മനുഷ്യചരിത്രം പാരതന്ത്ര്യവും സ്വാതന്ത്ര്യവുമെന്ന ദ്വന്ദ്വത്തിന്റെ നിരന്തരസംഘര്‍ഷത്തിലൂടെ കടന്നുപോരുന്നതായി കാണാം. ഭാരതത്തിന്റെ ഇതിഹാസങ്ങളും രാഷ്ട്രീയ ചരിത്രവും ഒക്കെ അതിന്റെ ദൃഷ്ടാന്തങ്ങളാണ്. ഭാരത സ്വാതന്ത്ര്യസമരം പോലെ ബൃഹത്തും ദൈര്‍ഘ്യമേറിയതുമായ സ്വാതന്ത്ര്യസമര പോരാട്ടം ലോകത്ത് മറ്റൊരിടത്തും ഒരിക്കലും നടന്നിട്ടുണ്ടാവില്ല. അധിനിവേശ ശക്തികള്‍ ഭാരതത്തില്‍ കാലുകുത്തിയതെന്നാണോ അന്നുമുതല്‍ തന്നെ ഇവിടെ സ്വാതന്ത്ര്യസമരവും സമാരംഭിച്ചു. വിസ്തൃതവും വൈവിധ്യപൂര്‍ണ്ണവുമായ സംഗ്രാമചരിതമാണത്. സായുധമുന്നേറ്റങ്ങളും സഹനസമരത്തിലൂന്നിയ സത്യഗ്രഹങ്ങളും അതിന്റെ ഭാഗമായിരുന്നു. ഉപ്പു കുറുക്കലും വിദേശവസ്ത്ര ബഹിഷ്‌കരണവും അതിലേക്കുള്ള ചവിട്ടുപടികളായിരുന്നു. നിസ്സഹകരണ പ്രക്ഷോഭവും നിയമലംഘനസമരവും അതിന്റെ വ്യത്യസ്ത രൂപത്തിലുള്ള പ്രകടീകരണങ്ങളായിരുന്നു. സത്യഗ്രഹികളും വിപ്ലവകാരികളും അതിന് വേണ്ടി സ്വയം സമര്‍പ്പിച്ചു. കവികളും ദാര്‍ശനികന്മാരും അതിനുവേണ്ടി ആശയങ്ങളുടെ പടച്ചട്ടകളണിഞ്ഞു. അങ്ങനെ ഭാരതത്തിന്റെ വിമോചനത്തിനായി ആബാലവൃദ്ധം ജനങ്ങളും സമരപഥത്തില്‍ അണിചേര്‍ന്നു. സ്വാതന്ത്ര്യദേവതയുടെ പൂജയ്ക്കായി ആയിരങ്ങള്‍ ജീവനും ജീവിതവും ബലിയര്‍പ്പിച്ചു.
1930 ല്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യഗ്രഹം ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലുകളിലൊന്നാണ്. അതിന്റെ ചുവടുപിടിച്ച് കേരളഗാന്ധി കെ.കേളപ്പജിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് നടന്ന ഉപ്പുസത്യഗ്രഹയാത്ര ഭാരത സ്വാതന്ത്ര്യത്തിന് കേരളം നല്‍കിയ ഐതിഹാസികമായ സമരസംഭാവനയായിരുന്നു. ഗാന്ധിജിയുടെ പാദമുദ്രകളും സമരമുറകളും അതേപടി പിന്തുടര്‍ന്നതാണ് കേളപ്പജിയെ കേരള ഗാന്ധിയെന്ന വിശേഷണത്തിന് അര്‍ഹനാക്കിയത്. ഉപ്പുസത്യഗ്രഹം അതിനൊരു നിമിത്തമായി എന്നു മാത്രം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷം അമൃത മഹോത്സവമായി ആഘോഷിക്കാന്‍ രാജ്യം തീരുമാനിച്ചപ്പോള്‍ കേരളത്തിലെ അമൃത മഹോത്സവ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കേളപ്പജി ഉപ്പു സത്യഗ്രഹ സ്മൃതിയാത്ര പുനരാവിഷ്‌കരിക്കാന്‍ തീരുമാനിച്ചു. സ്വാതന്ത്ര്യ സമരസ്മൃതികളിലൂടെയുള്ള ഒരു തീര്‍ത്ഥയാത്രയായിരുന്നു അത്.
മുന്നില്‍ കേളപ്പജിയുടെ അര്‍ദ്ധകായ പ്രതിമ. കോഴിക്കോട് നിന്ന് പയ്യന്നൂര്‍ വരെയുള്ള എഴുപത്തഞ്ച് കേന്ദ്രങ്ങളെ സ്പര്‍ശിച്ചുകൊണ്ട് 142 കിലോമീറ്റര്‍ ദൂരം. മുപ്പത്തിരണ്ട് സ്ഥിരം ജാഥാംഗങ്ങള്‍ അണിനിരന്ന കാല്‍നട യാത്ര. ഏപ്രില്‍ 10 ന് വൈകുന്നേരം കോഴിക്കോട് മുതലക്കുളത്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്മൃതിയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജന്മഭൂമി എംഡി. എം.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഏപ്രില്‍ 12ന് സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതികുടീരങ്ങള്‍ വലംവെച്ചു കൊണ്ടുള്ള ജ്യോതിസംഗമം നടന്നു. ഏപ്രില്‍ 13ന് രാവിലെ തളി മഹാദേവക്ഷേത്ര പരിസരത്ത് വെച്ച് പദയാത്രയ്ക്ക് ശുഭാരംഭമായി. യാത്രയുടെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് നിര്‍വ്വഹിച്ചു. അമൃതോത്സവ സംഘാടക സമിതി സംസ്ഥാന സെക്രട്ടറിയും ജന്മഭൂമി ന്യൂസ് എഡിറ്ററുമായ എം.ബാലകൃഷ്ണന്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ജില്ലാ ചെയര്‍മാന്‍ റിട്ട. കോസ്റ്റ്ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ ഡോ. പ്രഭാകരന്‍ പലേരി അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ അനൂപ് കുന്നത്ത്, ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി പി. ബാലഗോപാല്‍, സക്ഷമ പ്രവര്‍ത്തക പ്രസന്നകുമാരി എന്നിവര്‍ പ്രസംഗിച്ചു. ഒന്നാം ദിവസം എട്ടു സ്വീകരണ കേന്ദ്രങ്ങള്‍ പിന്നിട്ട് എലത്തൂരില്‍ യാത്ര സമാപിച്ചു. സമാപന സമ്മേളനം തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍.മധു മുഖ്യപ്രഭാഷണം നടത്തി. സര്‍വോദയ പ്രവര്‍ത്തകന്‍ വെളിപ്പലത്ത് ബാലന്‍സംസാരിച്ചു.
കോരപ്പുഴ പാലത്തിന് കേളപ്പജിയുടെ പേരു നല്‍കിക്കൊണ്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനുരാധാ തായാട്ട് ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് സ്മൃതിയാത്രയുടെ രണ്ടാം ദിനം ആരംഭിച്ചത്. ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരെ ധീരമായ പ്രതിഷേധ സ്വരമുയര്‍ത്തിയ സ്വാതന്ത്ര്യസമര പാരമ്പര്യം പേറുന്ന ചേമഞ്ചേരിയിലൂടെ യാത്ര മുന്നേറി. അവിടുത്തെ ക്വിറ്റ് ഇന്ത്യാ സമരസ്മാരകത്തില്‍ യാത്രാസംഘം പുഷ്പാര്‍ച്ചന നടത്തി.
വിവിധ സമരകേന്ദ്രങ്ങളില്‍ നിന്നും ഗ്രാമപ്രദേശങ്ങളില്‍ നിന്നും വന്ന ഉപജാഥകള്‍ സ്മൃതി യാത്രയെ എതിരേറ്റു. നൃത്തശില്‍പ്പങ്ങളും കലാകാരന്മാരുടെയും എഴുത്തുകാരുടെയും പങ്കാളിത്തവും യാത്രയെ ആകര്‍ഷകമാക്കി. കൊയിലാണ്ടിയില്‍ നടന്ന സമാപന സമ്മേളനം എഴുത്തുകാരന്‍ യു.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വി.സത്യന്‍ അധ്യക്ഷനായി. നോവലിസ്റ്റ് പ്രശാന്ത് ബാബു കൈതപ്രം മുഖ്യപ്രഭാഷണം നടത്തി.
കേളപ്പജിയുടെ സമര ജീവിതത്തിന്റെ പ്രകാശം നിറഞ്ഞു നില്‍ക്കുന്ന കൊയിലാണ്ടിയുടെ മണ്ണിലൂടെയായിരുന്നു വിഷുദിനത്തിലും പിറ്റേന്നും കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര കടന്നുപോയത്. നൂറുകണക്കിനാളുകള്‍ വിഷുത്തിരക്കുകള്‍ മാറ്റിവച്ച് കേളപ്പജിയുടെ ഒതയോത്ത് വീട്ടില്‍ നടന്ന വിഷു സദ്യയില്‍ പങ്കാളികളായി. കേളപ്പജിക്കൊപ്പം പ്രവര്‍ത്തിച്ച ഗോപാലപുരം കോളനിയിലെ ജാനു അമ്മയുടെ പ്രാര്‍ഥനയോടെ ഒതയോത്തു വീട്ടുമുറ്റത്ത് നടന്ന വിഷു സാംസ്‌കാരിക സംഗമം സിനിമാ നടന്‍ ദേവന്‍ ഉദ്ഘാടനം ചെയ്തു. കേളപ്പജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഓട്ടന്‍തുള്ളലും സമൂഹ ചിത്രരചനയും സാംസ്‌കാരിക സംഗമത്തിന് ചാരുത പകര്‍ന്നു.
കേരള മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷന്‍ ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണന്‍, തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഭൂമി സംഭാവന നല്കിയ കേളപ്പജിയുടെ ശിഷ്യന്‍ വാസുദേവന്‍ നമ്പൂതിരിയുടെ മകള്‍ രമണി, കേളപ്പജിയുടെ ചെറുമക്കളായ നന്ദകുമാര്‍ മൂടാടി, നളിനി എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു. കേളപ്പജി സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അനന്തകൃഷ്ണന്‍ അധ്യക്ഷനായി. കേളപ്പജിയുടെ മകനും കീഴരിയൂര്‍ ബോംബ് കേസിലെ പ്രതിയുമായ കുഞ്ഞിരാമന്‍ കിടാവിന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ ‘സ്വതന്ത്ര ഭാരതം’ പത്രത്തിന്റെ പ്രതി ഭാരതീയ വിചാരകേന്ദ്രം ജില്ലാ അധ്യക്ഷന്‍ പ്രൊഫ. കെ.പി. സോമരാജന്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. നൃത്തം, കവിതാലാപനം എന്നിവയും നടന്നു. കേളപ്പജി പിറന്നുവീണ മുചുകുന്നിലെ പുത്തന്‍പുരയില്‍ വീട്, കേളപ്പജിയുടെ തറവാടായ കൊയ്പ്പള്ളി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച യാത്ര കേളപ്പജി പടുത്തുയര്‍ത്തുകയും മഹാത്മജിയുടെ സന്ദര്‍ശനത്തിലൂടെ പ്രസിദ്ധവുമായ പാക്കനാര്‍പുരത്ത് സമാപിച്ചു.
അധിനിവേശശക്തികളെ വാള്‍ത്തലപ്പുകള്‍ കൊണ്ട് വെല്ലുവിളിച്ച വീരപാരമ്പര്യത്തിന്റെ തട്ടകമായ കടത്തനാടിന്റെ മണ്ണിലൂടെയാണ് പിന്നീട് കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര സഞ്ചരിച്ചത്. പയ്യോളിയില്‍ നിന്ന് ആരംഭിച്ച സ്മൃതി യാത്ര വൈകുന്നേരം വടകരയില്‍ എത്തിച്ചേര്‍ന്നു. കേളപ്പജിയുടെ പ്രവര്‍ത്തനഫലമായി നിര്‍മ്മിച്ച മൂരാട് പാലത്തിലൂടെ കടന്നു വന്ന യാത്രയെ വീരേതിഹാസ പാരമ്പര്യത്തിന്റെ പ്രതീകമായ എഴുപത്തഞ്ച് ഉണ്ണിയാര്‍ച്ചമാര്‍ ചേര്‍ന്ന് സ്വീകരിച്ചു. വടകരയില്‍ നടന്ന സമാപന സമ്മേളനം മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുരുക്ഷേത്ര പ്രകാശന്‍ ചീഫ് എഡിറ്റര്‍ കാ.ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
പിന്നീട് സ്വാതന്ത്ര്യം നേടിയതിനുശേഷവും നിലയ്ക്കാത്ത സ്വാതന്ത്ര്യസമര പോരാട്ടത്തിന് സാക്ഷ്യം വഹിച്ച മയ്യഴിയുടെ മണ്ണിലേക്ക് സ്മൃതിയാത്ര പ്രവേശിച്ചു. കേളപ്പജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാഹിയില്‍ നടന്ന സമാപന സമ്മേളനം പുതുച്ചേരി നിയമസഭാ സ്പീക്കര്‍ ആര്‍. ശെല്‍വം ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളുടെയും തുല്യതയ്ക്ക് വേണ്ടി പോരാടിയ മഹദ് വ്യക്തിയാണ് കേളപ്പജിയെന്ന് അദ്ദേഹം പറഞ്ഞു. വൈക്കം സത്യഗ്രഹവും ഗുരുവായൂര്‍ സത്യഗ്രഹവും കേളപ്പജിയുടെ നേതൃശേഷിയും സാമൂഹ്യവീക്ഷണവും വെളിവാക്കുന്നതായിരുന്നു. ഭാഷാടിസ്ഥാനത്തില്‍ നടന്ന കേരള രൂപീകരണത്തിലും കേളപ്പജി നിസ്തുലമായ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാഹി മുനിസിപ്പല്‍ മൈതാനത്ത് ശ്രീധരന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ നാല്‍പ്പതിലധികം പേര്‍ ചേര്‍ന്ന് കളരി അവതരിപ്പിച്ചു. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍. ആര്‍. മധു മുഖ്യപ്രഭാഷണം നടത്തി. ആഘോഷസമിതി ചെയര്‍മാന്‍ ടി. രാജശേഖരന്‍ അദ്ധ്യക്ഷനായി.
മാഹിയില്‍ നിന്ന് പോരാട്ട ഭൂമിയായ കണ്ണൂരിലേക്കാണ് യാത്ര പ്രവേശിച്ചത്. പരിമഠം, പുന്നോല്‍, തലായി, സൈദാര്‍പള്ളി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കേരളവേഷം ധരിച്ച് അമ്മമാര്‍, നൂറുകണക്കിന് ഇരുചക്ര വാഹനങ്ങള്‍ എന്നിവയുടെ അകമ്പടിയോടു കൂടി യാത്ര സമാപന സമ്മേളനവേദിയായ തലശ്ശേരി പുതിയ ബസ്സ്റ്റാന്റിലെത്തിച്ചേര്‍ന്നു. 1940-ല്‍ തലശ്ശേരി കടപ്പുറത്ത് ബ്രിട്ടീഷ് ഭരണാധികാരികളുടെ നിരോധനം ലംഘിച്ച് നടന്ന പൊതുയോഗവും 1934 ജനുവരി 12 ന് ഗാന്ധിജി നടത്തിയ തലശ്ശേരി യാത്രയും കേളപ്പജി സ്മൃതിയാത്രയിലൂടെ വീണ്ടും ജനമനസ്സുകളില്‍ ജ്വലിച്ചുയര്‍ന്നു. ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ, ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് എന്നിവര്‍ കേളപ്പജി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തലശ്ശേരിയില്‍ നടന്ന സമാപന സമ്മേളനം മുന്‍ ചീഫ് സെക്രട്ടറി ഡോ.സി.വി.ആനന്ദ ബോസ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സി. ചന്ദ്രശേഖരന്‍, ഒ.എം. സജിത്ത്, അഡ്വ.വി.രത്‌നാകരന്‍, പി.വി. ശ്യാംമോഹന്‍, നവജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭക്തിഗാനമേളയും നൃത്തസംഗീതശില്‍പ്പവും അരങ്ങേറി.

സംസാരിക്കുന്നു.
ഒമ്പതാംനാള്‍ തലശ്ശേരിയില്‍ നിന്ന് തുടങ്ങിയ സ്മൃതിയാത്ര ധര്‍മ്മടം വഴി മുഴപ്പിലങ്ങാട്ടേക്ക് കടന്നു. കേളപ്പജിയുടെ നേതൃത്വത്തില്‍ ഹരിജനങ്ങള്‍ ഘോഷയാത്രയായി വന്ന് ക്ഷേത്ര പ്രവേശനം നേടിയ മുഴപ്പിലങ്ങാട് ശ്രീകൂര്‍മ്പക്കാവ്, എടക്കാട് ഊര്‍പഴശ്ശിക്കാവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങിയ ശേഷം താഴെ ചൊവ്വ, മേലെ ചൊവ്വ, താണ വഴി യാത്ര കണ്ണൂര്‍ നഗരത്തിലേക്ക് പ്രവേശിച്ചു. നഗരഹൃദയത്തിലുള്ള മഹാത്മാ മന്ദിരത്തിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടന്നു. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി യാത്രയില്‍ അണിചേര്‍ന്ന് പിന്തുണയേകി. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന പൊതുസമ്മേളനം റിട്ട. ഡിജിപി ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. പി.കെ. ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. കാ.ഭാ.സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.കെ.കെ.ബാലറാം, അഡ്വ.എം.എ. നിസാര്‍, കേണല്‍ രാംദാസ്, ഡോ.ഷേണായി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് തിരുവാതിരയും കളരിപ്പയറ്റ് പ്രദര്‍ശനവും നടന്നു.

എ.പി.അബ്ദുള്ളക്കുട്ടിയും ഡോ.ജേക്കബ് തോമസും
പിറ്റേന്ന് പള്ളിക്കുന്നില്‍ നിന്ന് തുടങ്ങിയ യാത്ര തളിപ്പറമ്പില്‍ സമാപിച്ചു. അവിടെ നടന്ന പൊതുപരിപാടി നടന്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ജന്മഭൂമി ജനറല്‍ മാനേജരും അമൃത മഹോത്സവം സംഘാടക സമിതി സംയോജകനുമായ കെ.ബി. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിയന്‍ സമരമുറകളുടെ ത്യാഗസന്നദ്ധതയെ ആത്മാവില്‍ ആവാഹിച്ച പയ്യന്നൂര്‍ പെരുമാളിന്റെ നാട്ടില്‍ കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതിയാത്രയ്ക്ക് പ്രൗഢോജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. തളിപ്പറമ്പില്‍ നിന്നാരംഭിച്ച പദയാത്ര കുപ്പം, പരിയാരം, പിലാത്തറ, ഏഴിലോട്, എടാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം പെരുമ്പ മുത്തപ്പന്‍ ക്ഷേത്ര പരിസരത്ത് ആരതി ഉഴിഞ്ഞു സ്വീകരിച്ചു. ടൗണ്‍ സ്‌ക്വയറില്‍ നടന്ന സമാപന സമ്മേളനത്തില്‍ ദേശഭക്തിഗാന സദസ്സ് നടന്നു. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി.


സ്വാതന്ത്ര്യം സ്വാവലംബനത്തിനു വേണ്ടിയുള്ളതാണെന്ന സന്ദേശം ആവര്‍ത്തിക്കുന്നതായിരുന്നു പയ്യന്നൂര്‍ ഉളിയത്തുകടവില്‍ നടന്ന ഉപ്പുകുറുക്കല്‍ ചടങ്ങ്. ഗാന്ധിജിയുടെ ആഹ്വാനത്തെ തുടര്‍ന്ന് കേരളഗാന്ധി കെ. കേളപ്പന്‍ നടത്തിയ സത്യഗ്രഹ സമരത്തിന്റെ ഓര്‍മ്മയും ആവേശവും ഇന്നത്തെ തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്ന ചടങ്ങാണ് സ്മൃതിയാത്രയുടെ ഭാഗമായി അവിടെ നടന്നത്. ഉപ്പുകുറുക്കല്‍ ചടങ്ങിന് ശേഷം കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതിയാത്രയ്ക്ക് സമാപനംകുറിച്ചുകൊണ്ട് പയ്യന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്ന സമാപന സമ്മേളനം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് സഹമന്ത്രി ജനറല്‍ വി.കെ. സിങ് ഉദ്ഘാടനം ചെയ്തു. സമരഭടന്മാര്‍ കുറുക്കിയെടുത്ത ഉപ്പ് കേന്ദ്രമന്ത്രി കേളപ്പജിയുടെ പൗത്രന്‍ നന്ദകുമാര്‍ മൂടാടിക്ക് കൈമാറി.

ഗാന്ധിജിയെ ശരിയായി പിന്തുടര്‍ന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് കേളപ്പജിയെന്ന് കേന്ദ്രമന്ത്രി വി.കെ.സിങ് പറഞ്ഞു. സ്വാതന്ത്ര്യാനന്തരം ജനിച്ചവര്‍ക്ക് സ്വാതന്ത്ര്യസമര സേനാനികള്‍ അനുഭവിച്ച ത്യാഗത്തിന്റെയും ബലിദാനങ്ങളുടെയും വേദന അറിയില്ല. രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ച ഇന്നത്തെ തലമുറ ഭാരതത്തെ വിശ്വഗുരുവാക്കി മാറ്റാനുള്ള പ്രവര്‍ത്തനമാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി. കേളപ്പജിയുടെ സ്മരണ കേരളത്തിന്റെ മനസ്സിലേക്ക് തിരിച്ചു വരുന്നത് ആഹ്ലാദകരവും അഭിമാനകരവും ആശ്വാസകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. വിസ്മരിക്കപ്പെട്ട ചരിത്രപുരുഷന്മാരെ നിരന്തരം സ്മരിക്കാനുള്ള അവസരമാണ് അമൃതോത്സവ ആഘോഷത്തിലൂടെ കൈവന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ രാഷ്ട്ര സ്വത്വത്തെ വീണ്ടെടുത്ത് ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ കെ. രാമകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഡോ.പ്രഭാകരന്‍ പലേരി, പ്രശാന്ത് ബാബു കൈതപ്രം, ടി.കെ. ഈശ്വരന്‍മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. കേളപ്പജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഓട്ടന്‍തുള്ളലും അരങ്ങേറി. വി.പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍, എ.വി. രാഘവപൊതുവാള്‍, പ്രശാന്ത് ചെറുതാഴം, സപര്യരാജ് എന്നിവരെ പരിപാടിയില്‍ ആദരിച്ചു.

സമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി.കെ.സിംഗ് സംസാരിക്കുന്നു
പത്തു ദിവസം നീണ്ട അണമുറിയാത്ത സഞ്ചാരതപസ്സിലൂടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഐതിഹാസികമായ സമരസത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ കേളപ്പജിയെന്ന തപോധനനായ ആദര്‍ശവ്യക്തിത്വത്തെ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിലേക്ക് പുന:പ്രതിഷ്ഠിക്കുകയെന്ന ദൗത്യവുമായാണ് കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര സംഘടിപ്പിക്കപ്പെട്ടത്. നിതാന്ത ജാഗരൂകതയാണ് സ്വാതന്ത്ര്യത്തിന് നല്‍കേണ്ട വില എന്ന ആപ്തവാക്യം അന്വര്‍ത്ഥമാക്കിക്കൊണ്ട് സ്വാതന്ത്ര്യത്തിന്റെ ഈ അമൃതമഹോത്സവ വേളയില്‍ കേളപ്പജിയുടെ ജീവിതത്തോടൊപ്പം നമുക്ക് അനുയാത്ര ചെയ്യാം. കേളപ്പജി മുന്നോട്ടു വെച്ച ദര്‍ശനങ്ങളെ നിരന്തരം അനുധാവനം ചെയ്യാം. അങ്ങനെ സ്വരാജ്യത്തില്‍ നിന്ന് സ്വാവലംബനത്തിലേക്കും ആത്മനിര്‍ഭരതയിലേക്കും മുന്നേറാം. മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ എഴുതിയതുപോലെ ‘എല്ലാം മുക്കുന്ന ലോഭമോഹങ്ങളുടെ മലവെള്ളത്തില്‍ ഒലിച്ചുപോകുന്ന മനുഷ്യത്വത്തിന്റെ മരിക്കാത്ത ഹൃദയസ്പന്ദനം അതായിരുന്നു കേളപ്പന്‍, ആ പുണ്യ ഗുരുപാദങ്ങളിലിതാ ഗാന്ധിഭാരതത്തിന്റെ മഹാവീരചക്രം!’