പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് പട്ടാളം ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞതോടെ പാകിസ്ഥാന്റെ ജനാധിപത്യ പ്രഹസനത്തിലെ ഒരു രംഗത്തിനു കൂടി തിരശ്ശീല വീണിരിക്കുകയാണ്. അവസാന നിമിഷം വരെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പട്ടാളത്തിന്റെ മുഷ്‌കിനു മുമ്പില്‍ ഇമ്രാന്റെ അടവുകളൊന്നും ഫലിച്ചില്ല. ഇതോടെ ഒരു മാസം നീണ്ടു നിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനും വിരാമമായി. പുതിയ പ്രധാനമന്ത്രിക്ക് പട്ടാളം എത്രകാലം അനുവദിക്കുമെന്നേ ഇനി അറിയാനുള്ളൂ. എന്തായാലും സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകാറായിട്ടും ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ പോലും സ്വാംശീകരിക്കാന്‍ പട്ടാളം പാകിസ്ഥാന്‍ ജനതയെ അനുവദിക്കുന്നില്ല എന്ന കാര്യം ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്.
ഇമ്രാന്‍ഖാനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ തന്നെ സൈന്യത്തിന് അദ്ദേഹം അനഭിമതനായി എന്ന കാര്യം വ്യക്തമായിരുന്നു.പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു നടത്താനുള്ള ഇമ്രാന്റെ ശ്രമത്തിന് സുപ്രീം കോടതിയുടെ അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രമേയം വോട്ടിനിടുകയായിരുന്നു. അവിശ്വാസ പ്രമേയം പാസായി മിനുട്ടുകള്‍ക്കകം ഇമ്രാന്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. അദ്ദേഹം രാജിവെക്കേണ്ടതില്ലെന്ന് മന്ത്രിസഭ ചേര്‍ന്ന് തീരുമാനമെടുത്തിരുന്നെങ്കിലും പട്ടാള മേധാവി ജാവേദ് ബവേജ, ഇമ്രാനുമായി കൂടിക്കാഴ്ച നടത്തുകയും പാര്‍ലമെന്റിനു പുറത്ത് സൈന്യം അണിനിരക്കുകയും ചെയ്തു. വോട്ടെടുപ്പ് സ്പീക്കര്‍ അനുവദിക്കാത്ത സാഹചര്യം വന്നപ്പോള്‍ സുപ്രീം കോടതി അര്‍ദ്ധരാത്രി പ്രത്യേക സിറ്റിംഗ് നടത്തിയാണ് പട്ടാളത്തിന്റെ ആഗ്രഹപ്രകാരമുള്ള നടപടികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കിയത്.
അവിശ്വാസ പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യയുടെ ജനാധിപത്യ കീഴ്‌വഴക്കവും ചര്‍ച്ചയായി എന്ന കാര്യം കൗതുകകരമാണ്. ഇന്ത്യയും പാകിസ്ഥാനും ഒരേ സമയത്താണ് സ്വാതന്ത്ര്യം നേടിയതെങ്കിലും വിദേശ ശക്തികള്‍ പാകിസ്ഥാനെ ഉപയോഗിച്ച ശേഷം കടലാസു പോലെ വലിച്ചെറിയുകയാണെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞു. ഇന്ത്യയെ പ്രകീര്‍ത്തിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്.’ആത്മാഭിമാനമുള്ള രാജ്യമാണ് ഇന്ത്യ.അതിനാല്‍ ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയോട് ഒന്നും കല്പിക്കാനാവില്ല. റഷ്യക്കെതിരായ നിലപാടെടുത്തില്ലെന്നു പറഞ്ഞ് യൂറോപ്യന്‍ യൂണിയന്‍ പാകിസ്ഥാനെ വിമര്‍ശിച്ചു. എന്നാല്‍ അവര്‍ക്ക് ഇന്ത്യയോട് ഈ നിലപാടെടുക്കാനായില്ല. ഉപരോധങ്ങളുണ്ടായിട്ടും റഷ്യയില്‍ നിന്ന് ഇന്ത്യ കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുകയാണ്. ആരും അവരോടൊന്നും പറയുന്നില്ല. ഒരു രാജ്യത്തിനും ഇന്ത്യയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താനോ അവരുടെ നയങ്ങള്‍ അടിച്ചേല്പിക്കാനോ കഴിയില്ല. ആത്മാഭിമാനം പാകിസ്ഥാന്‍ ഇന്ത്യയില്‍ നിന്ന് പഠിക്കണം.’ ഇമ്രാന്‍ഖാന്റെ പ്രസംഗത്തിനു മറുപടി പറഞ്ഞ പാകിസ്ഥാന്‍ മുസ്ലീം ലീഗ് നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകളുമായ മറിയം ഷരീഫ്, ഇന്ത്യയെ അത്രയേറെ ഇഷ്ടമാണെങ്കില്‍ ഇന്ത്യയിലേക്ക് പോകാനാണ് ഇമ്രാനോട് ആവശ്യപ്പെട്ടത്. ‘ഇന്ത്യക്കാരാരും ഇമ്രാനെ പോലെയല്ല. ഇന്ത്യയില്‍ പല പ്രധാനമന്ത്രിമാര്‍ക്കുമെതിരെ 27 അവിശ്വാസ പ്രമേയങ്ങള്‍ വന്നിട്ടുണ്ട്. ഒരാള്‍ പോലും ഭരണഘടന, ജനാധിപത്യം, ധാര്‍മികത ഇവയൊന്നും വിട്ടുകളിച്ചിട്ടില്ല. വെറും ഒരു വോട്ടിനാണ് അടല്‍ ബിഹാരി വാജ്‌പേയി അവിശ്വാസത്തില്‍ പരാജയപ്പെട്ട് വീട്ടിലേക്കു പോയത്. അദ്ദേഹം നിങ്ങളെ പോലെ രാജ്യത്തെയും ഭരണഘടനയെയും നോക്കുകുത്തിയാക്കുകയല്ല ചെയ്തത്.’ മറിയം നവാസ് പറഞ്ഞു. ആരോപണവും പ്രത്യാരോപണവും ആയിരുന്നെങ്കിലും രണ്ടു പേരുടെ വാക്കുകളിലും നിറഞ്ഞു നിന്നത് ഭാരതത്തിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധം തന്നെയാണ്.
പാകിസ്ഥാന്റെ പിറവി തന്നെ തെറ്റായ ഒരു ആശയത്തിന്റെ അടിസ്ഥാനത്തിലാണ്. ദേശീയതയുടെ മേല്‍ മതത്തെ അടിച്ചേല്പിച്ച് ഭാരതമെന്ന ചിരപുരാതന രാഷ്ട്രത്തെ വിഭജിച്ചതിന്റെ പാപഭാരമാണ് ഇന്ന് പാകിസ്ഥാന്‍ വഹിക്കുന്നത്. ആ രാജ്യത്തിന്റെ 75 വര്‍ഷക്കാലത്തെ ചരിത്രത്തില്‍ പകുതിയിലേറെ കാലവും പട്ടാള ഭരണത്തിലായിരുന്നു. ഇന്നേവരെ ഒരു പ്രധാനമന്ത്രിയും പാകിസ്ഥാനില്‍ അഞ്ചു വര്‍ഷത്തെ ഭരണ കാലാവധി തികച്ചിട്ടില്ല. ഭാരതമാകട്ടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി തുടരുന്നു. ആ രീതിയിലുള്ള ഒരു ആദരവ് ലോക രാജ്യങ്ങള്‍ ഭാരതത്തിനു നല്‍കിയിട്ടുമുണ്ട്. ഭാരതത്തിലും അടിയന്തരാവസ്ഥ പോലുള്ള ചില പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ചു കൊണ്ട് മുന്നോട്ടു പോകാന്‍ കഴിഞ്ഞത് ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ച നമ്മുടെ സംസ്‌കാരത്തിന്റെ മഹത്വം കൊണ്ടാണ്. മഹത്തായ ഈ സംസ്‌കാരത്തിലേക്കു മടങ്ങുകയല്ലാതെ പാകിസ്ഥാന്റെ മുന്നില്‍ മറ്റു പോംവഴികളൊന്നുമില്ല. ആര് അധികാരത്തില്‍ വന്നാലും തകര്‍ന്ന സമ്പദ് വ്യവസ്ഥ, ഭീകരരുടെ ഇടപെടല്‍, ആടിയുലഞ്ഞ നയതന്ത്ര ബന്ധങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് അവരെ കാത്തിരിക്കുന്നത്. കടവും നാണയപ്പെരുപ്പവും പാക് സമ്പദ് വ്യവസ്ഥയ്ക്ക് തലവേദനയായി നില്‍ക്കുന്നു. രാജ്യത്തെ കറന്‍സിയും തളര്‍ന്നിരിക്കുകയാണ്. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് മന്ദഗതിയിലാണ്. സൈന്യം നേരിട്ട് ഭരണം ഏറ്റെടുക്കാത്തതു പോലും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന് പറയപ്പെടുന്നുണ്ട്. ശ്രീലങ്കയെ പോലെ തകര്‍ന്നടിഞ്ഞില്ലെങ്കിലും അത്തരമൊരു സ്ഥിതി പാകിസ്ഥാനിലും ഉണ്ടാകുമോയെന്ന് അവിടത്തെ ജനങ്ങള്‍ ഭയപ്പെടുന്നുമുണ്ട്.
ജനാധിപത്യ മൂല്യങ്ങളുടെ കാര്യത്തിലായാലും സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തിലായാലും ഭാരതം അയല്‍ രാജ്യങ്ങളേക്കാള്‍ എത്രയോ മുന്‍പന്തിയിലാണ്. എന്നിട്ടും ഇതൊന്നും ശരിയായി കാണാന്‍ തയ്യാറാകാതെ ഭാരതത്തില്‍ ഫാസിസ്റ്റ് ഭരണമാണെന്നു പ്രചരിപ്പിക്കുന്ന കപട ബുദ്ധിജീവികളും ഒരു വിഭാഗം രാഷ്ട്രീയക്കാരും മാധ്യമങ്ങളുമാണ് ഇവിടെയുള്ളത്. ഫാസിസമെത്തിയോ ഇല്ലയോ എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ തന്നെ വലിയ അഭിപ്രായ വ്യത്യാസങ്ങളാണ്. കുപ്രചാരണങ്ങള്‍ എന്തൊക്കെയായാലും ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുകയും രാഷ്ട്രത്തിന്റെ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുന്ന ഒരു ഭരണകൂടമാണ് ഭാരതത്തിലുള്ളത്. പാകിസ്ഥാനിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ഇത്തരം കുപ്രചരണക്കാരുടെ തനിനിറം പുറത്തു കൊണ്ടുവരാന്‍ സഹായകമാണ് എന്നു കൂടി മനസ്സിലാക്കാം.