വീട്ടില്‍ വന്നു കയറിയതും മുത്തശ്ശനും മുത്തശ്ശിയും വരുന്ന വാര്‍ത്ത കണ്ണന്‍ ചേച്ചിയോടു പറഞ്ഞു. ചേച്ചി അമ്മയെ ഒളികണ്ണിട്ടുനോക്കി ചിരിച്ചു.
”അവര് വരുന്നുണ്ടെന്ന് ആരാ പറഞ്ഞത്..?” അച്ഛന്‍ ചോദിച്ചു. കണ്ണന്‍ പറഞ്ഞത് പറമ്പില്‍നിന്ന അച്ഛനും കേട്ടു എന്ന് മനസ്സിലായി.
”ജാനുവമ്മായി.” കണ്ണന്‍ പറഞ്ഞു.
അമ്മ കണ്ണു നിറച്ചുകൊണ്ട് മുഖം കുനിച്ച് അപ്പോഴും കരയാന്‍ തുടങ്ങി. മുത്തശ്ശനും മുത്തശ്ശിയും വരുന്നതിന് അമ്മ എന്തിനാണ് കരയുന്നതെന്ന് അപ്പോഴും കണ്ണന് മനസ്സിലായില്ല.
”അച്ഛാ, മുത്തശ്ശനും മുത്തശ്ശിയും വരുന്നത് അച്ഛന് ഇഷ്ടമല്ലേ? അതുകൊണ്ടാണോ അമ്മ കരയുന്നത്?” അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് കണ്ണന്‍ ചോദിച്ചു. ആരും കരയുന്നത് അവന് ഇഷ്ടമല്ല.
”സന്തോഷംകൊണ്ടും കരച്ചില്‍വരും.” അച്ഛന്‍ പറഞ്ഞു.
സന്തോഷംകൊണ്ട് ആരും കരഞ്ഞത് കണ്ണന്‍ കണ്ടിട്ടില്ല. അതുകൊണ്ട് അച്ഛന്‍ പറഞ്ഞത് കള്ളമാണെന്ന മട്ടിലാണ് അവന്‍ അമ്മയെ നോക്കിയത്.
രാത്രി അത്താഴത്തിനുശേഷം അമ്മയും അച്ഛനും മുറ്റത്തെ തിണ്ണയില്‍ ഇരിക്കുമ്പോള്‍ മുത്തശ്ശനെയും മുത്തശ്ശിയെയും കുറിച്ച് സംസാരിച്ചത് കണ്ണന്‍ കേട്ടു. ചേച്ചിയോടൊപ്പം ഉറങ്ങാന്‍ കിടന്നപ്പോള്‍ അവനും മുത്തശ്ശനെയും മുത്തശ്ശിയേയും കുറിച്ചാണ് ചിന്തിച്ചത്.
ചേച്ചിക്ക് മുത്തശ്ശനെയാണോ മുത്തശ്ശിയെയാണോ കൂടുതലിഷ്ടം.?” അവന്‍ ചോദിച്ചു.
”മിണ്ടാതെ കിടന്ന് ഉറങ്ങാന്‍ നോക്ക്.” ചേച്ചി ദേഷ്യത്തോടെ പറഞ്ഞു.
അവര്‍ വീട്ടില്‍ വരുന്ന രംഗം ആലോചിച്ചതുകൊണ്ട് ഉറക്കം വരാതെ അവന്‍ കണ്ണുമടച്ച് കിടന്നു. അപ്പോഴും ഓരോ ചിന്തകളാണ് അവന്റെ മനസ്സിലൂടെ കടന്നുപോയത്.
മുത്തശ്ശനും മുത്തശ്ശിയും വരുമെന്നു കേട്ടതുമുതല്‍ അവരെ കാണാന്‍ കണ്ണന് വല്ലാത്ത തിടുക്കമായി. അച്ഛന്റെ അച്ഛന്‍, അവന്‍ ജനിക്കുന്നതിനുമുമ്പ് മരിച്ചുപോയെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ചെറിയച്ഛനോടൊപ്പം തറവാട്ടില്‍ താമസിക്കുന്ന അച്ഛമ്മ വീട്ടില്‍ വന്നാലും ഒന്നോ രണ്ടോ ദിവസത്തില്‍ കൂടുതല്‍ നില്‍ക്കാറില്ല.
അച്ഛമ്മ വീട്ടില്‍ വന്നാല്‍ ചേച്ചിയോടാണ് കൂടുതല്‍നേരം സംസാരിക്കുന്നത്. ഉറങ്ങാന്‍ കിടക്കുമ്പോഴും വീട്ടിലെ കാര്യങ്ങള്‍ ചേച്ചിയോട് ചോദിച്ചുകൊണ്ടിരിക്കും. കണ്ണന്‍ അച്ഛമ്മയോടൊപ്പം കിടക്കാന്‍ വാശിപിടിക്കുന്നത് കഥ പറഞ്ഞുതരുമെന്നു കരുതിയാണ്. മധുവിന്റെ അമ്മമ്മ കിടക്കുമ്പോഴാണ് കഥ പറഞ്ഞുകൊടുക്കുന്നതെന്ന് അവന്‍ പറയാറുണ്ട്. മുത്തശ്ശനും മുത്തശ്ശിയും വന്നാല്‍ കുറെ രസമുള്ള കഥകള്‍ അവരോട് ചോദിക്കണമെന്ന് അവന്‍ തീരുമാനിച്ചു.
കുറെ ദിവസം കഴിഞ്ഞിട്ടും മുത്തശ്ശനേയും മുത്തശ്ശിയേയും കാണാതായപ്പോള്‍ വല്യമ്മായി പറഞ്ഞത് ശരിയല്ലേ എന്ന് അവന്‍ സംശയിച്ചു.
”എന്നാണമ്മേ മുത്തശ്ശനും മുത്തശ്ശിയും വീട്ടില്‍ വരുന്നത്.” കണ്ണന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അമ്മയോട് ചോദിച്ചു.
”എനിക്കറിയില്ല മോനേ…?” അമ്മ സങ്കടത്തോടെ പറഞ്ഞു.
അന്നു രാത്രി കണ്ണന്‍ മുത്തശ്ശനെ സ്വപ്നത്തില്‍ കണ്ടു. മുത്തശ്ശന്‍ വലിയ നാട്ടുമാവിന്റെ ചുവട്ടിലിരുത്തി കുറെ കഥകള്‍ അവന് പറഞ്ഞുകൊടുത്തു. അപ്പോള്‍ ശക്തിയായി കാറ്റടിച്ചു. നാട്ടുമാവില്‍നിന്ന് പഴുത്ത മാങ്ങകള്‍ തുരുതുരാ വീണു. അതെല്ലാം അവന്‍ പെറുക്കിയെടുത്തു.
രാവിലെ എഴുന്നേറ്റപ്പോള്‍ മുത്തശ്ശന്‍ പറഞ്ഞ കഥകള്‍ എന്തെന്ന് കണ്ണന് ഓര്‍മ്മ ഉണ്ടായില്ല. പല്ലുതേയ്ക്കാന്‍ ഉമിക്കരിയുമെടുത്ത് കിണറ്റിനടുത്തേക്കു പോകുമ്പോഴും ആ കഥ എന്തെന്ന് ഓര്‍ത്തെടുക്കാന്‍ അവന്‍ ശ്രമിച്ചുനോക്കി.
കുറെദിവസം കാത്തിരുന്നിട്ടും അവരെ കാണാതായപ്പോള്‍ അവര്‍ വരുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ട് അക്കാര്യം തന്നെ അവന്‍ മറക്കാന്‍ ശ്രമിച്ചു.
(തുടരും)