ഉദുമ: സ്വാഭിമാന ഭാരതം പടുത്തുയര്‍ത്തുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം പറഞ്ഞു. ആര്.എസ്.എസ്. ഉദുമ ഖണ്ഡ് കാര്യാലയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയായതിനാലാണ് സംഘത്തിന്റെ പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നത്. ഓരോ വ്യക്തിയും താന്‍ സ്വയം രാഷ്ട്രത്തിന്റെ ഘടകമാണെന്ന് അഭിമാനത്തോടെ പറയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് സംഘം ചെയ്തു വരുന്നത്. സംഘ കാര്യാലയങ്ങള്‍ സാമൂഹിക ഏകീകരണത്തിന്റെ കേന്ദ്രങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഠിന പ്രയത്നത്തിലൂടെ ആദര്‍ശത്തിന്റെ സാക്ഷാത്കാരത്തിനായി പ്രയത്നിക്കുന്ന ഒരുകൂട്ടം സ്വയംസേവകരുടെ ചിരകാലാഭിലാഷമാണ് കാര്യാലയ നിര്‍മ്മാണത്തിലൂടെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചതെന്ന് ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ് ഒ.കെ. മോഹനന് പറഞ്ഞു. ഖണ്ഡ് സംഘചാലക് ഗിരിധര്‍റാവു അധ്യക്ഷത വഹിച്ചു. ഖണ്ഡ് കാര്യവാഹക് മധു ചാത്തങ്കെ, ഖണ്ഡ് സഹസംഘചാലക് നാരായണന് മാസ്റ്റര്‍, ജില്ലാ സമ്പര്‍ക്ക പ്രമുഖ് സതീശന് വി.കെ. എന്നിവര്‍ സംസാരിച്ചു. കേരളത്തിലെയും കര്‍ണാടക പ്രാന്തത്തിലെയും നിരവധി കാര്യകര്‍ത്താക്കളും പൗരപ്രമുഖരും സ്വയംസേവകരും പരിപാടിയില്‍ പങ്കെടുത്തു.