രണ്ടു ദിവസത്തെ പണിമുടക്കെന്ന ഹര്‍ത്താലിന് ശേഷം പിറ്റേന്ന് ഓഫീസിലേക്കുള്ള യാത്രയില്‍. വണ്ടി ബസ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ രാമേട്ടന്‍!.
ഞാന്‍ കാര്‍ പതുക്കെയാക്കി. ‘വരുന്നോ’ എന്ന് ചോദിച്ചു.
‘എവിടേയ്ക്കാ? ടൗണിലേയ്ക്കാ?’
‘ങാ .’
‘ഞാന്‍ .. റെയില്‍വേ സ്റ്റേഷന്‍ വരെ..’
‘ഓ വരൂ’..
കാര്‍ പെട്രോള്‍ പമ്പ് ക്രോസ്സ് ചെയ്തപ്പോള്‍ അവിടെ വലിയ തിരക്ക്. ‘ഇന്നിനി ഉച്ചയ്ക്ക് ശേഷമേ ഇവരെല്ലാം ഓഫീസില്‍ എത്തുകയുണ്ടാവുള്ളൂ’ എന്ന് രാമേട്ടന്‍.
ഞാന്‍ ചിരിച്ചു. ഒരു ഇടതു പക്ഷക്കാരന്റെ രോദനം.
‘അപ്പൊ ഹര്‍ത്താല്‍ മൂന്ന് ദിവസത്തേയ്ക്ക് നീണ്ടു അല്ലെ?’ എന്ന് ഞാന്‍. ‘കേരളത്തിന്റെ രണ്ടു ദിവസത്തെ ബിസിനസ്സ് നഷ്ടം 5500 കോടി എന്നുള്ളത് 6500 എന്ന് കൂട്ടാമോ എന്തോ?’
രാമേട്ടന്‍ ചിരിച്ചു.
‘സമരക്കാര്‍ ഇത്തവണ കൂടുതല്‍ അക്രമങ്ങളിലേയ്ക്ക് തിരിഞ്ഞത് വളരെ മോശമായി. ജനങ്ങള്‍ മുഴുവനും സമരത്തിന് എതിരായി ഇല്ലേ?’
രാമേട്ടന്‍ സ്വല്‍പ്പം ന്യൂട്രല്‍ ആയി ‘എല്ലാം രാഷ്ട്രീയപ്രേരിതം തന്നെ. കേരളത്തിലല്ലാതെ വേറെ എവിടെയും ഒരു ഇഫക്ടും ഇല്ലല്ലോ’.
‘രാമേട്ടന് ഒന്നും തോന്നേണ്ട… സത്യമായിട്ടും കേരളത്തിലെ വ്യവസായ മേഖലയെ മുഴുവനും തകര്‍ത്തത് ഈ ഇടതുപക്ഷ മിലിറ്റന്റ് യൂണിയനുകള്‍ തന്നെയാണ് അല്ലേ?’
‘അതിന് പല കാരണങ്ങളും ഉണ്ടായിരുന്നു. അതിനു മൊത്തം തൊഴിലാളികളെ പഴിക്കാമോ? അറിയില്ല.’
‘നോക്കൂ കൊല്ലത്തെ അണ്ടി വ്യവസായം, ആലപ്പുഴയിലെ കയര്‍ വ്യവസായം, കണ്ണൂരിലെ പ്ലൈവുഡ് വ്യവസായം എല്ലാം തകര്‍ത്തത് ആരാ?’
‘അല്ല, ചിലതൊക്കെ ഇപ്പോഴും പിടിച്ച് നില്‍ക്കുന്നില്ലേ?’
‘ഏത്? പെരുമ്പാവൂരിലെ പ്ലൈവുഡ്?, കോഴിക്കോട്ടെ ഇരുമ്പ്, ചെരുപ്പ് വ്യവസായങ്ങളോ? തൊഴിലാളികള്‍ എല്ലാം ബംഗാളികളായതുകൊണ്ട് മാത്രം.’
‘ശരിയാണ്.. നമ്മുടെ തൊഴില്‍ സംസ്‌കാരത്തില്‍ സമഗ്രമായ മാറ്റം ആവശ്യമാണ്..’ രാമേട്ടന്‍ എവിടെയും തൊടാതെ പറഞ്ഞു.
‘ഇവിടെ ഉള്ള മലയാളി വ്യവസായികളെത്തന്നെ ഓടിക്കുമ്പോള്‍ അന്യനാട്ടുകാര്‍ എങ്ങനെ വ്യവസായം തുടങ്ങാന്‍ ഇവിടെ എത്തും? തെറ്റുകള്‍ ഏറ്റു പറഞ്ഞു എന്തെങ്കിലും ഒരു നടപടി സ്വീകരിക്കുന്നത് ഞാന്‍ കാണുന്നില്ല. ട്രേഡ് യൂണിയനിസം വികസിത രാജ്യങ്ങളിലൊക്കെ ഉണ്ട്.. പക്ഷെ അവര്‍ വികസനവിരോധികളല്ല.. ഇവിടെ ഒരു രോഗം പോലെയാണ്..
കേരളത്തില്‍ ഇത് എപ്പോഴാ തുടങ്ങിയത്?’
രാമേട്ടന്‍ പഴയ എന്‍.ജി.ഓ യൂണിയന്‍ പ്രവര്‍ത്തകന്റെ ചുറുചുറുക്കോടെ ചരിത്രം പറയാന്‍ തുടങ്ങി.
‘കേരളത്തിലെ ആദ്യത്തെ സംഘടിതമായ ട്രേഡ് യൂണിയന്‍ ആലപ്പുഴയിലെ ‘തിരുവിതാംകൂര്‍ ലേബര്‍ അസ്സോസിയേഷന്‍’ ആണ്. പ്രമുഖ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായിരുന്ന ആര്‍.സുഗതനായിരുന്നു ഇതിനു നേതൃത്വം നല്‍കിയത്. 1922 മാര്‍ച്ചിലാണ് രൂപീകൃതമായത്. ആദ്യ പേര് ലേബര്‍ യൂണിയന്‍ എന്നായിരുന്നു. തൊഴിലാളികളില്‍ നിന്നു ശേഖരിച്ച ചെറിയ സംഭാവനകള്‍ ഉപയോഗിച്ച് അവര്‍ക്ക് ചികിത്സാസഹായം നല്‍കുക, വായനശാലകള്‍ സ്ഥാപിക്കുക എന്നിവ ചെയ്ത് പിന്നീട് പല സാമൂഹിക കാര്യങ്ങളിലും ഇടപെട്ടു .. അയിത്തം അവസാനിപ്പിക്കുക, നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസം ഏര്‍പ്പെടുത്തുക, വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വൈദ്യപരിശോധന നടത്തുക, പ്രായപൂര്‍ത്തി വോട്ടവകാശം നടപ്പിലാക്കുക തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഈ സംഘടന മുന്നോട്ടുവച്ചിരുന്നു.പിന്നെ സ്വാതന്ത്ര്യ സമരത്തിലും ഭാഗഭാക്കായി.’
‘വളരെ നല്ലത് …. ച്ചാല്‍ ആദ്യം സദുദ്ദേശം മാത്രമായിരുന്നത് ഇപ്പോള്‍… ദുരുദ്ദേശമായി.. പാതകമായി. പരിഹാസ്യമായി. രണ്ടും മൂന്നും ലക്ഷം ശമ്പളം വാങ്ങുന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ തൊഴിലാളികളാണ് പോലും.!’ രാമേട്ടന്‍ മൗനത്തിലായപ്പോള്‍ ഞാന്‍ തുടര്‍ന്നു..
‘വാസ്തവത്തില്‍ ലേബര്‍ യൂണിയന്‍ എന്ന് പോരെ? എന്തിനാ ട്രേഡ്? ട്രേഡ് എന്ന് വെച്ചാല്‍ വ്യാപാരം, പ്രൊഫഷന്‍ എന്നൊക്കെയല്ലേ?’
അത് പുള്ളി ചിന്തിച്ചിരുന്നു.
‘അതെ.. ഇത് ഇംഗ്ലീഷുകാര്‍ തുടങ്ങിയതല്ലേ .. അവര്‍ക്ക് ട്രേഡ് എന്നാല്‍ എല്ലാം പ്രൊഫഷന്‍ ആണ് ഹെല്‍ത്ത് വര്‍ക്കര്‍, ഫാക്ടറി വര്‍ക്കര്‍, പ്ലംബര്‍, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, എല്ലാം ഓരോ ട്രേഡ് ആണല്ലോ.’
‘പക്ഷെ നാം കണ്ടു വരുന്നത് ഇംഗ്ലീഷ് പേര് പിന്‍പറ്റുന്ന ട്രേഡ് യൂണിയനുകള്‍((AITUC, INTUC,CITU etc.) ട്രേഡ് യൂണിയന്‍ എന്നവസാനിക്കുന്ന യൂണിയനുകള്‍ – പാശ്ചാത്യ മാതൃകയാണെങ്കിലും അവരുടെ പ്രവൃത്തികളില്‍ യാതൊരു പാശ്ചാത്യ മര്യാദകളും പാലിച്ചു കാണുന്നില്ല എന്നാണ്. അത് എല്ലാത്തിനോടും പുച്ഛവും ധിക്കാരവും ഉള്ള കമ്മ്യൂണിസ്റ്റ് മനോഭാവം കൊണ്ടാണോ?’
‘അങ്ങനെയൊന്നുമില്ല.. പേര് മസ്ദൂര്‍ സംഘ് എന്നായാല്‍ എല്ലാ ഇന്ത്യന്‍ മര്യാദകളും പാലിക്കുന്നു എന്നാണോ?’ രാമേട്ടന്‍ അക്ഷമനാകുന്നു..
ഞാന്‍ വിട്ടില്ല.
‘തൊഴിലാളി ക്ഷേമ സൗഹൃദ രാജ്യങ്ങളുടെ ലിസ്റ്റില്‍ ഏറ്റവും താഴെ തട്ടില്‍ ആണ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍. ഇന്ന് മുതലാളിത്ത രാജ്യങ്ങളായ ആസ്‌ട്രേലിയ, ന്യുസീലന്‍ഡ്, ഡെന്മാര്‍ക്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് തൊഴിലാളി സൗഹൃദ രാജ്യ പട്ടികയില്‍ മുന്നില്‍. കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ മുഴുവനും അധികാരം കിട്ടിയാല്‍ പിന്നെ തൊഴിലാളി വിരുദ്ധരാവുന്നു. സര്‍ക്കാര്‍ നിയന്ത്രിക്കുന്ന യൂണിയന്‍ അല്ലാതെ വേറെ ഒന്നും അവിടങ്ങളില്‍ അനുവദിക്കില്ല. ചൈനയിലെ ACFTU (ആള്‍ ചൈന ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍), ഉത്തര കൊറിയയിലെ GFTUK (ജനറല്‍ ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ ഓഫ് കൊറിയ), ക്യൂബയിലെ Central de Trabajadores de Cuba, CTC , (ക്യൂബന്‍ വര്‍ക്കേഴ്‌സ് സെന്‍ട്രല്‍) എല്ലാം പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. തൊഴിലാളികള്‍ക്ക് യാതൊരു സ്വാതന്ത്ര്യവുമില്ല. ജോലി സമയം, ശമ്പളം, ലീവ് എന്നിവയെല്ലാം വളരെ മോശമാണ്. സമരം, ചെയ്താല്‍ കാര്യമറിയും.’
രാഷ്ട്രത്തിന്റെ അധികാരം പിടിച്ചെടുക്കുന്നതുവരെ തൊഴിലാളി ‘വര്‍ഗ്ഗ സമര തീച്ചൂളയില്‍’. അധികാരം കിട്ടിയാല്‍ പിന്നെ തൊഴിലാളി’ ‘കഴുതവര്‍ഗ്ഗ തൊഴുത്തില്‍’!
രാമേട്ടന്‍ ചിരിച്ചു. ‘അതിപ്പോ.. അധികാരം കിട്ടാന്‍ മദ്യവര്‍ജ്ജനം. കിട്ടിയാല്‍ മദ്യപ്പുഴ എന്നാണല്ലോ?..’ രണ്ടാളും ചിരിച്ചു.
അപ്പൊ രാമേട്ടന് കാര്യമറിയാം.
അന്തരീക്ഷം ഒന്ന് തണുപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. ‘കെ.യു.ടി.എ എന്ന് വെച്ചാല്‍ എന്താ?’
‘കുത്താ’ എന്ന് രാമേട്ടന്‍ ‘ഹിന്ദിയില്‍ നായ. അല്ലെ?’
‘അല്ല, കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍’ ഹ.ഹ.ഹ. രണ്ടാളും ചിരിച്ചു. ‘അങ്ങനെ വിചിത്രമായ പല യൂണിയനുകളും ഉണ്ട് രാമേട്ടാ’.
‘രാമേട്ടനറിയോ ഇപ്പോഴത്തെ പിള്ളേരൊക്കെ സ്മാര്‍ട്ടാണ്. ഈയിടെ ഒരു സുഹൃത്ത് പറഞ്ഞതാ അയാളുടെ കമ്പനിയില്‍ ഒരു ചെറുപ്പക്കാരന്‍ എപ്പോ നോക്കിയാലും ഒരു പെണ്ണുമായി വാചകമടി. ബോസ് വിളിപ്പിച്ചു എന്നിട്ട് ചോദിച്ചു ‘എടോ ഇതിനാണോ ഞാന്‍ ശമ്പളം തരുന്നത്? ‘അല്ല സാര്‍, ഇത് വെറുതെയാണ് ‘
‘എന്ന് വെച്ചാല്‍?’ ‘ഇതിനു സാര്‍ കാശ് തരേണ്ട ..ഫ്രീ ആണ്’ എന്ന്. എപ്പടി ? ഹ.ഹ.ഹ..അത് രാമേട്ടന് ‘ക്ഷ’ പിടിച്ചു.
ഫ്രിക്ഷന്‍ തീരെ ഇല്ലാതായപ്പോള്‍ ഞാന്‍ പറഞ്ഞു:
‘ചില മലയാളി സഖാക്കളുണ്ട് ഏത് വ്യവസായ ശാലയ്ക്ക് മുന്നിലെത്തിയാലും ഗേറ്റിലുള്ള തൊഴിലാളി സംഘടനകളുടെ കൊടി നോക്കി തങ്ങളുടെ ശക്തി കണക്കാക്കും. എത്ര പേര്‍ക്ക് ആ സ്ഥാപനം ജോലി നല്കുന്നുണ്ടാവും, എത്ര കുടുംബങ്ങള്‍ ആ സ്ഥാപനം മൂലം ജീവിക്കുന്നുണ്ടാവും എന്നൊന്നും ചിന്തിക്കില്ല. രാമേട്ടനെ അക്കൂട്ടത്തില്‍ കൂട്ടിയിട്ടില്ല കേട്ടോ.. എന്താണ് നമ്മള്‍ മലയാളികള്‍ ഇങ്ങനെയായത്. വിദേശത്ത് പോയാല്‍ ഇവ്വിധമൊന്നും ചിന്തിക്കുകയുമില്ല. എന്തിനു സ്റ്റേറ്റിന് പുറത്ത് പോയാലും..നല്ല മര്യാദക്കാരാണ്!’
‘ശരിയാണ്. അതൊരു സത്യമാണ്.’
കമ്മ്യൂണിസം ഒരു സോറിയാസിസ് പോലെയാണ് എന്ന് പറയണമെന്ന് തോന്നി. പറഞ്ഞില്ല. രാമേട്ടന്‍ മെല്ലെ അതില്‍ നിന്ന് കര കയറുകയാണല്ലോ.
കാര്‍ ആനീഹാള്‍ റോഡിലെത്തിയപ്പോള്‍ തിരിച്ച് നിര്‍ത്തി. ഞാന്‍ ഇത്രയും പറഞ്ഞു.
‘ഒരു ബ്രിട്ടീഷ് തമാശയാണ്.. അവിടത്തെ ഒരു കടുത്ത ട്രേഡ് യൂണിയണിസ്റ്റ്. സദാ ഏതു സ്ഥാപനത്തില്‍ കേറിയാലും ഏതു ഫെഡറേഷനുമായാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്? തൊഴിലാളിക്ഷേമം എങ്ങനെ? എന്നൊക്കെ അന്വേഷിക്കും. അങ്ങനെയിരിക്കെ അയാള്‍ക്ക് മുടി വെട്ടണം. യൂണിയനില്‍ രജിസ്റ്റര്‍ ചെയ്ത സലൂണ്‍ നോക്കി നടന്നു ഒന്ന് കണ്ടെത്തി. അതില്‍ കേറി ഉടമസ്ഥനോട് ചോദിച്ചു നിങ്ങള്‍ തൊഴിലാളിക്ക് എത്ര ശതമാനം നല്‍കും? ഉടമസ്ഥന്‍ പറഞ്ഞു 20%. അമ്പടാ ബാക്കി 80 % നിങ്ങള്‍ എടുക്കും അല്ലെ? വേണ്ട ഇവിടെ നിന്ന് വെട്ടില്ല. വേറെ അന്വേഷിച്ചു നടന്നു അവസാനം തൊഴിലാളിക്ക് 80% കൊടുക്കുന്ന ഒരു സ്ഥാപനം കണ്ടു പിടിച്ചു. സന്തോഷമായി. സലൂണ്‍ ഉടമസ്ഥ പറഞ്ഞു. ഞങ്ങള്‍ തൊഴിലാളി നിയമങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുന്നവരാണ്. വളരെ സന്തോഷം എന്ന് പറഞ്ഞു ചെയറില്‍ ഇരുന്നു. ഉടമസ്ഥ പുതപ്പിച്ച് പോയി. നേരെ പിന്നിലേയ്ക്ക് നോക്കിയപ്പോള്‍ സുമുഖിയായ ഒരു ചെറുപ്പക്കാരി ഇരിക്കുന്നു. ഉടമസ്ഥയോട് അയാള്‍ പറഞ്ഞു ‘ആ കുട്ടി ഫ്രീയാണല്ലോ.. അവള്‍ വെട്ടട്ടെ.. എന്ന്’ ഉടമസ്ഥ പറഞ്ഞു ‘അത് പറ്റില്ല. ഇവിടെ ഞങ്ങള്‍ സ്ട്രിക്ടാണ് സീനിയോറിറ്റി അനുസരിച്ചാണ് കാര്യങ്ങള്‍.. അതിനാല്‍ ആ മൂലയിലിരിക്കുന്ന ലേഡി വരും നിങ്ങളുടെ മുടി വെട്ടാന്‍’. അയാള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു 75 വയസ്സ് കഴിഞ്ഞ വൃദ്ധ ഒരു കയ്യില്‍ ചീര്‍പ്പും മറു കയ്യില്‍ കത്തിരിയും പിടിച്ചു വേച്ച്.. വേച്ച് അതാ വരുന്നു.. നമ്മുടെ യൂണിയന്‍കാരന്‍ പുതപ്പ് ചുരുട്ടി എറിഞ്ഞ് ഓടി രക്ഷപ്പെട്ടു.
രാമേട്ടന്‍ കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു :
‘രാമേട്ടന്‍ അത്രയ്ക്ക് സ്ട്രിക്ടാവണ്ടട്ടോ’.