പാര്‍വ്വണേന്ദൂ നിന്നെനോക്കി
പാതിരാപ്പൂ പുഞ്ചിരിപ്പൂ
പാരിലാകെ പാല്‍നിലാവിന്‍
വെണ്‍മതൂവുന്നു
ആര്‍ദ്രതാരം കണ്‍മിഴിച്ചു
രാഗലോലം നോക്കിനില്പൂ
ആതിരവന്നെത്തുകയായ് മാമലനാട്ടില്‍
പൂങ്കുലകള്‍ ചൂടിനില്ക്കും
നാട്ടുമാവിന്‍ ചില്ലകളില്‍
പുല്കിയെത്തും തെന്നലെങ്ങും
പൂമണം വീശി
പൂനിലാവില്‍ തോരണങ്ങള്‍
ചാര്‍ത്തിനില്ക്കും മാമരങ്ങള്‍
കാറ്റിനൊപ്പം *ചോഴികെട്ടി
തുള്ളിയാടുന്നു
നീലരാവിന്‍ ചോലനീന്തി
നീ വരൂ തിരുവാതിരേ
നീലഭസ്മക്കുറിതൊടീയ്ക്കാം
നിന്‍ നിടിലത്തില്‍
ചോഴി*
തിരുവാതിര ആഘോഷത്തിന്റെ ഭാഗമായി മദ്ധ്യകേരളത്തില്‍
പ്രചാരത്തിലുള്ള ഒരു വിനോദ കലാരൂപം