(സ്‌നേഹം നടിച്ച് ചതിപ്രയോഗം നടത്തുന്നത് അഥവാ നശിപ്പിക്കണമെന്ന ആഗ്രഹത്തോടെ ഒരാളോട് കാണിക്കുന്ന സ്‌നേഹപ്രകടനമാണ് ധൃതരാഷ്ട്രാലിംഗനം).
പന്ത്രണ്ട് വര്‍ഷത്തെ വനവാസവും ഒരു വര്‍ഷത്തെ അജ്ഞാതവാസവും കഴിഞ്ഞ് പാണ്ഡവര്‍ കൊട്ടാരത്തിലെത്തി. അഹങ്കാരിയായ ദുര്യോധനന്‍ പാണ്ഡവര്‍ക്ക് സൂചി കുത്താന്‍ പോലും ഇടം നല്‍കില്ലെന്ന് വാശിപിടിച്ചു. ഇത് അവസാനിച്ചത് കുരുക്ഷേത്രയുദ്ധത്തിലാണ്. യുദ്ധം അവസാനിച്ചതിന് ശേഷം യുദ്ധഭൂമിയിലെത്തിയ ധൃതരാഷ്ട്രരേയും ഗാന്ധാരിയേയും പാണ്ഡവര്‍ നമസ്‌കരിച്ചു. ധര്‍മപുത്രരെ കെട്ടിപ്പിടിച്ച് നെറുകെയില്‍ ചുംബിച്ച് ആശീര്‍വദിച്ചു.
തുടര്‍ന്ന് നമസ്‌കരിക്കാനെത്തിയത് ഭീമസേനനായിരുന്നു. തന്റെ അടുത്തു നില്‍ക്കുന്നത് ഭീമനാണെന്ന് മനസ്സിലാക്കിയ ധൃതരാഷ്ട്രരുടെ മനസ്സില്‍ കോപം ആളിക്കത്തി. തന്റെ പ്രിയപുത്രന്‍ ദുര്യോധനനെ തുടയ്ക്കടിച്ച് കൊലപ്പെടുത്തിയത് ഓര്‍മയിലേക്ക് കടന്നുവന്നു. ദേഷ്യത്താല്‍ അദ്ദേഹത്തിന്റെ പല്ലുകള്‍ ഞെരിഞ്ഞമര്‍ന്നു. ധൃതരാഷ്ട്രരുടെ മുഖത്തെ ഭാവമാറ്റം മനസ്സിലാക്കിയ കൃഷ്ണന്‍, ഭീമനെ ആശ്ലേഷിക്കാന്‍ മുന്നോട്ട് വന്ന ധൃതരാഷ്ട്രരുടെ മുന്നിലേക്ക് ഭീമന്റെ അതേ വലിപ്പമുള്ള ഒരു ഇരുമ്പുപ്രതിമ വെച്ചുകൊടുത്തു. ഭീമനെന്ന് കരുതി ധൃതരാഷ്ട്രര്‍ തന്റെ ബലിഷ്ഠമായ കരങ്ങള്‍ കൊണ്ട് പ്രതിമയെ നെഞ്ചോടു ചേര്‍ത്ത് ശക്തിയായി അമര്‍ത്തി. പ്രതിമ പൊടിഞ്ഞു വീണു. പാണ്ഡവര്‍ നടുങ്ങി. ഭീമനെ ഞെരിച്ചു കൊന്നു എന്ന പശ്ചാത്താപത്താല്‍ കരഞ്ഞുതുടങ്ങിയ ധൃതരാഷ്ട്രരോട് ശ്രീകൃഷ്ണന്‍ സത്യം വെളിപ്പെടുത്തി.