ഭരിച്ചു സുഖിക്കുക എന്ന പ്രയോഗം അക്ഷരംപ്രതി ശരിയാവുന്നത് നമ്മുടെ’ദൈവരാജ്യ’മായി ചാപ്പയടിക്കപ്പെട്ട കേരള സംസ്ഥാനത്താണ്. അയ്യഞ്ച് വര്‍ഷം കഴിയുമ്പോള്‍ സുഖവാസം വിട്ട് അടുത്ത ടീമിന് ബാറ്റണ്‍ കൈമാറുന്ന ജനാധിപത്യ നാടകമാണല്ലോ ഇവിടെ അരങ്ങേറുന്നത്. ചെകുത്താന്‍ ഒരിയ്ക്കല്‍ക്കൂടി വന്ന് പോകും എന്നു പറഞ്ഞതു പോലെ ഇക്കഴിഞ്ഞ നാടകവേളയില്‍ ഇടതുസംഘത്തിനു തന്നെ തിറയാട്ടത്തിന് അവസരം കിട്ടി. അജണ്ടാധിഷ്ഠിത നീക്കുപോക്കിന്റെ അവസരവാദ രാഷ്ട്രീയത്തിന് അവസരമുണ്ടായി എന്ന് സ്‌കൂളിന്റെ വാതിലു കാണാത്തവര്‍ക്കു പോലും മനസ്സിലാവുകയും ചെയ്തു.
ഏതായാലും ഭരിച്ചു സുഖിക്കുക എന്ന നിലപാടുതറയില്‍ ചാരുകസേരയിലിരിക്കുന്ന നേതൃമ്മന്യന്മാര്‍ക്ക് അതിനൊത്ത അങ്കക്കോഴികളെ (പരിചാരകര്‍ എന്ന് പാര്‍ട്ടി ഭാഷ്യം, പേഴ്‌സണല്‍ അസിസ്റ്റന്റ് എന്ന് സര്‍ക്കാര്‍ ഭാഷ്യം) ഒരുക്കി നിര്‍ത്താന്‍ ഒരു ബുദ്ധിമു ട്ടുമുണ്ടായില്ല. ഓരോ മന്ത്രിപുംഗവനും തലൈവര്‍ക്കും വേണ്ടത്ര പരിചാരക – സില്‍ബന്തികളെ കിട്ടി. കിട്ടി എന്നല്ല, പാര്‍ട്ടിയില്‍ നിന്നെടുത്തു എന്ന്! ഭരിക്കാന്‍ കേറിയാല്‍ ഏതു പാര്‍ട്ടിയായാലും മൊത്തം ജനങ്ങളുടെ പാര്‍ട്ടി ആവണമെന്നത്രേ വിവക്ഷ. അതിനാണ് ജനാധിപത്യ ബോധം എന്നു പറയുന്നത്. എന്നാല്‍ ഇവിടെ പാര്‍ട്ടിക്കാരനായി തേരാപാരാ നടക്കുകയും ക്വട്ടേഷന്‍ ഏറ്റെടുത്ത്(അതെന്താ പണിയല്ലേ എന്ന ചോദ്യത്തിന് തല്‍ക്കാലം മറുപടിയില്ല) ഭംഗിയായി നടപ്പാക്കുകയും ചെയ്യുന്നവരെ സര്‍ക്കാരിന്റെ ഭാഗമാക്കുന്ന രാസത്വരഗമായി പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍ മാറുന്നു. ഇവരുടെ വിദ്യാഭ്യാസം, സ്വഭാവം, കഴിവ്. ഇത്യാദി കാര്യങ്ങളൊന്നും നോക്കേണ്ട ആവശ്യമില്ല എന്നതത്രേ ജനാധിപത്യത്തിലെ പാര്‍ട്ടിയാധിപത്യ ഉത്തരവ്. സര്‍ക്കാരിനെ നയിക്കാന്‍ നിയമപ്രകാരം അവകാശം കിട്ടിയവരെ സഹായിക്കുകയെന്ന ‘കഠിനശ്രമ’മാണ് ഇത്തരക്കാരുടേത്. പാര്‍ട്ടിക്കൊടിപിടിച്ചത്, മുദ്രാവാക്യം വിളിച്ചത്, പാര്‍ട്ടി ശത്രുപക്ഷത്തു നിര്‍ത്തിയവന്റെ കൊരവള്ളിയ്ക്ക് വെട്ടിയത് തുടങ്ങിയ ശാസ്ത്രീയ കലകളിലുളള അഭിരുചിയും മികവുമാണ് ഇവരുടെ യോഗ്യത. കൈനിറയെ പണം, ആശുപത്രി ചെലവുകള്‍, ആജീവനാന്തം നല്ല പെന്‍ഷന്‍ തുടങ്ങിയ സമ്മോഹിത വകകള്‍ വേറെ. ഇതൊക്കെ ലഭ്യമാവാന്‍ രണ്ടു കൊല്ലവും രണ്ടുമാസവും ഒരു മന്ത്രിയദ്ദേഹത്തിന്റെ പിഎ ആയി ഇരുന്നാല്‍ മതി. വരേണ്യ ഉദ്യോഗസ്ഥ വൃന്ദത്തെ ഉണ്ടാക്കിയെടുക്കുകയെന്ന മാന്ത്രിക പരിപാടി ഈ കേരളത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ഒരു തരത്തിലുമുള്ള പുനശ്ചിന്തനവും ഇല്ലെന്നാണ് കോടിയേരി സഖാവ് അര്‍ത്ഥശങ്കക്കിട വെക്കാത്ത വിധം പറഞ്ഞത്.എന്നുവച്ചാല്‍ സര്‍ക്കാര്‍ ചെലവില്‍, അതായത് ജനങ്ങളുടെ നികുതിപ്പണമെടുത്ത് തങ്ങള്‍ പാര്‍ട്ടി വളര്‍ത്തും എന്ന ധിക്കാരം തന്നെ! സുഖിച്ചു ഭരിക്കുമ്പോള്‍ ആ സുഖം ചിലര്‍ക്കും നല്‍കണ്ടേ എന്ന്. പിഎ മാരുടെ കാര്യത്തില്‍ ഇടതും വലതും ഒറ്റക്കെട്ടാണ്. കാരണം ബാറ്റണ്‍ കൈമാറി കിട്ടാനുള്ളതാണല്ലോ.
കഠിന പരിശ്രമത്തിലൂടെ പഠിച്ച് ത്യാഗസന്നദ്ധമായ വഴികളിലൂടെ നടന്ന് സര്‍ക്കാര്‍ ഉദ്യോഗം വാങ്ങുന്നയാള്‍ ഏറ്റവും ചുരുങ്ങിയത് പത്തുവര്‍ഷം ജോലി ചെയ്‌തെങ്കിലേ മിനിമം പെന്‍ഷന് അര്‍ഹനാവൂ. എന്നാല്‍ പാര്‍ട്ടിക്കാരുടെ വരേണ്യവര്‍ഗമായ പേഴ്‌സ ണല്‍ അസിസ്റ്റന്റുമാര്‍ക്ക് രണ്ടു വര്‍ഷവും രണ്ടു മാസവും മതി.എന്നു മാത്രമല്ല മുഴുവന്‍ പെന്‍ഷനും കിട്ടും. ഒരു സര്‍ക്കാറിന്റെ കാലയളവില്‍ രണ്ടു ഘട്ടങ്ങളിലായി നൂറു കണക്കിനു പേര്‍ ഇങ്ങനെ പെന്‍ഷന് അര്‍ഹത നേടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഔദ്യോഗിക തലത്തിലെ പാര്‍ട്ടിപ്പണി.ആരോഗ്യമുള്ള ശരീരത്തില്‍ കാന്‍സര്‍ കോശങ്ങള്‍ എങ്ങനെയാണോ തഴച്ചുവളരുന്നത്, അതേപോലെയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക ശരീരത്തില്‍ ഇത്തരക്കാരുടെ വളര്‍ച്ചയും. അകാലത്തില്‍ ജീവന്‍ വെടിയേണ്ടിവരുന്ന ഹതഭാഗ്യരെ ഓര്‍ക്കുമ്പോള്‍ കേരളത്തിന്റെ സാമ്പത്തിക ശരീരം നമ്മെ ഉത്കണ്ഠപ്പെടുത്തുന്നില്ലേ?
ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തതാണ് പിഎ മാര്‍ക്കുള്ള പെന്‍ഷന്‍. വര്‍ഷാവര്‍ഷം കോടിക്കണക്കിന് രൂപയാണിങ്ങനെ അനധികൃതമായി പാര്‍ട്ടി അങ്കക്കോഴികളുടെ കൈകളിലെത്തുന്നത്. ശമ്പളത്തിനും പെന്‍ഷനുമായി കടമെടുത്തു മുടിയുന്ന ഒരു സര്‍ക്കാര്‍ ഇത്തരം ‘ചമ്പല്‍ക്കൊള്ള’ നടത്താമോ? മന്ത്രിമാരെ സഹായിക്കാനും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും സര്‍ക്കാറില്‍ തന്നെ സംവിധാനമുണ്ടാവുമ്പോള്‍ ഈ കൂലിപ്പടയെ ഔദ്യോഗിക പരിവേഷത്തോടെ കെട്ടിയെഴുന്നള്ളിക്കുന്നത് എന്തിനാണ്. കടമെടുപ്പിന്റെ കയത്തില്‍ കൈ കാലിട്ടടിയ്ക്കുമ്പോഴും ഇമ്മാതിരി ധൂര്‍ത്തിന് അറുതി വരുത്താത്തത് എന്താണ്?
ഈ ചോദ്യമാണ് ഏറെ മാന്യമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍ക്കാറിനോട് ചോദിച്ചിരിക്കുന്നത്. ഇന്നുവരെ ഈ തീവെട്ടിക്കൊള്ളയ്‌ക്കെതിരെ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ഒരു വിരല്‍ ഉയര്‍ന്നിരുന്നില്ല.അതുകൊണ്ടുതന്നെ ഭരണക്കാര്‍ക്കും പ്രതിപക്ഷക്കാര്‍ക്കും ഗവര്‍ണര്‍ ചതുര്‍ത്ഥിയായി. അദ്ദേഹത്തെ കടന്നാക്രമിക്കാന്‍ പ്രതിപക്ഷനേതാവിന് കൂടുതല്‍ വീറും വാശിയുമായി. ഇരുക്കൂട്ടരുടെയും ഒളിപ്രവര്‍ത്തനങ്ങളെ ചങ്കൂറ്റത്തോടെ നേരിടാന്‍ ഗവര്‍ണര്‍ക്കാവുന്നത് അദ്ദേഹത്തിന്റെ വ്യക്തിവൈശിഷ്ട്യം കൊണ്ടാണ്. രാജ്യ താല്‍പര്യത്തിനെതിരാവും എന്നുകണ്ട് സുപ്രധാനമായ ഒരു ഫയല്‍ രാജീവ്ഗാന്ധിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് മന്ത്രിസ്ഥാനം പുല്ലു പോലെ കരുതി സമൂഹത്തിലേക്കിറങ്ങിവന്ന വ്യക്തിയാണ് കേരള ഗവര്‍ണര്‍. അദ്ദേഹം കേരളത്തിന്റെ മനസ്സാക്ഷിക്കു മുമ്പില്‍ വെച്ച ചോദ്യത്തിന് മറുപടി കിട്ടിയേ മതിയാവൂ. എന്തിന് ഇത്തരം വരേണ്യ ഉദ്യോഗസ്ഥ വിഭാഗത്തെ ഉണ്ടാക്കുന്നു? എന്തിന് ഖജാനയില്‍ നിന്ന് ഇവര്‍ക്കായി കോടികള്‍ നല്‍കുന്നു? ആര്‍ക്കാണിതിന്റെ നേട്ടം? ഗവര്‍ണറുടെ ചോദ്യത്തിന് മറുപടി കിട്ടാന്‍ പൊതു സമൂഹവും രംഗത്തിറങ്ങണം. മുണ്ടു മുറുക്കിയുടുത്തും പട്ടിണി കിടന്നും കഞ്ഞികുടിച്ചും സര്‍ക്കാറിലേക്ക് നികുതിയടയ്ക്കുന്നത് പാര്‍ട്ടി ഗുണ്ടകളെ തീറ്റിപ്പോറ്റാനല്ല. സാമ്പത്തികമായി അനുദിനം നട്ടെല്ലൊടിഞ്ഞു വരുന്ന സംസ്ഥാനത്തെ താങ്ങി നിര്‍ത്താന്‍ ഓരോ വ്യക്തിക്കും ധാര്‍മികമായ ഉത്തരവാദിത്തമുണ്ട്. കള്ളക്കച്ചവടത്തിന്റെ അനന്ത സാധ്യതകള്‍ മുച്ചൂടും തകര്‍ത്തെങ്കിലേ അത് ഫലപ്രദമായി വിനിയോഗിക്കാനാവൂ.