ഒരുദിവസം കണ്ണന്‍ സ്‌കൂളില്‍നിന്നു വരുമ്പോള്‍ വീട്ടുമുറ്റത്തെടുത്തിട്ട അച്ഛന്റെ ചൂരലുകൊണ്ടുവരിഞ്ഞ ചാരുകസേരയില്‍ തലമുടി നരച്ച ഒരാള്‍ ഇരിക്കുന്നതാണ് കണ്ടത്. അത് മുത്തശ്ശനാണെന്ന് കണ്ണന്‍ ഊഹിച്ചു. അവന്‍ ഒന്നും പറയാതെ ചിരിച്ചുകൊണ്ട് മുറ്റത്തേക്ക് കയറിയതും
മുത്തശ്ശന്‍ അവനെ അടുത്തേക്കു വിളിച്ചു.
”ആരാണെന്ന് മോന് മനസ്സിലായോ..?”
മുത്തശ്ശന്‍ ചോദിച്ചു.
”എനിക്കറിയാം. മുത്തശ്ശനല്ലേ…?”
കണ്ണന്‍ പറഞ്ഞു.
മുത്തശ്ശന്‍, കണ്ണന്റെ കയ്യില്‍ നിന്ന് പിടിവിടാതെ കസേരയില്‍ നിന്ന് എഴുന്നേറ്റ് കണ്ണനെ എടുത്തുയര്‍ത്തി അവന്റെ കവിളില്‍ ഉമ്മവച്ചു.
സ്‌കൂളില്‍ ചേര്‍ന്നതിനു ശേഷം കണ്ണനെ ആരും എടുത്തിട്ടില്ല. അതുവരെ കണ്ണന്‍ കാണാത്ത ഒരാള്‍കൂടി വീടിന്റെ ഉമ്മറത്തേക്കുവന്നു.
”അത് ആരെന്നു മനസ്സിലായോ..?” മുത്തശ്ശന്‍ ചോദിച്ചു.
”എനിക്കറിയാം, മുത്തശ്ശിയല്ലേ…?” കണ്ണന്‍ സന്തോഷത്തോടെ പറഞ്ഞു.
മുത്തശ്ശിയും കണ്ണനടുത്തേക്കു വന്ന് അവനെ കെട്ടിപ്പിടിച്ച് കവിളത്ത് ഉമ്മകൊടുത്തു. ചേച്ചി ചിരിച്ചുകൊണ്ട് മുറ്റത്തുതന്നെ നിന്നു.
”ലക്ഷ്മിമോള്‍ ഇവിടെ വാ..” മുത്തശ്ശന്‍ ചേച്ചിയെ അടുത്തേക്കു വിളിച്ചു.
ചേച്ചി തെല്ലൊരു നാണത്തോടെയാണ് മുത്തശ്ശന്റെ അടുത്തു ചെന്നത്. ചേച്ചിയേയും മുത്തശ്ശന്‍ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. കുറെ ദിവസമായി സങ്കടപ്പെട്ടു നടക്കുന്ന അമ്മ വരാന്തയില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്നത് കണ്ടപ്പോള്‍ കണ്ണന് സന്തോഷമായി. പുസ്തകവും ചോറ്റുപാത്രവും അമ്മ കണ്ണന്റെ കയ്യില്‍നിന്നു വാങ്ങി.
കണ്ണന്‍ വീട്ടിനകത്തുകയറി ഷര്‍ട്ട് വേഗത്തില്‍ ഊരി കട്ടിലിലേയ്‌ക്കെറിഞ്ഞു. വീട്ടിലിടുന്ന നിക്കറും ബനിയനും തിടുക്കത്തില്‍ ഇട്ടു. ചേച്ചി പുസ്തകം തിടുക്കത്തില്‍ മേശപ്പുറത്തു വച്ചപ്പോള്‍, ചേച്ചിയുടെ കയ്യില്‍നിന്ന് പുസ്തകം നിലത്തുവീണു. അതെടുത്തുവച്ചശേഷം യൂണിഫോം മാറ്റാതെയാണ് കണ്ണനെക്കാള്‍ മുമ്പേ എത്താന്‍ ചേച്ചി മുറ്റത്തേയ്‌ക്കോടിയത്.
അമ്മയുടെ കയ്യിലെ പ്ലേറ്റില്‍ അവന്റെ കണ്ണു പതിഞ്ഞു. അതില്‍ മുത്തശ്ശന്‍ കൊണ്ടുവന്ന പലഹാരമാണെന്ന് മനസ്സിലായി. അടുക്കളയുടെ വരാന്തയില്‍ കൈകഴുകാന്‍ എപ്പോഴും വെള്ളം ഉണ്ടാവും. പാത്രത്തില്‍ കൈ മുക്കി കഴുകിയെന്നു വരുത്തിയശേഷം അമ്മയുടെ കയ്യിലിരുന്ന പാത്രം വാങ്ങി അവന്‍ ആദ്യം ചേച്ചിയുടെ നേരെ നീട്ടി. ചേച്ചി അതില്‍നിന്ന് ഒരെണ്ണം എടുത്തപ്പോള്‍ അവന്‍ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും നേരെ നീട്ടി.
”കുട്ടികളായാല്‍ ഇങ്ങനെ വേണം. എന്തുകിട്ടിയാലും എല്ലാവര്‍ക്കും കൊടുത്തിട്ട് കഴിക്കണം.” മുത്തശ്ശി ചിരിച്ചുകൊണ്ട് പറഞ്ഞു.
അവര്‍ കൊണ്ടുവന്ന ചക്കയപ്പം കഴിക്കുമ്പോള്‍ മുത്തശ്ശനും മുത്തശ്ശിയും ചിരിച്ച മുഖവുമായി ഒന്നും പറയാതെ ചേച്ചിയേയും കണ്ണനെയും മാറി മാറി നോക്കുന്നത് അവന്‍ കണ്ടു.
”കഴിഞ്ഞ വര്‍ഷം വറട്ടിവച്ച ചക്കകൊണ്ട് ഉണ്ടാക്കിതാ.” മുത്തശ്ശി പറഞ്ഞു.
”ഇയാള്‍, ഇന്നലെ മുഴുവന്‍ ഇതുണ്ടാക്കുന്ന തിരക്കിലായിരുന്നു.” മുത്തശ്ശന്‍ മുത്തശ്ശിയെക്കുറിച്ചാണ് പറഞ്ഞതെന്ന് കണ്ണന് മനസ്സിലായി.
”ഭാനൂ..” അച്ഛന്റെ വിളി അടുക്കളയില്‍നിന്നു കേട്ടപ്പോഴാണ് അച്ഛനും വീട്ടിലുണ്ടെന്ന് മനസ്സിലായത്. സാധാരണ വൈകുന്നേരത്ത് അച്ഛന്‍ വീട്ടിലുണ്ടാവാറില്ല.
”അച്ഛനെന്താ അടുക്കളയില്‍ ചെയ്യുന്നത്…?” കണ്ണന്‍ ചോദിച്ചു.
”നീ പോയ് നോക്ക്. ” അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
(തുടരും)