വഴി ഒരു പ്രതീകമാണ്. ജീവജാലങ്ങളുടെ സഞ്ചാരം രൂപപ്പെടുത്തുന്ന വഴികള്‍ പ്രയാണ ദൂരത്തേയും പ്രവേഗങ്ങളെയും ഒക്കെ അടയാളപ്പെടുത്തുന്നു. കാടിനും നാടിനും അതിന്റേതായ വഴി നിയമങ്ങള്‍ ഉണ്ട്. ഇര തേടിയും ഇണ തേടിയും കാട്ടില്‍ ആനകള്‍ കാതങ്ങള്‍ സഞ്ചരിക്കാറുണ്ട്. ഏറ്റവും സുഗമവും സുരക്ഷിതവുമെന്ന് അവയ്ക്കു തോന്നുന്ന വഴികളില്‍ ആനത്തലമുറകള്‍ തന്നെ സഞ്ചരിക്കുന്നുണ്ടാവും. മനഷ്യന്‍ ഇതിന് ആനത്താരകള്‍ എന്നു പറഞ്ഞു. മനുഷ്യന്റെ നാഗരിക നിര്‍മ്മിതികളില്‍ താരകള്‍ മുറിഞ്ഞ ആനകള്‍ ചരിത്രത്തിലേയ്ക്ക് അതിന്റെ പിന്‍മടക്കം ആരംഭിച്ചിരിക്കുകയാണ്. ഉറുമ്പു മുതല്‍ നീലത്തിമിംഗലം വരെ എല്ലാ ജീവജാലങ്ങള്‍ക്കും ഇതു പോലെ സഞ്ചാരപഥങ്ങള്‍ ഉണ്ട്. ആ സഞ്ചാരപഥങ്ങളിലെല്ലാം മനുഷ്യന്റെ നാഗരിക നിര്‍മ്മിതികള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഭൂമിയിലെ ജൈവ ജാലങ്ങള്‍ തിരോഭാവത്തിന്റെ അഴിമുഖങ്ങളിലേയ്ക്ക് അന്ത്യയാത്രക്ക് ഒരുങ്ങുകയായി.
ജൈവ പരിണാമത്തിന്റെ ഗിരി മകുടങ്ങള്‍ താണ്ടിയ മനുഷ്യന്‍ ജീവിവര്‍ഗ്ഗങ്ങളുടെ അധിപതിയായി മാറിയിരിക്കുകയാണ്. ബുദ്ധിയുടെയും യുക്തിബോധത്തിന്റെയും വികാസമാണ് മനുഷ്യനെ പ്രഥമ സ്ഥാനീയനാക്കുന്നത്. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സഹായത്താല്‍ ഗോളാന്തരങ്ങള്‍ താണ്ടിയ മനുഷ്യന്‍ കാലത്തെയും സമയത്തെയും ദൂരത്തെയും അതിജയിക്കാനുള്ള പരിശ്രമത്തിലായിരുന്നു എല്ലാ കാലത്തും. ഒറ്റയടി പാതകളില്‍ നഗ്‌നപാദനായി നടന്ന ആദിമാനവനില്‍ നിന്ന് ഗോളാന്തരങ്ങള്‍ താണ്ടുന്ന ആധുനിക മാനവനിലേയ്ക്കുള്ള ദൂരത്തിന്റെ പേരാണ് പുരോഗതി. എന്നാല്‍ പുരോഗതിയുടെ പ്രവേഗം അനിയന്ത്രിതമാകുന്ന സാഹചര്യത്തില്‍ മനുഷ്യന്‍ മാത്രമല്ല ജീവവര്‍ഗ്ഗമാകെ അപ്രതീക്ഷിതമായ പ്രതിസന്ധികളില്‍ തട്ടി തകര്‍ന്നു പോയേക്കാം എന്ന അപകട സൂചനയാണ് ലോകത്തെല്ലായിടത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അത്തരമൊരു അപായസൂചന പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറെ ഓരത്ത് നീണ്ടു മെലിഞ്ഞു കിടക്കുന്ന നമ്മുടെ കേരളത്തെ തുറിച്ചു നോക്കാന്‍ തുടങ്ങിയിരിക്കുന്നു. വികസനത്തിന്റെ വിശാലപാതകളും ആകാശ കടല്‍ പാതകളും തീവണ്ടി മാര്‍ഗ്ഗങ്ങളും എല്ലാം ഉണ്ടായിട്ടും വേഗത പോരെന്ന തോന്നല്‍ കൊണ്ടൊന്നുമല്ല കേരളത്തെ തെക്കുവടക്ക് നെടുകെ പിളര്‍ന്നു കൊണ്ട് കെ-റെയില്‍ പണിയാന്‍ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നത്. ഭരണം ഉപജീവനമാര്‍ഗ്ഗമാക്കി മാറ്റിയ ടെക്‌നോബ്യൂറോക്രാറ്റിക്ക് അച്ചുതണ്ടിന്റെ അജണ്ടയാണ് കെ-റെയിലെന്ന് മണ്ഡരി ബാധിക്കാത്ത തലച്ചോറുകള്‍ ആവര്‍ത്തിച്ച് പറഞ്ഞുറപ്പിക്കുന്നു. ഒരു കാലത്ത് ഭാരതത്തിന്റെ മുഖ്യ പ്രതിപക്ഷമായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് ആളും ആരവവും ഒഴിഞ്ഞ ഉത്സവ പിറ്റേന്നിന്റെ ഓര്‍മ്മകളുമായി കേരളമെന്ന കൊച്ചു തുരുത്തില്‍ ദിനങ്ങളെണ്ണി കഴിയുകയാണ്. ആയിരക്കണക്കിനു വരുന്ന പാര്‍ട്ടി മുഴുവന്‍ സമയ പ്രവര്‍ത്തകരുടെ ശമ്പളവും തിരഞ്ഞെടുപ്പ് ചിലവുകളും ഒക്കെ നോക്കി നടത്താന്‍ ആവശ്യമായ കോടികള്‍ എളുപ്പവഴിയില്‍ കണ്ടെത്താനുള്ള കുറുക്കുവഴിയാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ സംബന്ധിച്ച് കെ-റെയില്‍. തത്ത്വദീക്ഷയില്ലാത്ത പ്രകൃതി ചൂഷണം കൊണ്ട് മരുഭൂമിയായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ മരണമണി മുഴക്കിയാവും കെ-റെയില്‍ കടന്നുവരുക. കേരളത്തിന്റെ തെക്കുവടക്ക് 530 കിലോമീറ്റര്‍ നീളത്തില്‍ അതിവേഗ തീവണ്ടിപ്പാത തീര്‍ക്കുമ്പോള്‍ കെട്ടിഉയര്‍ത്തുന്ന സംരക്ഷണ മതിലുകളില്‍ തടയപ്പെടുന്ന പ്രളയകാല ജലപ്രവാഹം കേരളത്തെ മൊത്തത്തില്‍ ഒരു ജലബോംബാക്കി മാറ്റുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. 2018ലെ മഹാപ്രളയത്തിന്റെ ഓര്‍മ്മകള്‍ അസ്തമിച്ചിട്ടില്ലാത്തവര്‍ക്ക് കെ-റെയില്‍ ഉണ്ടാക്കാന്‍ പോകുന്ന ജലദുരന്തത്തിന്റെ ഭീഷണി മനസ്സിലാകും. കേരളമെന്ന സംസ്ഥാനത്തിലെ ഓരോ പൗരനും ഇന്ന് ഒരു ലക്ഷത്തിനു മേലെ കടം ഭരണകൂടങ്ങള്‍ വരുത്തി വച്ചിട്ടുണ്ട്. രണ്ടു ലക്ഷം കോടി ചെലവു പ്രതീക്ഷിക്കുന്ന, 1250 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്ന, ഇരുപതിനായിരത്തില്‍പരം കുടുംബങ്ങളെ കുടിയിറക്കേണ്ടി വരുന്ന കെ.റെയില്‍ പദ്ധതി കേരളത്തിന്റെ പാരിസ്ഥിതിക മേഖലയിലുണ്ടാക്കാന്‍ പോകുന്ന പരിക്കുകള്‍ എത്രയെന്ന് ഊഹിക്കാന്‍ പോലുമായിട്ടില്ല. കണ്ണൂരില്‍ മാടായിപ്പാറയിലെ അപൂര്‍വ്വ സസ്യ ജൈവലോകത്തെ ഇങ്ങിനിവരാത്തവണ്ണം കോരി മാറ്റി, ജൈവ വൈവിദ്ധ്യ പൈതൃക പാര്‍ക്കുകള്‍ മുടിച്ച്, കടലുണ്ടിയിലെ കണ്ടല്‍കാടും അവയിലെ ദേശാടന കിളികളെയും വിസ്മൃതിയിലാക്കി, തൃശ്ശൂരിലെ കോള്‍പാടങ്ങള്‍ മണ്ണിട്ടു നികത്തി, എണ്‍പത്തെട്ട് കിലോമീറ്റര്‍ നെല്‍പാടങ്ങളെ കശക്കി എറിഞ്ഞു വരുന്ന സില്‍വര്‍ ലൈന്‍ മലയാളക്കരയുടെ ജൈവ വൈവിദ്ധ്യത്തിനു മേലെ ഭരണകൂടം സമര്‍പ്പിക്കുന്ന ശവക്കച്ചയായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കണിവെള്ളരി കായ്ച്ച പാടങ്ങളും കണിക്കൊന്ന പൂത്ത വഴികളുമൊക്കെ ഇപ്പോള്‍ തന്നെ ഗൃഹാതുര ഓര്‍മ്മകള്‍ മാത്രമായി മാറിയ മലയാളിക്ക് ജൈവ ബന്ധമുള്ള തിരുവോണവും മേടവിഷുവും തിരുവാതിരയും കേട്ടു പഴകിയ മുത്തശ്ശിക്കഥയായി മാറാതിരിക്കാന്‍ ഭരണകൂടത്തിന്റെ ജനവിരുദ്ധ, പരിസ്ഥിതി വിരുദ്ധ വികസനവാദങ്ങളെ പൊരുതി തോല്‍പ്പിക്കാം. ഈ മേടവിഷുവിന്റെ കണിക്കാഴ്ചയില്‍ നിന്നും പരിസ്ഥിതി പരിപാലനത്തിലൂടെ നവകേരളമെന്ന സ്വപ്‌നം നെയ്‌തെടുക്കാം…! എല്ലാ വായനക്കാര്‍ക്കും കേസരിയുടെ വിഷു ആശംസകള്‍
ഡോ.എന്‍.ആര്‍.മധു
(മുഖ്യപത്രാധിപര്‍)