‘അശോകം’ എന്ന വാക്കിന് ശോകമില്ലാത്തത് (ദുഃഖമില്ലാത്തത്) എന്നാണര്‍ത്ഥം. അതുകൊണ്ട് അശോകമരം സന്തോഷം പ്രദാനം ചെയ്യുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ശാസ്ത്രീയനാമം ‘സറാക്ക അശോക’ എന്നാണ്. ഇന്ത്യയില്‍ മാത്രമല്ല ശ്രീലങ്ക, ബര്‍മ്മ എന്നീ രാജ്യങ്ങളിലും അശോകം കണ്ടുവരുന്നു. മരത്തടിയിലും ചെറുകൊമ്പുകളിലുമാണ് പൂക്കള്‍ കാണപ്പെടുന്നത്. മൊട്ടുകളും വിടര്‍ന്ന പൂക്കളും ഒന്നിച്ചുചേര്‍ന്ന് കുലപോലെ കാണപ്പെടുന്ന ഇവയ്ക്ക് ഏറെ ഔഷധപ്രാധാന്യമുണ്ട്, ഒപ്പം ഭംഗിയും. അശോകപ്പൂക്കള്‍ ഉണിക്കിപ്പൊടിച്ച് എണ്ണ കാച്ചി തേയ്ച്ചാല്‍ ത്വക് രോഗങ്ങള്‍ക്ക് ശമനമുണ്ടാകും. പൂക്കള്‍ അരച്ച് അരിമാവും കരുപ്പട്ടിയും ചേര്‍ത്ത് കുറുക്കി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. വര്‍ഷം മുഴുവനും ഇവയില്‍ പൂക്കള്‍ കാണുമെങ്കിലും ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ സമൃദ്ധമായി അത് പുഷ്പിക്കുന്നു. വിടര്‍ന്നയുടനെ പൂക്കള്‍ക്ക് മഞ്ഞയും ഓറഞ്ചുനിറവും പിന്നെ കടും ചുവപ്പുനിറവും കൈവരുന്നു. അശോകപ്പൂക്കളില് നിന്നും വേര്‍തിരിച്ചെടുക്കുന്ന ഫ്ളേവനോയ്ഡ് ഘടകങ്ങള്‍ക്ക് അര്‍ബുദത്തെ ചെറുക്കാന്‍ ശേഷിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.