വസൂരിയും വിഷൂചികയും പോലുള്ള മാരക സാംക്രമികരോഗങ്ങളെ പ്രതിരോധകുത്തിവയ്പിലൂടെ പരാജയപ്പെടുത്തി എന്നവകാശപ്പെടുന്ന മാനവകുലത്തിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് പുതിയതരം രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന വിവരങ്ങളാണ് ഈ അടുത്തകാലത്തായി ലഭിക്കുന്നത്. മനുഷ്യ നിര്‍മ്മിതങ്ങളായ മരുന്നുകളെ അതിജീവിക്കുന്ന വൈറസുകളും ബാക്ടീരിയകളുമൊക്കെ വളര്‍ന്നുവരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളം പോലെ ആരോഗ്യരംഗത്ത് ലോകോത്തര നിലവാരം കൈവരിച്ച് മനുഷ്യന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം ഏറിയിരിക്കുന്ന ഒരു പ്രദേശത്ത് തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്ന പകര്‍ച്ചവ്യാധികള്‍ തെല്ല് ആശങ്ക ഉയര്‍ത്താതിരിക്കുന്നില്ല.
2018 മെയ് മാസത്തില്‍ കേരളത്തെ ആകെ ആശങ്കയിലേക്ക് തള്ളിവിട്ടുകൊണ്ടാണ് കോഴിക്കോട്ട് നിപ എന്ന മാരകരോഗം പടര്‍ന്നുപിടിച്ചത്. പേരാമ്പ്രയില്‍ പ്രത്യക്ഷപ്പെട്ട നിപയെ നിയന്ത്രണ വിധേയമാക്കുമ്പോഴേക്ക് പതിനെട്ട് ജീവനുകള്‍ പൊലിഞ്ഞു കഴിഞ്ഞിരുന്നു. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്ന നഴ്‌സ് ലിനിയെപ്പോലുള്ളവരുടെ മരണം നിപയ്‌ക്കെതിരെയുള്ള പോരാട്ടത്തിലെ ത്യാഗോജ്ജ്വല ചരിതമായി വാഴ്ത്തപ്പെട്ടു. മലയാളികള്‍ ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയെ അതിജീവിച്ചു എന്ന് അഭിമാനിച്ചുവെങ്കിലും കൃത്യം ഒരു വര്‍ഷത്തിനുശേഷം നിപ എറണാകുളം പോലുള്ള ജനസാന്ദ്രതയേറിയ മഹാനഗരത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ജനസാന്ദ്രത കൂടിയ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് തുടര്‍ച്ചയായി പകര്‍ച്ചവ്യാധികള്‍ പടരുന്നത് പഠനവിധേയമാക്കേണ്ട കാര്യമാണ്. നിപ ജന്തുജന്യരോഗമാണെന്നു പറയുന്നുണ്ടെങ്കിലും വാവലുകള്‍ വൈറസ് വാഹകരാണെന്ന് അനുമാനിക്കപ്പെടുന്നുണ്ടെങ്കിലും അവയൊന്നും വിശ്വസനീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഫലപ്രദമായ മരുന്നുകള്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത നിപയ്‌ക്കെതിരെയുള്ള പ്രതിരോധം രോഗം വരാതെ നോക്കുക എന്നതുതന്നെയാണ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് എടുക്കേണ്ട എല്ലാ മുന്‍കരുതലുകളും അധികൃതര്‍ അടിയന്തിരമായി കൈക്കൊള്ളുകയും ജനങ്ങളെ പ്രതിരോധ മുന്‍കരുതലുകളെ കുറിച്ച് ബോധവല്‍ക്കരിക്കുകയും ചെയ്യുക എന്നതാണ് പരമപ്രധാനം.
കടുത്ത വേനല്‍ ഇപ്പോള്‍ കേരളത്തിലെ വാര്‍ഷിക കാലാവസ്ഥാചക്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. കടുത്ത വേനലിനുശേഷം വരുന്ന മഴക്കാലം രോഗാണുക്കളുടെ പ്രജനന-പ്രസരണ കാലമായി മാറുന്നതുകൊണ്ടാണ് നിരവധി രോഗങ്ങള്‍ ഈ കാലത്ത് പ്രത്യക്ഷപ്പെടുന്നത്. മഴക്കാലമാകുമ്പോഴേക്കും വിവിധ പേരുകളില്‍ മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത പനികളും രോഗങ്ങളും പടരുന്നത് കേരളത്തിലെ പുതിയ പ്രവണതയാണ്. ഇത് എന്തുകൊണ്ടുണ്ടാകുന്നു എന്ന പഠനം ആരോഗ്യവകുപ്പ് അടിയന്തിരമായി നടത്തേണ്ടതുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ ആധിക്യവും അവരുടെ ആരോഗ്യ പരിരക്ഷയിലെ നിലവാരത്തകര്‍ച്ചയുമൊക്കെ പകര്‍ച്ചവ്യാധികളുടെ വാഹകരായി ഇവരെ മാറ്റുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. മലയാളികളുടെ ഇടയിലെ വര്‍ദ്ധിച്ചുവരുന്ന മാംസ ഉപയോഗം അവര്‍ക്ക് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും അത് ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്നുണ്ടോ എ ന്നുള്ള കാര്യങ്ങളും പരിശോധിക്കപ്പെടണം.
പകര്‍ച്ചവ്യാധികളിലേറെയും ജലജന്യരോഗങ്ങളാണ് എന്ന് മറക്കാന്‍ പാടില്ല. ജലസ്രോതസ്സുകളെ മാംസാവശിഷ്ടങ്ങള്‍ കൊണ്ടും മറ്റ് രാസമാലിന്യങ്ങള്‍കൊണ്ടും മലിനമാക്കുന്നതില്‍ മലയാളികള്‍ ഇന്ന് ഏറെ മുന്നിലാണ്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് പേരാമ്പ്രയില്‍ വിവാഹവീട്ടില്‍ നിന്നും ആഹാരം കഴിച്ച 200 ഓളം പേരിലാണ് മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത്. ജലദൗര്‍ലഭ്യം കാരണം ടാങ്കര്‍ ലോറിയില്‍ എവിടെ നിന്നോ എത്തിച്ച വെള്ളത്തിലൂടെയാണ് രോഗാണുക്കള്‍ പകര്‍ന്നതെന്ന് അനുമാനിക്കപ്പെടുന്നു. സ്ഥിരമായി പകര്‍ച്ചവ്യാധികള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ ഇതിനിടയാക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് വേണ്ട പഠനഗവേഷണങ്ങളാണ് സത്വരമായി ഉണ്ടാകേണ്ടത്. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും അലംഭാവം ഉണ്ടാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം നിപ രോഗം സ്ഥിരീകരിക്കാന്‍ ഇന്നും രോഗിയില്‍ നിന്നും സ്രവങ്ങള്‍ എടുത്ത് പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലോ, മണിപ്പാലിലെ ഗവേഷണകേന്ദ്രത്തിലോ അയച്ച് ദിവസങ്ങള്‍ ഫലത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. രോഗം സ്ഥീരികരിക്കാനുണ്ടാകുന്ന കാലതാമസം പകര്‍ച്ചവ്യാധിയെ സംബന്ധിച്ച് രോഗം പടര്‍ന്നു പിടിയ്ക്കാനുള്ള സാധ്യതയാണ് വര്‍ധിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും മൂന്നര കോടിരൂപയും ലഭിച്ചിട്ടും കേരളത്തിന് സ്വന്തമായി ഒരു വൈറോളജി ലാബ് പൂര്‍ണ്ണ തോതില്‍ സ്ഥാപിക്കാന്‍ കഴിയാത്തത് ഭരണകൂടത്തിന്റെ പിടിപ്പുകേടുതന്നെയാണ്.
എന്തായാലും കഴിഞ്ഞ വര്‍ഷത്തെ നിപ ബാധയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഈ വര്‍ഷം സത്വരമായി മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ അധികൃതര്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. ജനങ്ങളില്‍ ആശങ്കയുടെ പകര്‍ച്ചവ്യാധി പടര്‍ത്താതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ അധികൃതരും സന്നദ്ധ പ്രവര്‍ത്തകരും മുന്നോട്ടുവരേണ്ടതുണ്ട്. മാത്രമല്ല ഇത്തരം സാംക്രമിക രോഗങ്ങളെ മുന്‍കൂട്ടി പ്രതിരോധിക്കാനുള്ള ഗവേഷണങ്ങളും ബോധവല്‍ക്കരണങ്ങളും ശാസ്ത്രീയ സമീപനങ്ങളും എല്ലാം ഉരുത്തിരിച്ചെടുക്കേണ്ടതുണ്ട്. ആത്യന്തികമായി ജനങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കുകയും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് പകര്‍ച്ചവ്യാധികളെ തടയാനുള്ള പ്രാഥമിക പ്രവര്‍ത്തനം.