കൊന്ന പൂക്കുന്നു കുംഭത്തില്‍
തന്നെയെന്തിതു കാലമേ …
നിനക്കും വേഗമേറുന്നോ
ഞങ്ങളെപ്പോലെ മണ്ണിതില്‍
ഓടിടാതിനി വയ്യല്ലോ
ഞങ്ങള്‍ മര്‍ത്യര്‍ക്കു ഭൂവിതില്‍
തൊട്ടടുത്തെത്തി നില്‍ക്കുന്നു
തൊട്ടുതോല്‍പ്പിയ്ക്കുവാനൊരാള്‍
കണ്ണുപൊത്തിക്കളിക്കുന്നോ-
നുണ്ടുപിന്നാലെ എപ്പൊഴും
ശ്യാമ രൂപനൊരാളെന്റെ
നിഴലായുണ്ടുതോഴനായ്
തൊട്ടു തോല്‍പ്പിച്ചു പോയെന്നാല്‍
ഇല്ല പിന്നെ കളിക്കു ഞാന്‍
അതിനാല്‍ വേഗമോടുന്നു
ജീവിതാസക്തിയോടിവന്‍
വേര്‍പ്പിനുപ്പു നുണച്ചെത്തും
കാറ്റു വന്നു കഥിച്ചു പോയ്
മീനമൊന്നു കഴിഞ്ഞോട്ടെ
മേട മേകും വിഷുക്കണി
കത്തുമീ മീന സൂര്യന്നും
അപ്പുറത്തെന്‍ വിഷുക്കണി
കാത്തിരിപ്പുണ്ടതെന്നല്ലോ..
ജീവിതത്തിന്‍ പ്രതീക്ഷകള്‍
കണിവെള്ളരി തങ്കത്തിന്‍
നിധിപോല്‍ മുന്നിലെത്തുമോ
പീലി ചൂടിയ മേഘത്തിന്‍
കുഞ്ഞു മണ്ണിലിറങ്ങുമോ..
മഞ്ഞ ചുറ്റിയ വാനത്തിന്‍
ചോട്ടില്‍ മത്താപ്പു മാതിരി
കൊന്നപൂത്തു നിറഞ്ഞെന്നോ…
ബാല്യ സ്വപ്നങ്ങളെന്ന പോല്‍
ജീവിതാശയിതേ മട്ടില്‍
കണിവച്ചുവിളിയ്ക്കയായ്…
പുലരിച്ചന്തമോടെന്നെ
നിറ കൈ നീട്ടമേകുവാന്‍…
പിന്നിലോടി ഒരാളെന്നെ
തൊട്ടു തോല്‍പ്പിക്കുമെങ്കിലും
ഓട്ടമൊട്ടിട നിര്‍ത്തട്ടെ
കണികാണട്ടെന്റെ ഭാവിയെ..!