രാഷ്ട്രീയം ഈ പംക്തിയുടെ വിഷയമല്ല. എങ്കിലും മാതൃഭൂമി (മാര്‍ച്ച് 27)യിലെ രാമചന്ദ്രഗുഹയുടെയും എസ്.ഗോപാലകൃഷ്ണന്റെയും ലേഖനങ്ങള്‍ വായിക്കുമ്പോള്‍ അതിനോടു പ്രതികരിക്കാതെ വയ്യ. ഒരു മാധ്യമത്തിന് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടു കൂറുണ്ടാകുന്നത് ഒരു കുറ്റമല്ല. എന്നാല്‍ ആ കൂറിനും ഒരു ധാര്‍മികതയൊക്കെ ഉണ്ടാകണം. മാതൃഭൂമി ഏതെങ്കിലും പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമല്ല. അതിന്റെ വായനക്കാര്‍ എല്ലാ രാഷ്ട്രീയത്തിലും പെട്ടവരാണ്. അതിനാല്‍ തന്നെ എല്ലാത്തരം എഴുത്തുകളും അതില്‍ ഉള്‍പ്പെടുത്താന്‍ ആ മാധ്യമസ്ഥാപനത്തിന് ബാധ്യതയുണ്ട്. രാമചന്ദ്രഗുഹയെപ്പോലെ കടുത്ത രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്ന ഒരാള്‍ക്ക് ഒരു കോളം അനുവദിക്കുന്നതിലൂടെ ഈ പ്രസിദ്ധീകരണം കുറച്ചൊക്കെ അവരുടെ നിലപാടു വ്യക്തമാക്കുന്നുണ്ട്. രാജ്യസ്‌നേഹികളായ ഒരു പറ്റം മനുഷ്യര്‍ ആരംഭിച്ചതാണ് മാതൃഭൂമിയെന്ന കാര്യം അതിന്റെ ഇപ്പോഴത്തെ മാനേജ്‌മെന്റ് വല്ലപ്പോഴുമെങ്കിലും ഓര്‍ക്കുന്നതു നന്നായിരിക്കും.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനെ വിലയിരുത്തി ഗുഹയും ഗോപാലകൃഷ്ണനും നടത്തുന്ന വിശകലനങ്ങള്‍ക്ക് വസ്തുനിഷ്ഠതയോ ധാര്‍മികതയോ ശാസ്ത്രീയതയോയില്ല. ബിജെപി എന്ന രാഷ്ട്രീയ കക്ഷിയോടുള്ള അന്ധമായ ശത്രുത മാത്രമാണ് അവരുടെ എഴുത്തില്‍ കാണാന്‍ കഴിയുന്നത്. ഗുഹ എഴുതുന്ന ‘നുണകള്‍’ വായിക്കുമ്പോള്‍ നമുക്കദ്ദേഹത്തോടു സഹതാപമാണ് തോന്നുന്നത്. വിദ്യാസമ്പന്നനായ ഒരാള്‍ വസ്തുതകള്‍ക്കു നിരക്കാത്ത ഇത്തരം നുണകള്‍ പ്രചരിപ്പിക്കാമോ? ഇത്രയും അധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു മനുഷ്യന് എങ്ങനെയാണ് സാധ്യമാവുക. നുണകള്‍കൊണ്ടു മാത്രം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വളര്‍ച്ചയെ തടയാനാവുമോ? സോഷ്യല്‍ മീഡിയ സജീവമായ ഇക്കാലത്ത് വസ്തുതകള്‍ മനസ്സിലാക്കാന്‍ ജനങ്ങള്‍ക്കു ധാരാളം മാര്‍ഗങ്ങളുണ്ട്. അവര്‍ക്കു ഗുഹയുടെ നുണകളെ ആശ്രയിക്കേണ്ട ആവശ്യമില്ല. മോദി അധികാരത്തില്‍ വന്നശേഷം ഇന്ത്യയുടെ ലോകപദവിയിടിഞ്ഞു എന്നെഴുതിയാല്‍ സോണിയാഗാന്ധി പോലും ഉള്ളില്‍ ചിരിക്കും. ഇന്ത്യ എന്നൊരു രാജ്യമുണ്ടെന്ന് ലോകം അറിഞ്ഞു തുടങ്ങിയത് ഇപ്പോള്‍ മാത്രമാണെന്നത് ചെറിയ കുട്ടികള്‍ക്കുപോലും അറിയാവുന്ന വസ്തുതയാണ്.
അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപി എന്തുകൊണ്ടു ജയിച്ചു? തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭാരതീയ ജനതാപാര്‍ട്ടി എന്തുകൊണ്ടു വളരുന്നു? ഇക്കാര്യങ്ങളെ വസ്തുനിഷ്ഠമായി പരിശോധിക്കാതെ വൈകാരികമായി നുണകള്‍ പ്രചരിപ്പിക്കാനാണ് രണ്ടു ലേഖകരും ശ്രമിക്കുന്നത്. അഖിലേഷ് യാദവിനെപ്പോലെ ജാതിവാദിയും രാഷ്ട്രീയമാന്യതയില്ലാത്ത, കടുത്ത അഴിമതിക്കാരനുമായ ഒരാളെ ബിജെപി വിരോധം കൊണ്ടു മാത്രം പുകഴ്ത്താമോ? അഖിലേഷ് വോട്ട് ശതമാനം വര്‍ദ്ധിപ്പിച്ചതിനെക്കുറിച്ച് ഗോപാലകൃഷ്ണന്‍ രോമാഞ്ചത്തോടെയാണ് എഴുതുന്നത്! രാഷ്ട്രീയ വിശകലനം നടത്തുന്ന ഒരു ലേഖകന്‍ അങ്ങനെയാണോ ചെയ്യേണ്ടത്? കോണ്‍ഗ്രസ്സുകാര്‍ ആരംഭിച്ച മാതൃഭൂമി കോണ്‍ഗ്രസ്സിനെ അനുകൂലിച്ചാല്‍ അതിനെ കുറ്റപ്പെടുത്താനാവില്ല. എന്നിരിക്കിലും അതിന് ഉപയോഗിക്കുന്ന വസ്തുതകളില്‍ സത്യത്തിന്റെ അംശം ഉണ്ടായിരിക്കണം.
എന്തുകൊണ്ട് ബിജെപി വളരുന്നു എന്നതിന്റെ ഉത്തരം കണ്ടെത്താന്‍ നമ്മള്‍ സഞ്ചരിക്കേണ്ടത് ഗാന്ധിജിയിലേക്കാണ്. ഗാന്ധിജി ഏഴു പാപങ്ങളെക്കുറിച്ച് പറയുകയുണ്ടായി. അവ ഇതൊക്കെയാണ്. (1) ജോലി ചെയ്യാതെയുള്ള സമ്പത്ത് (2) വിവേകമില്ലാത്ത സന്തോഷം (3) തത്വനിഷ്ഠയില്ലാത്ത ശാസ്ത്രം (4) സ്വഭാവമില്ലാത്ത ജ്ഞാനം (5) ആദര്‍ശരഹിതമായ രാഷ്ട്രീയം (6) ധാര്‍മ്മികതയില്ലാത്ത വ്യാപാരം (7) സമര്‍പ്പണമില്ലാത്ത ആരാധന.
ഗാന്ധിജി സൂചിപ്പിച്ച തിന്മകളിലൂടെ സഞ്ചരിക്കുന്നതാണ് ഇന്നത്തെ ലോകത്തിന്റെ പ്രശ്‌നം. അതൊക്കെ വിശദമായി ഇവിടെ ചര്‍ച്ചചെയ്യുന്നില്ല. എന്നാല്‍ അതില്‍ അഞ്ചാമത്തെ തിന്മയായ ‘ആദര്‍ശരഹിതമായ രാഷ്ട്രീയം’ അതാണ് ഇവിടെ പ്രസക്തമാകുന്നത്. ബിജെപി ഒരു ആദര്‍ശത്തെ പൂര്‍ത്തീകരിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു. അതിനെ എതിര്‍ക്കുന്നവര്‍ക്കു മുമ്പോട്ടു വയ്ക്കാന്‍ ഒരു ആദര്‍ശമോ അതിനോട് ആത്മാര്‍ത്ഥതയോ ഇല്ല. ബി.ജെ.പി. വിരുദ്ധരെന്ന് അവകാശപ്പെടുന്നവര്‍ പലപ്പോഴും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത് ‘മതേതരത്വം’ എന്ന ആശയമാണ്. എന്നാല്‍ അവര്‍ക്ക് അതിനോടു ഒരുവിധത്തിലുമുള്ള ആത്മാര്‍ത്ഥതയുമില്ല. സ്വന്തം തട്ടകങ്ങളില്‍ ക്ഷീണം സംഭവിക്കുമ്പോള്‍ ബിജെപിയോടു കൂട്ടുകൂടുകയും ബിജെപി വളരുന്നുവെന്നു കാണുമ്പോള്‍ മാത്രം മതേതരത്വം പ്രസംഗിക്കുകയും ഭൂരിപക്ഷ ജാതികളെയും വിഭാഗങ്ങളെയും മാറിമാറി പ്രീണിപ്പിക്കുകയും ചെയ്യുന്ന ഈ പാര്‍ട്ടികള്‍ക്കൊന്നും ഒരു ബദല്‍ സൃഷ്ടിക്കാനാവില്ല.
ബിജെപിയുടെ ഇന്നത്തെ വളര്‍ച്ച ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന തെറ്റായ വിലയിരുത്തലാണ് ഇന്ത്യയിലെ രാഷ്ട്രീയ ലേഖകരെല്ലാം നടത്തുന്നത്. ആ തെറ്റു തന്നെ ഗുഹയും ഗോപാലകൃഷ്ണനും ആവര്‍ത്തിക്കുന്നു. ആദര്‍ശരഹിതമായ അഴിമതിയില്‍ മുങ്ങിയ പ്രതിപക്ഷകക്ഷികളെ മടുത്തതിനാലാണ് ആദര്‍ശമൂര്‍ത്തികളായ മോദി, യോഗി തുടങ്ങിയ നേതാക്കളെ മുന്‍നിര്‍ത്തുന്ന ബിജെപിയിലേയ്ക്ക് ജനം തിരിഞ്ഞത്. കഴിഞ്ഞ എഴുപതുവര്‍ഷം കൊണ്ട് ഉത്തര്‍പ്രദേശ് കൈവരിച്ച നേട്ടങ്ങളേക്കാള്‍ കൂടുതലാണ് അഞ്ചുവര്‍ഷം കൊണ്ടു യോഗി ആ സംസ്ഥാനത്തിലുണ്ടാക്കിയത്. അക്കാര്യങ്ങള്‍ തുറന്നു സമ്മതിക്കാതെ മതരാഷ്ട്രീയം കൊണ്ടു മാത്രമാണ് യോഗി ജയിച്ചു കയറിയത് എന്ന് വിലയിരുത്തുന്നത് അബദ്ധമാണ്. മതത്തേക്കാള്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്ന ജാതി ഉപയോഗിക്കുന്ന എസ്.പി. എന്തുകൊണ്ട് ജയിച്ചില്ല. ‘MY’ എന്ന മുദ്രവാക്യം (മുസ്ലിം യാദവ) ഉയര്‍ത്തുന്ന അഖിലേഷിന് ജനസംഖ്യയുടെ 20% വരുന്ന മുസ്ലിങ്ങളുടെയും 10% വരുന്ന യാദവരുടെയും മാത്രം പിന്‍തുണ മതി ഒരു ചതുഷ്‌കോണ മത്സരത്തില്‍ ജയിക്കാന്‍. ഇത്തവണ ജാട്ടുകളുടെ ജാതിപാര്‍ട്ടിയും മറ്റു ചില ചെറിയ ജാതിപ്പാര്‍ട്ടികളും അഖിലേഷിനോടൊപ്പം ഉണ്ടായിരുന്നുതാനും. എന്നിട്ടും ജയിക്കാനാകാത്തത് ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന ഒരു വലിയ വിഭാഗം യുപിയില്‍ ഉണ്ട് എന്നതുകൊണ്ടാണ്.
ബി.ജെ.പിയെ നേരിടാന്‍ പ്രതിപക്ഷത്തിനു കഴിയണമെങ്കില്‍ ആദര്‍ശധീരരായ നേതാക്കളെ മുന്‍നിര്‍ത്തുന്ന പാര്‍ട്ടികള്‍ ഉണ്ടായാലേ മതിയാകൂ. അതിന് കഴുത്തറ്റം അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന അഖിലേഷിനോ മമതയ്‌ക്കോ പിണറായി വിജയനോ ഒന്നും കഴിയില്ല. മത-ജാതി വിഭാഗീയതകള്‍ സൃഷ്ടിച്ച് കുറച്ചുകാലം പിടിച്ചു നില്‍ക്കാനാവും എന്നല്ലാതെ വലിയ വിജയം സ്ഥിരമായി ആവര്‍ത്തിക്കാനാവില്ല. നേതാക്കള്‍ സ്വന്തം കുടുംബത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവരാണെന്ന സത്യം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ജാതിയും മതവും ഒന്നും രക്ഷിച്ചെന്നുവരില്ല. മുലായത്തിനും അഖിലേഷിനും പിണറായിക്കുമൊക്കെ അതാണു സംഭവിക്കുന്നത്. മമത നിരക്ഷരരായ മുസ്ലീങ്ങളെ ഇളക്കിവിട്ട് ബംഗാളില്‍ ഭരണം നിലനിര്‍ത്തുന്നു. കേരളത്തില്‍ പിണറായിയും ആ തന്ത്രമാണ് പയറ്റുന്നത്. പക്ഷെ അതൊന്നും ശാശ്വതമായി വിജയിക്കുകയില്ല. കാപട്യം ആ വിഭാഗങ്ങള്‍ തിരിച്ചറിയുന്നതോടെ സാമ്രാജ്യങ്ങള്‍ തകരും.
മാതൃഭൂമിയില്‍ മൂന്നു കവിതകളുണ്ട്. മൂന്നും പരാമര്‍ശം അര്‍ഹിക്കുന്നവയല്ല. വിജയലക്ഷ്മി, ശ്രീകുമാര്‍ കരിയാട്, അസീം താന്നിമൂട് എന്നിവരാണു കവികള്‍. മൂന്നിലും ചില നിരീക്ഷണങ്ങളൊക്കെയുണ്ടെങ്കിലും വ്യക്തമാക്കപ്പെടുന്ന ഒരു കേന്ദ്രാശയത്തിന്റെ അഭാവം പാരായണത്തെ നിരുത്സാഹപ്പെടുത്തുന്നു. കേവല നിരീക്ഷണങ്ങള്‍, ധ്വനികള്‍ ഇവ മാത്രം കൊണ്ടു കവിത ശ്രദ്ധേയമാകില്ല. അതില്‍ ഒരു കേന്ദ്രാശയം ഉണ്ടായിരിക്കുകയും അതിനു ക്രമാനുഗതമായ വികാസം ഉണ്ടാവുകയും വേണം. കവിതയുടെ ‘ക്രാഫ്റ്റ്’ എങ്ങനെയാണെന്ന് സൂക്ഷ്മമായി അന്വേഷിക്കാത്തവരാണ് പുതുകവികളില്‍ പലരും. കുറച്ചു പ്രകൃതിസ്‌നേഹം, സ്ത്രീശാക്തീകരണം, മതേതരത്വം ഇതൊക്കെ കൂട്ടിച്ചേര്‍ത്തു വച്ചാല്‍ കവിതയാകില്ല. കവിത സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്ന ഒരു ഭാവഖണ്ഡമായിരിക്കണം. അതിലെ വൈകാരികതയെ അനുഭൂതിതലത്തിലേയ്ക്കു വികസിപ്പിക്കാന്‍ കഴിയണം. അതിനു കഴിഞ്ഞില്ലെങ്കില്‍ ഒറ്റ വായനയില്‍ കവിതയുടെ കഥ കഴിയും.
കലാകൗമുദിയില്‍ (മാര്‍ച്ച് 20-27) ഇത്തവണ മൂന്നു കവിതകളേയുള്ളൂ എന്നു നമുക്ക് ആശ്വസിക്കാം. എല്ലാ പ്രാവശ്യവും പത്തും പതിനഞ്ചും രചനകള്‍ കവിതയെന്ന പേരില്‍ ഈ വാരിക നല്‍കാറുണ്ട്. ഒന്നുപോലും നമ്മുടെ ആസ്വാദനത്തെ തൃപ്തിപ്പെടുത്താനുതകുന്നവയല്ല. അത്തരം എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നതു കൊണ്ട് എന്തു പ്രയോജനമാണുള്ളത്. മെച്ചപ്പെട്ട രചനകളെ മറ്റു പരിഗണനകളൊന്നും കൂടാതെ പ്രോത്സാഹിപ്പിക്കുകയാണു പ്രസിദ്ധീകരണങ്ങള്‍ ചെയ്യേണ്ടത്. കവിതയെക്കുറിച്ച് ധാരണയുള്ളവരെ പത്രാധിപ സമിതിയില്‍ ഉള്‍പ്പെടുത്തി അവരെക്കൊണ്ടു കവിത പരിശോധിപ്പിക്കുകയും അതില്‍ നിന്നും മെച്ചപ്പെട്ട ചിലതുമാത്രം ഉള്‍പ്പെടുത്തുകയും അത്തരം സൃഷ്ടികളുടെ രചയിതാക്കള്‍ക്കു ഒരു പ്രോത്സാഹനമായി എന്തെങ്കിലും ചെറിയ പ്രതിഫലം നല്‍കുകയും വേണം. എഴുത്തുകൊണ്ടു മാത്രം ഒരാള്‍ക്ക് ഇന്നത്തെ കേരളത്തില്‍ ജീവിക്കാനാകില്ല. ആ സ്ഥിതിക്കു മാറ്റം വരണം. മറ്റു പല രാജ്യങ്ങളിലും എഴുത്ത് ജീവിതോപാധി കൂടിയാണ്. ഇവിടെ അതൊരിക്കലും സാധ്യമല്ലാതായിരിക്കുന്നു. മറ്റു തൊഴിലുകളുള്ളവരുടെ വിനോദം മാത്രമാണ് കേരളത്തില്‍ സാഹിത്യം. സാഹിത്യം വെറും വിനോദമല്ല. അത്യന്തം ഗൗരവമുള്ള ആത്മീയമായ ഒരു കര്‍മമാണതെന്ന് എഴുത്തുകാരനും പ്രസാധകനും തിരിച്ചറിയണം.
കലാകൗമുദിയിലെ കവിത, ‘ഏകതാര ഉന്മാദിയാകുന്ന ബാവുള്‍രാവ്’, രാജേഷ് പനയന്തട്ട എന്ന കവിയുടേതാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഇതേവിഷയത്തില്‍ വന്ന കവിതയെക്കുറിച്ച് ഈ പംക്തിയില്‍ എഴുതേണ്ടി വന്നിരുന്നു. അന്നു സൂചിപ്പിച്ച കവിത പാര്‍വ്വതി ബാവുള്‍നെക്കുറിച്ചാണെങ്കില്‍ രാജേഷിന്റേത് ബാവുള്‍ സംഗീതത്തെക്കുറിച്ചു തന്നെയാണ്. മുന്‍പ് പരാമര്‍ശിച്ച കവിതയുമായി ഈ കവിതയ്ക്കു സാദൃശ്യമൊന്നുമില്ല. തികച്ചും വ്യത്യസ്തമായ എഴുത്ത്. ബാവുള്‍ സംഗീതത്തില്‍ കവി കേള്‍ക്കുന്നത് ‘വ്രീളയറ്റ രതിലയ നാദങ്ങ’ളാണ്. ബാവുള്‍ ഗാനത്തില്‍ കവി വീണസ്തമിക്കുകയാണത്രേ! ബാവുള്‍ സംഗീതം ഈ ലേഖകനും കേട്ടിട്ടുണ്ട്. കവിയെപ്പോലെ അതില്‍ താദാത്മ്യം പ്രാപിക്കാനായിട്ടില്ല എന്നതില്‍ ഖിന്നത തോന്നുന്നു. ഡോക്ടര്‍ ബാലമുരളീ കൃഷ്ണയുടെ കച്ചേരി കേട്ടപ്പോഴോ അംജദ് അലിഖാന്റെ സരോദ് വാദനം കേട്ടപ്പോഴോ ഉണ്ടായ ആനന്ദം ബാവുള്‍ സംഗീതത്തില്‍ നിന്നും ഉണ്ടായില്ല. കൂടുതല്‍ ശ്രദ്ധിച്ചിട്ടില്ലാത്തതിനാലാവാം. ഇനി കൂടുതല്‍ സമര്‍പ്പണത്തോടെ കേള്‍ക്കാന്‍ ശ്രമിക്കാം. രാജേഷ് പനയന്തട്ട എഴുതും പോലെ ഒരു കവിത എഴുതാന്‍ കഴിഞ്ഞെങ്കിലോ!
ഷെയ്ന്‍വോണ്‍ ഒരു മാന്ത്രിക സ്പിന്നര്‍ ആയിരുന്നു. ക്രിക്കറ്റിനോടു വലിയ താല്പര്യമില്ലെങ്കിലും ഇന്ത്യന്‍ ടീം കളിക്കുമ്പോള്‍ പലപ്പോഴും ഔത്സുക്യത്തോടെ കളി കണ്ടിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ ഷെയ്ന്‍ വോണിന്റെ ബൗളിങ് കണ്ട് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. മറഡോണയുടെയും പെലെയുടെയും ഫുട്‌ബോളും സച്ചിന്റെ ക്രിക്കറ്റും മക്കന്‍ റോയുടെ ടെന്നിസും മുഹമ്മദാലിയുടെ ബോക്‌സിങ്ങും സെര്‍ജി ബൂബ്ക്കയുടെ പോള്‍വോള്‍ട്ടും ധ്യാന്‍ചന്ദിന്റെ ഹോക്കിയും ഹുസൈന്‍ ബോള്‍ട്ടിന്റെ ഓട്ടവുമൊന്നും ഒരിക്കലും മറക്കാനാവില്ലല്ലോ. അത്തരത്തില്‍ മറക്കാനാവാത്ത ഒന്നാണ് ഷെയ്ന്‍ വോണിന്റെ സ്പിന്നും.
അകാലത്തിലുള്ള വോണിന്റെ മരണം വലിയവേദനതോന്നിച്ചു. ഒരിന്ത്യക്കാരല്ലാതിരുന്നിട്ടും ഷെയ്ന്‍വോണിനെ ഇഷ്ടപ്പെടാതിരിക്കാനാവില്ല. അദ്ദേഹത്തിന്റെ മരണം ബി.ഷിഹാബ് എന്ന കവിയേയും വേദനിപ്പിച്ചതായി കലാകൗമുദിയിലെ ‘സ്ലോബാള്‍’ എന്ന കവിതയില്‍ നിന്നും മനസ്സിലായി. ക്രിക്കറ്റിലെ സാങ്കേതിക പദങ്ങളൊക്കെ ഉപയോഗിച്ചാണ് കവിത. വിലാപകവിതകളിലും അനുമോദന കവിതകളിലും ഒന്നും കാവ്യതന്ത്രങ്ങള്‍ എപ്പോഴും കുശാഗ്രതയോടെ പ്രയോഗിക്കാന്‍ കഴിഞ്ഞുവെന്നു വരില്ല. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട കവിതകളില്‍ പലതും ‘എലജി’കളാണ്. ഏറ്റവും മോശപ്പെട്ടവയും ‘എലജി’ കളുടെ കൂട്ടത്തിലുണ്ട്. ‘കണ്ണുകെട്ടിയ കുതിരയെപ്പോലെ മുന്നോട്ടു കുതികുതിക്കുന്ന കാല’ത്തിന്റെ ദയാരാഹിത്യത്തെക്കുറിച്ചെഴുതുന്ന ഷിഹാബില്‍ ഒരു കവി എവിടെയൊക്കെയോ ഒളിച്ചിരിക്കുന്നുണ്ട്. കൂടുതല്‍ മിനുസപ്പെടുത്തിയാല്‍ തിളക്കമുണ്ടായേക്കും. ഈ സഹാനുഭൂതി തന്നെ ഒരു കവി ഹൃദയത്തെ സൂചിപ്പിക്കുന്നുണ്ട്.
Comments