”പാള പഴുത്തു തണുങ്ങോടെ വീഴുന്നു;
നാളേറെയായി നടക്കുമസംബന്ധ-
നാടകം; നാം പ്രതിഷേധ പ്രകടനം
നീളന്‍ പരമ്പരയായിത്തുടങ്ങണം”.
പാര്‍ട്ടിനേതാവറിയിച്ചൂ- സഖാക്കളും
കൂട്ടരും ബാനറെഴുതിച്ചു കല്‍പ്പിച്ചു
എല്ലാക്കവുങ്ങിന്റെ മൂട്ടിലും വെയ്ക്കുന്നു
ചൊല്ലാര്‍ന്ന വാക്യം ”ജയിക്കുന്നു വിപ്ലവം”
”പാള ജനകീയമാണ്, മൂരാച്ചികള്‍
പാള വീഴാതെ തണുങ്ങായ് തടുക്കുന്നു.
പാക്കും ചവച്ചു സകല കവുങ്ങിന്റെ
ചോട്ടിലും തുപ്പി മുന്നേറിന്‍ സഖാക്കളെ”
പാളയെ വിട്ടു തണുങ്ങു പറന്നു പോ-
നാള്‍വരെ ക്കുത്തിയിരിപ്പൂ സത്യഗ്രഹം:
പാളയോ സ്വേച്ഛയ, ചേര്‍ന്നു തണുങ്ങുമായ്
ഭാഷ ഇംഗ്ലീഷുമായ് ചേരുന്ന മാതിരി;
തോറ്റുപോയ് സത്യഗ്രഹം: ”ചിട്ടയിങ്ങനെ
നാട്ടുനടപ്പാണ്; ചൈന-പാക് ചേരിയില്‍
കൂട്ടായി നാം ചേര്‍ന്നു നാട്ടുനടപ്പൊക്കെ
മാറ്റാന്‍ – വിദേശീയമാക്കാന്‍ – ശ്രമിക്കണം”.