അഞ്ചുവര്‍ഷംകൊണ്ട്, ‘ഇരട്ടച്ചങ്കന്‍’ എന്ന ബിരുദം ‘കാരണഭൂതന്‍’ എന്ന ബിരുദാനന്തര ബിരുദമാക്കിക്കൊടുത്തു സിപിഎമ്മിന്റെ അണികളും വൈതാളികരും ചേര്‍ന്ന് സഖാവ് പിണറായി വിജയന്. ആ ബഹുമതി ആദരപൂര്‍വ്വം സ്വീകരിച്ച്, അധികാരഗര്‍വ്വ് തീരെ കളയാതെ, പിണറായി സ്വേച്ഛകളുടെ ആധിപത്യം സ്വന്തം ഭരണത്തില്‍ മാത്രമല്ല, പാര്‍ട്ടിയിലും ഉറപ്പിച്ചു. നാലു വര്‍ഷത്തിനുശേഷം ചേര്‍ന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ആകെ ഫലം ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ ഇങ്ങനെയാണ്, ‘ഭരണത്തിലും പാര്‍ട്ടിയിലും ഔദ്യോഗികമായി പിണറായി വിജയന്‍ അധൃഷ്യനും സ്വേച്ഛാധിപതിയുമായി’. ആരും ചോദ്യം ചെയ്യാനില്ലാത്ത സ്ഥിതിയാണ് അധൃഷ്യത. എല്ലാം തന്നിഷ്ടപ്രകാരമാക്കുന്നതാണ് സ്വേച്ഛാധിപത്യം. രണ്ടും ചേര്‍ന്നു രൂപപ്പെടുന്നതാണ് ഫാസിസം. പക്ഷേ, ആ വാക്കും പ്രയോഗവും അസ്ഥാനത്ത് ഉപയോഗിച്ച് അതുയര്‍ത്തേണ്ട വികാര ഗൗരവം പൊയ്‌പ്പോയി.
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയെ നിയമിച്ചതാരാണ്? സംസ്ഥാന സെക്രട്ടറിയേറ്റിനെ നിയോഗിച്ചത് ആരാണ്? ആരൊക്കെ വേണം വേണ്ട എന്ന് തീരുമാനിച്ചത് ആരാണ്? “”എല്ലാം ചെയ്തത് ‘കോഴിയമ്മ’ തന്നെ” എന്ന പഴയ സ്‌കൂള്‍ പുസ്തകത്തിലെ പാഠംപോലെയാവും മറുപടി. എല്ലാറ്റിനും പിന്നില്‍, പിണറായി വിജയന്‍ എന്ന കാരണഭൂതന്‍.
മന്ത്രിസഭ രണ്ടാമതും അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രിമാരെ നിശ്ചയിച്ചതാരാണ്? ആരൊക്കെ രണ്ടാമത് മന്ത്രിയാകേണ്ട എന്നതിന് തത്ത്വം ഉണ്ടാക്കിയത് ആരാണ്? അതും ‘കോഴിയമ്മ’, അല്ലല്ല ‘കാരണഭൂതന്‍’. തോമസ് ഐസക് എന്ന, മുഖ്യമന്ത്രിക്കുപ്പായംപോലും ഒരിടയ്ക്ക് തുന്നിത്തേച്ചുവച്ച, ന്യൂനപക്ഷ വിഭാഗം നേതാവിന് സംസ്ഥാന കമ്മറ്റിയില്‍ സ്ഥാനം കൊടുത്തത്, സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, പിണറായിയോട് കേണപേക്ഷിച്ചിട്ടാണ് എന്നാണ് പാര്‍ട്ടിക്കുള്ളിലുള്ളവരുടെ പറച്ചില്‍. ‘മരുമകന്‍’ പി.എ. മുഹമ്മദ് റിയാസിന് ലഭിച്ച അമിത പരിഗണന ‘ബഹുനിയമന വിവാദമായി’ കൂട്ടിക്കെട്ടരുതെന്ന് അവര്‍ തന്നെ ന്യായം കണ്ടെത്തിപ്പറയുന്നു. കോടിയേരി ബാലകൃഷ്ണനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന്, തെരഞ്ഞെടുപ്പു വേളയില്‍ മാറ്റി നിര്‍ത്തിയത് എന്ത് കാരണങ്ങളാലാണോ, (ആരോഗ്യപ്രശ്‌നം, മകന്റെ ലഹരി മരുന്ന് ഇടപാട് കേസ്) അവയെല്ലാം ഇപ്പോഴുമുണ്ട്. പക്ഷേ, ചൈനയിലെപ്പോലെ ഭരണത്തിലും പാര്‍ട്ടിയിലും ഒരാള്‍, ആജീവനാന്തം എന്ന വ്യവസ്ഥ കേരള സിപിഎമ്മില്‍ ഇനിയും വരാത്തതിനാല്‍, കോടിയേരിയാണ് പിണറായിക്ക് ഏറ്റവും പറ്റിയ പാര്‍ട്ടിസെക്രട്ടറി എന്ന റബ്ബര്‍ സ്റ്റാമ്പ്.
പിണറായിയെ, കേരളത്തില്‍ സിപിഎമ്മിനെ പുതിയ ദിശയില്‍ നയിക്കുന്ന ‘നവോത്ഥാന നായകനായി’ വാഴ്ത്തുന്നുണ്ട് ചില മാധ്യമങ്ങളും വൈതാളികരും. ഈ പെരുമ്പറക്കൊട്ടെല്ലാം ‘പറഞ്ഞുചെയ്യിക്കുന്ന പരിപാടി’കളാണെന്ന് പാര്‍ട്ടിയിലെ അസ്വസ്ഥര്‍ തന്നെ പറയുന്നു. വാസ്തവത്തില്‍, പിണറായി വിജയന്‍ ഭരണത്തിലിരിക്കെ, ചെയ്തും തുടര്‍ന്നും പോന്ന പരിപാടികളെ പാര്‍ട്ടിയുടെ ഔദ്യോഗിക നയമാക്കി മാറ്റി എന്നതു മാത്രമാണ് ഇപ്പറയപ്പെടുന്ന ‘വിപ്ലവം’. സ്വകാര്യവല്‍കരണം, മുതലാളിത്തവല്‍ക്കരണം, വര്‍ഗീയവല്‍ക്കരണം എന്നീ സമ്പ്രാദായങ്ങള്‍ പാര്‍ട്ടിയുടെ സംസ്ഥാന നയങ്ങളാക്കിമാറ്റി. ഇനി പാര്‍ട്ടി കോണ്‍ഗ്രസ് ‘കണ്ണൂര്‍ പാര്‍ട്ടിക്കോട്ട’യില്‍ നടക്കുമ്പോള്‍ അവിടെയും ഇവയെല്ലാം സാധുവാക്കും. ഒരുപക്ഷേ, കേരളത്തിലെ പ്രത്യേക സാഹചര്യങ്ങള്‍, ”കേന്ദ്രത്തിലെ ബിജെപി -മോദി സര്‍ക്കാരിന്റെ നിസ്സഹകരണത്തില്‍ മറ്റുമാര്‍ഗ്ഗമല്ലാത്തതിനാല്‍,” തുടങ്ങിയ കാരണങ്ങള്‍ അതിനായി പറഞ്ഞേക്കും. അങ്ങനെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്ന പേര് അനൗദ്യോഗികമായി കേരളത്തില്‍ ഇങ്ങനെയാകും – കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്): കെ.സി.പി.ഐ.(എം). കെ റെയില്‍, കെ ഫോണ്‍ പോലെ മറ്റൊരു കമ്പനി.
പിണറായിയുടെ പരിഷ്‌കാരങ്ങള്‍ക്ക് യു.എസ്.എസ്.ആറില്‍ മിഖായേല്‍ ഗോര്‍ബച്ചേവ് കൊണ്ടുവന്ന ഗ്ലാസ്‌നോസ്തിന്റെയും പെരിസ്‌ട്രോയ്കയുടെയും താരതമ്യം പറയുന്നവരുണ്ട്. ആ വാദത്തെ അനുകൂലിച്ചാലും പ്രതികൂലിച്ചാലും ഇന്നത്തെ റഷ്യയാണ് അന്നത്തേതിന്റെ പരിണാമം:- സ്വന്തം രാജ്യത്തിന്റെ ഒരു ഭാഗത്തെ സംരക്ഷിച്ച് ഒപ്പം നിര്‍ത്താന്‍ അതിനോട് യുദ്ധം ചെയ്യേണ്ട അവസ്ഥ! മറ്റൊന്ന് ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യയുമായുള്ള താരതമ്യമാണ്. ദീര്‍ഘകാലം സിപിഎം ഭരണത്തില്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിനെ മാറ്റിയാണ് ബുദ്ധദേവ് അധികാരത്തിലെത്തിയത്. പരിഷ്‌കാരങ്ങള്‍തുടര്‍ന്നു, അടിമുടി പാര്‍ട്ടിമാറി, ഭരണം മാറി. നേതാക്കള്‍ വളര്‍ന്നു. പാര്‍ട്ടി തളര്‍ന്നു. ഭരണത്തില്‍ നിന്ന് എന്നന്നേക്കുമായി പുറത്തായി. പാര്‍ട്ടിക്കും ചില നേതാക്കള്‍ക്കും വേണ്ടിയുള്ള നയം മാറ്റമായിരുന്നു നാന്ദിയായത്.
പിണറായി വിജയന്‍ ‘കാരണഭൂതനായി’ മാറിയപ്പോള്‍ സംഭവിച്ച ഭരണനയമാറ്റങ്ങള്‍ പാര്‍ട്ടിയെക്കൊണ്ട് അംഗീകരിപ്പിച്ചു. അതിനിടെ നാലഞ്ചുവര്‍ഷം കൊണ്ട് പുതിയ രാഷ്ട്രീയ നിലപാട് പിണറായി രൂപപ്പെടുത്തിയതാണ് ഏറെ ശ്രദ്ധിക്കേണ്ടത്. പുതിയ മാറ്റത്തിലെ രാഷ്ട്രീയം സാമൂഹ്യക്രമത്തില്‍ കൊണ്ടുവരുന്നത് ഗുണമോ ദോഷമോ എന്നത് പാര്‍ട്ടിക്കുപോലും പിടികിട്ടാത്ത കാര്യവും. പക്ഷേ താല്‍ക്കാലിക നേട്ടങ്ങള്‍, ഭരിക്കാനുള്ള അവസരങ്ങളാകുമെങ്കില്‍ അതിനപ്പുറമെന്ത്, എന്നതാണ് ചിന്ത എന്നു മാത്രം.
കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ ഇടത്-വലതു മുന്നണികളിലേക്കുള്ള ഭരണമാറ്റം നിര്‍ണയിച്ചിരുന്നത്, ആകെ വോട്ടില്‍ മൂന്നുശതമാനത്തിന്റെ ‘സ്വിങ്’ (ഊഞ്ഞാലാട്ടം) ആയിരുന്നു ഒരു കാലത്ത്. അന്ന് മൂന്നാമതൊരു മുന്നണിയോ ഒരു പാര്‍ട്ടിയോ ശക്തമായിരുന്നില്ല. അതുകൊണ്ട് ‘സ്വിങ്’ അനുകൂലമാക്കാന്‍ എതിര്‍പക്ഷത്തെ വോട്ട് ഭിന്നിപ്പിക്കുന്ന ഒരു പാര്‍ട്ടിയെ ഒപ്പം നിര്‍ത്തിയാല്‍ മതിയായിരുന്നു. ഇ.കെ. നായനാര്‍ പാര്‍ട്ടി സെക്രട്ടറിയും, പിന്നെ മുഖ്യമന്ത്രിയുമായിരിക്കെ, യുഡിഎഫില്‍ നിന്ന് മുസ്ലിംലീഗിനെ അടര്‍ത്തിയെടുക്കാന്‍ നടത്തിയശ്രമങ്ങള്‍ അതിനായിരുന്നു. തുടര്‍ഭരണം എന്നിട്ടും കിട്ടാതെപോയി. എന്നാല്‍, ലീഗിനെ വറുതിയില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ വളര്‍ത്തുകയും പിന്നെ തളര്‍ത്തുകയും ചെയ്ത പിഡിപി എന്ന സംഘടനയെ പിണറായി വിജയന്‍ ആദ്യം സമര്‍ത്ഥമായി ഉപയോഗിച്ചു. ”മുസ്ലിംലീഗ് ഭാരതവിഭജനം നടത്തിയ പാര്‍ട്ടിയാണ്, ഇപ്പോഴും പാകിസ്ഥാന്റെ കൊടിയോട് സമാനമാണ് അവരുടേത”് എന്ന് വരെ പറഞ്ഞ്, മദനിയെ മാറോട് ചേര്‍ത്തു. ”മദനി ഭീകരവാദിയല്ല, അതിന് ഞങ്ങള്‍ക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട” എന്ന് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിക്കുവേണ്ടി വളാഞ്ചേരിയോഗത്തില്‍, മദനിയെ വലത്തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി പ്രസംഗിച്ചു.

ഭീകരപ്രവര്‍ത്തനക്കേസുകളില്‍ പ്രതിയായി ജയിലിലായ മദനിക്ക് ഒരു കേസില്‍ താല്‍ക്കാലിക ജാമ്യം കിട്ടിയപ്പോള്‍, 2007ല്‍, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സുരക്ഷയും ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ചികിത്സയും വാഗ്ദാനം ചെയ്തത് പിണറായിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. 2017 ആഗസ്റ്റ് മൂന്നിന്, ”എന്റെ സര്‍ക്കാര്‍ മദനിക്ക് എല്ലാവിധ സംരക്ഷണവും നല്‍കിക്കൊള്ളാ”മെന്ന്, ജാമ്യത്തില്‍ മോചിതനായ മദനിക്കുവേണ്ടി കര്‍ണാടകയിലെ കോണ്‍ഗ്രസ്സുകാരന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അത് അങ്ങനെയൊരു കാലം. മദനിയെ ഇന്ന് ഓര്‍മ്മിക്കുന്നില്ല. മദനിക്കുവേണ്ടി ജയിലിനുപുറത്തുണ്ടായിരുന്ന പുന്തൂറ സിറാജും അന്തരിച്ചു.
സ്വിങ്ങല്ല, നിശ്ചിതമായ വോട്ടുവേണം, വോട്ടു ബാങ്ക് വേണം. അത് രാഷ്ട്രീയാടിസ്ഥാനത്തിലല്ല. സാമ്പത്തിക-വ്യവസായ-വാണിജ്യ അടിത്തറയില്‍ രൂപപ്പെട്ട മതശക്തികളുടേതായാല്‍ ഭദ്രമായി. അങ്ങനെ പിണറായി കൈയൊന്നു മാറ്റിപ്പിടിക്കുകയാണ്. വലത്തുവശത്തിരുത്തിയ മദനിയെ മൊഴിചൊല്ലിയിട്ടുമില്ല. എന്നാല്‍ ഇടത്തുവശത്ത്, ഇടതുകൈയാല്‍ മുസ്ലിം സുന്നിവിഭാഗത്തിലെ പ്രമുഖന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരെ പിടിച്ചു. 2022 മാര്‍ച്ച് നാലിന്, കോഴിക്കോട്ട് മര്‍ക്കസ് നോളജ് സിറ്റിയില്‍ വിദ്യാഭ്യാസ സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ പിണറായി കൈപിടിച്ചത് കാന്തപുരത്തിന്റേതാണ്. അതിലെ കാല്‍പിടിത്തമാണ് കാണാതെ കാണേണ്ടത്, പരസ്പരം.
നോളജ്‌സിറ്റി വിദ്യാഭ്യാസ-ആരോഗ്യ-വ്യവസായ മേഖലയിലെ വമ്പന്‍ നിക്ഷേപപ്രദേശമാണ്. ഇനിയും വ്യക്തമായിട്ടില്ല, അവിടത്തെ വിശാലപദ്ധതികള്‍. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ കുറേയെല്ലാം കാന്തപുരം വിശദീകരിച്ചു. ഇനിയും വികസിച്ചുകൊണ്ടിരിക്കുന്ന പദ്ധതിയാണത്. വിദേശനിക്ഷേപമുള്‍പ്പെടെ വരുന്നയിടം. ഇവിടത്തേക്കുള്ള സൗകര്യസംവിധാനങ്ങള്‍ ഒരുക്കാനാണ് സിപിഎം സംസ്ഥാന കമ്മറ്റിയില്‍ പിണറായി വിജയന്‍ വിദ്യാഭ്യാസരംഗത്തെ സ്വകാര്യ-വിദേശ നിക്ഷേപം പാര്‍ട്ടിയെക്കൊണ്ട് സ്വാഗതം ചെയ്യിച്ചത്.
എന്നാല്‍, ഒന്ന് പിന്നോട്ട് ചിന്തിച്ചാല്‍ ചിലത് ഓര്‍ത്തെടുക്കാന്‍ പറ്റും. ഇതേ നോളജ് സിറ്റിയിലാണ് വിശാലമായ പള്ളിവരുന്നത്. ‘പ്രവാചകന്റെ തിരുകേശം’ സ്ഥാപിക്കാന്‍ പള്ളിപണിയുമെന്നും അത് ലോകതീര്‍ത്ഥാടനകേന്ദ്രമാകുമെന്നും കാന്തപുരം പ്രഖ്യാപിച്ചത് 2012ല്‍, പത്തുവര്‍ഷം മുമ്പായിരുന്നു. അന്ന് കാന്തപുരത്തിന്റെ രാഷ്ട്രീയത്തോട് സിപിഎം സെക്രട്ടറി പിണറായി വിജയന് വിയോജിപ്പായിരുന്നു. ‘തിരുകേശം’ എന്നാല്‍ തലമുടിയാണ്. മുടിയും നഖവും ചിലര്‍ വളര്‍ത്താറുണ്ട്. പക്ഷേ, മുറിച്ചു മാറ്റിയാല്‍ ‘ബോഡി വേസ്റ്റാണ്’ എന്നായിരുന്നു പിണറായിയുടെ അന്നത്തെ പ്രതികരണം. വലിയ വിവാദങ്ങള്‍ ഉണ്ടായി. കാന്തപുരം നേതൃത്വം നല്‍കുന്ന കേരള മുസ്ലിം ജമാഅത്ത് സംസ്ഥാനസമിതി പ്രമേയം പാസ്സാക്കി. ”മതചിഹ്നങ്ങളേയും വിശ്വാസങ്ങളേയും അനാദരിക്കുന്നത് വെല്ലുവിളിയാണെന്ന്” പ്രമേയത്തില്‍ മുന്നറിയിപ്പു നല്‍കി. 2020ല്‍ ഈ വിഷയത്തില്‍ പിണറായി ആ നിലപാട് ആവര്‍ത്തിച്ചു. ഒരു ചോദ്യത്തിന്, ”അന്നു പറഞ്ഞ നിലപാടു തന്നെയാണ്” എന്നായിരുന്നു മറുപടി. പക്ഷേ, 2022ല്‍ പിണറായി കൈപിടിച്ചത് അതേ കാന്തപുരത്തിനെ. അതും മേല്‍പ്പറഞ്ഞ ‘തിരുകേശം’ സ്ഥാപിക്കാന്‍ പോകുന്ന പള്ളിയുടെ വിളിപ്പാട് അകലെ വച്ചുമായിരുന്നു. നയവും നിലപാടുകളും ഇത്തരത്തില്‍ മാറ്റിയും മറന്നുമുള്ള കൂട്ട് പുതിയ കാരണങ്ങള്‍ക്ക് ഭൂതനാക്കുമോ, ‘ഭൂതകാരണ’ നാക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടകാര്യം. ഒന്നുറപ്പ് ഇത് മരണക്കളിയാണ്.