ്പോല’ മാന്തിയെടുത്തു. അതില്‍ എഴുതിയിരുന്നത് സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള 25 വര്‍ഷ ചരിത്രമായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയുമായിരുന്നു നവഭാരതം സൃഷ്ടിച്ചതു പോലും! ഠശാല രമുൗെഹല എന്ന് ഇംഗ്ലീഷിലും കാലപത്രം എന്ന് ഹിന്ദിയിലും ഈ തട്ടിപ്പിന് ഇന്ദിര പേര് നല്‍കി.
അനേക നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന, ദശലക്ഷക്കണക്കിനു ഭാരതമക്കള്‍ സ്വയം ബലി നല്‍കി നേടിയെടുത്തതാണ് നമ്മുടെ സ്വാതന്ത്ര്യം. ഒഴുക്കിയ രക്തത്തിനു കണക്കില്ല. അനുഭവിച്ച പീഡനത്തിന് ലോക ചരിത്രത്തില്‍ സമാനതകളില്ല. ചെയ്ത ത്യാഗത്തിന് ഒരു ജനതയിലും തുല്യതയില്ല. ബാലന്മാരും വൃദ്ധരും സ്ത്രീകളും രാജാക്കന്മാരും പ്രഭുക്കന്മാരും വനവാസികളും സന്ന്യാസിമാരും പടയാളികളും വിദ്യാര്‍ത്ഥികളും മഹാഗുരുക്കന്മാരും അടക്കം എല്ലാ വിഭാഗങ്ങളിലും പെട്ടവരായിരുന്നു നമ്മുടെ സ്വാതന്ത്ര്യസമര പോരാളികള്‍. അങ്ങനെ നേടിയ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷമാണിത്.
ഈ ഇതിഹാസങ്ങള്‍ മുഴുവന്‍ നാം പഠിക്കേണ്ടതുണ്ട്. മഹത്തായ ഈ രാഷ്ട്രത്തിന്റെ സംസ്‌കാരവും ചരിത്രവും പഠിച്ച്, കൊള്ളാവുന്നതിനെ സ്വീകരിച്ചും അല്ലാത്തതിനെ തിരസ്‌ക്കരിച്ചും വര്‍ത്തമാനകാലത്തെ സജീവവും ശക്തവുമാക്കണം. ഭാവിയിലേക്ക് ഭാരതത്തെ നയിക്കേണ്ടത് സ്വന്തം നാടിനെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരാകണം. ഭാരതമാതാവിനോടുള്ള ഭക്തിയും സമര്‍പ്പണവുമുള്ള യഥാര്‍ത്ഥ പുത്രരായി നാം വളരണം. അതിനാണ് സുദീര്‍ഘവും ഉജ്ജ്വലവുമായ സമരേതിഹാസം പഠിക്കേണ്ടത്. അതും പോര, നമ്മുടെ നാടിന്റെ ഈടുവയ്പുകള്‍ എന്തൊക്കെയായിരുന്നു, സംഭാവനകള്‍ ഏതൊക്കെയായിരുന്നു, ആശയങ്ങളും ദര്‍ശനങ്ങളും ഏതൊക്കെ എന്നെല്ലാം നാം പഠിക്കണം.
വാണിജ്യം, വ്യവസായം, വിദ്യാഭ്യാസം, ഗണിതം, വൈദ്യം, തത്വശാസ്ത്രം, ദര്‍ശനം തുടങ്ങിയ കാര്യങ്ങളില്‍ ലോകത്തിലെ ഇതര ജനതകളുടെ അവസ്ഥയെന്തായിരുന്നു. അതേകാലത്ത്, അതേ കാര്യങ്ങളില്‍ നമ്മുടെ നിലയെങ്ങനെ? ഇതെല്ലാം അറിയുമ്പോഴാണ് നാം യഥാര്‍ത്ഥ പൗരന്മാരായി മാറുക. അങ്ങനെ വളര്‍ന്ന്, സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷമാകുമ്പോഴേയ്ക്കും ഭാരതത്തിന്റെ മുക്കിലും മൂലയിലും നാടിനെ അറിയുന്ന ജനങ്ങളായി, അമ്മയെ അറിയുന്ന മക്കളായി, സ്വന്തം ചരിത്രം അറിയുന്ന തലമുറകളായി നാം മാറണം. അതിന് ഉതകുന്ന തരത്തിലാകണം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കേണ്ടത്. 75-ാം വര്‍ഷത്തില്‍ തുടങ്ങി 100-ാം വര്‍ഷം എത്തുമ്പോഴേയ്ക്കും ദേശപ്രേമം കൊണ്ടു തുടിക്കുന്ന ഹൃദയമുള്ളവരായി 150 കോടി ജനങ്ങള്‍ മാറുന്നത് ലോകത്തിനുതന്നെ അത്ഭുതമായിരിക്കും.
1897 ജനുവരി 25ന് രാമനാട്ടെ സ്വീകരണത്തിനുള്ള മറുപടിയായി സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ….
‘ഏറ്റവും നീണ്ട രാത്രി തീരാറായെന്നു തോന്നുന്നു; ഏറ്റവും ദു:സ്സഹമായ കഷ്ടപ്പാടുകള്‍ ഒടുവില്‍ ഇതാ അവസാനിക്കുന്ന മട്ടായി. മൃതശരീരമെന്ന് എണ്ണപ്പെട്ട വസ്തു ഇതാ ഉണരാന്‍ വട്ടം കൂട്ടുന്നു. ഒരു ശബ്ദം ഇപ്പോള്‍ നമ്മുടെ നേര്‍ക്കു വരുന്നുണ്ട്-ചരിത്രത്തിലും ഐതിഹ്യത്തിലും പോലും എത്തി നോക്കാനാവാത്ത വണ്ണം ഇരുളടഞ്ഞ ആ ഭൂതകാലത്തില്‍ നിന്ന്, കര്‍മ്മത്തിന്റെയും പ്രേമത്തിന്റെയും ജ്ഞാനത്തിന്റേയുമായ ആ അപരിമിത ഹിമാലയത്തിന്റെ കൊടുമുടികളില്‍ തട്ടിത്തട്ടി മാറ്റൊലിക്കൊള്ളുംവിധത്തിലുള്ള ഒരു ശബ്ദം – നമ്മുടെ മാതൃഭൂമിയായ ഭാരതത്തിന്റെ ശബ്ദം – നമ്മുടെ നേര്‍ക്കു വരുന്നുണ്ട്. സൗമ്യവും ഗാഢവും എന്നാല്‍ അര്‍ത്ഥശങ്കയ്ക്കിട നല്‍കാത്തതുമാണ് ആ ശബ്ദം. ദിവസം ചെല്ലുന്തോറും അതിന്റെ മുഴക്കം ഏറുകയുമാണ്. നോക്കൂ! ഉറങ്ങിക്കിടക്കുന്നവന്‍ എഴുന്നേല്‍ക്കുന്നു. ഹിമാലയത്തില്‍ നിന്നടിക്കുന്ന ഒരു കാറ്റുപോലെ അതു മൃതപ്രായമായ അസ്ഥികളിലും മാംസപേശികളിലും ജീവിതം പകരുന്നു; ആലസ്യം തിരോഭവിക്കുന്നു. നമ്മുടെ മാനഭൂമിയായ ഭാരതം, അഗാധവും ദീര്‍ഘവുമായ നിദ്രയില്‍ നിന്നെഴുന്നേല്‍ക്കുകയാണെന്ന് കുരുടനുമാത്രം കാണാന്‍ കഴിവില്ല; അഥവാ കുദൃഷ്ടി മാത്രം കാണാന്‍ കൂട്ടാക്കില്ല. ഇനി ആര്‍ക്കും ഭാരതത്തെ തടയാനാവില്ല; ഇനി ഒരിക്കലും ഭാരതം ഉറങ്ങാന്‍ ഭാവവുമില്ല. ഇനി ഒരു ബാഹ്യശക്തിക്കും ഭാരതത്തെ പിന്നോട്ടു പിടിച്ചു മാറ്റുക സാദ്ധ്യമല്ല. അനന്തശക്തിയുള്ള ആ മഹാസത്വം തന്‍കാലില്‍ നില്‍ക്കാന്‍ വട്ടം കൂട്ടുകയാണ്.’