Tuesday, July 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ശതാബ്ദി തികയുന്ന ആദ്യ തൊഴിലാളിസംഘടന

സജീവ് ജനാര്‍ദ്ദനന്‍

Print Edition: 29 April 2022
വാടപ്പുറം ബാവ: 
കേരളത്തിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ പിതാവ്‌

വാടപ്പുറം ബാവ: കേരളത്തിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ പിതാവ്‌

കേരളത്തില്‍ തമസ്‌ക്കരിക്കപ്പെട്ട ചരിത്രമാണ് ബ്രിട്ടീഷ് മുതലാളിത്തത്തിനെതിരെയുള്ള ആലപ്പുഴയിലെ തൊഴിലാളി സംഘടനയുടെ ആവിര്‍ഭാവ ചരിത്രം. ഇരുട്ടില്‍ പിറവി എടുത്ത തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷനും അതിന്റെ സ്രഷ്ടാവായ ഉരുക്കുമനുഷ്യന്‍ വാടപ്പുറം പി.കെ ബാവയും ചരിത്രത്തിന്റെ സ്വര്‍ണ്ണത്താളുകളില്‍ ഇടം പിടിക്കാതെ എങ്ങനെ ഇരുളിലേക്ക് മറഞ്ഞു എന്ന് അന്വേഷിക്കേണ്ടതാണ്.

സംഘടിച്ച് ശക്തരാകാന്‍ ശ്രീനാരായണഗുരുദേവന്‍ കേരളത്തിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു. അതേ നാരായണഗുരുവാണ് വാടപ്പുറം ബാവയോട് തൊഴിലാളി സംഘടനയുണ്ടാക്കാന്‍ 1920-ല്‍ ആവശ്യപ്പെട്ടത്1. 1859 ലാണ് ആലപ്പുഴ പട്ടണത്തില്‍ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കയര്‍ ഫാക്ടറിയായ ഡാറ സ്‌മെയില്‍ ആന്റ് കമ്പനി സ്ഥാപിതമായത്. കേരളത്തില്‍ സുലഭമായി ലഭിക്കുന്ന ചകിരി ഉപയോഗിച്ച് കയറും കയര്‍ ഉല്‍പ്പന്നങ്ങളും ഉത്പാദിപ്പിച്ച് ആലപ്പുഴ തുറമുഖത്തിലൂടെ ബ്രിട്ടനിലേക്ക് കയറ്റി അയയ്ക്കാന്‍ തുടങ്ങിയതോടെ വോള്‍ക്കാട്ട് ബ്രദേഴ്‌സ്, ആസ്പിന്‍വാള്‍, വില്യം ഗുഡേക്കര്‍ & കമ്പനി, പിയേഴ്‌സ് ലസ്ലി തുടങ്ങിയ വിദേശ കമ്പനികളും മധുര കമ്പനി, ബോംബെ കമ്പനി, ആലപ്പി കമ്പനി, ജനറല്‍ സപ്ലെ ഏജന്‍സി, എംപയര്‍ കയര്‍ വര്‍ക്‌സ്, നാരി യല്‍വാല കമ്പനി എന്നീ നാടന്‍ കമ്പനികളും പട്ടണത്തില്‍ ഉയര്‍ന്നു. ജന്മിമാരുടെ കുടികിടപ്പുകാരും, ആശ്രിതരും, കൃഷിതൊഴിലാളികളും, തൊഴിലില്ലാത്തവരും ഒരു കൂരക്കു കീഴില്‍ ജോലിചെയ്യുന്നതിന് അവസരം ലഭിച്ചതോടെ നൂറുകണക്കിന് പാവപ്പെട്ടവര്‍ വ്യവസായ തൊഴിലാളികളായി മാറി. അവരെല്ലാം നിരക്ഷരരായിരുന്നു. ആഴ്ചതോറും കൂലികിട്ടാന്‍ തുടങ്ങിയ തോടെ തൊഴിലാളികള്‍ സന്തുഷ്ടരായി. ആയിരങ്ങളാണ് ഫലത്തില്‍ വ്യവസായ തൊഴിലാളികളായി മാറിയത്. വ്യവസായങ്ങളും തൊഴിലാളികളും പട്ടണത്തില്‍ നിറഞ്ഞതോടെ ആലപ്പുഴ പട്ടണം കിഴക്കിന്റെ വെനിസ് എന്ന പേരില്‍ അറിയപ്പെടുകയും ആലപ്പുഴ വ്യവസായങ്ങളുടെ തലസ്ഥാനമായി മാറുകയും ചെയ്തു. വിദൂരസ്ഥലങ്ങളില്‍ നിന്നു പോലും തൊഴിലാളികള്‍ പണിക്കെത്തി തുടങ്ങി. അന്ന് തൊഴില്‍ നിയമങ്ങള്‍ ഇല്ലാത്ത കാലമായിരുന്നു. മുതലാളിമാര്‍ക്ക് തൊഴിലാളികളെ കൊണ്ട് എന്തു വിടുപണിയും ചെയ്യിക്കാന്‍ അനുശാസിക്കുന്ന ബ്രിട്ടീഷ് നിര്‍ബന്ധിത തൊഴില്‍ നിയമമായിരുന്നു പ്രാബല്യത്തില്‍.2 കമ്പനികളില്‍ തൊഴിലാളികളെ മുതലാളിമാര്‍ അടിമകളെപ്പോലെ പണിയെടുപ്പിച്ചിരുന്നു. 12മണിക്കൂര്‍ മുതല്‍ 18 മണിക്കൂര്‍ വരെയായിരുന്നു ജോലി സമയം. വിദൂരസ്ഥലങ്ങളില്‍ നിന്നും തൊഴിലാളികള്‍ ചൂട്ടുകറ്റ കത്തിച്ചു പിടിച്ചുകൊണ്ട് അതിന്റെ വെളിച്ചത്തിലാണ് കമ്പനികളില്‍ എത്തിയിരുന്നത്.3 വൈദ്യുതിയോ വഴിവിളക്കുകളോ ഇല്ലാത്ത കാലമായിരുന്നു അത്. കമ്പനിപ്പടിക്കല്‍ രാവിലെ കെടുത്തിവെച്ച ചൂട്ടുകറ്റ വീണ്ടും കത്തിച്ചു കൊണ്ടാണ് രാത്രികാലങ്ങളില്‍ വീടുകളിലേക്ക് അവര്‍ തിരികെ പോയിരുന്നത്. 4 18-ാം വയസ്സില്‍ യുവത്വത്തിന്റെ ചുറുചുറുക്കുമായി ഡാറ സ്‌മെയില്‍ ആന്റ് കമ്പനിയില്‍ പണിക്കുകയറിയ പി.കെ.ബാവ എന്ന മെലിഞ്ഞു സുമുഖനായ വാടപ്പുറം ബാവയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചത്. മാസങ്ങള്‍ക്കുള്ളില്‍ തൊഴിലാളികള്‍ അനുഭവിച്ചു പോന്ന അടിമത്തവും പീഡനങ്ങളും ആ യുവാവ് നേരിട്ടറിഞ്ഞു. ഡാറ സ്‌മെയില്‍ കമ്പനിയിലെ ബ്രിട്ടീഷുകാരനായ മാനേജരെ ‘വണ്ടി സായിപ്പ്’എന്നും ‘ജനറല്‍’ എന്നുമാണ് വിളിച്ചിരുന്നത്. തൊഴിലാളികളോടുള്ള അയാളുടെ സമീപനം തീര്‍ത്തും ക്രൂരമായിരുന്നു. ഒരു ജോലിക്കാരനെ നിര്‍ദ്ദയം മര്‍ദ്ദിക്കുന്നത് വാടപ്പുറം ബാവ കണ്ടു. അതിനെതിരെ പ്രതികരിക്കാന്‍ ബാവ തീരുമാനിച്ചു. കമ്പനിയുടെ അങ്കണത്തില്‍ നിന്നിരുന്ന സായിപ്പിനെ പുറത്തിറങ്ങി വളഞ്ഞുവയ്ക്കുവാന്‍ തൊഴിലാളികളോട് ബാവ ആവശ്യപ്പെട്ടു. ബാവയുടെ ആജ്ഞാശക്തിയില്‍ തൊഴിലാളികള്‍ സായിപ്പിനെ വളഞ്ഞു വെച്ചു. 5 ഇന്ത്യയിലെ ആദ്യത്തെ ഘെരാവോയ്ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു ആ സംഭവം. തോക്കുമായി വാടപ്പുറം ബാവയുടെ നേരെ അലറിക്കൊണ്ട് ചെന്ന മാനേജര്‍ ബാവയെ വെടിവെയ്ക്കുമെന്നും കൊന്നാല്‍ ആരും അന്വേഷിക്കുകയില്ലെന്നും കോടികളുടെ ആസ്തി തനിക്കുണ്ടെന്നും വീമ്പിളക്കി. എന്നാല്‍ തന്റെ പിന്നില്‍ നൂറുകണക്കിന് തൊഴിലാളികള്‍ ഉണ്ടെന്നും ധൈര്യമുണ്ടെങ്കില്‍ തന്നെ വെടിവെയ്ക്കൂ എന്നും ബാവ തിരിച്ചടിച്ചു. സംഘര്‍ഷാത്മകമായ അന്തരീക്ഷത്തില്‍ കമ്പനിയില്‍ നിന്നും ബാവ പുറത്തായി. ബാവ പല കമ്പനികളിലും മാറിമാറി ജോലിക്കെത്തി. തൊഴിലാളികളോടുള്ള മൃഗീയമായ പെരുമാറ്റവും മര്‍ദ്ദനവും അയാളെ കലാപകാരിയാക്കി. അതിന്റെ ഫലമായി വെള്ളക്കാരുടെ കമ്പനികളില്‍ ബാവയ്ക്ക് ജോലി കൊടുക്കരുത് എന്ന ഉത്തരവിറങ്ങി.4 ഒടുവില്‍ ബോംബെക്കാരനായ ബെഞ്ചാറ ടി.സിദ്ദിഖ് ബാല മുഹമ്മദിന്റെ കമ്പനിയില്‍ ബാവ ജോലിക്ക് കയറി. ബ്രിട്ടീഷ് കമ്പനികളിലെ മര്‍ദ്ദനം അവിടെ ഇല്ലായിരുന്നുവെങ്കിലും കൂലി സംബന്ധമായ പ്രശ്‌നങ്ങള്‍ അവിടെ അനുഭവപ്പെട്ടു. അതാതാഴ്ചകളില്‍ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കുവാന്‍ ഉടമ തയാറായില്ല 10 ഉം 15ഉം ദിവസങ്ങള്‍ കൂടുമ്പോള്‍ മാത്രമേ അവിടെ കൂലി ലഭിച്ചിരുന്നുള്ളു. കൂലിമാത്രം കൊണ്ട് ഉപജീവനം നടത്തുന്ന തൊഴിലാളികളില്‍ ഇത് എതിര്‍പ്പ് ഉണ്ടാക്കി. എല്ലാവരെയും കൊണ്ട് ഒപ്പിടുവിച്ച് ഒരു പരാതി മുതലാളിക്കു കൊടുക്കുവാന്‍ ആ ചെറുപ്പക്കാരന്‍ തീരുമാനിച്ചു. എന്നാല്‍ സഹപ്രവര്‍ത്തകര്‍ അതിനു തയാറായില്ല. പരാതിപ്പെടലും ഒരുതരം അച്ചടക്ക ലംഘനത്തിന്റെ പരിധിയില്‍ വരുമെന്ന് തൊഴിലാളികള്‍ ആശങ്കപ്പെട്ടു. ഇതിനിടയിലാണ് തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന കൂലി ഉടമ വെട്ടിക്കുറച്ചത്. വെട്ടിക്കുറച്ച കൂലി ആരും വാങ്ങരുതെന്ന് ബാവ തൊഴിലാളികളോട് ആവശ്യപ്പെട്ടു. തൊഴിലാളികള്‍ അത് അംഗീകരിച്ചു. വെട്ടിക്കുറച്ച കൂലി പുനഃസ്ഥാപിക്കണമെന്ന് മുതലാളിയോട് ഒറ്റക്കെട്ടായി ആവശ്യപ്പെടാന്‍ ബാവ തീരുമാനിച്ചു. എന്നാല്‍ ഉടമയെ കാണാന്‍ ബാവയോടൊപ്പം പോയത് വെറും രണ്ടുപേര്‍ മാത്രമായിരുന്നു. കൂലി പുനഃസ്ഥാപിക്കുന്നതു വരെ പണിക്ക് ആരും കയറില്ലെന്ന് ബാവ മുതലാളിയെ അറിയിച്ചു. പണിമുടക്ക് അഞ്ചാം ദിവസം ആയപ്പോള്‍ മുതലാളിയുടെ ഗുണ്ടകള്‍ പോലീസുമൊത്ത് ഓരോ വീടുകളിലും കയറി ഭീഷണിപ്പെടുത്തി. ഭയചകിതരായ തൊഴിലാളികള്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് കമ്പനികളില്‍ തിരികെ പണിക്കെത്തി. ഏറെ നിരാശനായ ബാവ കമ്പനിയുടെ പടിയിറങ്ങി. മറ്റ് മുതലാളിമാരുടെ പല ഫാക്ടറികളിലും ജോലിക്കു കയറിയ ബാവ അവിടെയെല്ലാം പ്രക്ഷോഭകാരിയായി പുറത്താക്കപ്പെട്ടു. അതിനുശേഷം നാരിയല്‍ വാലാ ആന്റ് സണ്‍സ് എന്ന ഉത്തരേന്ത്യന്‍ ഉടമയുടെ കമ്പനിയില്‍ പണിക്കു കയറി. നാരിയല്‍ വാല കമ്പനി വലിയ ലാഭത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അവിടെ നാമമാത്രമായ കൂലിയാണ് കൊടുത്തുകൊണ്ടിരുന്നത്. കൂലി അപര്യാപ്തമാണെന്നു പറയാന്‍ ആരും ധൈര്യം കാണിച്ചില്ല. ഏതെങ്കിലും കമ്പനിയില്‍ കൂലി വെട്ടിക്കുറച്ചാല്‍ ഹിന്ദിക്കാരനായ മുതലാളിയും കൂലി വെട്ടിക്കുറയ്ക്കും. യാചകരോടെന്ന പോലെയാണ് ഉടമ തൊഴിലാളികളോട് പെരുമാറിയിരുന്നത്. കൂലി വെട്ടിക്കുറച്ചതില്‍ ബാവ രോഷാകുലനായി. ബാവ തനിയെ ഉടമയെക്കണ്ട് കൂലി വെട്ടിക്കുറയ്ക്കാനുണ്ടായ കാരണം അറിയണമെന്നാവശ്യപ്പെട്ടു. മാത്രമല്ല വെട്ടിക്കുറച്ച കൂലി പുനഃസ്ഥാപിക്കണമെന്നും ബാവ ശക്തമായി ആവശ്യപ്പെട്ടു.

ചെറുപ്പക്കാരനായ ബാവയുടെ ആത്മാര്‍ത്ഥയിലും തന്റേടത്തിലും മതിപ്പു തോന്നിയ മുതലാളി കൂലി കുറയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ബാവ തൊഴിലാളികള്‍ക്കിടയില്‍ ശ്രദ്ധേയനായി. തിരുവോണം ആഘോഷിക്കാന്‍ ഓണം അഡ്വാന്‍സ് വേണമെന്ന ആവശ്യം ബാവ ഉന്നയിച്ചു. ഗഡുക്കളായി അഡ്വാന്‍സ് തുക തിരികെ പിടിക്കാമെന്നും ബാവ ഉറപ്പുനല്‍കി. ഓണം അഡ്വാന്‍സ് നല്‍കാന്‍ ഉടമ തയ്യാറായതോടെ ഇതര കമ്പനികളിലെ മുതലാളിമാര്‍ നാരിയന്‍ വാലാ കമ്പനിയിലെത്തി തീരുമാനം പിന്‍വലിപ്പിച്ചു. ഉടമ നല്‍കാമെന്നു സമ്മതിച്ച അഡ്വാന്‍സ് ഉടനടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്പനി പടിയ്ക്കല്‍ ബാവ മുദ്രാവാക്യം വിളിച്ചു. തൊഴിലാളികള്‍ ഏറ്റു വിളിച്ചു. അഡ്വാന്‍സ് ലഭിക്കുംവരെ ആരും പണിക്കുകയറരുതെന്ന് ബാവ നിര്‍ദ്ദേശിച്ചു. പണിമുടക്ക് ആരംഭിച്ചു. അഞ്ചു ദിവസം രാവിലെയും വൈകുന്നേരവും തൊഴിലാളികള്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. പണിമുടക്കു സമരത്തിന്റെ ആറാം ദിവസം ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്ക് കളം ഒരുങ്ങി. ബാവയെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും ഓണം അഡ്വാന്‍സ് നല്‍കാമെന്ന് മുതലാളി സമ്മതിക്കുകയും ചെയ്തു. ഇന്ന് ലഭിക്കുന്ന ഓണം അഡ്വാന്‍സിന്റെ സ്ഥാപക നേതാവും വാടപ്പുറം ബാവ ആയിരുന്നു.

കാര്യങ്ങള്‍ സുഗമമായി നീങ്ങുന്നതിനിടയിലാണ് ബാവയെ പിടിച്ചുലച്ച ആ സംഭവം അരങ്ങേറിയത്. അടിമ മുഹമ്മദലി എന്ന ചെറുപ്പക്കാരന്‍ തൊഴില്‍ തേടി ബാവയെക്കണ്ട് അപേക്ഷ നല്‍കി. മുതലാളിയോട് പറഞ്ഞിട്ട് ബാവ അയാളെ പണിക്കു കയറ്റി. നന്നായി പണിയെടുത്തിരുന്ന അയാള്‍ അച്ചടക്കമുള്ള തൊഴിലാളി ആയിരുന്നു. ആ ചെറുപ്പക്കാരന്‍ ബാവയുടെ അടുപ്പക്കാരനായി മാറി. ഒരാഴ്ചയോളം ജോലിക്ക് എത്താതിരുന്ന മുഹമ്മദലിയെ തിരക്കിയപ്പോള്‍ അയാള്‍ ഭീകര മര്‍ദ്ദനത്തിനിരയായി ആശുപത്രിയിലാണെന്നറിഞ്ഞു. സംഭവം ശരിയാണെന്നും പ്രമാണിയായ പരീതുകുഞ്ഞിന്റെ പൂര്‍വ്വ വൈരാഗ്യമാണ് കാരണമെന്നും ദൃക്‌സാക്ഷികള്‍ അറിയിച്ചു. എന്നാല്‍ പരീതു കുഞ്ഞിനെതിരെ പോലീസില്‍ പരാതിപ്പെടാന്‍ ആരും ധൈര്യപ്പെട്ടില്ല ഏറെ പണിപ്പെട്ട് രണ്ട് ദൃക്‌സാക്ഷികളുമായി പോലീസ് സ്റ്റേഷനിലെത്തി ബാവ പരാതി നല്‍കി.

കേസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി. അപ്പോഴേക്കും പരീതുകുഞ്ഞിന്റെ ഗുണ്ടകള്‍ ദൃക്‌സാക്ഷികളെ വകവരുത്തുമെന്ന് ഭീഷണിയുമായി എത്തി. കേസിന്റെ വാദം പുരോഗമിച്ചപ്പോള്‍ സാക്ഷികള്‍ പരിഭ്രാന്തരായി. താനും സാക്ഷിയായി കോടതിയില്‍ മൊഴി നല്‍കുമെന്ന് ബാവ അവരോട് പറഞ്ഞു. 5 ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി എ.എം ഐപ്പ് ആയിരുന്നു. വാദിഭാഗത്തിലെയും പ്രതിഭാഗത്തിലെയും കക്ഷികളെല്ലാം വിസ്തരിക്കപ്പെട്ടു. പ്രതികള്‍ ശിക്ഷ വാങ്ങുമെന്ന ഘട്ടത്തിലായി. വിധി പ്രസ്താവിക്കും മുന്‍പ് കേസ് മൂന്നാഴ്ചത്തേക്ക് മാറ്റി വച്ചു. വിധി പ്രസ്താവിച്ചപ്പോള്‍ ക്രിമിനല്‍ കേസ് നിരുപാധികം തള്ളിക്കളഞ്ഞുകൊണ്ടുള്ള വിധിയാണ് പുറത്തു വന്നത്. തെളിവില്ലാഞ്ഞിട്ടോ തെളിയിക്കപ്പെടാഞ്ഞിട്ടോ അല്ല മറിച്ച് ദൃക്‌സാക്ഷികളായി വന്നവര്‍ ”വിദ്യാഭ്യാസം ഇല്ലാത്തവരും പിടിപ്പില്ലാത്തവരും വെറും തൊഴിലാളികളുമാ”യിരുന്നത് കൊണ്ടാണ് കേസ് തള്ളിയതെന്നായിരുന്നു വിധിയുടെ ഉള്ളടക്കം. 6 അവസാനം അഭയമായി കാണേണ്ട നീതിന്യായ വ്യവസ്ഥയും പാവപ്പെട്ടവര്‍ക്ക് എതിരാണെന്നുള്ള തിരിച്ചറിവ് ബാവയെ വല്ലാതെ അസ്വസ്ഥനാക്കി. ധനികരുടെ സ്വാധീനം കേസില്‍ തെളിഞ്ഞതായി ബാവയ്ക്ക് അറിവുകിട്ടി. പരിഹാരമില്ലാത്ത ദരിദ്രരായ തൊളിലാളികളുടെ അവസ്ഥയ്ക്ക് പോംവഴി ആലോചിച്ച് ബാവ അലഞ്ഞു. തന്റെ അയല്‍ക്കാരനും ജ്യേഷ്ഠ സഹോദരനെപ്പോലെ കരുതിപ്പോന്നിരുന്നതുമായ ടി.സി.കേശവന്‍ വൈദ്യരെ വൈദ്യശാലയില്‍ ചെന്ന് കണ്ട് എല്ലാ വിവരങ്ങളും അറിയിക്കുമായിരുന്നു. വൈദ്യശാലയില്‍ എപ്പോഴും ഉള്ള ചര്‍ച്ച ഈ വിഷയങ്ങളൊക്കെ തന്നെയായിരുന്നു.

കേശവന്‍ വൈദ്യരുടെ ആയുര്‍വേദ ശാല – ഇവിടെയാണ്
ആദ്യ രഹസ്യ യോഗം ചേര്‍ന്നത്.

പട്ടണത്തിലെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ.പി.എസ്. മുഹമ്മദ,് ബ്രിട്ടനില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യാസം ലഭിച്ച ഡോ.എം.കെ ആന്റണി, കെ.എം.ചെറിയാന്‍, ബാപ്പു വൈദ്യര്‍ എന്നിവരെല്ലാം വൈദ്യശാലയിലെ അന്തിചര്‍ച്ചയില്‍ സംബന്ധിക്കുമായിരുന്നു. ടി.സി.കേശവന്‍ വൈദ്യര്‍ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ പ്രചാരകനും സംസ്‌കൃത പണ്ഡിതനും ആയിരുന്നു. ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തില്‍ ശ്രീനാരായണഗുരു എത്തുന്ന വിവരം വൈദ്യരറിഞ്ഞു. ബാവയുമായി ഗുരുദേവനെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാമെന്നും ഗുരു ഒരു പരിഹാരം നിര്‍ദ്ദേശിക്കാതിരിക്കില്ല എന്നും വൈദ്യര്‍പറഞ്ഞു 7. ആ ചരിത്ര ദിവസം സമാഗതമായി.

ടി.സി. കേശവന്‍ വൈദ്യര്‍

1920 മെയ് 15-ാം തീയതി ശ്രീനാരായണ ഗുരു കിടങ്ങാംപറമ്പിലെത്തിയപ്പോള്‍ വൈദ്യരും ബാവയും ഗുരുവിനെ ദര്‍ശിക്കാനെത്തി. സന്ദര്‍ശന അനുമതി ലഭിച്ചതോടെ വൈദ്യര്‍ ബാവയെ ഗുരുവിന് പരിചയപ്പെടുത്തി. ആലപ്പുഴയിലെ ഫാക്ടറികളിലെ തൊഴിലാളികളുടെ ദാരുണമായ അവസ്ഥ ബാവ വികാരാധീനനായി ഗുരുസമക്ഷം അവതരിപ്പിച്ചു. ജോലി ചെയ്താല്‍ കൂലി കിട്ടുന്നില്ല, ഉടമകള്‍ തൊഴിലാളികളെ അടിമകളെപ്പോലെയാണ് കാണുന്നതെന്നും അകാരണമായി അവര്‍ മര്‍ദ്ദനമേല്‍ക്കാറുണ്ടെന്നും അറിയിച്ചു. സ്വാമികള്‍ രക്ഷിക്കണമെന്നും. എന്തെങ്കിലും പരിഹാരം ഉണ്ടാക്കിത്തരണമെന്നും ബാവ കരഞ്ഞുകൊണ്ട് അഭ്യര്‍ത്ഥിച്ചു. പോലീസും മുതലാളിമാരും നീതിന്യായ വ്യവസ്ഥയും കൈകോര്‍ത്ത് പിടിച്ച് അശരണരായ തൊഴിലാളികളെ നിര്‍ദ്ദയം പീഡിപ്പിക്കുന്നു എന്ന സത്യം ഗുരുദേവന്റെ മനസ്സില്‍ പതിഞ്ഞു. അല്‍പ്പനേരം ധ്യാനനിമഗ്‌നനായ ശേഷം ഗുരു അരുളിച്ചെയ്തു. ഒറ്റ പോം വഴിയെയുള്ളു പണിയെടുക്കുന്നവരുടെ ”ഒരു സംഘടനയുണ്ടാക്കുക. സംഘത്തിന്റെ ഭാരവാഹികള്‍ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെട്ട് സംസാരിക്കുക.”8

കിടങ്ങാംപറമ്പ് ക്ഷേത്രം

എന്നാല്‍ തൊഴിലാളികളെ വിളിച്ചുചേര്‍ത്ത് ഒരു സംഘടന ഉണ്ടാക്കുക എന്നത് തീര്‍ത്തും അപ്രായോഗികമായിരുന്നു. അന്ന് പൊതുപ്രവര്‍ത്തനങ്ങളോ പൊതുപ്രസ്ഥാനങ്ങളോ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് സാമുദായിക സംഘടനകള്‍ മാത്രം. ഇക്കാര്യം സംസാരിക്കാന്‍ പോലും ഒരു തൊഴിലാളിയെയും കിട്ടുകയില്ലെന്ന് ബാവയ്ക്ക് മനസ്സിലായി. ഇതിനൊരുമ്പെട്ടാല്‍ ഒന്നുകില്‍ മുതലാളി ജോലിയില്‍ നിന്ന് പിരിച്ചുവിടും അല്ലെങ്കില്‍ പോലീസ് അറസ്റ്റ് ചെയ്യും. ഇതായിരുന്നു അവസ്ഥ. ബ്രിട്ടീഷ് കമ്പനികളിലെ ശുദ്ധവായു ലഭിക്കാത്ത തടവറയില്‍ അമിത ജോലിയും താങ്ങാനാവാത്ത ഭാരവും തുച്ഛവേതനത്തിന്റെ വേദനയും നെരിപ്പോടാക്കിയ മനസ്സുമായി ജീവിച്ച തൊഴിലാളികളെ കോര്‍ത്തിണക്കാന്‍ വാടപ്പുറം ബാവ എന്ന ഒറ്റയാള്‍ പട്ടാളത്തിനു കഴിഞ്ഞതു കൊണ്ടാണ് കേരളത്തില്‍ ആദ്യത്തെ തൊഴിലാളി സംഘടന രൂപം കൊണ്ടത്.

ആറേഴുമാസം ഒറ്റയ്‌ക്കൊറ്റയ്ക്ക് തൊഴിലാളികളെ കണ്ട് ഇതിന്റെ ആവശ്യം ഉന്നയിച്ചെങ്കിലും അവരാരും ഇതൊന്നും കേള്‍ക്കാന്‍ പോലും തയാറായില്ല. ബാവയുടെ വീടിനു സമീപത്തുള്ള ഗുജറാത്തിയായ ഖട്ടാവ് കിംജി സേട്ടിന്റെ എംപയര്‍ കയര്‍ വര്‍ക്‌സില്‍ ബാവ പണിക്കു കയറി. താരതമ്യേന പണി ചെയ്യുന്നവരോട് കരുണകാണിക്കുന്നയാളായിരുന്നു സേട്ട്. എംപയര്‍ കയര്‍വര്‍ക്ക്‌സില്‍ യാര്‍ഡ് സൂപ്രണ്ടായാണ് ബാവ പണിക്കുകയറിയത്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലി കൊടുത്തില്ല എങ്കിലും അവരോട് ഉടമ നീരസം പ്രകടിപ്പിച്ചിരുന്നില്ല. തൊഴിലാളികളോട് ഈ വിഷയത്തില്‍ ആശയവിനിമയം നടത്താമെന്ന് ബാവയോട് ഉടമ സമ്മതിച്ചു. ആയിരത്തിനാന്നൂറില്‍ പരം തൊഴിലാളികള്‍ ആ കമ്പനിയിലുണ്ടായിരുന്നു. തൊഴിലാളികളുടെ ഒത്തുകൂടല്‍ എന്ന വിഷയം ബാവ ഉന്നയിച്ചെങ്കിലും തൊഴിലാളികള്‍ വിമുഖത കാണിക്കുകയാണ് ചെയ്തത്. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കുന്ന ജോലി സൂപ്രണ്ടായിരുന്ന ബാവയ്ക്ക് തന്നെയായിരുന്നു. യോഗത്തിനെത്താമെന്ന് സമ്മതിക്കുന്നവര്‍ക്ക് ആദ്യം കൂലി കൊടുക്കുമെന്ന് ബാവ പറഞ്ഞു. അങ്ങനെ കൂലി കൊടുക്കുന്ന ദിവസം തന്നെ മുന്നോറോളം തൊഴിലാളികളില്‍ നിന്ന് യോഗത്തിനു എത്തിക്കൊള്ളാമെന്ന് ബാവ എഴുതി വാങ്ങിച്ചു. ബാവയ്ക്ക് ആത്മവിശ്വാസമായി. യോഗത്തിന്റെ സ്ഥലവും തീയതിയും സമയവും അച്ചടിച്ച് കമ്പനിക്കകത്ത് അവരെ കൊണ്ട് തന്നെ വിതരണം ചെയ്യിച്ചു. കേരള ചരിത്രത്തിലെ പ്രഥമ തൊഴിലാളികളുടെ യോഗത്തിന് കളമൊരുങ്ങുകയായിരുന്നു. പകല്‍ യോഗം ചേര്‍ന്നാല്‍ പോലീസ് കുറ്റകരമായി കണക്കാക്കുമെന്നതുകൊണ്ട് യോഗം സന്ധ്യക്കുശേഷം തുടങ്ങാമെന്ന് തീരുമാനിച്ചു. എന്നാല്‍ എങ്ങനെയാണ് യോഗം തുടങ്ങേണ്ടതെന്നോ എന്തൊക്കെയാണ് നടപടിക്രമങ്ങളെന്നോ ആര്‍ക്കും ഒരു നിശ്ചയവുമില്ലായിരുന്നു. ആലപ്പുഴ കളപ്പുര ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കാടുപിടിച്ചു കിടന്ന വെളിമ്പ്രദേശം വൃത്തിയാക്കി യോഗത്തിനുള്ള വേദിയൊരുക്കി.

കളപ്പുരക്ഷേത്രം. ഇതിന് പിന്നില്‍ വൃത്തിയാക്കിയ കുറ്റിക്കാട്ടില്‍ രാത്രിയാണ് കേരളത്തിലെ ആദ്യ തൊഴിലാളികള്‍ ചേര്‍ന്ന് സംഘടന ഉണ്ടാക്കിയത് : 1922 മാര്‍ച്ച് 31 ന്

ചരിത്രപ്രധാനമായ ആ ദിനം വന്നെത്തി. 1922 മാര്‍ച്ച് 31 ന് സായാഹ്നത്തില്‍ ചെറുതായി അലങ്കരിക്കപ്പെട്ട വേദി ഉയര്‍ന്നു. ഒറ്റയൊറ്റയായി തൊഴിലാളികള്‍ യോഗസ്ഥലത്തേക്ക് എത്തിത്തുടങ്ങി. സന്ധ്യകഴിഞ്ഞതോടെ മുന്നൂറിനടുത്ത് തൊഴിലാളികള്‍ മണല്‍പ്പരപ്പില്‍ ഉപവിഷ്ടരായി. അഭിഭാഷകന്‍ പി.എസ് മുഹമ്മദ് , ഡോ.എം.കെ ആന്റണി, ബി.വി. ബാപ്പുവൈദ്യര്‍ കേശവന്‍ വൈദ്യര്‍ എന്നീ ക്ഷണിതാക്കള്‍ എത്തിയതോടെ റാന്തല്‍ വിളക്കുകള്‍ തെളിഞ്ഞു. സദസ്സിലേക്ക് കാവി വസ്ത്രധാരിയായ ഒരു യുവ സന്യാസി കടന്നുവന്നു. ഗുരുദേവന്‍ ആണ് അതെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ ശ്രീനാരായണഗുരുദേവ ശിഷ്യനായ സ്വാമി സത്യവ്രതനാണെന്ന് കേശവന്‍ വൈദ്യര്‍ സദസ്സിനെ പരിചയപ്പെടുത്തി.9 സ്വാമി സത്യവ്രതന്‍ വേദിയിലേക്ക് കയറി. പിന്നാലെ ഡോ. എം.കെ.ആന്റണി, പി.എസ് മുഹമ്മദ്, വി.ബി ബാപ്പുവൈദ്യര്‍, കേശവന്‍ വൈദ്യര്‍ എന്നിവരും വേദിയില്‍ ഉപവിഷ്ടരായി.
വാടപ്പുറം ബാവ ആമുഖമായി തൊഴിലാളികളുടെ സങ്കടകരമായ അവസ്ഥകള്‍ വിശദീകരിച്ചു. സ്വാമി സത്യവ്രതന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഗുരുദേവനും താനും തണ്ണീര്‍മുക്കത്തുണ്ടായിരുന്നുവെന്നും അവിടെ നിന്നാണ് താന്‍ വരുന്നതെന്നും ഇന്ന് ചരിത്ര പ്രസിദ്ധമാകാന്‍ ഇടയുള്ള ഒരു സംഘടന കാഞ്ഞിരംചിറ പ്രദേശത്ത് ഉദയം ചെയ്യുമെന്നും ആദ്യ സംഭാവന എന്ന നിലയില്‍ ഗുരുദേവന്‍ ഒരു വെള്ളിരൂപ തന്നു വിട്ടിട്ടുണ്ടെന്നും സ്വാമി സത്യവ്രതന്‍ അറിയിച്ചു.10 കരഘോഷം മുഴങ്ങി. വരാന്‍പോകുന്നത് തൊഴിലാളികളുടെ യുഗമായിരിക്കുമെന്നും അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു. സര്‍ക്കാരും മുതലാളിമാരും പോലീസും നിയമപാലകരുമെല്ലാം കൈകോര്‍ത്ത് പിടിച്ച് തൊഴിലാളികളെ പീഡിപ്പിക്കുന്നതിനെതിരെ ഒരു സംഘടന ഉണ്ടാക്കണമെന്ന ഗുരുദേവ കല്‍പ്പന യാഥാര്‍ത്ഥ്യമാക്കാമെന്ന് സ്വാമി സത്യവ്രതന്‍ വ്യക്തമാക്കി. തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ എന്ന പ്രഥമ തൊഴിലാളി സംഘടന ജന്മമെടുത്തു. ഡോ.എം. കെ ആന്റണി പ്രസിഡന്റായും വാടപ്പുറം ബാവ സെക്രട്ടറിയായും പപ്പു ആശാന്‍ ഖജാന്‍ജിയായും തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ നിയമാവലിയും വരിസംഖ്യയും ഓഫീസും കണക്കും എല്ലാം പ്രവര്‍ത്തന സജ്ജമായി. മാസങ്ങള്‍ക്കുള്ളില്‍ നാലായിരത്തോളം തൊഴിലാളികള്‍ സംഘടനയില്‍ അംഗങ്ങളായി മാറി.

ഇതര സ്വഭാവമുള്ള വ്യവസായ സ്ഥാപനങ്ങളില്‍ പണിയെടുത്തിരുന്ന തൊഴിലാളികളെയും ചേര്‍ക്കാമെന്നായപ്പോള്‍ സംഘടനയുടെ മട്ടും മാതിരിയും മാറി. 1924ല്‍ അതായത് 1099 മീനം 24, 25 തീയതികളില്‍ അസോസിയേഷന്റെ പ്രഥമ വാര്‍ഷിക സമ്മേളനം ആലപ്പുഴയിലെ ഭഗവതി വിലാസം തിയേറ്ററില്‍ രണ്ടായിരത്തോളം തൊഴിലാളികളെ സാക്ഷിയാക്കി നടത്തപ്പെട്ടു.11 പ്രസ്തുത സമ്മേളനത്തിന്റെ ആദ്യ ദിവസത്തെ യോഗം പ്രമുഖ പത്രപ്രവര്‍ത്തകനും സാംസ്‌കാരിക നായകനുമായ സി.വി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയാണ് ഉദ്ഘാടനം ചെയ്തത്. സമ്മേളനത്തിന്റെ രണ്ടാം ദിവസം സഹോദരന്‍ അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു. സ്വാമി സത്യവ്രതനും, സി.കേശവനും, ടി.കുരുവിളയും വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. വേദിയിലുണ്ടായിരുന്ന എം.കെ.കൃഷ്ണന്‍ വക്കീലിന്റെ പേരില്‍ വന്ന ടെലഗ്രാമിന്റെ സന്ദേശം സ്വാമി സത്യവ്രതന്‍ വായിച്ചു. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് വൈക്കം ക്ഷേത്രത്തിനു മുന്‍പില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത കെ.പി.കേശവമേനോനേയും ടി.കെ.മാധവനേയും അറസ്റ്റ് ചെയ്ത വിവരമായിരുന്നു ടെലഗ്രാമിന്റെ ഉള്ളടക്കം.12 അറസ്റ്റില്‍ പ്രതിഷേധിച്ച് സമ്മേളനത്തില്‍ പ്രമേയം പാസ്സാക്കുകയും 51 അംഗ പദയാത്രാ സംഘം അടുത്ത ദിവസം വൈക്കത്തേക്ക് പുറപ്പെടുകയും ചെയ്തു. പദയാത്ര അവസാനിച്ചപ്പോള്‍ നൂറുകണക്കിന് പേര്‍ ഒത്തു ചേര്‍ന്നു. ഇതോടെ ലേബര്‍ അസോസിയേഷന്റെ പ്രശസ്തി കോട്ടയത്തും കൊച്ചിയിലും കൊല്ലത്തുമെല്ലാം വ്യാപിച്ചു. അസോസിയേഷന് അഭൂതപൂര്‍വ്വമായ വളര്‍ച്ചയുണ്ടായി.

അക്ഷരജ്ഞാനം ഇല്ലാത്തവരായിരുന്നു തൊഴിലാളികളെല്ലാം. അവരെ അക്ഷരം പഠിപ്പിക്കുവാനും അവകാശങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കാനും ഒരു പത്രം തുടങ്ങാന്‍ തീരുമാനിച്ചു.’തൊഴിലാളി’ എന്നായിരുന്നു പത്രത്തിന്റെ പേര്. തൊഴിലാളികളെല്ലാം പത്രത്തിന്റെ വരിക്കാരാകണമെന്ന് ബാവ നിര്‍ബന്ധിച്ചു. ബാവ തന്നെയായിരുന്നു പത്രത്തിന്റെ ആദ്യ എഡിറ്റര്‍. പ്രശസ്ത സാഹിത്യകാരന്‍ പി.കേശവദേവ്, പി.എസ്.സിയുടെ ചെയര്‍മാനായി മാറിയ പി.കെ. വേലായുധന്‍,പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ആര്‍.സുഗതന്‍ എന്നിവരെല്ലാം പത്രാധിപ സമിതി അംഗങ്ങളായിരുന്നു. വര്‍ഷം പത്രം അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടു13. എന്നാല്‍ ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍ തൊഴിലാളി പത്രം നിരോധിക്കുകയാണ് ഉണ്ടായത്. തൊഴിലാളിക്കൊരു സംഘടന, തൊഴിലാളിക്കൊരു പത്രം, തൊഴിലാളിക്ക് ഒരു സഹകരണസംഘം എന്നതായിരുന്നു ബാവയുടെ മുദ്രാവാക്യം. ബാവ ഉണ്ടാക്കിയ ദ കോസ്റ്റല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആലപ്പുഴയില്‍ ഇപ്പോഴുമുണ്ട്. അത് ഇപ്പോള്‍ കോസ്റ്റല്‍ ഓപ്പറേറ്റീവ് ബാങ്കാണ്.

1925-ല്‍ ട്രേഡ്‌യൂണിയന്‍ നിയമം രാജ്യത്ത് ആവശ്യമാണെന്ന കേന്ദ്രബില്ല് കേന്ദ്രത്തിലെ ലെജിസ്ലേറ്റീവ് സമിതിയില്‍ വെളിച്ചംകണ്ടു. അനാവശ്യമായ ഭേദഗതിയും തടസ്സവാദങ്ങളും മുതലാളിവര്‍ഗ്ഗം ഉന്നയിച്ചെങ്കിലും 1927-ല്‍ ട്രേഡ്‌യൂണിയന്‍ ബില്ല് നിയമമെന്ന നിലയില്‍ പ്രാബല്യത്തിലായി.14 ഇന്ത്യയില്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി ട്രേണിയൂണിയന്‍ നിയമം ഉണ്ടായി എന്ന വൃത്താന്തം ലേബര്‍ അസോസിയേഷനിലും എത്തി. 1927 ജൂലായ് 11 ന് പട്ടണത്തിലെ കമ്പനികളിലെ തൊഴിലാളികള്‍ കടപ്പുറം മൈതാനത്ത് കേന്ദ്രീകരിക്കുകയും വാടപ്പുറം ബാവയുടെ നേതൃത്വത്തില്‍ കിടങ്ങാംപറമ്പ് മൈതാനിയിലേക്ക് ഉജ്ജ്വലമായ ജാഥ നടത്തുകയും ചെയ്തു. ഈ നിയമത്തിന്റെ ആനുകൂല്യം കേരളത്തിലും ലഭിക്കണമെന്ന പ്രമേയം വാടപ്പുറം ബാവ സമ്മേളനത്തില്‍ അവതരിപ്പിച്ച് അംഗീകരിപ്പിച്ചു.15 ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിക്കാനുള്ള എല്ലാ സമരപരിപാടികളിലും ബാവ പങ്കാളിയായി. അഹിംസയിലൂടെ പൂര്‍ണ്ണ സ്വരാജ് എന്ന ഗാന്ധിയുടെ സിദ്ധാന്തം ബാവയുടെ ജീവിതമന്ത്രമായി. സമരത്തിന്റെ ഭാഗമായുള്ള വിദേശവസ്ത്ര ബഹിഷ്‌ക്കരണ സമരത്തില്‍ പങ്കെടുക്കകയും വിദേശ വസ്ത്രക്കടകള്‍ പിക്കറ്റുചെയ്യുകയും വിദേശവസ്ത്രം കത്തിക്കുന്ന സമരങ്ങളില്‍നേതൃത്വം കൊടുക്കുകയും ചെയ്തു. അതോടെ ബാവ ദിവാന്‍ സര്‍ സി.പിയുടെ പോലീസിന്റെ നോട്ടപ്പുള്ളിയായി. ഒടുവില്‍ പോലീസ് വീടുവളഞ്ഞ് ബാവയെ അറസ്റ്റ് ചെയ്തു. ലോക്കപ്പില്‍ വെച്ചാണ് അസോസിയേഷന്റെ ചില വിമത പ്രവര്‍ത്തകരും തന്നെ അറസ്റ്റ് ചെയ്യിക്കുന്നതിലും ഒറ്റു കൊടുക്കുന്നതിലും ഒത്താശ നല്‍കിയതെന്ന് ബാവ അറിഞ്ഞത്. ബാവ വിയര്‍പ്പ് ഒഴുക്കി പടുത്തുയര്‍ത്തിയ ലേബര്‍ അസോസിയേഷന്‍ പിടിച്ചെടുക്കുവാന്‍ ചില വിധ്വംസക പ്രവര്‍ത്തകര്‍ രഹസ്യനീക്കം നടത്തുന്നതായി അറിഞ്ഞു.

ഇന്ത്യയില്‍ വീശിയടിച്ച കമ്മ്യൂണിസത്തിന്റെ അലകള്‍ കേരളത്തിലും എത്തി. കമ്മ്യൂണിസത്തിന്റെ ചുവന്ന കഴുകന്‍ കണ്ണുകള്‍ അസോസിയേഷന്റെ രക്തത്തിനായി ദാഹിച്ചു. വാടപ്പുറം ബാവ രഹസ്യ ചാരന്മാരുടെ നിരീക്ഷണത്തിനു വിധേയനായി. കമ്മറ്റിയില്‍ ചിലര്‍ കമ്മ്യൂണിസ്റ്റ് ആശയത്തിലേക്ക് കൂറുമാറുകയാണെന്ന് ബാവ തിരിച്ചറിഞ്ഞു. ഭൂരിപക്ഷം ബാവയ്‌ക്കൊപ്പം ഉറച്ചു നിന്നു. കമ്മ്യൂണിസ്റ്റ് സ്റ്റാലിന്‍ ഉന്മൂലന തന്ത്രം ബാവയ്‌ക്കെതിരെ പട്ടണത്തില്‍ പ്രയോഗിക്കപ്പെട്ടു. ഉരുക്കു മനുഷ്യനെപ്പോലെ ബാവ ശക്തമായി ചെറുത്തു നിന്നു. സാമ്പത്തിക ആരോപണം ബാവയ്‌ക്കെതിരെ ഉന്നയിച്ച് പട്ടണത്തില്‍ പോസ്റ്ററുകള്‍ പതിഞ്ഞു. സ്ത്രീകളുമായുള്ള കെട്ടിച്ചമച്ച അവിഹിത ബന്ധങ്ങളും ആരോപിക്കപ്പെട്ടു. ബ്രിട്ടീഷ് മുതലാളിമാരും നാട്ടുമുതലാളിമാരും ഇതിനാവശ്യമായ പണം ഒഴുക്കുകയും കുപ്രചരണത്തിനായി ഗുണ്ടാ സംഘങ്ങളെ അയക്കുകയും ചെയ്തു. വാടപ്പുറം ബാവയോടുള്ള വിദേശ കമ്പനി മുതലാളിമാരുടെ പൂര്‍വ്വ വൈരാഗ്യത്തിനു പകരംവീട്ടുകയെന്ന ലക്ഷ്യം അവര്‍ സമര്‍ത്ഥമായി നിര്‍വ്വഹിച്ചു.

സംഘടന 1930 കളുടെ അന്ത്യപാദത്തില്‍ പൂര്‍ണ്ണമായി ഹൈജാക്ക് ചെയ്യപ്പെട്ടു. തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്റെ കനകജൂബിലി സമ്മേളനം 1972ല്‍ ആലപ്പുഴ പട്ടണത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഓഫ് ഇന്ത്യ അഞ്ചു ദിവസം നീണ്ടുനിന്ന പരിപാടി കളോടെ ആഘോഷിച്ചു. അപ്പോഴത്തെ മുഖ്യമന്ത്രി സി.അച്യുത മേനോനായിരുന്നു സമ്മേളന ഉദ്ഘാടകന്‍. ഇന്ത്യയുടെ പ്രസിഡന്റ് വി.വി.ഗിരിയും സമ്മേളനത്തിന് ആശംസ അര്‍പ്പിച്ചു. അത്ഭുതകരമെന്നു പറയട്ടെ 1972-ലെ 50-ാം വാര്‍ഷിക സമ്മേളനത്തിനു ശേഷം പാര്‍ട്ടി അരനൂറ്റാണ്ടായി മൗനത്തിലും അര്‍ത്ഥഗര്‍ഭമായ നിശ്ശബ്ദതയിലുമായി. 1997 ല്‍ 75-ാം വാര്‍ഷിക സമ്മേളനമായ പ്ലാറ്റിനം ജൂബിലിയോ 100-ാം വയസ്സിലേക്ക് കടക്കുമ്പോള്‍ ശതാബ്ദി ആഘോഷ സമ്മേളനമോ നടത്തുവാന്‍ തയ്യാറാകാത്തത് എന്തുകൊണ്ട് എന്ന ചോദ്യം ഇടിമുഴക്കം പോലെ ഉയരുകയാണ്.

നൂറു വര്‍ഷം മുന്‍പ് ബാവ ആരംഭിച്ച ആദ്യ തൊഴിലാളികളുടെ സൊസൈറ്റി.
ദി കോസ്റ്റല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി . ഇപ്പോള്‍ ഇതേ പേരില്‍ ബാങ്കാണ്

ജീവിതത്തിന്റ വസന്തകാലം മുഴുവന്‍ സമൂഹത്തിലെ അതിദുര്‍ബല വിഭാഗത്തിന്റെ അന്തസ്സിനും ഉന്നമനത്തിനുംവേണ്ടി സമര്‍പ്പിക്കുകയും ഹോമിക്കുകയും ചെയ്ത വാടപ്പുറം ബാവ എന്തുകൊണ്ട് ക്രൂരമായി വിസ്മൃതിക്കുവിധേയനായി? തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിനു വേണ്ടി പോരാട്ടം നടത്തുന്ന ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തൊഴിലാളി പ്രസ്ഥാനത്തിന്റെ ജനയിതാവിനെ എന്തുകൊണ്ട് സ്മരിക്കുന്നില്ല? 1922-ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ബാവ ആരംഭിച്ച തൊഴിലാളി വര്‍ഗ്ഗസമര മുന്നേറ്റം ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് കനക ജൂബിലി സമ്മേളനത്തില്‍ അന്നത്തെ മുഖ്യമന്ത്രിയും ചരിത്രകാരനുമായ സി.അച്യുതമേനോന്‍ രേഖപ്പെടുത്തിയിട്ടും എന്തുകൊണ്ട് ബാവ സ്വാതന്ത്ര്യ സമരനായകനായില്ല? 1922-ല്‍ ജന്മംകൊണ്ട തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) പിന്നീടുള്ള അരനൂറ്റാണ്ടായി മൗനം അവലംബിക്കുന്നത് എന്തുകൊണ്ട്? സമൂഹത്തിലെ അതിദുര്‍ബ്ബല വിഭാഗത്തിനായി നടത്തിയ വിപ്ലവകരമായ ഗുരുവിന്റെ ഇടപെടലിനെയും ചരിത്രപരമായ കല്‍പ്പനയേയും മഹത്വവല്‍ക്കരിച്ച് പ്രചരണം നടത്തേണ്ട കേരളീയ സമൂഹം എന്തുകൊണ്ട് ഈ നവോത്ഥാന കര്‍മ്മത്തിനുനേരെ കണ്ണടച്ചുപിടിക്കുന്നു? പ്രഥമ ശിഷ്യനായ സത്യവ്രതനെ ഈചരിത്ര ഭൂമികയിലേക്ക് അയക്കുവാനും അധഃസ്ഥിതരായ തൊഴിലാളികള്‍ക്ക് അഭയവും അനുഗ്രഹവും നല്‍കി മാര്‍ഗ്ഗദീപം തെളിക്കുവാനും നേതൃത്വം കൊടുത്ത ഗുരുദേവ കര്‍മ്മത്തെ ഇതില്‍ ഊറ്റം കൊള്ളേണ്ട ശ്രീനാരായണ പ്രസ്ഥാനം എന്തുകൊണ്ട് ഈ ചരിത്രസത്യത്തോട് ഒപ്പം ചേര്‍ന്ന് സഞ്ചരിക്കുന്നില്ല? ചരിത്രാന്വേഷികള്‍ക്ക് ഉത്തരം കിട്ടാത്ത ഒത്തിരി ചോദ്യങ്ങളാണ് അന്തരീക്ഷത്തില്‍ ഉയരുന്നത്.

അവലംബം:
1.വാടപ്പുറം ബാവയുമായി മുഹമ്മ നാരായണന്‍ നടത്തിയ അഭിമുഖ കുറിപ്പ് (1960)
2.1972-ല്‍ സി.പി.ഐ പുറത്തിറക്കിയ സ്മരണിക (ഗോള്‍ഡണ്‍ ജൂബിലി)
3.എസ്.എ.ഡാങ്കേയുടെ ഇന്ത്യയിലെ ഡ്രേഡ് യൂണിയന്‍ പ്രസ്ഥാനം എന്ന ഗ്രന്ഥം
4.മുഹമ്മ നാരായണനുമായുള്ള അഭിമുഖം
5.മുഹമ്മ നാരായണനുമായുള്ള അഭിമുഖം
6.മുഹമ്മ നാരായണനുമായുള്ള അഭിമുഖം
7.ബാവയുടെ പുത്രിയുമായുള്ള സംഭാഷണം
8.കിടങ്ങാംപറമ്പ് ക്ഷേത്രത്തിന്റെ 300 വര്‍ഷത്തെ ചരിത്രം – ഡോ. കെ കമലന്‍
9.ബാവയുടെ പുത്രിയുമായുള്ള സംഭാഷണം
10.മലയാള മനോരമ പത്രത്തിന്റെ എഡിറ്റോറിയല്‍ ലേബനം – ആര്‍. വി.ടി (രവിവര്‍മ്മ തമ്പുരാന്‍)
11.1972-ല്‍ സി.പി.ഐ പുറത്തിറക്കിയ സ്മരണി (ഗോള്‍ഡന്‍ ജൂബിലി)
12.1972-ല്‍ സി.പി.ഐ പുറത്തിറക്കിയ സ്മരണി (ഗോള്‍ഡന്‍ ജൂബിലി)
13.കല്ലേലി രാഘവന്‍ പിള്ളയുമായുള്ള അഭിമുഖം
14.ഇജക സ്മരണിക 1972 (സുവര്‍ണ്ണ ജൂബിലി)
15.ഇജക സ്മരണിക 1972 (സുവര്‍ണ്ണ ജൂബിലി)

Tags: വാടപ്പുറം ബാവVadappuram Bava
ShareTweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ഗുരുഭക്തി

മഹാഭാരതം- കഥയും ജീവിതവും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies