പൂനെ: ഹിമവല്‍സദൃശമായ വ്യക്തിത്വമായിരുന്നു ഗായിക ലതാ മങ്കേഷ്‌കറുടേതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പൂനെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച ലതാമങ്കേഷ്‌കറുടെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീദി വാക്കുകള്‍ക്കപ്പുറത്തെ വികാരമായിരുന്നു. ജനമനസ്സില്‍ നിറഞ്ഞ സമ്മര്‍ദ്ദത്തിന്റെ മേഘക്കൂട്ടങ്ങള്‍ ആ നാദം കേള്‍ക്കുമ്പോള്‍ പെയ്തുതോരുമായിരുന്നു. ലതാ ദീദിയുടെ വ്യക്തിജീവിതത്തില്‍ ഉണ്ടായിരുന്ന വിശുദ്ധിയും നേതൃപാടവവും നിലപാടുകളുടെ ദാര്‍ഢ്യവും അനുകമ്പയും മാതൃകാപരമാണ്. സംഗീതത്തിനപ്പുറം ഭാരതവര്‍ഷമാകെ പടര്‍ന്ന അവരുടെ സേവനത്തിന്റെയും ദേശസ്‌നേഹത്തിന്റെയും അധ്യായങ്ങള്‍ പലര്‍ക്കും പരിചിതമല്ല. ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രി ദീദിയുടെ സൃഷ്ടിയാണ്. ദാദ്ര നഗര്‍ ഹവേലിയുടെ മോചനത്തിനായി ദീദി തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അനുഷ്ഠിച്ച സേവനങ്ങള്‍ നാടിന് മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ദീദി സമാജത്തിന് വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. സ്വന്തം പിതാവിന്റെ ദൈന്യതയും രോഗപീഡയും കണ്ടറിഞ്ഞാണ് മറ്റുള്ളവര്‍ക്ക് അത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ഇത്തരമൊരു ആശുപത്രിയിലൂടെ ദീദി ശ്രമിച്ചതെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
ദീനനാഥ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ധനഞ്ജയ് കേല്‍ക്കര്‍, ഗായകന്‍ വിഭാവരി ജോഷി, മീന ഖാദികര്‍, ആദിനാഥ് മങ്കേഷ്‌കര്‍, വിദ്യ വാചസ്പതി ശങ്കര്‍ അങ്കര്‍ വിശ്വനാഥ് കരാഡ്, സംഗീത സംവിധായകന്‍ രൂപമാര്‍ റാത്തോഡ് തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചു.