ലോക ചരിത്രം എന്നത് യുദ്ധങ്ങളുടെ കൂടെ ചരിത്രമാണ്. രണ്ടു വ്യക്തികള്‍ തമ്മിലാണെങ്കിലും രണ്ടു സമൂഹങ്ങള്‍ തമ്മിലാണെങ്കിലും രണ്ട് രാജ്യങ്ങള്‍ തമ്മിലാണെങ്കിലും യുദ്ധമുണ്ടാകുമ്പോള്‍ ഒരുപക്ഷത്തിന്റെ വിജയത്തില്‍ യുദ്ധം പരിസമാപിക്കേണ്ടതാണ്. എന്നാല്‍ ഒരു യുദ്ധത്തിലും നാളിതുവരെ ആത്യന്തിക വിജയം ഒരു പക്ഷത്തിന് ഉണ്ടാകുന്നില്ല എന്നതാണ് സത്യം. മഹാഭാരത യുദ്ധത്തില്‍ പാണ്ഡവര്‍ വിജയിച്ചു എന്ന് ഇതിഹാസം പറയുമ്പോള്‍ എത്ര പേര്‍ ബാക്കിയായി എന്ന ചോദ്യം മാറ്റൊലിക്കൊണ്ടു കൊണ്ടേ ഇരിക്കുകയാണ്. യുദ്ധാനന്തര ദുരിതങ്ങള്‍ യുദ്ധത്തേക്കാള്‍ ഭീഷണമായി ശിഷ്ട ലോകത്തെ വേട്ടയാടുമെന്ന കാലാതീത സത്യമാണ് മഹാഭാരതം പറഞ്ഞു തരുന്നത്. നേടിയവനും നഷ്ടപ്പെട്ടവനും തമ്മിലുള്ള അന്തരം നേര്‍ത്തതാണ് എന്ന് എല്ലാ യുദ്ധങ്ങളും മാനവകുലത്തെ പഠിപ്പിച്ചിട്ടും യുദ്ധങ്ങള്‍ അവസാനിക്കുന്നില്ല എന്ന സങ്കടസത്യം നമ്മെ തുറിച്ച് നോക്കുന്നു. ചരിത്രകാലത്ത് യുദ്ധങ്ങളുടെ നിരര്‍ത്ഥകത അശോക ചക്രവര്‍ത്തിയെ പഠിപ്പിച്ച കലിംഗ യുദ്ധം ആര്‍ക്കെങ്കിലും പാഠമായെന്ന് പറയാന്‍ കഴിയില്ല. അതിനു ശേഷം ഭാരതം തന്നെ എത്ര മഹായുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
ലോകമഹായുദ്ധങ്ങള്‍ രണ്ടെണ്ണം കഴിഞ്ഞെങ്കിലും മാനവകുലം അതില്‍ നിന്നൊന്നും പാഠം പഠിച്ചില്ലെന്നാണ് പുതിയ ലോകസാഹചര്യങ്ങള്‍ പറഞ്ഞു തരുന്നത്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ രാജ്യങ്ങള്‍ ചേരിതിരിഞ്ഞ് യുദ്ധം ചെയ്യുകയായിരുന്നു ഇത്രകാലവും. രണ്ടാം ലോകമഹായുദ്ധത്തില്‍ ആണവായുധം പ്രയോഗിക്കപ്പെട്ടതോടെ സായുധ യുദ്ധങ്ങള്‍ ഭൂമിയെന്ന ആവാസഗേഹത്തെ തന്നെ ഇല്ലാതാക്കുമെന്ന് മനുഷ്യന്‍ തിരിച്ചറിഞ്ഞു. പക്ഷെ ആണവായുധങ്ങള്‍ ഉണ്ടാക്കാനും ശേഖരിക്കാനും വന്‍ ശക്തികളെല്ലാം മത്സരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ആണവായുധങ്ങളുടെ സര്‍വ്വസംഹാരശേഷി പല യുദ്ധങ്ങളില്‍ നിന്നും വന്‍ശക്തി രാഷ്ട്രങ്ങളെ പിന്‍തിരിപ്പിച്ചു കൊണ്ടിരുന്നു. പകരം സാമ്പത്തിക മേല്‍ക്കോയ്മ സ്ഥാപിക്കാനുള്ള തന്ത്രസമീപനങ്ങളില്‍ ലോകം പല ചേരികളിലായി അണിനിരന്നു. എന്നാല്‍ അമേരിക്കയുടെയും റഷ്യയുടെയും രണ്ടു ചേരികളില്‍ നിന്ന് ശീതയുദ്ധം നയിച്ച ഇന്നലെകളില്‍ നിന്നും പ്രത്യക്ഷ യുദ്ധത്തിന്റെ പ്രതിസന്ധികളിലേക്ക് ലോകം എടുത്തെറിയപ്പെട്ടിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുകയാണ്. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രൈയിന്‍ സ്വതന്ത്ര രാഷ്ട്രമായി മാറിയിട്ട് ദശകങ്ങളെ ആയിട്ടുള്ളു. റഷ്യയോട് ചേര്‍ന്നു കിടക്കുന്ന ഈ രാജ്യം 2014 മുതല്‍ രാഷ്ട്രീയ നയതന്ത്ര ഇടപാടുകളില്‍ അമേരിക്കന്‍ പക്ഷത്തേയ്ക്ക് ചാഞ്ഞു തുടങ്ങിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തില്‍ അംഗമാകാനുള്ള ഉക്രൈയിനിന്റെ തീരുമാനം റഷ്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണ് എന്നത് സത്യം തന്നെയാണ്. റഷ്യയെപ്പോലൊരു വന്‍ശക്തി രാഷ്ട്രം അതിന്റെ അതിര്‍ത്തിയില്‍ അമേരിക്കന്‍ ആണവ പോര്‍മുനകള്‍ സ്ഥാപിക്കാന്‍ സമ്മതിക്കില്ല എന്ന് മറ്റാരേക്കാളും അമേരിക്കയ്ക്ക് ബോധ്യമുണ്ട്. ഭരണപരിചയമോ രാഷ്ട്രീയ ബോധമോ വേണ്ടത്ര ഇല്ലാത്ത ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയെ പ്രലോഭിപ്പിച്ച് നാറ്റോ അംഗത്വം വാഗ്ദാനം ചെയ്ത് റഷ്യയെ യുദ്ധത്തിലേയ്ക്ക് വലിച്ചിഴച്ച അമേരിക്കയാണ് ഈ കേസിലെ ഒന്നാം പ്രതി. ആണവയുദ്ധമായി ഇത് മാറിയില്ലെങ്കില്‍ പോലും യുദ്ധാനന്തര ലോകം ഏറെ ദുരിതങ്ങള്‍ പേറേണ്ടി വരുമെന്നത് നിസ്തര്‍ക്കമാണ്. സാമ്പത്തികമായി അത്ര ഭദ്രമല്ലാതിരിക്കുന്ന റഷ്യയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതിലൂടെ ആ രാജ്യത്തെ ദുര്‍ബലമാക്കുക എന്നതിനപ്പുറം യൂറോപ്പിനെ മുഴുവന്‍ യുദ്ധ ഭീതിയിലാക്കി തങ്ങളുടെ പക്ഷത്ത് നിര്‍ത്തുക എന്ന നിഗൂഢലക്ഷ്യം കൂടി അമേരിക്കന്‍ പദ്ധതിയിലുണ്ട്. ഈ യുദ്ധത്തോടെ ലോകത്തെ മിക്ക രാജ്യങ്ങളും അവരുടെ പ്രതിരോധ ബഡ്ജറ്റ് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. ലോകത്തെ നമ്പര്‍ വണ്‍ ആയുധവ്യാപാരിയായ അമേരിക്കയ്ക്കാണ് ഇതിന്റെ നേട്ടമുണ്ടാകാന്‍ പോകുന്നത്.
ആഴ്ചകള്‍ പിന്നിട്ട യുദ്ധം ഉക്രൈയിന്‍ എന്ന രാജ്യത്തിന്റെ സര്‍വ്വനാശം വരുത്തും എന്നതിനപ്പുറം ലോക സാമ്പത്തിക രംഗത്തെ തകിടം മറിക്കും എന്നിടത്താണ് പ്രശ്‌നങ്ങളുടെ ഗൗരവം കിടക്കുന്നത്. ലോകത്തെ എണ്ണ ഉല്‍പ്പാദനത്തില്‍ റഷ്യയുടെ പങ്ക് പത്തു ശതമാനത്തിലേറെ വരില്ലെങ്കിലും എണ്ണ വില വര്‍ദ്ധിപ്പിക്കാന്‍ ഈ യുദ്ധം കാരണമാകും. യുദ്ധം പത്തു ദിവസം പിന്നിട്ടു കഴിഞ്ഞപ്പോള്‍ തന്നെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ബാരലിന് 115.68 ഡോളറായി. കഴിഞ്ഞ പതിനാല് വര്‍ഷത്തിനിടെയിലുണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണിത്. എണ്ണ വില വര്‍ദ്ധിച്ചാല്‍ അത് ലോകം മുഴുവന്‍ പണപ്പെരുപ്പമുണ്ടാക്കും. ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ആഗോള സാമ്പത്തിക മാന്ദ്യമായും പട്ടിണിയായും പടര്‍ന്നു പിടിക്കും എന്നതാണ് ഈ യുദ്ധത്തിന്റെ ഫലശ്രുതി. ചൈന തങ്ങളുടെ സാമ്പത്തികാധിപത്യം ലോകം മുഴുവന്‍ നടപ്പിലാക്കാന്‍ ജൈവായുധപ്പുരയില്‍ നിന്നും തുറന്നു വിട്ട കൊറോണ വൈറസിന്റെ താണ്ഡവത്തില്‍ സാമ്പത്തികമായി തളര്‍ന്നു നില്‍ക്കുന്ന ലോകരാജ്യങ്ങളുടെ തലയില്‍ ഇടിത്തീ പോലെയാണ് റഷ്യ ഉക്രൈയിന്‍ യുദ്ധം വന്നു ഭവിച്ചിരിക്കുന്നത്.
ഉക്രൈയിനിലെ ആണവ നിലയങ്ങളുടെ അരക്ഷിതാവസ്ഥയാണ് ലോകം നേരിടുന്ന മറ്റൊരു ഭീഷണി. ഈ യുദ്ധത്തില്‍ ആണവായുധം പ്രയോഗിക്കാതെ തന്നെ ഇതൊരു ആണവദുരന്തമായി മാറാനുള്ള സാധ്യത വളരെ ഏറെയാണ്. പഴയ സോവിയറ്റ് യൂണിയന്റെ ആണവ പുരയായിരുന്നു ഉക്രൈയിന്‍ എന്നതുകൊണ്ടാണ് ഇത്രയേറെ ആണവ നിലയങ്ങള്‍ ആ രാജ്യത്ത് അവശേഷിക്കുന്നത്. 1986 ല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവദുരന്തമുണ്ടാക്കിയ ചെര്‍ണോബില്‍ നിലയം റഷ്യ ആദ്യം തന്നെ നിയന്ത്രണത്തിലാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം റഷ്യന്‍ മിസൈലേറ്റ് യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സാഫോറസിയ നിലയത്തില്‍ അഗ്‌നിബാധ ഉണ്ടായി എന്ന വാര്‍ത്ത വരിക ഉണ്ടായി. വലിപ്പത്തില്‍ രണ്ടാമത്തെ ആണവ നിലയമായ യുഷ് നോക്രെയിന്‍സ്‌കി പിടിക്കാന്‍ റഷ്യന്‍ സൈന്യം മുന്നേറിക്കൊണ്ടിരിക്കുകയാണ്. തീ കൊണ്ട് തലചൊറിയും പോലൊരു ഉദ്യമത്തിലാണ് റഷ്യന്‍ സൈന്യം ഏര്‍പ്പെട്ടിരിക്കുന്നത്. ഏതെങ്കിലും ആണവ നിലയം തകര്‍ന്നാല്‍ അത് രാജ്യാതിര്‍ത്തികളില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു ദുരന്തമായിരിക്കില്ല. അതീവ സങ്കീര്‍ണ്ണമായ ഈ ലോകസാഹചര്യത്തെ സമചിത്തതയോടെ നേരിടാന്‍ കഴിയുന്ന ഒരു രാഷ്ട്രമായാണ് ലോക ശക്തികള്‍ ഭാരതത്തെ കാണുന്നത്. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ പക്വതയും സര്‍വ്വ സ്വീകാര്യതയും ഉള്ള ഒരു ലോക നേതാവിന്റെ ഇടപെടലിലാണ് ലോകസമാധാനം നിലനില്‍ക്കുന്നത്. ഭാരതം അതിന്റെ ചരിത്രപരമായ ലോകനേതൃത്വത്തിലേയ്ക്ക് ഉയരാനുള്ള അവസരം കൂടിയാണ് നിയതി സൃഷ്ടിച്ചിരിക്കുന്നത്.