Wednesday, June 18, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

അനിവാര്യമായ ശുദ്ധികലശം

എ.വിനോദ്

Print Edition: 15 April 2022

സ്വാതന്ത്ര്യ സമര സേനാനികളെ തമസ്‌ക്കരിച്ച് മത തീവ്രവാദികളേയും കലാപകാരികളേയും വസ്തുതകള്‍ വളച്ചൊടിച്ചും വെള്ളപൂശിയും സ്വാതന്ത്ര്യ സമരത്തിലെ വീരനായകന്‍മാരാക്കാനുള്ള ഗൂഢശ്രമങ്ങള്‍ തകൃതിയായി നടന്നു വരികയാണ്. എന്നാല്‍ സ്വാതന്ത്ര്യ സമര പോരാളികളുടെ പട്ടികയില്‍ നിന്ന് ഇപ്രകാരം തിരുകിക്കയറ്റിയ മുന്നൂറോളം കലാപകാരികളെ നീക്കം ചെയ്യാനുള്ള ഐസിഎച്ച് ആറിന്റെ തീരുമാനം കമ്മ്യൂണിസ്റ്റ് – ഇസ്ലാമിസ്റ്റ് അജണ്ടക്ക് കനത്ത തിരിച്ചടി നല്‍കിയിരിക്കയാണ്. ഐസിഎച്ച്ആറില്‍ വര്‍ഷങ്ങളായി നടന്നുവന്നിരുന്ന ദേശവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഒരിക്കല്‍ ക്കൂടി പുറംലോകത്ത് ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ദേശീയ നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ട് നാട്ടില്‍ അരാജകത്വം സൃഷ്ടിച്ച, കൊലയും കൊള്ളിവെപ്പും ഭീകരതയും സൃഷ്ടിച്ച അഞ്ച് സഞ്ചാരികളെയാണ് സ്വാതന്ത്ര്യ സമര സേനാനികള്‍ ആയി ഐസിഎച്ച്ആര്‍ പുറത്തിറക്കിയ അഞ്ച് വാല്യം വരുന്ന സ്വാതന്ത്ര്യസമരസേനാനികളുടെ സമഗ്ര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വസ്തുതകളും രേഖകളും പരിശോധിച്ച് നിസ്സഹകരണ പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ലാത്ത ക്രിമിനലുകളെ പട്ടികയില്‍ നിന്നും നീക്കിയ ഐസിഎച്ച്ആറിന്റെ ഈ നടപടിയിലൂടെ ഭാരതത്തിന്റെ ചരിത്രരചനയില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ്.

കെ.പി.കേശവമേനോന്‍, കെ.കേളപ്പന്‍, കെ.മാധവന്‍ നായര്‍

മാപ്പിള കലാപത്തിന്റെ ദേശീയ പ്രാധാന്യം
മലബാറിന്റെ ചരിത്രത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു സംഭവമായിരുന്നില്ല 1921ലെ മാപ്പിള കലാപം. ഇത്തരം രക്തരൂഷിതവും പൈശാചികവുമായ ഒരു സംഭവം പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളില്‍ ഭാരതത്തില്‍ മറ്റെങ്ങും നടന്നിട്ടില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ അതു ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഒരു കാലവുമുണ്ടായിട്ടുമില്ല. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ചുമലില്‍ കയറി മാപ്പിള കലാപകാരികളെ മഹത്വവല്‍ക്കരിക്കാന്‍ കഴിയില്ല. കാരണം മതഭ്രാന്തന്മാരായ കലാപ നേതാക്കന്മാരെ ദേശീയ നേതൃത്വവും സമുദായനേതാക്കളും പൊതുസമൂഹവും അക്കാലത്തുതന്നെ തള്ളിക്കളഞ്ഞതാണ്. ദേശീയ നേതാക്കളായ ഗാന്ധിജിയും ആനിബസന്റും ടാഗൂറും അംബേദ്കറും രാജഗോപാലാചാരിയും സാവര്‍ക്കറും ഡോ.ഹെഡ്‌ഗേവാറുമെല്ലാം അക്കാലത്തു തന്നെ നടത്തിയ വിലയിരുത്തലുകളും വിമര്‍ശനങ്ങളും ഇന്നും ലഭ്യമാണ്. കേരളത്തിലെ കോണ്‍ഗ്രസ് ഖിലാഫത്ത് നേതാക്കളും അവരുടെ സമ്മേളനങ്ങളും മതഭ്രാന്ത് പിടിച്ച മാപ്പിളമാര്‍ നടത്തിയ ഹിന്ദു വംശഹത്യയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. കെ.പി.കേശവമേനോന്‍, കെ.കേളപ്പന്‍, കെ.മാധവന്‍ നായര്‍ തുടങ്ങിയവരുടെ സാക്ഷ്യപത്രങ്ങള്‍ മാത്രമല്ല ഖിലാഫത്ത് നേതാക്കളായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍, മൊയ്തുമൗലവി, ടി.വി. മുഹമ്മദ് എന്നിവരുടെ പ്രസ്താവനകളും സ്മരണകളും ചരിത്ര പഠിതാക്കളുടെ മുന്നില്‍ തുറന്നിരിക്കുന്നു. മുസ്ലിം മത പണ്ഡിതരുടെ സംയുക്ത പ്രസ്താവനയും കോണ്‍ഗ്രസ് ഖിലാഫത്ത് നേതാക്കളുടെ സംയുക്ത പ്രസ്താവനയും അച്ചടിച്ച് വന്ന രേഖകള്‍ ആണ്.

കലാപം-ഗാന്ധിജിയുടെ വിലയിരുത്തല്‍


കലാപം പൊട്ടിപ്പുറപ്പെട്ട് ഒരു മാസം തികഞ്ഞപ്പോള്‍ 1921 സെപ്റ്റംബര്‍ 22 ന് പുറത്തിറങ്ങിയ യങ് ഇന്ത്യയില്‍ ഗാന്ധിജി എഴുതിയ ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ വിലപിക്കുന്നത് കാണാം. ‘മലബാറില്‍ സംഭവിച്ച കാര്യങ്ങള്‍ നമ്മുടെ മനസ്സിനെ കാര്‍ന്നുതിന്നുകയാണ്. നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ക്ക് ഭ്രാന്തുപിടിച്ചു പോയി എന്ന് ഓര്‍ക്കുമ്പോള്‍ ഹൃദയത്തില്‍ നിന്ന് രക്തം വാര്‍ന്ന് ഒഴുകുകയാണ്.’

പ്രാദേശിക ഖിലാഫത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സംയുക്ത പ്രസ്താവന
ഏറനാട് താലൂക്ക് ഖിലാഫത്ത് സെക്രട്ടറി ടി.വി മുഹമ്മദ് അടക്കം കോണ്‍ഗ്രസ്- ഖിലാഫത്ത് നേതാക്കള്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവനയില്‍ കലാപകാരികള്‍ നടത്തിയ ഹത്യാചാരത്തെ നഖശിഖാന്തം അപലപിച്ചു കൊണ്ട് ഇങ്ങനെ പറയുന്നു. ”സ്വരാജ്‌ലെ ഹിന്ദു മുസ്ലിം ഐക്യത്തെക്കാള്‍ ‘സത്യമാണ് ‘ പരമപ്രധാനമായിട്ടുള്ളത്. ഹിന്ദുക്കളുടെ മേല്‍ മാപ്പിളമാര്‍ നടത്തിയിട്ടുള്ള അതിക്രമങ്ങള്‍ തികച്ചും സത്യമാണ്. യഥാര്‍ത്ഥ അക്രമരഹിതമായ നിസ്സഹകരണവാദിക്ക് ലഹളക്കാരുടെ പ്രവൃത്തികളെ അഭിനന്ദിക്കാന്‍ കഴിയില്ല. എന്തിനാണ് അവരെ അഭിനന്ദിക്കുന്നത്? ഹിന്ദുക്കളുടെ മേല്‍ അവര്‍ നടത്തിയ കൊടിയതും പ്രകോപനരഹിതവുമായ അക്രമങ്ങള്‍ക്കോ? സകല ഹിന്ദു ഭവനങ്ങളിലും നടത്തിയ വന്‍തോതിലുള്ള കൊള്ളക്കോ? ഹിന്ദുക്കളെ ബലംപ്രയോഗിച്ചു മതം മാറ്റിയതിനോ? നിരുപദ്രവകാരികളായ ഹിന്ദുപുരുഷന്മാരേയും സ്ത്രീകളെയും കുട്ടികളെയും നിഷ്‌കരുണം വെട്ടിക്കൊന്നതിനോ? ലഹളക്കാര്‍ ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ മലിനപ്പെടുത്തുകയും നശിപ്പിക്കുകയും ഹിന്ദുസ്ത്രീകളെ ബലാല്‍സംഗം ചെയുകയും അവരെ മാപ്പിളമാര്‍ നിര്‍ബന്ധിതമായി മതം മാറ്റി വിവാഹം കഴിക്കുകയും ചെയ്തതിനോ? ഇതിനെയെല്ലാം ശക്തമായ ഭാഷയില്‍ അക്ഷേപിക്കേണ്ടതല്ലേ? ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്തവരായ മാപ്പിളമാര്‍ അവരുടെ മതത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചു എന്ന് പറയാമോ?” (പുസ്തകം-മലബാറും ആര്യസമാജവും)

മാധവന്‍ നായരുടെ സാക്ഷിമൊഴി
ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന കെ.മാധവന്‍ നായര്‍ വാരിയംകുന്നനെ പരിചയപ്പെടുത്തുന്നത് ഏറെ ശ്രദ്ധേയവും പ്രസക്തവുമാണ്. 1921ആഗസ്റ്റ് 20-ലെ തിരൂരങ്ങാടി സംഭവത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ലഹളയുടെ ഭാഗമായി മഞ്ചേരി നഗരവും പരിസര ഗ്രാമങ്ങളും ചാമ്പലാക്കിയ കലാപകാരികളുടെ നേതാവെന്ന നിലയിലാണ് ആഗസ്റ്റ് 24ന് മഞ്ചേരി അരുകിഴയില്‍ വെച്ച് മാധവന്‍നായര്‍ കുഞ്ഞഹമ്മദാജിയെ ആദ്യമായി കാണുന്നത്. ഫെബ്രുവരി മാസത്തില്‍ 144 വകുപ്പ് പ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് അയച്ച നോട്ടീസില്‍ തന്റേയും ഗോപാലമേനോന്റേയും പേരോടുകൂടി ചേര്‍ത്തിരുന്ന പേരിന്റ ഉടമസ്ഥനെ അദ്ദേഹം മുമ്പ് കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ലായിരുന്നുവെന്നു കൂടി പറയുന്നുണ്ട്. നെല്ലിക്കുത്ത് പയ്യനാട് പ്രദേശത്ത് മുമ്പുണ്ടായ ഒരു ലഹളയുമായി ബന്ധപ്പെട്ട് നാടുകടത്തപ്പെട്ട വ്യക്തിയും കാലാവധി കഴിഞ്ഞ് തിരിച്ചു വന്നിട്ടും സ്വന്തം നാട്ടില്‍ താമസിക്കാന്‍ അനുവാദം കിട്ടിയിട്ടില്ലാത്ത ക്രിമിനല്‍ പശ്ചാത്തലവും കുഞ്ഞഹമ്മദാജിക്ക് ഉണ്ടായിരുന്നു. ചില ഇംഗ്ലീഷ് പത്രങ്ങളിലും സി.ഗോപാലന്‍ നായര്‍ എഴുതിയ മാപ്പിള ലഹള എന്ന പുസ്തകത്തിലും പരാമര്‍ശിക്കുന്ന പോലെ അദ്ദേഹം നിസ്സഹകരണ-ഖിലാഫത്ത് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി കോണ്‍ ഗ്രസ്സിന്റെ ഔദ്യോഗിക രേഖകളിലില്ലെന്നും മാധവന്‍നായര്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്.

ഏറനാട് താലൂക്കിലെ മാപ്പിളമാര്‍ പൊതുവില്‍ അജ്ഞാനവും അന്ധവിശ്വാസവും മതഭ്രാന്തും വച്ചുപുലര്‍ത്തുന്നവരായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അവസാന ഫലം ഇസ്ലാമിക സാമ്രാജ്യ സ്ഥാപനം ആണെന്നും അവരില്‍ പലരും ധരിച്ചിരുന്നു എന്ന് മാധവന്‍നായര്‍ നിരീക്ഷിക്കുന്നു. ”പാരമ്പര്യമായി മതഭ്രാന്തിന് പ്രസിദ്ധി നേടിയ കുടുംബത്തിലെ അംഗമായ കുഞ്ഞഹമ്മദ്ഹാജി ഇസ്ലാമിക ഭരണത്തിന് വേണ്ടി മരിക്കാന്‍ തയ്യാറായിരുന്നു. ബ്രിട്ടിഷ് ഗവണ്‍മെന്റിന് എതിരെ യുദ്ധം ചെയ്യാന്‍ തയ്യാറായത് ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടല്ല, ബ്രിട്ടിഷ് ഭരണം അവസാനിപ്പിച്ച് ഇസ്ലാമിക ഭരണം സ്ഥാപിക്കാനായിരുന്നു” (കെ.മാധവന്‍ നായര്‍, മലബാര്‍ കലാപം).

കലാപ നേതാവ് തന്നെ കാണാന്‍ തയ്യാറാണ് എന്നറിഞ്ഞതില്‍ വളരെ പ്രതീക്ഷയോടെയാണ് താന്‍ കൂടിക്കാഴ്ചയ്ക്ക് പോയതെങ്കിലും ഫലം പരിപൂര്‍ണ നിരാശയായിരുന്നുവെന്ന് മാധവന്‍ നായര്‍ വിലയിരുത്തുന്നു. ചര്‍ച്ച കഴിഞ്ഞു പിരിയുമ്പോള്‍ ഇനി നമ്മള്‍ കാണാന്‍ ഇടയില്ലെന്നും നമ്മുടെ വഴി രണ്ടും രണ്ടാണെന്നും അതിനാല്‍ കണ്ടിട്ട് കാര്യമില്ലെന്നും പറഞ്ഞാണ് പിരിഞ്ഞതെന്നും മാധവന്‍നായര്‍ വിഷമത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും വക്കീലുമായിരുന്ന നാരായണ മേനോനും കുഞ്ഞഹമ്മദാജിയുമായി നടത്തിയ രണ്ടാംവട്ട ചര്‍ച്ചയും പരാജയമായിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ വഴി ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ അക്രമരാഹിത്യത്തിന്റേയും നിസ്സഹകരണ ത്യാഗത്തിന്റെയും ആയിരുന്നില്ല എന്നു തന്നെയാണ്.

ചരിത്ര ഗവേഷകന്റെ കണ്ടെത്തല്‍
പൊടുന്നനെയുള്ള പ്രകോപനം എന്തുതന്നെയായിരുന്നാലും 1921 ല്‍ മലബാറില്‍ നടന്ന വിപുലമായ കലാപം വളരെ ശക്തവും ദീര്‍ഘകാലം നീണ്ടുനിന്നതുമായ പ്രചോദനമില്ലെങ്കില്‍ നടക്കുകയില്ലായിരുന്നു എന്ന് ഈ സമരത്തെ ആഴത്തില്‍ വിലയിരുത്തിയ ഡോ.എം. ഗംഗാധരന്‍ നിരീക്ഷിക്കുന്നുണ്ട്. മാപ്പിള സമൂഹത്തിന്റെ ജീവിത സംസ്‌കാരത്തിലും വിശ്വാസ വ്യവസ്ഥയിലും അലിഞ്ഞുചേര്‍ന്ന ഒന്നാണത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ടിപ്പുസുല്‍ത്താന്‍ വടക്കന്‍ കേരളത്തില്‍ നിന്നും മാറിയതിനുശേഷം തെക്കേ മലബാറിന്റെ ഉള്‍പ്രദേശങ്ങളിലുള്ള മാപ്പിളമാര്‍ തങ്ങളുടേതായ രാഷ്ട്രീയ അധികാരം കൊതിച്ചിരുന്നു. തിരൂരങ്ങാടിക്ക് അടുത്തുള്ള മമ്പുറത്തെ തങ്ങന്‍മാരായ സയ്യിദ് അലവി തങ്ങള്‍, ഫസല്‍ പൂക്കോയ തങ്ങള്‍ എന്നീ മതനേതാക്കന്മാര്‍ ഈ അഭിലാഷത്തെ പരിപോഷിപ്പിക്കുകയും ചെയ്തിരുന്നു. ”ഒരു ഖിലാഫത്ത് ഗവണ്‍മെന്റ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ രാഷ്ട്രീയ നീക്കമായിരുന്നു അടിസ്ഥാനപരമായി മലബാര്‍കലാപം.” ഇന്ത്യയിലെ ബ്രിട്ടീഷ് വാഴ്ചക്കെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അഹിംസാധിഷ്ഠിതമായി നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ച സമയത്ത് അതിന്റെ ഭാഗമായി നടന്ന ഹിംസാത്മകമായ ഈ കലാപം ദേശീയ നേതാക്കളില്‍ നടുക്കം ഉളവാക്കി. അത് കേവലം ശക്തമായ കലാപമായിരുന്നു എന്നതുകൊണ്ട് മാത്രമല്ല. ”മലബാറിലെ ഹിന്ദു-മുസ്ലിം ബന്ധത്തിന് ഗൗരവതരമായ ഭീഷണി ഉയര്‍ത്തിയത് കൊണ്ടുകൂടിയാണ്. ഹിന്ദു മുസ്ലിം ഐക്യം ദേശീയ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഒന്നായിരിക്കും. അത് മൊത്തം ദേശീയ പ്രസ്ഥാനത്തിനും മേല്‍ കരിനിഴല്‍ വീഴ്ത്തി. ഇന്ത്യയുടെ ഇതരഭാഗങ്ങളിലും ദേശീയ പ്രസ്ഥാനത്തില്‍ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെമേലും മലബാറിലെ ഈ അക്രമാസക്തമായ സംഭവവികാസങ്ങളുടെ അടയാളങ്ങളുണ്ട്. ഹിന്ദു – മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ വൈകാരിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കുകയും നിരന്തരമായ വര്‍ഗീയലഹളകള്‍ക്ക് കാരണമാവുകയും നാടിന്റെ വിഭജനത്തില്‍ കലാശിക്കുകയും ചെയ്തു എന്നതും നാം മറന്നുകൂടാ” എന്നും ഗംഗാധരന്‍ വിലയിരുത്തുന്നു (ഡോ.എം.ഗംഗാധരന്‍ – മലബാര്‍ കലാപം, പേജ് – 9 – 12).

വാരിയം കുന്നന്റെ കുമ്പസാരവും ബ്രിട്ടിഷ് രേഖകളും
1922 ജനുവരി പത്തിന് മലപ്പുറം ജില്ലാ മേധാവിയുടെ മുന്‍പാകെ കുഞ്ഞഹമ്മദ് ഹാജി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കലാപം ആരംഭിക്കുന്നതിന് രണ്ടു മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ആലി മുസ്ലിയാര്‍ നെല്ലിക്കുത്ത് വരികയും ഒരു സഭ ചേര്‍ന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ക്രമസമാധാന പരിപാലന നിയമത്തിന്റെ 144 വകുപ്പ് പ്രകാരം നോട്ടീസ് നല്‍കിയതെന്നും അദ്ദേഹം പറയുന്നു(ഹിച്ച്‌കോക്ക് പേജ് -186 ). ഇതേ നോട്ടീസിനെ കുറിച്ചാണ് നേരത്തെ മാധവന്‍ നായര്‍ പരാമര്‍ശിച്ചത്. അതായത് കോണ്‍ഗ്രസ് നിസ്സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്നുകൊണ്ടിരുന്ന നിസ്സഹകരണ സന്നദ്ധ ഭടന്മാരുടെ രൂപീകരണ യോഗങ്ങള്‍ക്ക് സമാന്തരമായി ആലിമുസ്ലിയാരുടെയും വാരിയന്‍കുന്നനെ പോലുള്ള ആള്‍ക്കാരുടെയും നേതൃത്വത്തില്‍ സായുധ കലാപത്തിന് കോപ്പുകൂട്ടുന്ന പടയാളികളെ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരുന്നു.

1915 – 16 കാലഘട്ടത്തില്‍ മലബാറില്‍ നടന്ന മാപ്പിള കലാപങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന സി.എ ഇന്നസ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയെക്കുറിച്ച് പരാമര്‍ശിക്കുന്നത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാറിലെ ഏറ്റവും അപകടകാരിയായ മനുഷ്യന്‍ എന്ന നിലയില്‍ അറിയപ്പെടുന്നു എന്നാണ് (ജി.ഒ. നമ്പര്‍ 208-84, റീജിണല്‍ ആര്‍ക്കെവ്‌സ്, കോഴിക്കോട്. ഉദ്ധരണി – ഗംഗാധരന്‍ പേജ് -273). കലാപത്തിന്റെ മൂര്‍ധന്യത്തില്‍ പോലീസ് മേധാവിയായിരുന്ന ഹിച്ച്‌കോക്ക് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് പറയുന്നത് ”അയാള്‍ ഒരു പേടിസ്വപ്‌നമായി മാറിയെന്നും ഒരു പക്ഷേ താന്‍ വിചാരിച്ചാല്‍ പോലും മഞ്ചേരിക്ക് പുറത്ത് ഒരിടത്തും സൈനിക ആവശ്യത്തിന് വിവരങ്ങള്‍ നല്‍കുന്ന ഒരുവരെയും കണ്ടു കിട്ടുന്നത് അസാധ്യമാക്കാന്‍ പോലും അയാളുടെ ക്രൂരമായ നടപടികള്‍ക്ക് സാധിച്ചു എന്നാണ് ”(ഹിച്ച്‌കോക്ക് പേജ് – 66).

ആലി മുസ്ലിയാരുടെ കീഴടങ്ങലിനെ തുടര്‍ന്ന് ഏറനാടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നടന്ന ലഹളകളുടെ നേതൃത്വം ലവക്കുട്ടി, കുഞ്ഞലവി, കുഞ്ഞിമുഹമ്മദ് തങ്ങള്‍, മൊയ്തീന്‍കുട്ടി എന്നിങ്ങനെ പലരുടെ നേതൃത്വത്തിലും കാര്‍മികത്വത്തിലും ആയിരുന്നെങ്കിലും മലയോര പ്രദേശമായ അരീക്കോട്, എടവണ്ണ, നിലമ്പൂര്‍, കാളികാവ്, കരുവാരക്കുണ്ട്, തൂവ്വൂര്‍, മേലാറ്റൂര്‍, വെള്ളിയഞ്ചേരി, അലനല്ലൂര്‍, മണ്ണാര്‍ക്കാട് തുടങ്ങിയ വിശാലമായ കിഴക്കന്‍ ഏറനാടന്‍ പ്രദേശത്ത് കുഞ്ഞഹമ്മദാജി സാര്‍വ്വ ഭൗമനായി വിലസി. അല്പകാലം നിലമ്പൂര്‍ അദ്ദേഹത്തിന്റെ ആസ്ഥാനമായി പ്രഖ്യാപിച്ചുവെങ്കിലും അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തോട് മുഖാമുഖം ഏറ്റുമുട്ടാതെ ഏത് സമയത്തും എവിടെയും പ്രത്യക്ഷപ്പെടുന്ന രീതിയില്‍ ഉള്‍നാടുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരുന്നു.

ഭീകരതയുടെ നേര്‍ ചിത്രം


വാരിയംകുന്നന്റെ ഖിലാഫത്ത് രാജ്യത്ത് ഹിന്ദുക്കള്‍ അനുഭവിച്ച ദുരിതത്തെയും കലാപം കത്തിപ്പടര്‍ന്ന ആഗസ്റ്റ് – നവംബര്‍ മാസങ്ങളില്‍ ഏറനാടിന്റെ ഉള്‍നാടുകളില്‍ നടന്ന ഭീകരാന്തരീക്ഷത്തിന്റെയും ഒരു നേര്‍ചിത്രം കാണാന്‍ നിലമ്പൂര്‍ കോവിലകത്തെ വലിയ തമ്പുരാട്ടിയുടെ നേതൃത്വത്തില്‍ മലബാറിലെ ഹിന്ദു സ്ത്രീകള്‍ ഒപ്പിട്ട് ഗവര്‍ണ്ണര്‍ ജനറലിന്റെ പത്‌നി കൗണ്ടസ് റീഡിങിന് നല്‍കിയ സങ്കട ഹരജിയിലെ ഈ ഭാഗം മാത്രം മതി. ”ഈയിടെ ഞങ്ങളുടെ നാട്ടില്‍ ഉണ്ടായ ലഹളയുടെ ഭീകരതയ്ക്കും വ്യാപ്തിക്കും വേറെ ഉദാഹരണങ്ങള്‍ ഇല്ല. വിശ്വാസം വിടാന്‍ വിസമ്മതിച്ച ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ജഡങ്ങള്‍ കൊണ്ട് ഞങ്ങളുടെ കിണറുകളും കുളങ്ങളും നിറഞ്ഞു. പലതും പാതി ജീവന്‍ ഉള്ളതായിരുന്നു. ഗര്‍ഭിണികളെ കഷണങ്ങളാക്കി തെരുവുകളിലും കാടുകളിലും ഉപേക്ഷിച്ചു. ഗര്‍ഭസ്ഥശിശു ശരീരത്തില്‍ നിന്ന് പുറത്തേക്ക് തള്ളി നിന്നു. ഞങ്ങളുടെ ഒക്കത്തുനിന്ന് കുഞ്ഞുങ്ങളെ വലിച്ചെടുത്തു ഞങ്ങള്‍ക്ക് മുന്നില്‍ കഷണങ്ങളാക്കി. ഭര്‍ത്താക്കന്മാരെയും പിതാക്കളെയും ക്രൂരമായി പീഡിപ്പിച്ച് ജീവനോടെ കത്തിച്ചു. ഞങ്ങളുടെ സഹോദരിമാരെ വലിച്ചുകൊണ്ടുപോയി എല്ലാ വിധവും നാണം കെടുത്തി. കിരാതമായ സംഹാര ബുദ്ധിയോടെ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു. വിഗ്രഹങ്ങള്‍ക്ക് മേല്‍ പശുവിന്റെ കുടല്‍ മാല ചാര്‍ത്തി. തലമുറകളായി അധ്വാനിച്ച് നേടിയ സ്വത്ത് കൊള്ളയടിച്ചു. കിണറുകള്‍ അസ്ഥികള്‍ കൊണ്ടു നിറഞ്ഞു. വീടുകള്‍ കനല്‍കൂനകളായി. ക്ഷേത്രങ്ങള്‍ നിലംപൊത്തി. കൊല ചെയ്യുമ്പോഴുള്ള തങ്ങളുടെ കുഞ്ഞുങ്ങളുടെ നിലവിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. മരണം വരെ മുഴങ്ങിക്കൊണ്ടിരിക്കും. വീടുകളില്‍നിന്ന് അടിച്ചിറക്കിയ ഞങ്ങള്‍ പട്ടിണി സഹിച്ച് അര്‍ദ്ധനഗ്‌നരായി കാടുകളില്‍ അലഞ്ഞു'(സി. ഗോപാലന്‍ നായര്‍ – പേജ് 80 – 82). ഈ സംഭവങ്ങള്‍ നേരിട്ടറിഞ്ഞാണ് മഞ്ചേരി സമ്മേളനത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതാവായി പങ്കെടുത്ത ഡോ.ആനിബസന്റ് ഒരു ഇസ്ലാമിക രാജ്യം എന്താണെന്ന് മലബാര്‍ നമ്മെ പഠിപ്പിക്കുന്നു എന്ന് പറഞ്ഞത്.

തിരസ്‌ക്കരിക്കപെട്ട നായകത്വം
അണികള്‍ നഷ്ടപ്പെട്ട്, സംഘാംഗങ്ങളില്‍ തന്നെ ചിലരുടെ ഒത്താശയോടു കൂടി 1922 ജനുവരി ആറിന് പട്ടാളത്തിന് കീഴടങ്ങേണ്ടി വന്ന നായകന്റെ അവസാന ജീവിതവും ഇന്ന് പാടിപ്പുകഴ്ത്തുന്ന പോലെ ഒന്നും ആയിരുന്നില്ല. പട്ടാള കോടതിയില്‍ എഴുതി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ താന്‍ കുറ്റമൊന്നും ചെയ്തില്ലെന്നും മറ്റുപലരുമാണ് കുറ്റകൃത്യങ്ങള്‍ ചെയ്തതെന്നും അദ്ദേഹം പറയുന്നുണ്ട്. മരണശിക്ഷ ഒഴിവാക്കി തരാമെന്ന് പ്രലോഭന വാഗ്ദാനത്തിലാണ് ഹാജിയെ പിടികൂടിയത് എന്നും ഒരു ഭാഷ്യമുണ്ട്. കാളികാവിലെ പുത്തന്‍പീടികക്കല്‍ കുഞ്ഞഹമ്മദ് കുട്ടിയുടെ സഹായത്തോടെ പോലീസ് സംഘത്തലവന്‍ രാമനാഥ അയ്യര്‍ നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഒരു ഏറ്റുമുട്ടല്‍ ഇല്ലാതെ കുഞ്ഞഹമ്മദാജി പട്ടാളവുമായി സന്ധിചെയ്തു ആയുധം വെച്ചു കീഴടങ്ങിയത്.

ഈ വാരിയന്‍കുന്നനെ 1921 ലോ 22 ലോ 24ലോ 27 ലോ 33 ലോ ദേശീയ പ്രസ്ഥാനങ്ങളോ മുസ്ലിം പണ്ഡിത സമൂഹമോ രാഷ്ട്രീയ നേതൃത്വമോ അംഗീകരിക്കുകയോ പ്രകീര്‍ത്തിക്കുകയോ ചെയ്തില്ല. ഹിന്ദു-മുസ്ലിം ഐക്യം തകര്‍ത്തവന്‍ എന്ന് ദേശീയ നേതൃത്വം കുറ്റപ്പെടുത്തി. മുസ്ലീങ്ങളെ പതിറ്റാണ്ടുകള്‍ പിറകോട്ടാക്കിയ കലാപത്തിനു കാരണമായി മുസ്ലിം പണ്ഡിത നേതൃത്വവും ഉലമാക്കളും സമ്മേളനം നടത്തി പ്രഖ്യാപിച്ചു. ഹിന്ദുക്കളെ ഭയവിഹ്വലരാക്കി ബ്രിട്ടീഷ് പാളയത്തിലേക്ക് തള്ളിവിട്ട് ദേശീയ പ്രസ്ഥാനത്തിന് മലബാറില്‍ തിരിച്ചടിയേല്‍പ്പിച്ചതായി ചരിത്രകാരന്മാര്‍ വിലയിരുത്തി. സ്വാതന്ത്ര്യം നേടുന്നതുവരെ ഈ കലാപത്തെയോ കലാപകാരികളെയോ ആരും അംഗീകരിച്ചില്ല. പിന്നീട് കമ്മ്യൂണിസ്റ്റ്റ്റ് നേതൃത്വം സമരത്തെ മഹത്തായ കാര്‍ഷിക സമരം ആക്കാനും വാരിയന്‍കുന്നനെയും മുസ്ലിയാരെയും കര്‍ഷക സമര നേതാക്കള്‍ ആക്കാനും നടത്തിയ ശ്രമം ഇവരുടെ നേതൃത്വം കൊണ്ട് തന്നെ പൊളിഞ്ഞു പോയി.

താമ്രപത്രത്തിലും ഡയറക്ടറിയിലും പുറത്ത്
1972ല്‍ സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി വര്‍ഷത്തില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് താമ്രപത്രം നല്‍കി രാഷ്ട്രം ആദരിച്ചിരുന്നു. അന്ന് മലപ്പുറം ജില്ലയില്‍ നിന്ന് താമ്രപത്രം സ്വീകരിച്ചത് 57 പേരാണ്. അതിലൊന്നും 21 ലെ ഹിന്ദു കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ കലാപകാരികള്‍ ഉള്‍പ്പെട്ടിരുന്നില്ല. കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും എം.പി. നാരായണ മേനോനും ഉള്‍പ്പെടെ 1920 – 21 കാലഘട്ടത്തിലെ നിസ്സഹകരണ പ്രസ്ഥാന ഭടന്‍മാരെ സ്വാതന്ത്ര്യ സമര സേനാനികളായി അംഗീകരിച്ചപ്പോള്‍ ദേശീയ നേതൃത്വം ഇസ്ലാമിക ജിഹാദികളെ മാറ്റി നിര്‍ത്തി. അവരെ സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള രാഷ്ട്രീയ വിവേകം അന്നത്തെ നേതൃത്വത്തിന് ഉണ്ടായിരുന്നു. 1973 ല്‍ പാര്‍ലമെന്റില്‍ സ്വാതന്ത്ര്യ സമരസേനാനി പെന്‍ഷന്‍ സംബന്ധമായ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി അന്നത്തെ ആഭ്യന്തര സഹമന്ത്രിയും ആഭ്യന്തരമന്ത്രിയും രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് 1921ലെ മലബാറിലെ മാപ്പിളലഹള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കാനും കലാപകാരികളെ സ്വാതന്ത്ര്യസമരസേനാനികളായി പരിഗണിച്ച് അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാനും സാധ്യമല്ലെന്ന് വ്യക്തമാക്കി. 1975 ല്‍ അന്നത്തെ കേരള മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ ഒരു നിഘണ്ടു തയ്യാറാക്കുകയുണ്ടായി. ഈ കലാപകാരികളെ അപ്പോഴും അതില്‍ ഉള്‍പ്പെടുത്തിയില്ല.

തിരിച്ചറിയേണ്ട ജിഹാദി അജണ്ട
ജിഹാദികളെയും തീവ്രവാദികളെയും എതിര്‍ക്കുന്നത് മുസ്ലിം വിരുദ്ധതയായും ദേശവിരുദ്ധതയായും ചിത്രീകരിച്ച് ഹിന്ദുക്കളെ ഉന്മൂലനാശം വരുത്തേണ്ടവരാണെന്ന പുതിയ വ്യാഖ്യാനമാണ് തീവ്രവാദി, ജിഹാദി സംഘടനകളുടെ ആശയ പ്രചരണത്തില്‍ മുഴച്ചുനില്‍ക്കുന്നത്. ഇതിനെ തുറന്ന് എതിര്‍ത്താല്‍ കലാപകാരികളെ എതിര്‍ത്തവര്‍ നേരിട്ട അതേ വിധി ആവര്‍ത്തിക്കുമെന്നാണ് അവര്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്. ഈ വിഘടന ശക്തികള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വലിയ വിപത്ത് വീണ്ടും ഈ നാടിനെ സര്‍വ്വനാശത്തിലേക്ക് തള്ളിവിടും. അതുണ്ടാവാതിരിക്കട്ടെ. 1921ലെ നിസ്സഹകരണ – ഖിലാഫത്ത് പ്രസ്ഥാനം വഴിപിഴച്ച് ഹിന്ദു വംശഹത്യയായി പരിണമിച്ചതിന്റെ കാരണങ്ങളും നേതാക്കളുടെ ആശയങ്ങളും അക്രമരാഷ്ട്രീയത്തിന്റെ സ്വഭാവവും വസ്തുനിഷ്ഠമായി പഠിക്കണം. ആ സമീപനം ഇന്നും വെച്ചുപുലര്‍ത്തുന്ന പ്രസ്ഥാനങ്ങളെ തിരിച്ചറിയാനും തുറന്നുകാട്ടാനും കഴിയണം. സര്‍ക്കാര്‍ വന്നു പെട്ടിരിക്കുന്ന അബദ്ധ ധാരണകളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കേണ്ടതുണ്ട്. സമൂഹത്തിനുമുന്നില്‍ വസ്തുതകള്‍ മറനീക്കി അവതരിപ്പിക്കണം. 1921-ന്റെ നൂറാം വര്‍ഷം ആഘോഷിക്കാനും ആനന്ദിക്കാനും ഉള്ളതല്ല. എന്നാല്‍ അതില്‍ നിന്ന് പഠിക്കാനും അനുസ്മരിക്കാനും ഏറെയുണ്ട്. അവിടുത്തെ ഹിന്ദുക്കളുടെ പൈതൃകത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ജാതിവിവേചനങ്ങള്‍ ഇല്ലാതാക്കി ഹിന്ദുഐക്യം യാഥാര്‍ത്ഥ്യമാക്കണം. അന്ധവിശ്വാസങ്ങളും മത അസഹിഷ്ണുതയും വെടിഞ്ഞ് മുസ്ലിം സമൂഹം ബഹുസ്വരത സ്വീകരിക്കണം. ബലിദാനികളേയും സാമൂഹ്യ ഐക്യത്തിനു വേണ്ടി നിലകൊണ്ടവരെയും തിരിച്ചറിയേണ്ടതുണ്ട്. സാമൂഹിക ഐക്യം തകര്‍ത്ത ശക്തികളെയും അതിനെ വെള്ളപൂശാന്‍ ശ്രമിക്കുന്നവരെയും അതിനു വിടുപണി ചെയ്യുന്നവരെയും ഒറ്റപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

Share26TweetSendShare

Related Posts

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

സാവര്‍ക്കറുടെ വിപ്ലവ ആശയങ്ങള്‍

ഭാരതം പ്രതിരോധരംഗത്തെ അജയ്യശക്തി

സര്‍വ്വകലാശാല നിയമങ്ങളുടെ ഭേദഗതിയും ചുവപ്പുവത്കരണത്തിനുള്ള കുതന്ത്രങ്ങളും

നെഹ്‌റുവിന്റെ യോഗത്തിന് സംരക്ഷണം നല്‍കി ആർഎസ്എസ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

അര്‍ഹതപ്പെട്ട വിശേഷണം

സ്വാഗതാര്‍ഹമായ പ്രസ്താവന

നാ​ഗാസ്ത്രയും സ്കൈ സ്ട്രൈക്കറും സൈപ്രസ്സിലേക്ക്? തുര്‍ക്കിക്കുള്ള സന്ദേശമോ?

ഇസ്രായേൽ-ഇറാൻ സംഘർഷം : പൗരസുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികളുമായി ഭാരതം

വായനാവാരത്തിന് തുടക്കം

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്‌ഷ്യം അടിമത്ത മനോഭാവത്തില്‍ നിന്നുള്ള മോചനം- ധര്‍മ്മേന്ദ്ര പ്രധാന്‍

ലോകനേതൃത്വത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: എന്‍. ഇന്ദ്രസേന റെഡ്ഡി

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

എയർ ഇന്ത്യ വിമാനാപകടം ദാരുണവും ദൗർഭാഗ്യകരവുമായ സംഭവം: സുനിൽ ആംബേക്കർ

നയതന്ത്ര സിന്ദൂര്‍ തുടരുമ്പോള്‍….

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies